Monday 25 November 2019 05:31 PM IST

‘കപ്പലവെള്ളി ചോത്തുവെള്ളി പാത്ത് തെസ കണ്ടോം’; ഒന്നും മനസ്സിലായില്ലെങ്കില്‍ അനില്‍കുമാറിന്റെ ജീവിതം അറിയുക!

V.G. Nakul

Sub- Editor

VAV_2065 ഫോട്ടോ: വാവ സോൾബ്രദേഴ്സ്

വിഴിഞ്ഞത്തെത്തി, തുറയിലേക്കു നടക്കുമ്പോൾ ഉച്ചച്ചൂട് കടലിനെ പൊള്ളിച്ചു തുടങ്ങിയിരുന്നു. കടലിനോടു ചേർന്ന് ഒന്നിനോടൊന്നു തൊട്ടിരിക്കുന്ന ഇടുങ്ങിയ ചെറുവീടുകളുടെ കൂട്ടം. നനവു പടർന്ന ഇടവഴിയിലൂടെ നടക്കുമ്പോൾ എതിരെ വന്ന സ്ത്രീയോടു ചോദിച്ചു, ‘കവിത എഴുതുന്ന അനിലിന്‍റെ വീടേതാണ്?’

‘ആര്! ലീനമ്മാള പയലാ? നേരെ പോണ കെണത്ത്ക്ക് പത്തെയിര്ക്ക്ണ വീട്...’

കടപ്പുറം ഭാഷയെക്കുറിച്ചു േകട്ടിരുന്നതു െകാണ്ട് വലുതായി െഞട്ടിയില്ല. നേരേ േപാണം എന്നു മാത്രം പിടികിട്ടി. കൂടുതല്‍ നടക്കേണ്ടി വന്നില്ല. വീട്ടുവാതില്‍ക്കല്‍ തന്നെ അനില്‍ കാത്തു നിന്നിരുന്നു. പൊതുലോകത്തിന് ഒട്ടൊക്കെ അപരിചിതമായ കടപ്പുറഭാഷയുടെ പെരുക്കം അവിടം മുഴുവനും നിറഞ്ഞു നില്‍ക്കുന്നുണ്ട്. അനിൽ കവിതയെഴുതുന്നതും സ്വന്തം നിലയിൽ ഗവേഷണം നടത്തുന്നതും ഈ ഭാഷയിൽ  തന്നെ. അനിലിന്‍റെ അമ്മ വന്നു കുശലം പറഞ്ഞതും ഈ ഭാഷയില്‍. ‘നീങ്കോ ചായ കുടിച്ചീരീ’

പിന്നീടങ്ങോട്ട് ആ ഭാഷയിൽ സ്നേഹിക്കുന്ന, സന്തോഷിക്കുന്ന കുറെ മനുഷ്യരെ കണ്ടു. അവരുടെ സംസ്കാരവും ജീവിതവും ഈ ഭാഷയുടെ താളത്തിനൊപ്പമാണ്. വിസ്മൃതിയിലേക്കു മറയുന്ന ഈ ‘കടപ്പെറ പാസ’യിലെ വാക്കുകളും പ്രയോഗങ്ങളും വരും തലമുറയ്ക്കു വേണ്ടിക്കൂടി രേഖപ്പെടുത്തി വയ്ക്കുകയെന്ന ചരിത്ര ദൗത്യമാണ് ഡി. അനില്‍ കുമാര്‍ എന്ന ഈ ഇരുപത്തിയാറുകാരനെ വ്യത്യസ്തനാക്കുന്നത്.

മലയാളത്തിലെ ആദ്യ കടപ്പുറഭാഷാ നിഘണ്ടു ‘കടപ്പെറപാസ’, കടപ്പുറഭാഷയിലെഴുതിയ കവിതകളുടെ സമാഹാരം ‘ചങ്കൊണ്ടോ പറക്കൊണ്ടോ’ എന്നിവ അനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന കേന്ദ്ര സാഹിത്യ അക്കാദമി സാഹിത്യോത്സവത്തിൽ അനിൽ മലയാളകവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

anil-hugftdss

കടപ്പെറപാസയുടെ കല

‘‘കേരളത്തിന്റെ തീരം തുടങ്ങുന്ന പൊഴിയൂര്‍ മുതൽ അഞ്ചുതെങ്ങു വരെയുള്ള, ലത്തീന്‍ കത്തോലിക്കരായ മത്സ്യത്തൊഴിലാളികളുടെ സംസാര ഭാഷയാണ് ‘കടപ്പെറപാസ.’’ അനില്‍ വിശദമാക്കുന്നു. ‘‘മലയാളത്തിനുള്ളിലെ മറ്റൊരു മലയാളം. എന്നു വേണമെങ്കില്‍ പറയാം. പക്ഷേ, ഈ നാട്ടില്‍ നിന്നു പുറത്തുള്ള ഒരാൾക്ക് കേട്ടാൽ മനസ്സിലാകാൻ പ്രയാസമാണ്.’’

കടപ്പെറപാസയ്ക്ക് മലയാളത്തേക്കാൾ തമിഴിനോടാണ് സാമ്യം കൂടുതൽ. ഒറ്റ േകള്‍ വിയില്‍ തമിഴെന്നു തോന്നുമെങ്കിലും തമിഴല്ല. തമിഴും മലയാളവും കലർന്ന വാക്കുകൾ ധാരാളമുണ്ടെങ്കിലും രണ്ടിലും പെടാത്ത രണ്ടായിരത്തിൽപരം വാക്കുകളുമുണ്ട്.

‘‘ഞങ്ങള്‍ ഒന്‍പതു മക്കളാണ്. ഏഴ് ആണും രണ്ടു പെണ്ണും. ഇതില്‍ ഞാന്‍ മാത്രം പഠിക്കാന്‍ പോകുമ്പോള്‍ ബാക്കിയുള്ളവര്‍ കടലില്‍ പോകുന്നു. ഇവിടെ നിന്ന് പ്ലസ് ടുവിനു മുകളിലേക്കു പഠിക്കാൻ പോയ ആദ്യയാൾ ഞാനാണ്. ’’ അനില്‍ പറയുന്നു. ‘‘അപൂര്‍‍വം അവസരങ്ങളിൽ ഞാനും കടലിൽ പോയിട്ടുണ്ട്. ജോലി, വരുമാനം എന്നതിനപ്പുറം കടലിനെ അറിയുക എന്ന വ്യഗ്രതയായിരുന്നു അതിനു പിന്നിൽ.

പരമ്പരാഗതമായി ഞങ്ങള്‍ മത്സ്യത്തൊഴിലാളികളാണ്. അപ്പൻ ഡേവിഡും അപ്പന്റെ അപ്പനും കടലില്‍ പണിക്കു പോയിരുന്നവരാണ്. അപ്പന്‍ പുലർച്ചെ മൂന്നു മണിയോടെ കട്ടമരത്തിൽ കടലിലേക്കു പോകും. അപ്പൻ തിരികെ വരുവോളം ഞ ങ്ങള്‍ മക്കളെല്ലാം കടപ്പുറത്തു കാത്തു നില്‍ക്കും. വന്നു    കഴിഞ്ഞാല്‍ ഞങ്ങളും കൂടി ചേര്‍ന്നാണ് മീന്‍ വാരുന്നതും വില്‍ക്കാന്‍ കൊണ്ടു പോകുന്നതും. ഇരുപതു വര്‍ഷം മുൻപ് അപ്പൻ കാ ൻസർ വന്നു മരിച്ചു.

അതോടെ വീട് ദുരിതത്തിലായി. അമ്മ മീൻ വിൽക്കാന്‍ പോകും. പക്ഷേ, ഞങ്ങൾ ഒൻപത് പേരെയും കൂടി വളർത്താനുള്ള പാങ്ങ് അമ്മയ്ക്കില്ലായിരുന്നു. അങ്ങനെ ഞാനുൾപ്പടെ ഇളയ അഞ്ച് മക്കളെ അനാഥാലയങ്ങളിൽ ചേർത്തു. പലരും പലയിടത്തായിരുന്നു. മൂന്നു ചേട്ടന്മാരും ഒരു ചേച്ചിയും അമ്മയോടൊപ്പം വീട്ടില്‍ നിന്നു. വെള്ളനാടുള്ള നവജീവന്‍ കോണ്‍‍വന്‍റ് സ്കൂളിലായിരുന്നു ഞാൻ. പലരും ഒന്നും രണ്ടും വര്‍ഷം നിന്നിട്ടു തിരികെ വീട്ടിലേക്കു പോന്നു. പക്ഷേ, വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് അമ്മ പറഞ്ഞതുകൊണ്ടു മാത്രം ഞാന്‍ അവിടെ തന്നെ നിന്നു. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പുളിങ്കുടിയിലെ അനാഥാലയത്തിലായിരുന്നു.

അവിടെ നിന്നു കിട്ടിയ അറിവുകളാണ് എന്റെ വിദ്യാഭ്യാസ ജീവിതത്തിന്റെ  അടിസ്ഥാനം. സ്കൂളില്‍ ഒരു കുഞ്ഞ് ലൈബ്രറിയുണ്ടായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ കവിത എഴുതിയത്.

kadal-man1

കലര്‍പ്പില്ലാത്ത ഭാഷ

ഞങ്ങളുടെ സമൂഹത്തിൽ പെട്ടവർക്ക് പുറം ലോകജീവിതം  കുറവാണ്. എന്റെ അനിയത്തിക്ക് തിരുവനന്തപുരം സിറ്റി വരെ പോകുന്നതു പോലും വലിയ കാര്യമാണ്. അതുകൊണ്ട് ഈ ഭാഷ ഇവിടെത്തന്നെ നിലനിന്നു പോന്നു. അധികം ആളുകള്‍ ഇങ്ങോട്ടു വരാത്തതിനാൽ ആ രീതിയിലും കലര്‍പ്പുണ്ടായിട്ടില്ല. ചിലപ്പോള്‍ ഒരു തലമുറ കൂടി കഴിയുമ്പോൾ ഈ ഭാഷ തന്നെ ഇല്ലാതായെന്നു വരാം.

അനന്തമായ കടലും അതിലും ദുരൂഹമായ ആകാശവും ക ണ്ടു വളര്‍ന്നതു െകാണ്ടാകാം മനസ്സിലേക്കു കവിതകള്‍ കടന്നു വന്നത്. സ്വാഭാവികമായി ഈ ഭാഷയിലാണ് വരികള്‍ പിറന്നത്. കവി അന്‍‍വര്‍ അലി ഒരിക്കൽ പറഞ്ഞു, ‘നിന്റെ കവിത മനസ്സിലാക്കാന്‍ ഒരു പരിഭാഷകന്റെ ആവശ്യമുണ്ട്’ എന്ന്. അങ്ങനെ ‘ചങ്കൊണ്ടോ പറക്കൊണ്ടോ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചപ്പോൾ ഏകദേശം 150 വാക്കുകളുള്ള ഒരു നിഘണ്ടു കൂടെ ഒപ്പം ചേര്‍ത്തു. കവിതയില്‍ ഉപയോഗിച്ചിട്ടുള്ളതും മറ്റുള്ളവര്‍ക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ വാക്കുകളായിരുന്നു അവ.

കവിതയില്‍ ഉപയോഗിക്കാത്ത എന്തോരം വാക്കുകള്‍ ബാക്കിയുണ്ട് എന്നു പിന്നീടു തോന്നി. അങ്ങനെ ‘കടപ്പെറപാസ’ എഴുതിത്തുടങ്ങി. 1108 വാക്കുകളും അവയുടെ മലയാള അർ ഥവും 50 സംഭാഷണങ്ങളും പ്രയോഗങ്ങളും ഈ നിഘണ്ടുവില്‍ ഉണ്ട്. ഒരുപാട് മുതിര്‍ന്നവരോടു സംസാരിച്ചു, പഠനങ്ങൾ നടത്തി. ആറു വർഷം കൊണ്ടാണ് പൂര്‍ത്തിയായത്.

‘കടപ്പെറപാസ’ യെക്കുറിച്ചു പത്രവാര്‍ത്ത വന്നപ്പോഴാണ് തുറയിലെ അപൂർവം ചിലർ ഞാന്‍ എഴുതും എന്നു മനസ്സിലാക്കിയത്. അവര്‍ മാത്രമല്ല, എന്റെ വീട്ടില്‍പോലും ഞാൻ എഴുതും എന്നറിഞ്ഞത് അതിനു ശേഷമാണ്.

കുറച്ചു വര്‍ഷം കഴിയുമ്പോൾ കാര്യങ്ങളെല്ലാം മാറും. വിഴിഞ്ഞം ഹാര്‍ബര്‍ വരുന്നതോടെ ഇവിടുത്തെ അവസ്ഥകളും ജീവിത സാഹചര്യങ്ങളും മറ്റൊന്നാകും. ഈ തുറ തന്നെ ഇല്ലാതായി പതിയെ പതിയെ ഈ ഭാഷയും പോകും. പണ്ടൊക്കെ കടലിലെ പണി മാത്രമായിരുന്നു ഇവിടെയുള്ളവര്‍ ചെയ്തിരുന്നതെങ്കിൽ ഇപ്പോള്‍ അങ്ങനെയല്ല. ഒന്നുകില്‍ കടലില്‍ പോകുക അല്ലെങ്കില്‍ ഗള്‍ഫില്‍ പോകുക എന്നായി ചിന്ത. വിഴിഞ്ഞം  ഹാർബറിനു വേണ്ടി സ്ഥലമെടുക്കുമ്പോൾ എന്റെ വീടും പോകും. നോട്ടീസ് തന്നിട്ടുണ്ട്.

വാമൊഴി പദവിയില്ലെങ്കിലും തീർത്തും പ്രാദേശികമെങ്കിലും കടപ്പുറഭാഷ തനതു ഭാഷയുടെ സ്വഭാവം കാട്ടുന്നുണ്ട്.പ ക്ഷേ, ഈ തുറ കഴിഞ്ഞുള്ള റോഡിനപ്പുറം പലർക്കും ഭാഷ അറിയില്ല. ഞങ്ങളുടെ കൂട്ടത്തിലുള്ളവരും പുറത്തു പോയി സ ഹകരിക്കുമ്പോൾ സാധാരണ മലയാളത്തില്‍ സംസാരിക്കാനാണ് ശ്രമിക്കുക. ബുദ്ധിമുട്ടിയാണെങ്കിലും അവർ അതു പറഞ്ഞൊപ്പിക്കും.

പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങു വരെയുള്ള ചെറുതും വലുതുമായ 52 തുറകളുടെയും ഭാഷ ഇതാണ്. ഈ 52 തുറകളിലേയും ആളുകള്‍ വന്നു മീന്‍ പിടിക്കുന്നതും വില്‍ക്കുന്നതുമൊക്കെ വിഴിഞ്ഞം തുറയിലാണ്. മഴക്കാലമാകുമ്പോള്‍ എ  ല്ലാവരും ഇവിടെ പണിക്കു വരും.

2008ല്‍ പ്രസിദ്ധീകരിച്ച ‘ഞാനിന്ന് പാടിത്തുടങ്ങുന്നു’ ആ ണ് ആദ്യ കവിതാ സമാഹാരം. ‘കൊമ്പള്’ ആണ് കടപ്പുറ ഭാഷയില്‍ എഴുതിയ ആദ്യ കവിത. എന്തുകൊണ്ടെന്ന് അറിയില്ല. എന്നെ സംബന്ധിച്ച് ഈ ഭാഷയ്ക്ക് മറ്റു റെഫറൻസ് ഒന്നും വേണ്ട. ജീവിതത്തിലോട്ടു വെറുതെ തിരിഞ്ഞു നോക്കും. അപ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ കേൾക്കും. ‘കൊമ്പള്’ ഒരു പരിപാടിയിൽ അവതരിപ്പിച്ചപ്പോള്‍ ‘വളരെ അന്വേഷണാത്മകമായ കവിത’ എന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. എനിക്കും എന്റെ കവിതയ്ക്കും കിട്ടുന്ന ഒരു വലിയ അംഗീകാരമായിരുന്നു അത്.

പിന്നീട് കടപ്പുറഭാഷയിൽ തന്നെ കൂടുതലായി എഴുതിത്തുടങ്ങി. കടപ്പുറ ഭാഷയിലെഴുതിയ കവിതകള്‍ മാത്രമായി ‘ചങ്കൊണ്ടോ പറക്കൊണ്ടോ’ പ്രസിദ്ധീകരിച്ചു. ലോകത്തിപ്പോൾ തീരദേശ സാഹിത്യവും തീരദേശ ഭാഷയും എന്ന പേരിൽ വലിയൊരു സാഹിത്യ വിഭാഗം തന്നെ വികസിച്ചു വരുന്നുണ്ട്. കേരള സാഹിത്യ അക്കാദമി ‘കടല്‍ കവിതകള്‍’ എഴുതുന്നവരെ ഉള്‍പ്പെടുത്തി ഒരു ക്യാംപ് നടത്തിയിരുന്നു. കടലോര മനുഷ്യരുടെ ജീവിതം പറയുന്ന, കടപ്പുറ ഭാഷയിൽ സംസാരിക്കുന്ന ഒരു നോവൽ മനസ്സിലുണ്ട്. അതാണ് അടുത്ത ലക്ഷ്യം.

കടപ്പെറ പാസ

∙ പോത്തി - അപ്പൂപ്പൻ

∙ ചേല് - കടലിനെ കുറിച്ചുള്ള വർത്തമാനം

∙ വങ്കാള - വലിയ

∙ തൊളഞ്ചോം - തുഴഞ്ഞു

∙ നെലവ് - നിലാവ്

∙ ഒരു തൊളയിൽ - ഒരു തുഴയിൽ

∙ നെമത്തി - നിവർത്തി

∙ ഉള്ള ഉള്ള - ഉള്ളിലോട്ട്

∙ വലിവ് - ഒഴുക്ക്

∙ കപ്പലവെള്ളി, ചോത്തുവെള്ളി - നക്ഷത്രസമൂഹം

∙ തെസ - ദിശ

∙ കണിച്ചമുള്ള - നിശ്ചയമുള്ള

∙ തൊറയക്കാരൻ - തുറയരയൻ

∙ കടവാത്തിലും - പ്രതികൂല കാലാവസ്‌ഥയിലും

∙ ഒയ്ത്തിച്ച് - സന്ധ്യാസമയത്ത്

∙ മന്താര്പ്പ്ല - അതിരാവിലെ

∙ കുട്ടിച്ച് - കുട്ടികൾക്ക്

കവിത -പാര്

എടുമീൻ പോത്തി ചേല് ചൊല്ലുമ്പം

പാര് തേടി പോണ കത ആദ്യം വരും

വങ്കാള പാര് കപ്പല് പാര്

എന്ത തിക്കിലണ്

കണ്ണ് തൊറന്ത് തൊളഞ്ചോം

നെലവ് വെട്ടമിട്ട രാച്ചിരി

ഒരു തൊളയിൽ ഒന്നാംകടല്

ഇരു തൊളയിൽ രണ്ടാംകടല്

മറു തൊളയിൽ മൂന്നാംകടല്

എന്നൊരു പാതിരാക്കാത്ത്

വറീതും ഔസേപ്പും

മാർക്കോയും ഒണ്ട്

മേലാപ്പിൽ പൊടിമീൻ വെളയാട്ടം

നെമത്തി പിടിച്ച റോപ്പിൽ

ഉള്ള ഉള്ള പോകുന്തോറും

അറിഞ്ചോം വലിവ്

കപ്പലവെള്ളി

ചോത്തുവെള്ളി പാത്ത്

തെസ കണ്ടോം

നൂറാണ്ട് മുമ്പ്

മൂന്നാംപക്കത്തിൽ

താന്ത് പോണ

പറങ്കി കപ്പല്

അതിലളിഞ്ച

ഒടല്

കോപ്പ്

വെള്ളം കക്കും ഇരുമ്പുമണം

പിന്ന വന്ത് വന്ത്

കൂട് കൂട്ടിച്ച്

കല്ലടി കല്ലപ്പി കണ്ണുളുവ

പൊളുങ്കെല്ലാം

വിര്കങ്കോ

കണവ മടയത്

കാര മടയത്

കണിച്ചമൊള്ള തൊറയക്കാരൻ

എന്ത കടവാത്തിലും

മീൻപടുത്ത എടമത്

അത് തേടി പോണോം നാങ്കോ

അത് തേടി പോണോം നാങ്കോ

പിന്നെയുമുച്ചച്ച്

അത് തേടി പോണോം നാങ്കോ

പിന്നെയുമൊയ്‌ത്തിച്ച്

അത് തേടി പോണോം നാങ്കോ

മന്താര്പ്പ്ല

ഊണും ഒറക്കവും കളഞ്ച്

കുടിയും കുളിയും മറന്ത്

സീസണില്ലാ കാലത്തും

മക്കള്ക്കും കുട്ടിച്ചും

തിന്ന കൊടുത്ത

വങ്കാള പാര്

അങ്ങനെയൊര് പാരൊണ്ട്

അത് തേടി പോമ്പം വേണം

പാട്ടവെളക്കും റോപ്പും

Tags:
  • Spotlight