Thursday 25 February 2021 11:27 AM IST : By സ്വന്തം ലേഖകൻ

ആദ്യം കിട്ടിയ ജോലി കോൺസ്റ്റബിൾ, 5 വർഷങ്ങൾക്കപ്പുറം എസ്ഐ കുപ്പായം: വിജയസൂത്രം പങ്കിട്ട് ആനി : കുറിപ്പ്

anie

ഏറെ ആഗ്രഹിച്ച സർക്കാർ ജോലിയിലേക്കുള്ള യാത്രയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ആനി ശിവ. സർക്കാർ ജോലിക്ക് വേണ്ടി തയ്യാറെടുക്കുന്നവരെ പ്രചോദിപ്പിക്കും വിധമാണ് ആനിയുടെ ഓരോ വാക്കുകളും. ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിൽ പങ്കുവച്ച ആനിയുടെ കുറിപ്പ് ജോലി സ്വപ്നം മനസിൽ സൂക്ഷിക്കുന്ന ഓരോ ഉദ്യോഗാർത്ഥികൾക്കും വഴിവിളക്കാണ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

-- ഒരു ഗവണ്മെന്റ് ജോലിക്ക് വേണ്ടി തയ്യാറെടുക്കുന്നവരിൽ ഒരാൾക്ക് എങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തിൽ എന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരു ഏട് --

2014 ജൂൺ പകുതിയോടെ ഞാൻ ലക്ഷ്യയിൽ സബ് ഇൻസ്പെക്ടർ ക്രാഷ് കോഴ്സിന് ചേരുമ്പോൾ കൈമുതൽ ആയി ഒരു അറിവും ഇല്ല... പത്രം വായനയോ ന്യൂസ് കാണലോ തൊഴിൽ വീഥി തൊഴിൽ വാർത്ത പോലുള്ളവ വായിക്കലോ അങ്ങനെ ഒന്നും ഇല്ല... ആഗ്സ്റ്റ് 2 ന് നടക്കുന്ന എസ് ഐ എക്സാം ആയിരുന്നു ലക്ഷ്യം....

2007 ന് ശേഷം ഡിഗ്രീ ഒക്കെ ചെയ്തെങ്കിലും വായനയോ പഠനമോ ഒന്നും ഉണ്ടായിരുന്നില്ല.. (ജീവിതം നീണ്ടൊരു മാരത്തൺ ഓട്ടത്തിൽ ആയിരുന്നു)

2014 ൽ PSC പഠിക്കാൻ തുടങ്ങുമ്പോൾ എന്റെ മനസ്സ് പൂർണ്ണമായും ശൂന്യം ആയിരുന്നു..

"ഇരുപത്തിനാലാമത്തെ വയസിൽ എസ് ഐ ആയാൽ റിട്ടെഡ് ആകുമ്പോൾ കൺഫേഡ് ഐപിഎസ് കിട്ടും, റിട്ടെഡ് ആകുമ്പോൾ എങ്കിലും അച്ഛന്റെ ആഗ്രഹം ആയ ഐപിഎസ് ആകാം അല്ലോ" എന്ന ചങ്ക് ഷാജി ചേട്ടന്റെ ഒരൊറ്റ ഡയലോഗിൽ വീണു പോയതാണ് ഞാൻ... പഠിക്കാൻ തുടങ്ങുമ്പോൾ കൈമുതൽ ആയി ഉണ്ടായിരുന്നതും അത് മാത്രം ആയിരുന്നു..

#goal അപ്പോഴേ ഞാൻ മനസ്സിൽ സെറ്റ് ചെയ്തു.

ലക്ഷ്യയിൽ #ക്ലാസിന് പോയി തുടങ്ങി 2-3 ദിവസം കഴിഞ്ഞാണ് ട്രാക്കിലോട്ട്‌ ഒന്ന് വരാൻ സാധിച്ചത്... ക്ലാസുകൾ നല്ല മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.. ഒരു ബേസ് ഇടാൻ ക്ലാസുകൾ സഹായിച്ചു...

ഒന്നര മാസം മാത്രം ആയിരുന്നു എസ് ഐ എക്സാമിന് മുൻപ് എനിക്ക് കിട്ടിയത്..

ആ ചുരുങ്ങിയ കാലം കൊണ്ട് ലിസ്റ്റില് ഇടം പിടിക്കാനായി നല്ലോണം സ്മാർട്ട് വർക് ചെയ്യണമായിരുന്നു.... എസ് ഐ ആയ ശേഷം എന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ #സ്വപ്നം_കണ്ടു_തുടങ്ങി (ഉറക്കത്തിലെ സ്വപ്നങ്ങൾ അല്ല/സ്വപ്നങ്ങൾ ഒന്നും ജീവിതത്തിൽ ഇപ്പോഴും നടന്നിട്ടില്ല എന്നത് പച്ചയായ സത്യം... സ്വപ്നങ്ങൾ എന്നെങ്കിലും നടക്കും എന്ന വിശ്വാസത്തിൽ സ്വപ്നം കാണൽ ഇപ്പോഴും തുടരുന്നു)?

മോൻ ഗവൺമെന്റ് സ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത് അതിനാൽ തന്നെ അവന്റെ ഫുഡിന്റെ കാര്യത്തിൽ എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല.. രാവിലത്തെ ഭക്ഷണം മുതൽ വൈകുന്നേരം വരെ സ്നാക്സും പാലും മുട്ടയും ഉൾപ്പെടെ നല്ല ഹെൽത്തി ഫുഡ് അവന് കിട്ടുമായിരുന്നു..

രാവിലെ 9 മണിക്ക് മോനെ സ്കൂളിൽ ആക്കിയിട്ടു ഞാൻ നേരെ ലക്ഷ്യയിൽ പോകും.

ക്ലാസ് തുടങ്ങാൻ സമയം ഉണ്ടെങ്കിൽ വെറുതെ സംസാരിച്ചു #സമയം_കളയാതെ_എന്തെങ്കിലും_വായിക്കും..

ഞാൻ ഫോളോ ചെയ്ത #മെറ്റീരിയൽസ്

i) ടാലന്റിന്റെ എസ് ഐ റാങ്ക് ഫയൽ

ii) ടാലന്റിന്റെ തന്നെ മാസം തോറും ഉള്ള കറൻറ് അഫെയഴ്സിന്റെ കുഞ്ഞ് ബുക്

iii) ഒരു വർഷം മുന്നേ വരെ ഉള്ള PSC Bullettin

iv) ഒരു വർഷം മുന്നേ വരെ ഉള്ള തൊഴിൽ വീഥി

v) ഒരു വർഷം മുന്നേ വരെ ഉള്ള തൊഴിൽ വാർത്ത

vi) previous question papers എന്നിവ ആയിരുന്നു..

വായന എല്ലാം സെലക്ടീവ് ആയിരുന്നു... വെറുതെ ചവർ പോലെ വായിക്കാൻ സമയം ഇല്ലാതിരുന്നത് കൊണ്ട് PSC ബുള്ളറ്റിനിൽ ഇംഗ്ലീഷും മാത്‌സും മാത്രം ആയിരുന്നു നോക്കിയത്..

തൊഴിൽ വീഥി, തൊഴിൽ വാർത്ത എന്നിവയിലെ നടുവിലത്തെ പേജ് മാത്രം ആയിരുന്നു വായിച്ചത്...

Previous question papers നോക്കിയത് ഇംഗ്ലീഷും മാത്‌സും മാത്രം ആയിരുന്നു... ഇംഗ്ലീഷും മാത്‌സും ചിലത് പഴയ ചോദ്യങ്ങൾ റിപ്പീറ്റ് ചെയ്ത് എന്റെ എക്സാമിന് വന്നു..

ക്ലാസുകൾ എല്ലാം മൊബൈലിൽ #റെക്കോർഡ് ചെയ്തു, റെക്കോർഡ് ചെയ്തവ പഠിച്ചു ക്ഷീണിച്ച് പുസ്തകത്തിൽ നോക്കാൻ പറ്റാതെ കണ്ണടച്ച് കിടന്നു വെറുതെ റെസ്റ്റ് എടുക്കുന്ന സമയത്തും, ഉറങ്ങാൻ ആയി കിടക്കുന്ന സമയത്തും താമസ സ്ഥലത്ത് നിന്നും ക്ലാസ് വരെ വണ്ടി ഓടിച്ച് പോകുന്ന സമയത്തും ഒക്കെ റെക്കോഡിങ് കേട്ടുകൊണ്ടിരുന്നു... വീണ്ടും വീണ്ടും ക്ലാസ് അറ്റൻഡ് ചെയ്യുന്ന ഫീൽ അതുവഴി ഉണ്ടായി.. വീണ്ടും കേൾക്കുന്നത് വഴി പഠിപ്പിച്ചവ ബൈ ഹാർട്ട് ആകുകേം ചെയ്തു..

ക്ലാസ് ഫുൾ #അറ്റെന്റീവ് ആയിരുന്നു.. ഒരു ക്ലാസും മിസ്സ് ചെയ്യാതെ ഫുള്ളി #concentrated ആയിരുന്നു..

ഉച്ച കഴിഞ്ഞു Abhilash A Arul രാകേഷും ഒത്ത് #combined_study നടത്തി.. അത് രാത്രി വരെ തുടർന്നു..

അത് കഴിഞ്ഞ് വീട്ടിൽ വന്ന് അത്യാവശ്യം പാചകം ഒക്കെ കഴിഞ്ഞു മോനും ആയി ആഹാരവും കഴിച്ചിട്ട് ഞാൻ വീണ്ടും വായിക്കാൻ ഇരിക്കും.. മോൻ നല്ല സപ്പോർട്ടീവ്‌ ആയിരുന്നു...

റാങ്ക് ഫയൽ #സബ്ജക്ട്_തിരിച്ച് ആയിരുന്നു വായന.. അതായത് 10 സബ്ജകട്ടും ഡെയിലി വായിക്കും.. മുഷിച്ചില് ഒഴിവാക്കാൻ ആയിരുന്നു അത്... വായിക്കുന്നതിൽ important ആയവ #ചുമരിലെ_ചാർട്ട്_പേപ്പറിൽ_പല_വിധ_നിറങ്ങൾ_കൊണ്ട്_എഴുതി_ഇടും..

Maths വീക്‌ ആയിരുന്നു... അതിനാൽ കണക്കുകളിലെ ഓരോ മോഡൽ വച്ച് ചാർട്ടിൽ എഴുതി ഡിസ്പ്ലേ ചെയ്തു.. (മാത്സ് പഠിപ്പിച്ച ലക്ഷ്യയിലേ ജഗദീഷ് സാർ മാത്സ് അടിസ്ഥാനം ഇടാൻ ഒത്തിരി സഹായിച്ചു.. മാത്സ് തീരെ കീറാമുട്ടി ആയപ്പോൾ സർ എന്നോട് പറഞ്ഞു മാത്സ് വിട്ടേക്ക് ബാക്കി ടോപ്പിക്കിൽ concentrate ചെയ്യൂ എന്ന്.. ഞാൻ ആ ഉപദേശം ഫോളോ ചെയ്തു അത് ഗുണം ചെയ്തു.)

അവാർഡുകൾ കപ്പുകൾ ചാമ്പിയൻഷിപ്പുകൾ എന്നിവ മുന്നത്തെ 4 വർഷത്തെ ലിസ്റ്റ് എടുത്ത് ചാർട്ട് പേപ്പറിൽ എഴുതി. എല്ലാ ലിസ്റ്റിലും #ഒരേ_വർഷത്തിന്_ഒരേ_നിറം_കൊടുത്തു... നിറം വച്ച് ഏത് വർഷം ആണ് എന്നും കിട്ടിയ ആളുടെ പേരും ഓർമയിൽ വരും.. അത് പോലെ തന്നെ അവ എല്ലാം അടുത്തടുത്ത് ഒട്ടിച്ച് വെക്കാതെ പല സ്ഥലങ്ങളിൽ ആയി ഒട്ടിച്ചു..

For eg:

2010 വർഷത്തിലെ ഏത് അവാർഡിനും കപ്പിനും കറുപ്പ് നിറം ഫിക്സഡ് ആയിരുന്നു.

2011 red

2012 blue

2013 green അങ്ങനെ........

ഓടക്കുഴൽ അവാർഡിന്റെ ലിസ്റ്റ് റൂമിന്റെ ഇടത് ഭിത്തിയിൽ ആണ് ഒട്ടിച്ചത് എങ്കിൽ എഴുത്തച്ഛൻ പുരസ്കാരം റൂമിന്റെ വലത് ഭിത്തിയിൽ ഒട്ടിച്ചു... അതിലൂടെ ഓരോ വശത്ത് ഉള്ള പേരുകൾ ഓർത്തെടുക്കാൻ സാധിച്ചു.. #നിറവും #സ്ഥാനവും ആണ് ഞാൻ #ഇമേജ് ആയി ബ്രെയിനിന് കൊടുത്ത #ഇൻപുട്ട്..

ഭിത്തിയിൽ എഴുതി വച്ചവ പിന്നെ പുസ്തകം നോക്കി വായിക്കില്ല അങ്ങനെ വീണ്ടും വായിച്ചാൽ മനസ്സിൽ പതിച്ചു വച്ചിരിക്കുന്ന ഇമേജിന് കോട്ടം തട്ടും ( എന്റെ അനുഭവം ആണ്). അത്കൊണ്ട് ഭിത്തിയിൽ ഒട്ടിച്ചു വക്കുന്നവ മൊബൈലിൽ ഫോട്ടോ എടുത്ത് പുറത്ത് ഒക്കെ പോകുമ്പോൾ അവ ഇടക്കിടെ നോക്കും... ഓർഡർ തനിയെ ഓർത്തെടുക്കാൻ ശ്രമിക്കും....

പ്രധാനപ്പെട്ട constitution articles ഒരു ചാർട് പേപ്പറിൽ വിവിധ നിറങ്ങളാല് പ്രത്യേക ഒരു ഓർഡറിൽ എഴുതി ചുമരിൽ ഒട്ടിച്ചു..

ചുമരിൽ ഒട്ടിച്ചു വച്ചിട്ടുള്ളവ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോഴും കിടക്കുമ്പോഴും ഒക്കെ നോക്കി വായിച്ചിട്ട് പോകും... നിറങ്ങളും ഓർഡറുകളും എല്ലാം കൊണ്ട് എഴുത്ത് മനസ്സിൽ തെളിഞ്ഞു വരും...

വായന വെളുപ്പാൻകാലം വരെ നീളുമായിരുന്നു... ഒന്നും കാണാതെ പഠിക്കൽ ആയിരുന്നില്ല എന്റെ രീതി.. കിട്ടുന്ന ഓപ്ഷനിൽ നിന്നും ശരി ഉത്തരം തിരഞ്ഞെടുക്കാൻ പറ്റിയില്ലെങ്കിൽ തെറ്റ് ആയ രണ്ട് ഓപ്ഷൻ എങ്കിലും ഒഴിവാക്കാൻ പറ്റുന്ന വിധത്തിൽ എന്നെ രൂപപ്പെടുത്താൻ ആയി മാക്സിമം വായിച്ചു കൂട്ടി.. #സിലബസ്_ഫോളോ_ചെയ്തുള്ള_വിശാലമായ_വായന ആയിരുന്നു രീതി...

സെറ്റ് ചെയ്ത ഗോൾ ഷോർട്ട് ടേം ആയത് കൊണ്ടാകണം മുഷിച്ചില് തോന്നിയില്ല.. ഉറക്കം കളയൽ ചെറുപ്പം മുതൽക്കേ പ്രശ്നം അല്ലായിരുന്നു അതിനാൽ മൂന്നോ നാലോ മണിക്കൂർ നേരത്തെ മാത്രം ഉറക്കം ശരീരത്തെയും മനസ്സിനെയും ബാധിച്ചില്ല... പ്രിപറേഷന്റെ peak സമയത്ത് തന്നെ എക്സാം നടന്നത് വലിയൊരു ഗുണം ചെയ്തു... (എസ് ഐ എക്സാം നടന്നു 2 ആഴ്ച കഴിഞ്ഞപ്പോൾ കോൺസ്റ്റബിളിന്റെ എക്സാം നടന്നു. പ്രത്യേക വായനയൊന്നും അതിന് വേണ്ടി ചെയ്തില്ല. എസ് ഐ ക്ക് പഠിച്ചവ വച്ച് വെറുതെ പോയി എഴുതി.. 22nd റാങ്ക് കിട്ടി... 2016 ആദ്യം ജോലിക്ക് വിളിച്ചത് കോൺസ്റ്റബിൾ ആയിരുന്നു... പലരും വിചാരിക്കുന്ന പോലെ കോൺസ്റ്റബിൾ ആയ ശേഷം അല്ല ഞാൻ എസ് ഐ എക്സാം എഴുതുന്നത്.. എസ് ഐ വിളിക്കുന്നത് പരീക്ഷ നടന്നു 5 വർഷങ്ങൾക്ക് ശേഷം ആണ്..)

പിന്നൊരു കാര്യം പറഞ്ഞാല് ഭാഗ്യം ഏറ്റവും വലിയൊരു ഘടകം ആണ്... എക്സാം നടക്കുന്നതിന് മുമ്പ് പുറത്ത് നിന്നപ്പോൾ കയ്യിൽ ഇരുന്ന ഏതോ ഒരു പുസ്തകത്തിന്റെ അവസാന പേജ് ഞാൻ വെറുതെ ഓടിച്ചു നോക്കി. അതിൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട abbreviations ആയിരുന്നു.... പക്ഷേ അതിൽ ഒരു ചോദ്യം പരീക്ഷയ്ക്ക് വന്നു.. ഇതൊക്കെ ആണ് ഭാഗ്യം എന്ന് പറയുന്നത്... ഒരു PSC എക്സാമിന് ഓരോ മാർക്കിനും വലിയ വില ആണല്ലോ...

എസ് ഐ ലിസ്റ്റില് വന്നവരുടെ മാർക്സ് നോക്കിയാൽ ഏറ്റവും കുറവ് മാർക് (49.33/80) നേടിയവരുടെ ഒപ്പം ആയിരിക്കും എന്റെയും സ്ഥാനം... പക്ഷേ വിധിച്ചിട്ടുണ്ട് എങ്കിൽ നമുക്ക് തന്നെ കിട്ടിയിരിക്കും..

വിധി/ഭാഗ്യം കൊണ്ട് തരും എന്ന് ചിന്തിച്ച് ഇരിക്കാതെ നമ്മുടെ ഭാഗം നമ്മൾ പൂർണ്ണം ആക്കിയാൽ വിധിയുടെ/ഭാഗ്യത്തിന്റെ ഭാഗം ദൈവം പൂർണ്ണം ആക്കി തരും....