Wednesday 29 June 2022 04:53 PM IST : By സ്വന്തം ലേഖകൻ

‘മരക്കൊമ്പിൽ അജ്ഞാത ജീവി ഇരിക്കുന്നു’; വനംവകുപ്പ് ഉദ്യോഗസ്ഥർ പാഞ്ഞെത്തിയപ്പോൾ മരക്കൊമ്പിൽ ഒരു സുന്ദരക്കുട്ടൻ! സംഭവം ഇതാണ്

albino8866889

‘മരക്കൊമ്പിൽ അജ്ഞാത ജീവി ഇരിക്കുന്നു’ എന്ന ഫോൺ സന്ദേശമാണ് വനം വകുപ്പു ഓഫിസിൽ എത്തിയത്. കൊല്ലം അഗ്നിശമന സേനയിൽ നിന്നായിരുന്നു വിളി. അതിനു മുൻപ് അങ്ങനെയൊരു ജീവിയെ അവർ കണ്ടിട്ടില്ല. അവരുടെ സ്റ്റേഷനു സമീപത്താണ് അജ്ഞാതന്റെ ഇരിപ്പ്. അസിസ്റ്റന്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി. കാട്ടിൽ നിന്നു കരടി ചാത്തന്നൂർ വരെ എത്തിയിരുന്നത് അവർ ഓർത്തിട്ടുണ്ടാകും. സ്ഥലത്ത് എത്തിയപ്പോഴാണ് മരക്കൊമ്പിൽ ഒരു സുന്ദരക്കുട്ടൻ. വെള്ളരിപ്രാവ് പോലെ അടിമുടി വെളുപ്പ്. ചുണ്ണാമ്പ് തേച്ചതു പോലെ കണ്ണ് വെളുത്തിരിക്കുന്നു. സംഗതി മരപ്പട്ടിയാണ്. എന്നാൽ ഇങ്ങനെയൊന്നിനെ ഇന്നുവരെ കണ്ടിട്ടില്ല. 

മരപ്പട്ടിയെ കൂട്ടിലാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ ജോസ് ഫിൻസൻ ഡിക്രൂസ് മരത്തിൽ കയറി. പിടിലാകുന്നതിനു മുൻപ് മരപ്പട്ടി താഴെ ചാടി. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വൈ. മുഹമ്മദ് അൻവർ ഒപ്പം ഓടി വാലിൽ പിടിച്ചു പട്ടിയെ കൂട്ടിലാക്കി. വനംവകുപ്പ് ജീവനക്കാരായ ഡിക്രൂസ്,  ബിജുമോൻ എന്നിവർക്കു പുറമെ അഗ്നി രക്ഷാസേനയുടെ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. പഴവും തണ്ണിമത്തനും കഴിച്ച്, പകൽ ഉറങ്ങി, ചിന്നക്കടയിലെ വനശ്രീ ഓഫിസിൽ കഴിയുകയാണു മരപ്പട്ടി. സമീപത്തെ കൂട്ടിൽ ഒരു മൂർഖനും ഉണ്ട്. അഞ്ചലിൽ നിന്നെത്തുന്ന വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന് ഇവയെ  കൈമാറും. ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം ഉചിതമായ സ്ഥലത്തു തുറന്നു വിടും. 

അൽബിനോ

ത്വക്കിനു നിറം നൽകുന്ന പിഗ്‌മെന്റ് ഇല്ലാതാകുന്ന ജനിതക വ്യതിയാനമാണ് ശരീരവും രോമവും വെളുക്കുന്നതിനു കാരണം. ഇതിനു അൽബിനോ എന്നാണ് പറയുന്നത്. നാരങ്ങയുടേതു പോലെ മഞ്ഞനിറം ഉണ്ടാകുന്ന  ജനിതക വൈകല്യവും ചില അപൂർവമായി കാണാറുണ്ട്.

Tags:
  • Spotlight