Monday 19 March 2018 02:57 PM IST

'അവസാനമായി ഒരിക്കൽ കൂടി നിന്നെ കാണണമെന്ന് എനിക്കാഗ്രഹമുണ്ട്.. പക്ഷേ!'

Nithin Joseph

Sub Editor

vp-sathyan001 ഫോട്ടോ: ശ്യാം ബാബു

അനിതാ, അവസാനമായി ഒരിക്കൽ കൂടി നിന്നെ കാണണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷേ, അതിന് ഞാൻ തയാറായാൽ ഈ ജീവിതം അവസാനിപ്പിക്കാനുള്ള എന്റെ തീരുമാനം ഒരുപക്ഷേ, എനിക്ക് മാറ്റേണ്ടി വരും. അത് ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ലോകത്ത് ഇനിയും തുടരാൻ എനിക്ക് സാധ്യമല്ല. എല്ലാ ഉത്തരവാദിത്തങ്ങളും എന്റേത് മാത്രമാണ്. എന്നോട് നീ ക്ഷമിക്കണം.’

അനിത ഈ വരികൾ വായിക്കുമ്പോൾ കണ്ണുകളിൽ തോരാത്ത നനവും നെഞ്ചിൽ തീരാത്ത നോവും നൽകി യാത്രയായി, ഇന്ത്യൻ ഫുട്ബോളിലെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടയായ വി.പി. സത്യൻ. 19 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തെ സന്തോഷ് ട്രോഫി കിരീടം ചൂടിച്ച വിജയനായകൻ. കളിക്കാരന്റെയും പരിശീലകന്റെയും കുപ്പായത്തിൽ ദേ ശീയ ടീമിന്റെ അമരത്ത് നിന്ന അതുല്യപ്രതിഭ. കണ്ണൂരി ന്റെ ചുണക്കുട്ടി, വട്ടപ്പറമ്പത്ത് സത്യന് നൽകാൻ വിശേഷണങ്ങൾ ഒട്ടേറെ. സബർബൻ ട്രെയിനിന്റെ മുന്നിൽ എല്ലാം അവസാനിപ്പിച്ച് മടങ്ങിയ സത്യന്റെ ഓർമകളുടെ ഇരമ്പം അനിതയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്.

വി.പി. സത്യന്റെ ജീവിതം ‘ക്യാപ്റ്റന്‍’ എന്ന സിനിമയായി വെള്ളിത്തിരയിൽ തെളിയുമ്പോൾ, ഓർമകളുടെ തീരത്ത് സത്യന്റെ പ്രാണനിൽ പാതിയായിരുന്ന ഭാര്യ അനിതയെ കണ്ടുമുട്ടുന്നു, ക്യാമറയ്ക്കു മുന്നിൽ അനിതയായി വേഷമിട്ട നടി അനു സിത്താര. ‘സത്യേട്ടന്റെ മരണത്തെക്കുറിച്ച് ഒരുപാട് തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു. സത്യം ലോകം അറിയണ മെന്ന് ഞാനും ആഗ്രഹിച്ചു. ക്യാപ്റ്റന്റെ സംവി ധായകൻ പ്രജേഷ് എന്നെ കാണാൻ വരുന്നത് വർഷ ങ്ങൾക്കു മുൻപ്. സത്യേട്ടനെക്കുറിച്ച് ആ കുട്ടി ഒരു ലേഖനം എഴുതിയിട്ടുണ്ട്്. അന്നു മുതൽക്കേ സത്യേട്ടന്റെ ജീവിതകഥ പുസ്തകമാക്കണമെന്ന് പ്രജേഷിന് ആഗ്രഹമുണ്ടായിരുന്നു. കുറെ കാലത്തിനു ശേഷം വിളിച്ചിട്ട് സിനിമ ചെയ്യാൻ പോകുകയാണെന്ന് പറ‍ഞ്ഞു.’

vp-sathyan003

അനു: സത്യേട്ടന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അനിത ചേച്ചിയുടെ സാന്നിധ്യമുണ്ട്. എങ്ങനെയാണ് സത്യേട്ടന്റെ പ്രിയസഖിയായത്?

അനിത: ഞാൻ കോയമ്പത്തൂരിൽ അഗ്രികൾചർ എൻജിനീയറിങ് പഠിക്കുന്ന സമയത്താണ് കല്യാണാലോചന വരുന്നത്. ചെറുക്കൻ പൊലീസിലാണെന്നു കേട്ടപ്പോഴേ എന്റെ താൽപര്യം  പോയി. പോരാത്തതിന് ഫുട്ബോൾ കളിക്കാരനും. എന്റെ കുടുംബത്തിൽ പൊലീസുകാർ ഇല്ല. അവരെ കാണുന്നതു ത ന്നെ പേടിയാണ്. അതു പോലെ തന്നെയാണ് ഫുട്ബോളും. എന്റെ മനസ്സിൽ ഫുട്ബോള്‍ കളിക്കാരെന്നാൽ പരുക്കൻസ്വഭാവമുള്ള ആളുകളാണ്. പക്ഷേ, സത്യേട്ടന്‍ അങ്ങനെയായി രുന്നില്ല. ആള്‍ ഭയങ്കര സോഫ്റ്റായിരുന്നു. നേരിൽ കണ്ട് സംസാരിച്ചപ്പോൾ എന്റെ ദേഷ്യമെല്ലാം മാഞ്ഞുപോയി.

തുണയായ്, തണലായ്

അനു: എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ‘രാമന്റെ ഏദൻതോട്ട’ത്തിലെ മാലിനിയായിരുന്നു. അത്രത്തോളം മനസ്സിനോട് ചേർന്നുനിൽക്കുന്നു അനിത സത്യനെന്ന എന്റെ അനിത ചേച്ചി. ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച്, ഏറ്റവും സ്ട്രോങ്ങായിട്ടുള്ള ആളാണ് ചേച്ചി.

അനിത: സ്നേഹത്തിന്റെ കാര്യത്തിൽ സത്യേട്ടന്റെ മനസ്സിൽ എനിക്ക് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. ഫുട്ബോളായിരുന്നു സത്യേട്ടന്റെ ആദ്യഭാര്യ. സന്തോഷ് ട്രോഫി നേടി, കുറച്ചു നാളുകൾക്കുള്ളിലായിരുന്നു ഞങ്ങളുടെ കല്യാണം.

വിവാഹശേഷം കേരള പൊലീസ് ടീം വിട്ട് മോഹൻ ബഗാനിൽ ചേർന്ന സത്യേട്ടനൊപ്പം ഞാനും കൊൽക്കത്തയിലേക്കു പോയി. അന്ന് ഏതൊരു കളിക്കാരനും മോഹിക്കുന്ന അവസരം. പണത്തിനു വേണ്ടിയാണ് സത്യേട്ടൻ പോയതെന്നു പറഞ്ഞ് ഒ രുപാടു പേർ കുറ്റപ്പെടുത്തി. ചിലരൊക്കെ നേരിട്ടു വന്ന് ചീത്ത വിളിച്ചു. പോകുമ്പോൾ ഐ.എം.വിജയനെ കൂടെ കൂട്ടിയതും ചിലരെ ചൊടിപ്പിച്ചു.

വിജയനെ സത്യേട്ടൻ നിർബന്ധിച്ച് വിളിച്ചുകൊണ്ടു പോയതല്ല. മോഹൻ ബഗാനിൽ സ്വന്തം മികവ് കൊണ്ട് വി‍ജയന് അവസരം കിട്ടിയപ്പോള്‍ കൂടെ നിന്ന് സ പ്പോർട്ട് ചെയ്തു. ഭാഷ പോലുമറിയാത്ത വിജയൻ ഒറ്റയ്ക്ക് ആയാൽ ബുദ്ധിമുട്ടുമെന്ന് സത്യേട്ടന് അറിയാമായിരുന്നു. പ ക്ഷേ, അത് മനസ്സിലാക്കാതെ പലരും തെറ്റിധരിച്ചു. മൂന്ന് വർഷങ്ങൾക്കു ശേഷം ‘ബാങ്ക് ഓഫ് ഇന്ത്യ’യിൽ അ വസരം ലഭിച്ചപ്പോള്‍ ഞങ്ങൾ ചെന്നൈയിലേക്കു മാറി. സത്യേട്ടൻ ടീമിന്റെ ക്യാപ്റ്റനായി. അവരുടെ കോച്ച് മരിച്ചപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്തു. നെഹ്റു കപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായതും ആ കാലഘട്ടത്തിലാണ്.

അനു: ചേച്ചിക്ക് ജീവിതത്തിൽ ഏറ്റവും രസകരമായി തോന്നിയിട്ടുള്ള ഓർമ എന്താണ്?

അനിത: കുടുംബത്തിലെ ആദ്യ ബി.ടെക്കുകാരിയാണ് ഞാൻ. എല്ലാവർക്കും ഒരു റോൾ മോഡൽ. വിവാഹശേഷം എം. ടെക്കി ന് പഠിക്കുന്നതിനിടെ ആയിരുന്നു കൊൽക്കത്തയിലേക്കു മാ റിയത്. അന്ന് പഠനം പാതിവഴിയിൽ നിർത്തി പോകുന്നതിൽ വീട്ടുകാർക്കെല്ലാം വിഷമമായിരുന്നു. പക്ഷേ, അപ്പോള്‍ സത്യേട്ടന്റെ കൂടെ ഞാൻ വേണമായിരുന്നു. എന്റെ പഠനം കൊണ്ട് എനിക്ക് കിട്ടാവുന്ന നേട്ടം ഒരു ജോലി മാത്രമാണ്. പക്ഷേ, സത്യേട്ടന്‍ കളിക്കുന്നത് രാജ്യത്തിനു വേണ്ടിയാണ്. അതിനു മുൻപിൽ മറ്റൊന്നും വലുതായിരുന്നില്ല.

vp-sathyan002

വീട്ടുകാരുടെ ഭാഗത്തുനിന്ന് എതിർപ്പ് വന്നപ്പോൾ എന്ത് ചെയ്യണമെന്ന് ഞാനെന്റെ പ്രഫസറോട് ചോദിച്ചു. ‘പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ വിഷമിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മുന്നോട്ട് പൊയ്ക്കോളൂ’ എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. പഠനം മതിയാക്കി, വീട്ടുകാരുടെ സ മ്മതമില്ലാതെ സത്യേട്ടനൊപ്പം പോയി. ഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന് വേണമെങ്കിൽ പറയാം.

ജീവിതം പാളം തെറ്റിയപ്പോൾ

അനു: ജീവിതത്തിൽ എപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്?

അനിത: കളിക്കാനിറങ്ങിയാൽ 90 മിനിറ്റും കളം നിറഞ്ഞ് സത്യേട്ടനുണ്ടാകും. പരുക്കുകൾ സ്ഥിരമായി സത്യേട്ടനെ അലട്ടിയിരുന്നു. ഇനിയൊരിക്കലും കളിക്കാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോഴും തിരിച്ചുവന്ന ചരിത്രമാണ് സത്യേട്ടന്റേത്. 2002 മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. കളിക്കുന്ന സമയത്ത് ഒട്ടേറെ പെയിൻ കില്ലറുകൾ ഉപയോഗിച്ചിരുന്നു. ഇത്തരം മരുന്നുകള്‍ക്ക് പലതരത്തിലുള്ള സൈഡ് ഇഫക്ടുകൾ ഉണ്ട്. പനിയും വേദനകളും സ്ഥിരം സംഭവങ്ങളായി. ഒരിക്കൽ ചിക്കൻപോക്സ് വന്നപ്പോൾ അത് അലർജിയായി മാറി. വിഷാദവും ഓർമക്കുറവുമെല്ലാം അതിനു പിന്നാലെ വന്നു. കളിക്കളം വരുതിയിലാക്കി നിർത്തിയ ആൾക്ക് മനസ്സ് നിയന്ത്രിക്കാൻ പലപ്പോഴും കഴിഞ്ഞില്ല. അത് മദ്യത്തിലേക്കും ചൂതുകളിയിലേക്കും വരെയെത്തി.

അതിനു മുൻപൊക്കെ പുറത്തു പോകണമെങ്കിൽ സത്യേട്ടനെ ഗ്രൗണ്ടിൽ നിന്ന് വിളിച്ചുകൊണ്ടു പോകണമായിരുന്നു. പുലർച്ചെ അഞ്ചു മണിക്ക് എഴുന്നേറ്റ് പ്രാക്ടീസ് ചെയ്യാൻ പോകുന്ന ആളാണ്. പെട്ടെന്നൊരു ദിവസം ശീലങ്ങളെല്ലാം മാറി. ജോലിക്കു പോകാതെ മുഴുവൻ സമയവും വീട്ടിൽ വെറുതെ ഇരിക്കും. മുഖത്ത് എപ്പോഴും നിരാശയും ഉത്കണ്ഠയും. ടീമിനൊപ്പം ടൂർ പോകുന്ന സാഹചര്യങ്ങളിലെല്ലാം സത്യേട്ടൻ ഉഷാറായിരുന്നു. പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ, ‘എനിക്കൊരു കുഴപ്പവുമില്ല’ എന്ന് പറ‍ഞ്ഞ് മരുന്നു കഴിക്കുന്നത് ഇടയ്ക്കു വച്ച് നിർത്തി.

വിഷാദം വീണ്ടും സത്യേട്ടനെ വിഴുങ്ങി. മരിക്കുന്നതിനെക്കുറിച്ച് ഇടയ്ക്കിടെ പറയും. സത്യേട്ടനെ വീട്ടിൽ ഒറ്റയ്ക്കിരുത്താനുള്ള ധൈര്യം എനിക്കില്ലായിരുന്നു. മോൾ ആതിര പഠിക്കുന്ന സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയായിരുന്ന ഞാൻ ലീവെടുത്ത് സത്യേട്ടന് കാവലിരുന്നു. ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ ചെയ്യാത്തതായി ഒന്നുമില്ല. ചികിത്സ യ്ക്കൊപ്പം പൂജ, വഴിപാട്, മന്ത്രവാദം അങ്ങനെ പലതും. ഇടയ്ക്ക് സത്യേട്ടൻ ഒന്നും മിണ്ടാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകും. മൂന്നാലു ദിവസം കഴിഞ്ഞിട്ടേ വിളിക്കൂ. അപ്പോൾ ഞാൻ ചോദിക്കും, ‘ഉണ്ടാക്കിയ ഭക്ഷണമെല്ലാം ചീത്തയായി പോകുമല്ലോ, എന്ത് ചെയ്യും’ എന്ന്. ഉടനെ ആൾ തിരിച്ചുവരും. ഭക്ഷണം പാഴാക്കുന്നത് സത്യേട്ടന് തീരെ ഇഷ്ടമായിരുന്നില്ല.

അനു: സിനിമയിൽ ഞാനൊരു കത്ത് വായിച്ചിട്ട് കരയുന്ന സീനുണ്ട്. ആ ഷോട്ട് കഴിഞ്ഞ് സംവിധായകൻ കട്ട് പറഞ്ഞിട്ടും എനിക്ക് കരച്ചിൽ നിർത്താൻ പറ്റിയില്ല. പലർക്കും കാര്യം മനസ്സിലായില്ല. എന്റെ കൈയിലിരുന്നത് യഥാർഥത്തിൽ സത്യേട്ടൻ പണ്ട് ചേച്ചിക്ക് എഴുതിയ കത്തായിരുന്നു.

vp-sathyan005

അനിത: മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട സമയത്ത് ഇടയ്ക്ക് ആരും കാണാതെ ആത്മഹത്യാകുറിപ്പുകള്‍ എഴുതും. ആയിടയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായി. ചെന്നൈയിലെ വീട് വിറ്റ് ഞങ്ങൾ വാടകവീട്ടിലേക്കു മാറി. സത്യേട്ടന്റെ അവസ്ഥ ഇടയ്ക്കിടെ മോശമായിക്കൊണ്ടേയിരുന്നു. 2006 ജൂലൈയില്‍ ഒരു ശനിയാഴ്ച അച്ഛനെയും അമ്മയെയും കാണാൻ നാട്ടിൽ പോകണമെന്നു പറഞ്ഞു. കൈയിൽ പണമൊന്നും ഉണ്ടായിരുന്നില്ല. ഞാനെന്റെ കല്യാണമോതിരം ഊരിക്കൊടുത്തു. പോകാൻ നേരം എന്നോട് പറഞ്ഞു, ‘നീ എനിക്ക് ദൈവത്തെപ്പോലെയാണ്’. വ്യാഴാഴ്ച തിരിച്ചു വരുമെന്ന് മോളോട് വാക്ക് പറഞ്ഞിട്ടാണ് പോയത്. പിന്നെ, ഞാൻ ആ ശബ്ദം കേട്ടിട്ടില്ല.

മൊബൈൽ എടുക്കാതെയാണ് പോയത്. പൊലീസിൽ പരാതിപ്പെടാൻ എനിക്ക് പേടിയായിരുന്നു. തിങ്കളാഴ്ച സത്യേട്ട ൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോയി അന്വേഷിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സ്കൂളിലേക്ക് ഒരു ഫോൺ വന്നു, സത്യേട്ടന് എന്തോ അപകടം പറ്റിയെന്ന്. ആശുപത്രിയിലെ ആള്‍ക്കൂട്ടം കണ്ടപ്പോൾ എനിക്ക് മനസ്സിലായി, ‘സത്യേട്ടൻ ഇനിയില്ല’. തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചുവെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ, അതൊരു ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ എനിക്കിപ്പോഴും സാധിക്കുന്നില്ല.

ജീവിതം വെള്ളിത്തിരയിൽ വിരിയുമ്പോൾ

അനു: ചേച്ചി ഓർക്കുന്നുണ്ടോ, സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് ഞാൻ ചേച്ചിയെ കാണാൻ വീട്ടിൽ വന്നത്. ചേച്ചിയുടെ സംഭാഷണരീതിയും നടപ്പുമൊക്കെ മനസ്സിലാക്കണമെന്നു പറഞ്ഞാണ് എന്നെ വിട്ടിരുന്നത്. എനിക്ക് അങ്ങനെ ഒരാളെ നോക്കി പഠിക്കാനൊന്നും അറിയില്ല. അതുകൊണ്ടാണ് തിരിച്ചു പോരാനൊരുങ്ങുമ്പോൾ ‘ചേച്ചിയെ പോലെയാകാൻ ഞാൻ എന്താണ് ചെയ്യേണ്ടതെ’ന്ന് ചോദിച്ചത്. ‘പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്തേണ്ട, അനുവായി തന്നെ നിന്നാൽ മതി’ എന്ന് ചേച്ചി പറഞ്ഞു..

അനിത: അത് വെറുതെ പറഞ്ഞതായിരുന്നില്ല. നമ്മൾ രണ്ടു പേർക്കുമിടയിൽ ഒരുപാട് സാമ്യങ്ങൾ ഉള്ളതുപോലെ എ നിക്കു തോന്നി. രണ്ടാളും മലബാറുകാർ ആയതുകൊണ്ടായിരിക്കാം, സ്വഭാവത്തിലും സമാനതകൾ ഒരുപാടുണ്ട്. സിനിമ കണ്ടപ്പോഴും അങ്ങനെ തന്നെയാണ് തോന്നിയത്. പക്ഷേ, സത്യേട്ടനാകാൻ ജയസൂര്യ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. മൂന്നു മാസം ഫുട്ബോൾ പരിശീലിച്ചു. ഇടയ്ക്ക് എന്നെ വിളിച്ച് സത്യേട്ടനെപ്പറ്റി ഓരോന്ന് ചോദിച്ചുകൊണ്ടേയിരിക്കും. അതൊക്കെ എന്തിനായിരുന്നുവെന്ന് സിനിമ കണ്ടപ്പോഴാണ് മനസ്സിലായത്.

മാറിനിൽക്കുന്നവനെ മറന്നുപോകുന്ന കാലം

അനിത: സത്യേട്ടന്റെ മരണശേഷം എനിക്ക് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ ക്ലറിക്കൽ പോസ്റ്റിൽ ജോലി കിട്ടി. മകൾ ആതിരയും അവളുടെ ഭർത്താവ് അർജുനും ബെംഗളൂരുവിലാണ്. ഇപ്പോഴും അച്ഛനെക്കുറിച്ച് പറയുമ്പോൾ അവൾക്ക് സങ്കടമാണ്. അത്ര അടുപ്പമായിരുന്നു അവർ തമ്മിൽ. അച്ഛനെക്കുറിച്ച് അവൾ ഒരു കവിതയെഴുതിയിട്ടുണ്ട്.  

vp-sathyan004

എനിക്കറിയാം, സത്യേട്ടനെ ആരും മനഃപൂർവം ഒഴിവാക്കി കള‍ഞ്ഞതല്ല. സ്പോർട്സ് അങ്ങനെയാണ്. പുതിയ താരങ്ങൾ വരുമ്പോള്‍ മുൻപുണ്ടായിരുന്നവരെ എല്ലാവരും മറക്കും. പതിയെ അവർ ഓർമകളിൽനിന്ന് മാഞ്ഞുപോകും. എല്ലാറ്റിനെയും താണ്ടി എക്കാലവും ഓർമിക്കപ്പെടുന്നത് അവാർഡ് ജേതാക്കൾ മാത്രമാണ്. കായികമേഖലയിൽ ഇത്രത്തോളം മികവ് തെളിയിച്ചിട്ടും സത്യേട്ടന് അർജുന അവാർഡ് കിട്ടിയിട്ടില്ല. പക്ഷേ, ഇന്ന് ആളുകളുടെ മനസ്സിൽ അവാർഡ് നേടിയവരെക്കാളധികം സ്ഥാനം അദ്ദേഹത്തിനുണ്ട്.

അനു: ചേച്ചി ഷൂട്ടിങ് കാണാൻ വന്നപ്പോൾ നമ്മള്‍ രണ്ടാളും ഒരുമിച്ച് ഫോട്ടോ എടുത്തത് ചേച്ചി ഓർക്കുന്നുണ്ടോ?

അനിത: ആ ഫോട്ടോ കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടി. ഫോട്ടോയിൽ നമ്മുടെ പുറകിലായി അൽപം ദൂരെ മാറി ജയസൂര്യ നിൽപുണ്ടായിരുന്നു. ജയൻ ഫുട്ബോൾ ജഴ്സിയിലുള്ള സീനാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. സത്യേട്ടന്റെ ആറാം നമ്പർ ജഴ്സിയിൽ പുറം തിരിഞ്ഞ് നിന്ന ജയനെ കണ്ടപ്പോൾ പെട്ടെന്ന് സത്യേട്ടൻ മൈതാനത്ത് നിൽക്കുന്നതു പോലെ തോന്നി. സത്യേട്ടന്റെ കഥ പറയുന്നിടത്ത് എല്ലാം ക ണ്ടുകൊണ്ട് അദ്ദേഹം ഉള്ളതു പോലെ. ഒരിക്കൽ വിട്ടുപോയവർ മടങ്ങി വരില്ലെന്ന് അറിയാം. പക്ഷേ, മുറിഞ്ഞകന്നത് പ്രാണൻ പോലൊരാളാകുമ്പോൾ ഒരു നിമിഷമെങ്കിലും വീണ്ടും വരുമെന്നല്ലേ കരുതാനാകൂ.

ഇന്നും മങ്ങാതെ ആ സമ്മാനം

‘1992ലെ സന്തോഷ് ട്രോഫിയിൽ സത്യേട്ടനായിരുന്നു കേരള ടീമിന്റെ ക്യാപ്റ്റൻ. കോയമ്പത്തൂരിൽ നടന്ന ഫൈനലിൽ എതിരാളികൾ ഗോവ. ഞാന്‍ അന്ന് കോയ മ്പത്തൂരിലാണ് പഠിക്കുന്നത്. ഞങ്ങളുടെ വിവാഹം തീ രുമാനിച്ചിരിക്കുന്ന സമയം. കൂട്ടുകാരികൾക്കെല്ലാം കളി കാണണമെന്ന്  നിർബന്ധം. കളി ജയിക്കുമ്പോള്‍ സത്യേട്ടനെ നേരിട്ട് കണ്ട് അഭിനന്ദിക്കണമെന്നും നല്ലൊരു സമ്മാനം കൊടുക്കണമെന്നും എല്ലാവരും പറഞ്ഞു.

ഞാൻ എന്റെ കറുത്ത ബ്ലൗസിന്റെ തുണി വെട്ടി, അതില്‍ നൂലുകൊണ്ട് അക്ഷരങ്ങൾ തുന്നി. വാചകങ്ങൾ ഇങ്ങനെ. ‘വർഷങ്ങള്‍ നീണ്ട അധ്വാനത്തിന്റെ ഫലം ഇന്ന് കണ്ടു, അഭിനന്ദനങ്ങൾ.’  ഫൈനലിൽ കേരളമെങ്ങാനും തോറ്റാൽ എന്ത് ചെയ്യുമെന്ന് അപ്പോള്‍ ആലോചിച്ചില്ല. എന്റെ പ്രാർഥന ദൈവം കേട്ടു, കളി നമ്മൾ ജയിച്ചു. മൈതാനത്തിലെ ആരവങ്ങൾക്കു നടുവിൽ നിന്ന സത്യേട്ടന് ഞാൻ ആ സമ്മാനം കൊടുത്തു. അതിലെ വാചകങ്ങൾ സത്യേട്ടന് ഒരുപാടിഷ്ടമായി.’