Saturday 20 July 2019 12:55 PM IST

‘ജീവിതത്തിന്റെ അത്ര ത്രിൽ മരണത്തിനില്ല, അതുകൊണ്ട് അവസാനം വരെ പൊരുതും’; കാൻസറിന്റെ മൂന്നാം വരവിൽ അനില പറയുന്നു!

Shyama

Sub Editor

anila-can11
ഫോട്ടോ: ബേസിൽ പൗലോ

‘മരിക്കാനല്ല, ജീവിക്കാനാണ് പാട്... എനിക്കാണെങ്കിൽ പ്രയാസമുള്ള കാര്യങ്ങളോടാണു പണ്ടേ പ്രിയം.’ അനില തോമസ് എന്ന പാലക്കാട്ടുകാരി എന്തിന് കൊച്ചിയിൽ വന്നു? ഐടി ഉദ്യോഗസ്ഥയായിരുന്ന അവർ ആ ജോലി ഉപേക്ഷിച്ച് എന്തിന് വഴിയോരത്ത് തന്തൂരി ചായക്കട തുടങ്ങി?  ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അനില തന്നെ പറയട്ടേ...

ആദ്യത്തെ പ്രഹരം

‘‘പപ്പയുടെ നാട് കോട്ടയം മുണ്ടക്കയമാണ്. മമ്മിയുടേത് തൃശ്ശൂരും. പപ്പയ്ക്ക് ഇറിഗേഷൻ ഡിപാർട്മെന്റിലായിരുന്നു ജോലി. അങ്ങനെയാണ് ഞങ്ങൾ പാലക്കാട് സ്ഥിരതാമസമാക്കിയത്. കോയമ്പത്തൂർ ടിസിഎസിൽ സോഫ്റ്റ്‍‌വെയർ എൻജിനീയറായിരുന്നപ്പോഴാണ് കാൻസറിന്റെ ആദ്യ ആക്രമണം. പനിയായിട്ടായിരുന്നു തുടക്കം. മരുന്നു കഴിക്കുമ്പോൾ കുറയും.

രണ്ടു ദിവസം  കഴിഞ്ഞാൽ പിന്നെയും പനി. അങ്ങനെ ഒന്നര മാസത്തോളം കടന്നു. ടൈഫോയ്ഡ് ആണെന്നൊക്കെ പലരും പറഞ്ഞു. മരുന്നു കൊണ്ട് ഫലമില്ലെന്നായി. എന്റെ താമസസ്ഥലത്തിനടുത്തുള്ള ചെറിയൊരു ക്ലിനിക്കിലെ ഡോക്ടറാണ് സംശയം പറഞ്ഞത്. പരിശോധനയിൽ ബ്ലഡ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. ആദ്യം വീട്ടുകാരോടൊന്നും പറഞ്ഞില്ല. ഹോമിയോപ്പതി, ആയുർവേദം, സിദ്ധവൈദ്യം അങ്ങനെ പലതും നോക്കി. ഓരോന്നിനും കുറഞ്ഞത് മൂന്നു മാസം കാലാവധി വേണ്ടി വന്നു. മൊത്തം 15 ലക്ഷത്തോളം ചെലവായി.

ഒടുവിൽ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തി. കുറെ നാൾ കൊണ്ടാണ് അസുഖത്തിൽ നിന്നു മുക്തി  ലഭിക്കുന്നത്. 20 ലക്ഷത്തോളം അവിടെയും ചികിത്സാ ചെലവായി. തളർച്ചയും ക്ഷീണവും പക്ഷേ, മാറിയിരുന്നില്ല. അതുകൊണ്ട് തിരികെ ജോലിയിൽ കയറിയില്ല.

ആഗ്രഹിച്ചു നേടിയ ജോലി നഷ്ടപ്പെട്ടതിന്റെ നിരാശ. ജീവിതം കൈവിട്ടു പോയെന്ന തോന്നൽ. പിന്നെ, ആ മേഖലയിലേക്ക് തിരികെ പോകാൻ നോക്കിയില്ല. ചില കാര്യങ്ങളിൽ നിന്ന് നമ്മൾ ഒരിക്കലും റിക്കവർ ആകില്ലല്ലോ.

എത്ര ഇഷ്ടമുണ്ടെങ്കിലും അതിലേക്കൊന്നും  വീണ്ടും പോകാനും തോന്നില്ല. അതു പറഞ്ഞാൽ പലപ്പോഴും മറ്റൊരാൾക്ക് മനസ്സിലാകുകയും ഇല്ല. അസുഖം കഴിഞ്ഞ് വീട്ടിൽ വന്ന് വിശ്രമിക്കുന്ന സമയം. നാട്ടിലായതുകൊണ്ട് പലരും വന്ന് വിശേഷമൊക്കെ പറഞ്ഞിരിക്കും.

എന്റെയടുത്ത് വന്നിരുന്ന് സംസാരിക്കുന്ന നാട്ടുകാരിൽ പലരും പാവപ്പെട്ട ആളുകളയിരുന്നു. അങ്ങനെ അവരെ എന്നെക്കൊണ്ടാകുന്ന രീതിയിൽ സഹായിക്കാം എന്നു കരുതി ആദ്യം തുടങ്ങിയ സംരംഭമാണ് ‘കോട്ടൻ വേസ്റ്റ് യൂണിറ്റ്’. ജോലി കോയമ്പത്തൂരായിരുന്നതു കൊണ്ട് വ സ്ത്ര വ്യവസായ മേഖലയായ തിരുപ്പൂർ പരിചയമുണ്ട്. അവിടെ നിന്ന് മൊത്തമായെടുത്ത് ഇവിടെ കൊണ്ടുവരും. ആളുകൾ വീട്ടിലിരുന്ന് പായ്ക് ചെയ്ത് തിരികെ എത്തിക്കും. ഒരു വിതരണ ശൃംഖലയും ഡവലപ് ചെയ്തു. 170 ജോലിക്കാരുമായി ബിസിനസ് വളർന്നു. ഒപ്പം പേപ്പർ പ്ലേറ്റ് നിർമാണവും ചെറിയൊരു റെഡിമെയ്ഡ് ഷോപ്പും തുടങ്ങി.

അവസാനിച്ചെന്ന് കരുതിയപ്പോൾ

ആ സന്തോഷങ്ങൾക്കിടെ വീണ്ടും അസ്വസ്ഥത തുടങ്ങി. പരിശോധിച്ചപ്പോൾ കരളിൽ കാൻസർ. മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലായിരുന്നു ചികിത്സ. സർജറിയാണ് അവർ നിർദേശിച്ചത്.

തിരികെ നാട്ടിലെത്തിയപ്പോൾ മമ്മി വീണ് നെറ്റിയിൽ സ്റ്റിച് ഇട്ടിരിക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞ് അടുത്ത ദുരന്തം. പിറന്നാൾ ആഘോഷിക്കാനായി സഹോദരൻ കോഴിക്കോട് നിന്ന് ബൈക്കിൽ വന്നതാണ്. ബൈക്ക് അപകടത്തിൽ പെട്ട് താടിയെല്ലും മുട്ടുചിരട്ടയും പൊട്ടി കോഴിക്കോട് ആശുപത്രിയിൽ അഡ്മിറ്റായി. അതുകൊണ്ടും തീർന്നില്ല. ചേച്ചിയും കുടുംബവും ബിഹാറിൽ നിന്നു നാട്ടിൽ അവധിക്കു വന്നതാണ്. റിഫ്രഷ്മെന്റ് ആകട്ടെ എന്നു കരുതി ഞങ്ങൾ മൂന്നാറിലേക്ക് ട്രിപ് പോയി. റിട്ടയർമെന്റിനു ശേഷം കൃഷിയിൽ സജീവമായിരുന്നു പപ്പ. അതുകൊണ്ട് വീട് വിട്ടുള്ള യാത്രയ്ക്കില്ലെന്നു പറഞ്ഞു.

അടുത്ത ദിവസം പത്രക്കാരൻ വരുമ്പോൾ പപ്പ രക്തത്തിൽ കുളിച്ചു കിടക്കുന്നു. മോഷണ ശ്രമമാണെന്ന് പറയുന്നു. രാവിലെ വീടു പൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് ആക്രമണം എന്ന് കരുതുന്നു. വീടിന്റെ താക്കോൽ കൈവശപ്പെടുത്താനായി ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചതാണത്രേ. 28 ദിവസം പപ്പ ബോധം നഷ്ടപ്പെട്ട് ആശുപത്രിയിൽ കിടന്നു. സാമ്പത്തിക പ്രശ്നവും രൂക്ഷമായി. എന്റെ ജീവിതത്തിലെ ഏറ്റവും മോശം വർഷമായിരുന്നു 2017.

പപ്പയുടെ കാര്യങ്ങൾ നോക്കി ആശുപത്രിയിൽ ഇരിക്കുമ്പോഴാണ് പഴയ സുഹൃത്ത് കൊല്ലം അനിൽകുമാർ കുറേ നാളുകൾക്കു ശേഷം പരിചയം പുതുക്കാൻ വിളിച്ചത്. എന്റെ രോഗവിവരവും അവസ്ഥയും സംസാരത്തിനിടെ പറഞ്ഞു. ഫോ ൺ സംഭാഷണം അവസാനിച്ച് പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അനിലിന്റെ ഗൾഫിലുള്ള സുഹൃത്ത് ഡോ. സായ്കുമാർ വിളിച്ചു. അദ്ദേഹം വഴിയാണ് മെഡിക്കൽ ഡീറ്റെയ്ൽസ് തിരുവനന്തപുരം ആർസിസിയിലെ ഡോ. പോൾ അഗസ്റ്റിനു കൊടുക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച് ‘ഉടൻ സർജറി വേണം, കാലതാമസം ഉണ്ടാകാൻ പാടില്ല’ എന്ന് ഡോക്ടർ പറഞ്ഞു.

പക്ഷേ, പപ്പയെ ഹോസ്പിറ്റലിൽ ആക്കിയിട്ട് പോകാൻ മടി. ബന്ധുക്കളും ആശുപത്രി അധികൃതരും പപ്പയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു പറഞ്ഞപ്പോൾ ഞാൻ ആർസിസിയിലേക്ക് പോയി. ഒറ്റയ്ക്കായിരുന്നു പോക്കും വരവും. ഒറ്റയ്ക്കാകുമ്പോഴാണല്ലോ നമ്മൾ നമ്മളോടു തന്നെ സംസാരിക്കുന്നത്. അപ്പോഴാണ് നമ്മുടെ ബലഹീനതകളും ശക്തിയും ഒക്കെ മ നസ്സിലാകുന്നത്.

കാൻസർ വന്നു എന്നു കരുതി ഞാൻ എന്നെ കെട്ടിയിട്ടി ട്ടൊന്നുമില്ല. മാസ്കും കെട്ടി വീട്ടിൽ തന്നെ ഇരിക്കാറില്ല. ഇ പ്പോഴും യാത്രകൾ ചെയ്യും. ഇഷ്ടമുള്ള ഭക്ഷണം കഴിക്കും. പുതിയ സൗഹൃദങ്ങൾ വരും, പോകും. ഒന്നിലും ഉടക്കി നിൽക്കാതെ മുന്നോട്ടു പോകുന്നു.

anila-can12

അവിചാരിതമായ മൂന്നാം വരവ്

സോഷ്യൽ മീഡിയ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. രക്തമായും പണമായും നിറയെ ആളുകൾ സഹായിച്ചിട്ടുണ്ട്. കരളിന്റെ സർജറി കഴിഞ്ഞ് വിശ്രമിക്കുമ്പോഴേക്കും ശരിക്കും വീട്ടിലെ കാര്യങ്ങളോർത്ത് ഉൾക്കുത്ത് തുടങ്ങി. പപ്പയുടെ പെൻഷനില്‍ നിന്നു പോലും ഞാൻ ലോൺ എടുത്തിട്ടുണ്ട്. അവരെ ഞാൻ സംരക്ഷിക്കേണ്ടതല്ലേ? പക്ഷേ, പഴയ ബിസിനസ് എന്റെ കയ്യിൽ നിന്നു പോയി. പല ബിസിനസ്സും ആലോചിച്ചു. ഒടുവിൽ സുഹൃത്ത് വഴി വന്ന തന്തൂരി ചായയുടെ ബിസിനസ് കൊള്ളാമെന്ന് തോന്നി. അങ്ങനെ പാർട്നർഷിപ്പിൽ കൊച്ചിയിൽ വന്ന് ഇതു തുടങ്ങി. അതിനുമൊരു കാരണമുണ്ട്. കരളിന്റെ സർജറിക്ക് ശേഷം മൂന്നു മാസം കഴിഞ്ഞതും എനിക്ക് പ്രശ്നങ്ങൾ തുടങ്ങി. കരൾ മുറിച്ചു മാറ്റിയതല്ലേ. 64 സ്റ്റിച് ഉണ്ടായിരുന്നു. അസ്വസ്ഥതകൾ കൂടിയപ്പോൾ പ രിശോധന നടത്തി.

കുടൽ ചേരുന്ന ഭാഗത്തായിരുന്നു ഇക്കുറി കാൻസറിന്റെ ആക്രമണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. സർജറിയാണ് അവർ നിർദേശിച്ചത്. പക്ഷേ, കരളിന്റെ മുറിവ് ഭേദമാകാതെ നടക്കില്ല. പിന്നെയുള്ള ഓപ്ഷ ൻ കീഹോൾ സർജറി ആണ്. അതിനുള്ള സാമ്പത്തിക ശേ ഷിയും സമയവും ഇല്ല. ഇനി ജോലി ചെയ്യാതെ നിവൃത്തിയില്ല. അതുകൊണ്ട് ആ സർജറി പിന്നത്തേക്കു മാറ്റി.

തോൽക്കാനുള്ള ഓപ്ഷൻ എനിക്കില്ല

കട പാർട്നർഷിപ്പിലാണ് തുടങ്ങിയതെങ്കിലും ഇപ്പോഴത്  മാറി ഞാനൊറ്റയ്ക്കായി. കൊച്ചിയിലായതു കൊണ്ടാണ് തന്തൂരി ചായയ്ക്ക് ഇത്രയും പ്രിയം കിട്ടിയത്. കൊച്ചിക്കാർക്ക് പരീക്ഷണങ്ങൾ ഇഷ്ടമാണ്. പുതിയതിനെ സ്വീകരിക്കാൻ മടിയുമില്ല.

പത്തുതരം  മസാലക്കൂട്ടുകൾ ചേർത്താണ് ചായയുണ്ടാക്കുന്നത്. ഏലയ്ക്കാ, ഗ്രാമ്പൂ, ഇഞ്ചി... അങ്ങനെ... ഈ കൂട്ട് ന മ്മൾ തന്നെ ഉണക്കി പൊടിച്ചെടുക്കുന്നതാണ്. കൊച്ചി ക്വീൻ സ് വാക് വേയിലാണിപ്പോൾ ചായക്കട.

വൈകുന്നരം മൂന്നു മണി തൊട്ട് രാത്രി 10–11 മണി വരെ കടയുണ്ട്. ഒരു ചായയ്ക്ക് 30 രൂപയാണ് വില. ദീർഘദൂര യാത്ര ചെയ്യുന്നവര്‍ ചായ ഊതി കുടിച്ചിട്ട് നല്ലൊരു എനർജൈസറാണെന്ന് പറയാറുണ്ട്. ഇവിടെ ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്ന സ്ഥിരം കസ്റ്റമേഴ്സുണ്ട്. രുചി ഇഷ്ടപ്പെട്ടിട്ട് വരുന്നവരാണ് മിക്കവരും.

പനി, ചുമ, ശ്വാസതടസം ഒക്കെ ഉള്ളവരും ഈ ചായ കുടിച്ചിട്ട് നല്ല സുഖം തോന്നുന്നു എന്ന് പറയാറുണ്ട്. ചായയ്ക്കൊപ്പം  കാച്ചിൽ/കപ്പ  പുഴുങ്ങിയത്, മുളകു ചമ്മന്തി ഒക്കെ കൊടുക്കാറുണ്ട്. ഇതേ പോലുള്ള ആവിയിൽ വേവിച്ച മറ്റ് സ്നാക്സ് കൂടി നൽകാനുള്ള പ്ലാനുണ്ട്.

മൺകപ്പുകൾ ചായ കുടിച്ചുപേക്ഷിക്കുന്നതിനു പകരം അ വയിൽ ചെറിയ ചെടികൾ നട്ട്, അതും പത്തു രൂപയ്ക്ക് കൊ ടുക്കുന്നുണ്ട്. ഫ്ലാറ്റിലും മറ്റും താമസിക്കുന്ന ആളുകൾക്ക് അ വരുടെ കൈകൊണ്ട് വെള്ളമൊഴിച്ച ചെടിയിലെ ഒരു പൂവ് കാണാം. അവർ വച്ച ചീരയുടെ ഉപ്പേരി ഉണ്ടാക്കാം. അവർക്ക് സന്തോഷം. എനിക്ക് കാശും കിട്ടും. കപ്പും വെറുതേ പോകില്ല.

കാൻസറിനെ അതിജീവിച്ചവരെ ചേർത്തുള്ള വേറെയുംഔട്ട്‌ലെറ്റുകൾ തുടങ്ങണമെന്നുണ്ട്. പേടി കാരണം പുറത്തിറക്കാതെ, പുറത്തിറങ്ങാതെ, ഒന്നും ചെയ്യാതെ വീട്ടിൽ തന്നെ കഴിയുന്നവരുമുണ്ട്. അതിനു മാറ്റം വരണം. കാൻസർ ഭേദമാകുന്ന രോഗമാണ്. സാമ്പത്തിക അടിത്തറയാണ് മിക്കവാറും ആ രോഗം തകർക്കുന്നത്. കുറച്ച് പേർക്കെങ്കിലും ഞാൻ വഴി ചെറിയൊരു വരുമാനം ഉണ്ടാകുന്നത് നല്ലതല്ലേ.

ഒന്നാലോചിച്ചാൽ കോമഡിയാണ്. എന്റെ വീട്ടിൽ ഞാൻ മാത്രമാണ് കുക്കിങ് വെറുത്തിരുന്ന ആൾ. അമ്മയും ചേച്ചിയും ഒക്കെ അസ്സലായി പാചകം ചെയ്യും. എനിക്ക് പാചകം ചെയ്യുന്ന കാര്യം തന്നെ ഇഷ്ടമല്ലായിരുന്നു. എന്നിട്ടോ... ഇപ്പോൾ ആ  പാചകം തന്നെ എനിക്ക് അന്നം തരുന്നു!

ani-can889
Tags:
  • Spotlight
  • Inspirational Story