Thursday 18 February 2021 02:24 PM IST

ആംബുലൻസിൽ എന്റെ കൈപിടിച്ചാണ് കിടന്നത്, അതൊരു യാത്ര പറച്ചിലായിരുന്നോ?: അനിച്ചേട്ടന്റെ അവസാന നിമിഷം: വേദനയോടെ മായ

Tency Jacob

Sub Editor

anil-panachuran-fam ഫൊട്ടോ: ശ്രീകാന്ത് കളരിക്കൽ

ആംബുലൻസിൽ എന്റെ കൈപിടിച്ചാണ് കിടന്നത്, അതൊരു യാത്ര പറച്ചിലായിരുന്നോ?: അനിച്ചേട്ടന്റെ അവസാന നിമിഷം: വേദനയോടെ മായ
ഞാൻ മോളെ പ്രസവിച്ചു കിടക്കുന്ന സമയത്ത് എന്റെയടുത്തു വരാനുള്ള ബസ് കാശു പോലുമില്ലായിരുന്നു. കവിതകളെഴുതി സ്വയം ഈണമിട്ടു പാടി കസറ്റിലാക്കി വിൽക്കുകയായിരുന്നു അക്കാലത്ത്. കവിയരങ്ങിനു പോയാൽ ചെറിയൊരു തുക കിട്ടും. അ തൊക്കെയായിരുന്നു അന്നത്തെ വരുമാന മാർഗങ്ങൾ. കിട്ടുന്ന പൈസ വളരെ സൂക്ഷിച്ചേ ചെലവാക്കുകയുള്ളൂ.

പിന്നീടു സിനിമയിലെത്തി. അറബിക്കഥയിലെ ‘ചോര വീ ണ മണ്ണില്‍...’, ‘തിരികേ ഞാൻ വരുമെന്ന...’ എന്നീ പാട്ടുകളാണ് ഹിറ്റായത്. അന്നു ജോലിയന്വേഷിച്ചു ഗൾഫിൽ പോകാനായി പാസ്പോർട്ട് എടുത്തിരുന്നു. പക്ഷേ, ആദ്യത്തെ അവാ ർഡ് വാങ്ങാൻ പോകാനായിരുന്നു നിയോഗം. പിന്നീടു സിനിമയിൽ തിരക്കായി.

ഇതിനിടയിലായിരുന്നു അനിച്ചേട്ടന്റെ അച്ഛന്റെ മരണം.ഒരു പെങ്ങൾ ഗൾഫിൽ ജോലി ചെയ്യുന്നതു കൊണ്ട് അമ്മ കുഞ്ഞിനെ നോക്കാനായി അവരുടെ വീട്ടിലേക്കു പോയി. ഞാൻ തിരുവനന്തപുരത്തു നിന്നു മകളേയും കൂട്ടി കായംകുളത്തെ വീട്ടിലേക്കു വന്നു. അപ്പോഴേക്കും ഞാൻ സോഷ്യോളജിയിലും സൈക്കോളജിയിലും ബിരുദാനന്തരബിരുദം നേടിയിരുന്നു. നൃത്തപഠനം തുടങ്ങാനും അനിച്ചേട്ടനായിരുന്നു താൽപര്യം. അമ്പലങ്ങളിൽ നൃത്തം അവതരിപ്പിക്കാൻ പോകുമ്പോൾ വേണ്ട ഒരുക്കങ്ങളൊക്കെ ചെയ്യുന്നതും സിഡി മാറ്റിയിട്ടു തരുന്നതുമെല്ലാം അനിച്ചേട്ടനായിരുന്നു.

നാളെയെന്നതില്ല...

എപ്പോഴും വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്ന ആളായിരുന്നു. അച്ഛനും മക്കളുമായി വളരെ സ്വാതന്ത്ര്യത്തോടെ ഇടപെ ടലൊന്നുമില്ല. അതെല്ലാം എന്നോടാണ്. എനിക്കിഷ്ടമുള്ള ഭ ക്ഷണം കിട്ടിയാൽ ആളുടെ പങ്ക് ആരും കാണാതെ എനിക്കു കൊണ്ടുതരും.

കഴിഞ്ഞ ക്രിസ്മസിനു കേക്ക് വാങ്ങിയപ്പോൾ പകുതി മുറി ച്ച് എല്ലാവരും കഴിച്ച ശേഷം ബാക്കി നാളെ എടുക്കാമെന്നു പറ‍ഞ്ഞു മാറ്റിവച്ചു. ‘അനിച്ചേട്ടൻ അങ്ങനെയല്ലല്ലോ പറയാറ്’ എന്നു ഞാൻ പറഞ്ഞപ്പോൾ ആൾക്കാകെ അമ്പരപ്പ്. ‘നാളെയെന്നതില്ല, നമ്മൾ ഇന്നു തന്നെ തീർക്കണം.’ എന്നല്ലേ കവിതയിൽ എഴുതിയിരിക്കുന്നതെന്ന് േചാദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു.

അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിൽ എനിക്കായിരുന്നു സങ്കടം. ‘മരണത്തിനു ശേഷമല്ലേ അവാർഡുകൾ വരുന്നത്, അന്ന് എല്ലാവരും എന്നെക്കുറിച്ചു പറയുന്നതു കേട്ടു നിനക്കു സന്തോഷിക്കാൻ പറ്റും.’ എന്നു ചിരിക്കുമായിരുന്നു. അത് അറംപറ്റിയ വാക്കുകളായി.

anil-panachuran-wife

മകൾ മൈത്രേയി പ്ലസ്ടു കഴിഞ്ഞു. അവളെ ഡോക്ടറാക്കണമെന്നൊരു സ്വപ്നം അനിച്ചേട്ടനുണ്ടായിരുന്നു. മകൻ അരു ൾ ഏഴാം ക്ലാസിൽ പഠിക്കുന്നു.

വരാനിരുന്ന നല്ല നാളുകൾ

ഒരിക്കലൊരു ജ്യോതിഷി പറഞ്ഞു, അനിച്ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം വരാന്‍ േപാകുന്നേയുള്ളൂ എന്ന്. ഇത്രനാൾ ചെയ്ത അധ്വാനത്തിനു ഫലമായി അംഗീകാരവും പ്രശ്സതിയും കിട്ടുമെന്നും അറിയിച്ചു. ആൾ അതിെന്‍റ ഭയങ്കര സന്തോഷത്തിലും പ്രതീക്ഷയിലുമായിരുന്നു. ഇക്കൊല്ലം വെറുതെയിരുന്നാൽ പറ്റില്ല, നന്നായി വർക്കു ചെയ്യണം എന്നൊക്കെ തീരുമാനത്തിലായിരുന്നു. ഈ കോവിഡു കാലത്തു പുറത്തിറങ്ങിയിട്ടേയില്ല. എവിടെ നിന്നാണു കോവിഡ് ബാധിച്ചതെന്നു അറിയില്ല.

ഞായറാഴ്ച പുലർച്ചെ മറ്റം മഹാദേവ ക്ഷേത്രത്തിൽ പോയി. നട കയറുന്നതിനു മുൻപേ കൂടെയുണ്ടായിരുന്നവരോടു ‘തളർച്ച പോലെ തോന്നുന്നു’വെന്നു പറഞ്ഞു. ആ നിമിഷം തന്നെ കുഴഞ്ഞു വീഴുകയും ചെയ്തു. െപട്ടെന്നു തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

മക്കളെ അമ്മയെ ഏൽപിച്ച് ഞാൻ ഹോസ്പിറ്റലിലേക്കു പോയി. േകാവിഡ് ഉണ്ടെന്നു േഡാക്ടര്‍മാര്‍ പറഞ്ഞതായി ഒ രു സുഹൃത്ത് വിളിച്ചറിയിച്ചു. ഡ്രൈവ് ചെയ്യുന്നതിനിടയിലും എന്റെ മനസ്സിൽ ഭയാശങ്കകളൊന്നുമുണ്ടായിരുന്നില്ല. രണ്ടാഴ്ച അനിച്ചേട്ടനെ എനിക്കു മാത്രമായി കിട്ടുന്നു. അതിന്റെയൊരു ഗൂഢസന്തോഷവും ഉള്ളിലുയർന്നു.

പിന്നീടു കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ പരിേശാധിച്ചപ്പോൾ ഇസിജിയിൽ ചെറിയ പ്രശ്നം. അപ്പോഴും അനിച്ചേട്ടൻ എന്നെ സമാധാനിപ്പിച്ചു. ‘പേടിക്കാനൊന്നുമില്ല, നീ തളരരുത്. നീ തളർന്നാൽ പിന്നെ, എനിക്കു പറ്റില്ല.’

പക്ഷേ, കാലിൽ നിന്നു ഹൃദയത്തിലേക്കുള്ള ആർട്ടറി പൊട്ടിയിരുന്നത് ഡോക്ടർമാർക്ക് മനസ്സിലായില്ല. കാലു വേദനിക്കുന്നുവെന്നു അനിച്ചേട്ടൻ പറയുന്നുണ്ട്. മറ്റു ഗുരുതര പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വേറെ ഏതെങ്കിലും ഹോസ്പി റ്റലിലേക്കു കൊണ്ടുപോകാൻ അവരും നിർദേശിച്ചു. അങ്ങ നെയാണ് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുന്നത്.

ആംബുലൻസിൽ ഹോസ്പിറ്റൽ എത്തുവോളം എന്റെ കൈപിടിച്ചാണ് കിടന്നത്. സംസാരിക്കുന്നതിനിടയിലും കയ്യി ൽ പതിയെ അമർത്തിക്കൊണ്ടിരുന്നു. അതൊരു യാത്ര പറച്ചിലായിരുന്നോ?

ഹോസ്പിറ്റലിൽ ഡോക്ടർമാരോടു രോഗവിവിരം പറ ഞ്ഞതും അനിച്ചേട്ടനാണ്. അതിനിടയിൽ പെട്ടെന്നാണു ഹൃദയം നിലച്ചത്. വേഗം വെന്റിലേറ്ററിലേക്കു മാറ്റി. ഡോക്ടര്‍മാര്‍ വന്നു പറഞ്ഞു െകാണ്ടിരുന്നു. ‘ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. തിരിച്ചു വരാനുള്ള സാധ്യത കുറവാണ്...’ ഞാന്‍ ഒന്നും േകള്‍ക്കുന്നുണ്ടായിരുന്നില്ല. ആംബുലന്‍സില്‍ വച്ച് കയ്യില്‍ അമര്‍ത്തിപ്പിടിച്ചതിന്‍റെ ബലത്തിലായിരുന്നു ഞാന്‍.

കുറേനേരം കഴിഞ്ഞ് ഒരു േഡാക്ടര്‍ വന്നു പറഞ്ഞു, ‘കഴിഞ്ഞു.’ ഞാൻ ഉറക്കെ കരഞ്ഞു. മക്കൾ ടിവിയിൽ നിന്നാണ് വാര്‍ത്ത അറിഞ്ഞത്. ഫേക്ക് ന്യൂസെന്നാണ് അവർ കരുതിയത്.

എന്നോടു സംസാരിച്ചു പോയ ആ ജീവനുള്ള മുഖത്തിനു മേൽ ജീവനില്ലാത്ത നിഴലുകൾ വീഴാൻ ഞാൻ ആഗ്രഹിച്ചില്ല.അതുകൊണ്ടുതന്നെ അനിച്ചേട്ടനെ കാണേണ്ടെന്നു ഞാൻ തീരുമാനിച്ചു. കണ്ടാൽ ഒരുപക്ഷേ, ഞാൻ വല്ലാതെ കരഞ്ഞു പോയേക്കും. ശരിക്കും, ശരിക്കും എനിക്കു കരയേണ്ടായിരുന്നു...

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ