Wednesday 05 September 2018 12:37 PM IST

സ്നേഹമാണ് മതം, ദൈവം എല്ലാവരുടെയും ഉള്ളിൽ; സൂഫി സംഗീതത്തിന്റെ വഴിയേ ഗായിക അനിത

Roopa Thayabji

Sub Editor

sufi-music1

ആഫ്രിക്കൻ യാത്ര കഴിഞ്ഞു വന്ന കൂട്ടുകാരി സമ്മാനിച്ച സംഗീതോപകരണം വായിക്കാനുള്ള കഠിനശ്രമത്തിലാണ് അനിത ഷെയ്ക്ക്. വീണയും ഹാർമോണിയവും ഗിത്താറും സരോദുമൊക്കെ മണിമണിയായി വായിക്കുന്ന അനിതയ്ക്ക് കാട്ടുകമ്പും ഏതോ മരത്തിന്റെ കായയുമൊക്കെ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ആ ഉപകരണം ഒട്ടും വഴങ്ങുന്ന മട്ടില്ല.
പക്ഷേ, ക്ഷമയാണ് ദൈവത്തിലേക്കുള്ള ഏറ്റവും മികച്ച വഴിയെന്ന് അനിതയ്ക്കറിയാം. അതാണ് അനിത വിശ്വസിക്കുന്ന സൂഫിസത്തിന്റെ അർഥവും. ജനിച്ചതും വളർന്നതുമൊക്കെ കേരളത്തിലാണെങ്കിലും ദക്ഷിണേന്ത്യയിലെ ഏക സൂഫി സംഗീതജ്ഞ കൂടിയായ അനിതയുടെ വേരുകൾ അങ്ങ് ഹൈദരാബാദിലാണ്. പിന്നണി ഗായികയായും സംഗീത സംവിധായികയായും മലയാളിയറിയുന്ന അനിത, ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപോലെ പ്രശസ്തി നേടിയ സൂഫി ഗായികയാണ്. പ്രപഞ്ചനാഥനോടുള്ള സ്നേഹവും ആരാധനയും നിറച്ച ജീവിതവഴികളെ കുറിച്ച് അനിത ഷെയ്ക്ക് സംസാരിക്കുന്നു.

രാജാവിന്റെ സേവകർ...

‘‘ഹൈദരാബാദുകാരാണ് ഞങ്ങൾ, തനി പഠാൻ ഫാമിലി. വർഷങ്ങൾക്കു മുൻപ് മാർത്താണ്ഡവർമ മഹാരാജാവിന്റെ സേവകരായി കേരളത്തിലേക്ക് വന്നവരിൽ കുറേപ്പേർ മടങ്ങിപ്പോയെങ്കിലും കുറച്ചുപേർ ഇവിടെ തങ്ങി. അമ്മൂമ്മയുടെ കല്യാണത്തിനു മണ വാളനു വരാനുള്ള കുതിരയെ കൊട്ടാരത്തിൽ നിന്ന് എത്തിച്ചുകൊടുത്തു എന്നു കേട്ടിട്ടുണ്ട്.
മമ്മിയുടെ അപ്പൂപ്പൻ ഷംസുദ്ദീൻ ഷെയ്ക്ക് ഉറുദു കവിയായിരുന്നു. മമ്മി സിറാജുന്നിസ ബീഗത്തി ന്റെ കുടുംബം തിരുവനന്തപുരത്താണ്, അബ്ബ ഇബ്രാഹിം ഷെയ്ക്കിന്റേത് ആലപ്പുഴയിലും. അബ്ബയുടെ കുടും ബത്തിൽ ദർഗയൊക്കെയുണ്ട്. വട്ടിയൂർക്കാവ് സ്കൂളിലെ പാട്ടുടീച്ചറായിരുന്ന അമ്മയുടെ ശിക്ഷണത്തിൽ ഞാൻ ക്ലാസിക്കും ഹിന്ദുസ്ഥാനിയും വെസ്റ്റേണുമൊക്കെ പഠിച്ചു.

എല്ലാ മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. ലളിതഗാനവും മാപ്പിളപ്പാട്ടുമെന്നു വേണ്ട കവിതാരചനയും ഉപന്യാസ രചനയും മിമിക്രിയും മോണോആക്ടും ഡാൻസും മൈമും സ്കിറ്റും വരെ ആ ലിസ്റ്റിലുണ്ട്. വിമെൻസ് കോളജിലാണ് മ്യൂസിക് ഡി ഗ്രി ചെയ്തത്. സൗത്ത് സോൺ, നാഷനൽ മത്സരങ്ങളിൽ സമ്മാനം കിട്ടിയിട്ടുണ്ട്. 2004ൽ മിമിക്രിയിൽ യൂണിവേഴ്സിറ്റി ജേതാവായിരുന്നു.

കോളജിൽ വച്ച് എൻസിസി അംഗമായിരുന്നു. റിപ്പബ്ലിക് ഡേയ്ക്ക് കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ കൾച്ചറൽ പരിപാടി അവതരിപ്പിച്ച് ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്. അനിയത്തി സരിതയും നന്നായി പാടും. അന്നത്തെ ഏറ്റവും വലിയ ആഗ്രഹം സ്കൂൾ ടീച്ചറാകുക എന്നതായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ കോട്ടൺഹിൽ സ്കൂളിൽ മ്യൂസിക് ടീച്ചറായി ജോലി കിട്ടി. പക്ഷേ, മറ്റൊരു സന്തോഷം കാത്തിരിപ്പുണ്ടായിരുന്നു.

സിനിമയുടെ വഴിയേ...

അങ്ങനെയിരിക്കെ സിനിമയിലേക്ക് പാടാൻ പെപ്പി വോയ്സുള്ള ഗായികയെ വേണം, താൽപര്യമുണ്ടോ എന്നു ചോദിച്ച് വീട്ടിലേക്കൊരു ഫോൺ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സാർ ഈണമിട്ട ‘റോക്ക് ആൻഡ് റോ ളി’ലെ ‘ഓ മാമ മാമ മാമ ചന്ദാമാമാ...’ ഹിറ്റായതോടെ എന്നെ തേടി വന്നതെല്ലാം പെപ്പി നമ്പരുകളാണ്. ‘ഇൻ ഗോസ്റ്റ് ഹൗസ് ഇന്നി’ലെ ‘ഓ ല ഓല ഓല...’, ‘ബോഡിഗാർഡി’ലെ ‘കോഴി ചിങ്കാരപ്പൂങ്കോഴി...’ ചില മെലഡികളൊക്കെ കിട്ടിെയങ്കിലും പാട്ടുകാരി എന്ന നിലയിൽ തൃപ്തി തോന്നിയില്ല. എല്ലാത്തരം പാട്ടുകളും പാടാൻ പറ്റാത്തതിന്റെ നിരാശ. അങ്ങനെയാണ് സ്വന്തം വഴിയിൽ സംഗീതം കൊണ്ടുപോകാൻ തീരുമാനിച്ചത്.

സ്കൂളിൽ പഠിക്കുമ്പോഴേ കവിതകൾ എഴുതുമായിരുന്നു. അവയ്ക്ക് സംഗീതം നൽകി പാടി കേൾപ്പിക്കുമ്പോൾ കൂട്ടുകാർ പ്രോത്സാഹിപ്പിക്കും. ആ ധൈര്യത്തിലാണ് 2004ൽ ആദ്യത്തെ ആൽബം ചെയ്തത്. പിന്നീട് ആറ് ഓണപ്പാട്ടുകളെഴുതി മ്യൂസിക് ചെയ്ത് പാടി കസെറ്റ് ഇറക്കിയതു ഹിറ്റായി. ഐപിഎല്ലിൽ കൊച്ചി ടസ്കേഴ്സിനു വേണ്ടി ചെയ്ത വിഡിയോ ആൽബവും ഹിറ്റായ ശേഷമാണ് സീരിയസായി ഇറങ്ങിയത്. കേരളത്തിനു പുറത്തേക്കും മ്യൂസിക് ബ്രാൻഡിനെ എത്തിക്കാനായി ‘സത്‍രംഗി’ എന്ന ആൽബം ചെയ്തു. മീരാഭായിയുടെ ഭജനും മിർസാ ഖാലിബിന്റെ ഗസലും അമീ ർ ഖുസ്രുവിന്റെ കവാലിയും സൂഫി കലാമുമൊക്കെയെടുത്ത് ട്യൂൺ ചെയ്ത് പാടിയാണ് ആൽബം പുറത്തിറക്കിയത്. അ ത് ബ്രേക്കായി. ഇന്ത്യയിലും പുറത്തും ഗസലും സൂഫിയും പോപ്പുലർ പാട്ടുകളുമൊക്കെയായി പിന്നെ തിരക്കായി.

സ്നേഹത്തിന്റെ വഴിയേ...

ഉറുദു അറിയാവുന്നതുകൊണ്ട് സൂഫി കലാമുകൾ (പദ്യങ്ങൾ) വായിക്കുന്നത് ശീലമായിരുന്നു. പഞ്ചാബിയിലും പാഴ്സിയിലും ഉറുദുവിലും സിന്ധിയിലുമൊക്കെയാണ് മിക്ക കലാമുകളും എഴുതിയത്. വരികളുടെ അർഥം മനസ്സിലാക്കാതെ പാടുന്നത് ഇഷ്ടമില്ലാത്തതിനാൽ സിന്ധി ഭാഷ പഠിച്ചു. മനുഷ്യനെ സ്നേഹിക്കണം എന്നാണ് സൂഫി പറയുന്നത്, യാതൊരു വേർതിരിവും കണക്കാക്കരുത്. എന്നെയും അനിയത്തിയെയും വളർത്തിയതും അങ്ങനെയായിരുന്നു. പഠാൻ കുടുംബാംഗമാണെന്ന് കോളജിൽ ആർക്കും അറിയില്ലായിരുന്നു. വീട്ടിൽ എല്ലാ ദൈവങ്ങളുടെയും ഫോട്ടോയുണ്ട്. സംഗീതത്തിനു ജാതിയും മതവുമില്ല, ഭാഷയും. അങ്ങനെയാണ് സൂഫി പാടി ലോകനാഥന്റെ സ്നേഹം പകരണമെന്നു തീരുമാനിച്ചത്.

തൊട്ടടുത്തിരിക്കുന്നയാളെ സഹോദരനായി കാണാൻ പ്രേരിപ്പിക്കുന്ന പാട്ടുകളാണ് പാടാറ്. പാട്ടു കേൾക്കാൻ വരുമ്പോൾ ചിലർ വൈലന്റായിരിക്കും, ചിലർ സൈലന്റായിരിക്കും. കുറച്ചുപേർ ഡിപ്രഷനിലായിരിക്കും, ബാക്കി കുറച്ചുപേർ ഭയങ്കര എൻജോയ്മെന്റിലും. ഇവരെ ഒന്നിച്ചുകണ്ട് പാടുന്നതാണ് പ്രധാനം. പാടും മുൻപ് വരികളുടെ അർഥം പറയും. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും വില ബോധ്യപ്പെടുത്തുന്ന വാചകങ്ങൾ പറയും. പിന്നീട് പാടുന്ന പാട്ട് അതുമായി റിലേറ്റ് ചെയ്താകും. ‘ചേംബർ സിങ്ങിങ്’ രീതിയിലാണ് മെഹ്ഫിൽ ഷോ ചെയ്യാറ്. കാണികളെ കൂടെ പാടിക്കുകയും ചെയ്യും.

ഒരിക്കൽ ഡൽഹിയിൽ ഷോ ചെയ്യുന്നു. അന്നു പാടിയത് ‘തൂ ഖുശ് രഹാകർ ഇൻവേ ബഹുത്താ സോച്ചിയാ നാ കർ... അപ്നേ കീ കാണ്ഠേ ഘോർ കേ യു ഗണ്ഠ് ലിയാ നാ കർ...’ എന്ന പാട്ടാണ്. ‘കുത്തിയൊഴുകുന്ന നദി കരയിലെ മണ്ണിനെ കൂടി കലക്കിയൊഴുകുന്നതു പോലെയാണ് അനാവശ്യമായി ചിന്തിക്കുമ്പോൾ നീ നിന്റെ മനസ്സിന്റെ തെളിമ നഷ്ടപ്പെടു ത്തുന്നത്...’ പാടി പുറത്തിറങ്ങുമ്പോൾ ഒരാൾ നിറഞ്ഞ കണ്ണുകളോടെ വന്നു കൈകൾ ചേർത്തു പിടിച്ചു. ആ പാട്ട് അയാളുടെ ഹൃദയത്തിൽ തൊട്ടിരിക്കും, ഉറപ്പ്. ആത്മാവിനെ തൊടുന്നതല്ലേ പാട്ടുകാരന്റെ വിജയം.

യാത്രകളുടെ വഴിയേ...

ചില ഘട്ടങ്ങളിൽ നമ്മളെല്ലാം തളർന്നുപോകും. അപ്പോൾ കൈപിടിക്കാൻ ദൈവമെത്തും. അങ്ങനെയൊരു വഴിത്തിരിവ് എന്റെ ജീവിതത്തിലുമുണ്ട്. 2013ൽ ഖത്തറിൽ ഒരു ചാനലിന്റെ വർക്കിനു വേണ്ടി കുറേക്കാലം മാറി നിൽക്കേണ്ടി വന്നു, പക്ഷേ, അതു നടന്നില്ല. ഒരു വർഷം വെറുതേ പോയല്ലോ എന്നോർത്തപ്പോൾ തോറ്റു പോയ ഫീൽ. അങ്ങനെയൊരു യാത്ര പോയി. അജ്മീർ ദർഗയുടെ അകത്ത് ഒരു സൂഫി ആചാര്യനെ കണ്ടു. സംസാരിക്കുന്നതിനിടെ ആഭരണമാക്കി അണിയാൻ അദ്ദേഹമെനിക്കൊരു കല്ല് നൽകി. ‘‘നമ്മൾ വരുന്നതും പോകുന്നതും വെറും കയ്യോടെയാണ്. പ്രതീക്ഷകൾക്കുമേൽ സമർപ്പിക്കുമ്പോഴാണ് ജീവിതം നിലച്ചുപോകുന്നത്. ഇന്നത്തെ സന്തോഷത്തിനേ അർഥമുള്ളൂ...’’ ആ വാക്കുകൾ എന്റെ മനസ്സു തിരിച്ചുതന്നു.

നാട്ടിലെത്തിയ ദിവസം സിനിമ കാണാൻ പോയതാണ്. തൊട്ടടുത്തിരുന്നത്, സൂര്യ കൃഷ്ണമൂർത്തി സാർ. എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു, പിന്നെ സൂര്യ ഫെസ്റ്റിവലിനു ക്ഷണിച്ചു. അത്തവണ ഷോ ചെയ്തു. അതെന്റെ രണ്ടാം വരവായിരുന്നു. പഞ്ചാബി, മറാത്തി, തെലുങ്ക്, കന്നട, ഉറുദു, തമിഴ്, രാജസ്ഥാനി ഭാഷകളിൽ പാടി. ‘സ്വാഹിലീൻ’ എന്ന ആഫ്രിക്കൻ ആൽബത്തിനു വേണ്ടി ആഫ്രിക്കൻ ഭാഷയിലും ‘ഐൻ’ എന്ന മലയാള സിനിമയ്ക്കു വേണ്ടി അറബിയിലും പാട്ടുകൾ പാടി. ഡിജെ ഷോയും മ്യൂസിക് ഷോയും സൂഫി–ഗസൽ ഷോയുമൊക്കെയായി യുകെ, അറബ് രാജ്യങ്ങളിലൊക്കെ പോയി. എല്ലാ ഭാഷകളിൽ നിന്നും ഓഫറുകളുള്ളതിനാൽ മുംബൈ ആസ്ഥാനമാക്കിയാണ് ഓഫിസ്. രാജസ്ഥാനിൽ സ്വന്തം ബാൻഡുമുണ്ട്.

പിന്നെയാണ് മലയാളത്തിൽ എല്ലാത്തരം പാട്ടുകളും കിട്ടിയത്. ‘വിശ്വാസപൂർവം മൻസൂറി’ൽ പാടി അഭിനയിച്ചു. ‘മാച്ച് ബോക്സ്’ ആണ് അവസാനം റിലീസായ സിനിമ. കുറെ സിനിമകൾ വരാനുണ്ട്. പരസ്യങ്ങൾക്കും സീരിയലുകൾക്കും വേണ്ടി ടൈറ്റിൽ മ്യൂസിക് ചെയ്തതു കേട്ടിട്ടാണ് ‘ക്രോസ് റോഡ്സ്’ എന്ന സിനിമയിലേക്ക് സംഗീതസംവിധാനം ചെയ്യാൻ ലെനിൻ രാജേന്ദ്രൻ സാർ വിളിച്ചത്. യുവജനക്ഷേ മ വകുപ്പിന്റെ റിയാലിറ്റി ഷോയുടെ ടൈറ്റിൽ സോങ്ങാണ് ഇ പ്പോൾ ചെയ്യുന്നത്. ആലപ്പുഴയിലെ പഠാൻ കുടുംബാംഗമായ ആഷിഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷമായി. സ്ക്രിപ്റ്റ് റൈറ്ററും യോഗ ട്രെയ്നറുമായ ആഷിഷ് ദൂരദർശ നിൽ പാർട് ടൈം ജീവനക്കാരനാണ്. ആഷിഷാണ് എന്റെ പാട്ടിന്റെ കൂട്ടുകാരൻ.’’

സ്നേഹത്തിന്റെ സൂഫി

പ്രപഞ്ചസ്രഷ്ടാവിന്റെ അനുഗ്രഹത്തിനായുള്ള ഏറ്റവും എളുപ്പ വഴിയാണ് സംഗീതമെന്ന് സൂഫിസം പറയുന്നു. അതുകൊണ്ടു തന്നെ ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആത്മാവിന്റെ നാദമാണ് സൂഫി സംഗീതം. സ്നേഹമാണ് മതം, ദൈവം എല്ലാവരുടെയും ഉള്ളിൽ തന്നെയുണ്ട്. സ്നേഹത്തിന്റെ മതത്തിൽ വിശ്വസിക്കുമ്പോഴാണ് നമ്മൾ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാകുന്നതെന്നും സൂഫിസം പഠിപ്പിക്കുന്നു.

sufi-music2