Wednesday 25 September 2019 03:25 PM IST

‘സ്നേഹിക്കാൻ മനസുള്ളൊരു പെണ്ണിനെയാണ് വേണ്ടത്, പോരുന്നോ എന്റെ കൂടെ!’ ഏയ്ഞ്ചലിനെ കരയിച്ച ജിനിലിന്റെ എപിക് ചോദ്യം

Binsha Muhammed

ngel

ഹൗ ഫാർ വിൽ യൂ ഗോ ഫോർ ലവ്!

കല്ലും മുള്ളും കാതങ്ങളും താണ്ടി നിങ്ങൾ പ്രണയത്തിനു വേണ്ടി എത്ര ദൂരം സഞ്ചരിക്കും. ഈ ഭൂമിയോളമോ? അതുമല്ലെങ്കിൽ നീണ്ട് പരന്ന് കിടക്കുന്ന ഈ ആകാശത്തോളമോ?

പക്ഷേ, ആകാശത്തിനുമപ്പുറം കടക്കുന്ന പ്രണയങ്ങൾക്ക് സമൂഹത്തിന്റെ അളവ് കോലുകൾ ബാധകമല്ല. അങ്ങനെയുള്ള ദമ്പതികളുടെ പ്രണയ ജീവിതം ഇതാ.

കണ്ണടയ്ക്കുവോളം കൈപിടിക്കാൻ നീയുണ്ടോ എങ്കിൽ ഞാനുണ്ടെന്ന് ആദ്യം ഹൃദയത്തോടും പിന്നെ, എതിർക്കാൻ വന്ന ഈ ലോകത്തോടും ഉറക്കെ പ്രഖ്യാപിച്ച് ജീവിതം തുടങ്ങിയവർ. വിധിയും എതിർപ്പുകളും ഒന്നും കൂസാക്കാതെ ഒരുമിച്ച രണ്ടു പേരുടെ കഥയാണിത്...

പ്രണയത്തിന്റെ പുതിയ ഉയരം...

ചേട്ടായീ... എന്നെക്കുറിച്ച് നേരാം വണ്ണം അറിഞ്ഞിട്ടാണോ ഈ തീരുമാനം. നിങ്ങളുടെ അരയ്ക്കൊപ്പം പൊക്കം പോലും എനിക്കില്ല. നേരിൽക്കണ്ടാൽ എന്നെ സ്വീകരിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറിയെന്നിരിക്കും. ഒടുവിൽ ഞാനൊരു ഭാരമായി എന്നു പറഞ്ഞാൽ അതെനിക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല... ഒന്നൂടി ആലോചിച്ചിട്ട്...

പരുങ്ങലോടെ എയ്ഞ്ചൽ പറഞ്ഞ ആ മുഴുമിക്കാത്ത വാക്കുകൾ കേട്ട് ഫോണിന്റെ അങ്ങേത്തലയ്ക്കൽ കുലുങ്ങാതെ ഒരേ നിൽപ് നിന്നു ജിനിൽ. എല്ലാം കേട്ട് ദീർഘനിശ്വാസമെടുത്ത ശേഷം പിന്നാലെയെത്തി ‘എപിക് മറുപടി’.

‘എയ്ഞ്ചലേ... നിന്റെ പൊക്കവും വണ്ണവും കളറും ഒന്നും എനിക്കൊരു പ്രശ്നമേയല്ല. സ്നേഹിക്കാൻ മനസ്സുള്ളൊരു പെണ്ണിനെയാണ് എനിക്ക് വേണ്ടത്. അത് നിനക്കുണ്ടെങ്കിൽ കൂടെപ്പോന്നോ... നിന്നെ ഞാൻ എന്നും പൊന്നു പോലെ നോ ക്കിക്കോളാം.’

ഈ ജന്മം കേൾക്കാൻ സാധിക്കില്ലെന്ന് വിചാരിച്ച വാക്കുകളാണ് തന്റേടമുള്ളൊരു ആണൊരുത്തന്റെ നാവിൽ നിന്നുകേൾക്കുന്നത്. എല്ലാം കേട്ടു കഴിഞ്ഞപ്പോഴേക്കും നെടുവീർപ്പ് നിറകൺചിരിക്ക് വഴിമാറി.

സ്വകാര്യ ടയർ കമ്പനിയിലെ ജോലിക്കാരനാണ് തൃശൂർകാരൻ ജിനിൽ. സർക്കാർ ജോലിക്കായി കഠിന പരിശീലനത്തിലാണ് കൊല്ലംകാരി എയ്ഞ്ചൽ. പിഎസ്‌സി കോച്ചിങ്ങിന് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജീവിതം മറ്റൊരു വ ഴിയിലേക്ക് തിരിയുന്നത്.

‘ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല ഒരു വിവാഹ ജീവിതം. ഇത്തിരിയുള്ളവനും ഒത്തിരിയുണ്ടെന്ന് ഭാവിക്കുന്ന കാലമല്ലേ. എന്നെപ്പോലൊരു പെണ്ണിനെ സ്വീകരിക്കാൻ ആരെങ്കിലും ഉണ്ടാകുമോ എന്ന ചിന്ത പണ്ടു മുതലേ അലട്ടിയിരുന്നു. ഒരു ഘട്ടത്തിൽ അത് മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയപ്പോൾ വിവാഹമേ വേണ്ടെന്നു തീരുമാനിച്ചതാണ്.

വീട്ടുകാരുടെ നിർബന്ധം നേരത്തെ മുതലുണ്ട്. പിഎസ്‌സി പരിശീലനത്തിന് ഒപ്പമുള്ള കൂട്ടുകാരികളും നിർബന്ധിച്ചു. മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് എല്ലാവരും അന്ന് പറഞ്ഞു. എന്റെ പരിമിതികളറിയുന്ന അതിനേക്കാളേറെ മനസ്സറിയുന്ന ഒരു ചെക്കൻ മാട്രിമോണി സൈറ്റ് വഴി വരുമെന്ന് അവർ ഉറപ്പ് പറഞ്ഞു. അങ്ങനെ ആ ‘കടുംകൈ’ ചെയ്തു. പിന്നെ, നടന്നത് സിനിമയെ വെല്ലുന്ന നല്ല യമണ്ടൻ ട്വിസ്റ്റ്.

എനിക്കൊരു പെണ്ണിനെ വേണം’

ആ കഥ പറഞ്ഞത് ജിനിൽ. ‘ഞാൻ വിളിക്കുമ്പോൾ ആദ്യം കേട്ടത് എയ്ഞ്ചലിന്റെ ചുറ്റുപാടുകളെക്കുറിച്ചല്ലായിരുന്നു. അവൾ പറഞ്ഞത് അവളുടെ പരിമിതികളെക്കുറിച്ച് മാത്രം. മാട്രിമോണി സൈറ്റിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തതു കൊണ്ടു കൂടിയാകണം വിശദമായി തന്നെ പറഞ്ഞു. എന്നെ സ്വീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നു വരെ പറഞ്ഞു.

എനിക്ക് ആറടിയോളം പൊക്കമുണ്ടെന്ന് കൂടി കേട്ടപ്പോൾ പുള്ളിക്കാരി ടെൻഷനായി. പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നതേയുള്ളൂ. ഒടുക്കം എന്റെ തീരുമാനം ഞാനങ്ങ് പറഞ്ഞു. പൊക്കവും പൊക്കക്കുറവുമൊക്കെ രൂപത്തിലല്ലേ. എന്നെ സ്നേഹിക്കാൻ ആകുമെങ്കിൽ എന്റെ കൂടെ പോരാൻ പറഞ്ഞു.

‘രൂപം ചെറുതെങ്കിലും സ്നേഹിക്കാനുള്ള വലിയ മനസ്സൊക്കെയുണ്ട് ചേട്ടാ’ എന്നായിരുന്നു എയ്ഞ്ചലിന്റെ മറുപടി. വേറൊന്നും എനിക്കറിയേണ്ടതില്ലായിരുന്നു. പണമോ... പ്രതാപമോ... ഒന്നും. കണ്ണും പൂട്ടി അതങ്ങുറപ്പിച്ചു. അങ്ങനെ അവൾ എന്റെ ജീവിതത്തിലേക്ക് വന്നു.’’

വിവാഹം കൊല്ലം എടക്കര ലിറ്റിൽ ഫ്ലവര്‍ പള്ളിയിൽ നടന്നു. ജൂൺ എട്ടിന് ആറടി പൊക്കക്കാരൻ ചെക്കൻ നാലടിയിൽ താഴെ ഉയരമുള്ള ആ പെണ്ണിനെ കൈപിടിച്ച് കൂടെക്കൂട്ടി. അങ്ങനെ ജിനിൽ ജോസിന്റെയും എയ്ഞ്ചൽ മേരിയുടെയും ജീവിതത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമായി. പരസ്പരം ഒന്നിക്കാൻ തീരുമാനിച്ച മനസ്സുകളേക്കാൾ ഉയരം മറ്റൊ ന്നിനുമില്ലെന്ന് പറയുന്നത് വെറുതേയല്ല.

മനം പോലെ മംഗല്യം

‘‘മനസ്സു കൊണ്ട് അടുത്താൽ ഒന്നും ഒന്നിനും തടസ്സമാകില്ല. ഞങ്ങളുടെ ജീവിതം തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. കൊല്ലംകാരി പെണ്ണിനെ തൃശൂരിലേക്ക് പറഞ്ഞയക്കുന്നതിനുള്ള ടെൻഷൻ എന്റെ വീട്ടുകാർക്കുണ്ടായിരുന്നു. ഇതിലും വലിയ പരിമിതി മറികടന്നവരല്ലേ ഞങ്ങൾ. പിന്നെയാണോ ഈ കുഞ്ഞു കാര്യം. ബന്ധുക്കളും നാട്ടുകാരും ഞങ്ങളെ സ്നേഹിക്കുന്നവരും ഉൾപ്പെടെ നൂറ് കണക്കിന് പേരാണ് ഞങ്ങളെ അനുഗ്രഹിക്കാനെത്തിയത്. അതിലും വലുത് വേ റെന്തു വേണം.’’ എയ്ഞ്ചൽ ചോദിക്കുന്നു.

‘‘കുറ്റം പറച്ചിലുകാരും സഹതാപ സംഘങ്ങളും ആവോളമുണ്ടായിരുന്നു. ഈ തീരുമാനം ഇത്തിരി കടന്നു പോയില്ലേ എന്ന് ചോദിച്ചവർ വരെയുണ്ട്. ആയിരം കുടത്തിന്റെ വായ്മൂടിക്കെട്ടാം. പക്ഷേ, ഇത്തരം ആളുകളെ പറഞ്ഞ് മനസ്സിലാക്കൽ ആണ് ബുദ്ധിമുട്ട്. അതുകൊണ്ട് ആ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പോയില്ല. എനിക്ക് ഇഷ്ടമുള്ള പെണ്ണിനെ ഞാൻ കെട്ടി. അത്ര തന്നെ.’’ പ്രണയം പകർന്ന ആത്മവിശ്വാസത്തോടെ ജിനിൽ പറയുന്നു.