Monday 17 December 2018 12:19 PM IST : By സ്വന്തം ലേഖകൻ

ആ സഡൻ ബ്രേക്കിൽ നിലച്ചത് അനിതമ്മയുടെ ജീവിതം; ഇനി വേണ്ടത് കനിവിന്റെ ഡബിൾബെൽ

anithamma

മുഹമ്മ കായിപ്പുറത്ത് ആവണിയെന്ന് പേരുള്ള ഒരു കുഞ്ഞു വീട്. അവിടെ അധികൃതരുടെ കനിവിനായി വഴിക്കണ്ണുമായി ഒരു വീട്ടമ്മ കാത്തിരിപ്പുണ്ട്. ‘വേറൊന്നും വേണ്ടെനിക്ക് ജോലി തിരികെ കിട്ടണം, ജീവിതം വീണ്ടും കരയ്ക്കടുപ്പിക്കണം’.

അനിതമ്മയെന്ന (45) ഈ സാധാരണക്കാരിൽ സാധാരണക്കാരിയായ ഈ വീട്ടമ്മയ്ക്ക് സംഭവിച്ച ദുർഗതിയെന്താണ്, ഗുരുതര രോഗപീഡകൾ നൽകി വിധി ആ നിർദ്ധനായ വീട്ടമ്മയെ പരീക്ഷിച്ചതെങ്ങനെയാണ്. കണ്ണീരുറഞ്ഞ ആ കഥ കേൾക്കണമെങ്കിൽ കാലം കുറച്ചു പുറകോട്ടു പോകണം.

വീടിന്റെ അവസ്ഥ കണ്ടായിരിക്കണം അടുക്കളയിൽ ഒതുങ്ങാതെ അനിതമ്മ കണ്ടക്ടർ ജോലിക്ക് ഇറങ്ങിത്തിരിച്ചത്. അധികമൊന്നും വേണ്ട, കിട്ടുന്ന വരുമാനത്തിൽ കുടുംബത്തെ ഒരു കരയ്ക്കടുപ്പിക്കണം. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന ഭർത്താവ് വേണുഗോപാലിന് ഒരു ചെറിയ താങ്ങ്, അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷേ വിധിയുടെ കണക്കു പുസ്തകം അവർക്കായി കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു

2016 ജൂലൈയില്‍ എറണാകുളം- കോതമംഗലം റൂട്ടിലെ എ.സി. ലോഫ്‌ളോര്‍ സര്‍വീസില്‍ ടിക്കറ്റ്‌ കൊടുക്കുന്നതിനിടെ അനിതമ്മയ്ക്ക് അപകടം സംഭവിക്കുകയായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ അനിതമ്മ ഇന്നീ അനുഭവിക്കുന്ന രോഗപീഡകളുടേയും പരീക്ഷണ പർവ്വങ്ങളുടേയും തുടക്കം. അപ്രതീക്ഷിതമായി ബ്രേക്കിട്ടപ്പോഴുണ്ടായ വീഴ്‌ചയില്‍ കാലിന്‌ വേദന അനുഭവപ്പെട്ടിട്ടും അവസാന സര്‍വീസായിരുന്നതിനാല്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കി. പിന്നീട്‌ ആശുപത്രിയിലെത്തിച്ചപ്പോഴാണ്‌ വീഴ്‌ചയുടെ ഗുരുതരാവസ്‌ഥ വ്യക്‌തമായത്‌. നട്ടെല്ലിന്‌ ക്ഷതം സംഭവിച്ച്‌ ചേര്‍ത്തല ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഒരുമാസം നീണ്ട ചികിത്സ.

എല്ലാം ഭേദമാകുമെന്ന് നിനച്ചിരുന്ന നിമിഷത്തിൽ പിന്നാലെയെത്തി അടുത്ത പരീക്ഷണം. ആമവാതത്തിന്റെ രൂപത്തിൽ അവരെ വീണ്ടും വിധി പരീക്ഷിച്ചു. രോഗപീഡകളാൽ ബുദ്ധിമുട്ടിയ അനിതമ്മയ്ക്ക് നാലു മാസത്തോളമാണ് ജോലിക്ക്‌ പോകാന്‍ കഴിയാതിരുന്നത്. ഇതിനിടെ ഹൃദ്രോഗം കൂടി പിടികൂടിയതോടെ വേദനയുടെ ഭാരമേറി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പെയ്‌സ്‌ മേക്കര്‍ ഘടിപ്പിക്കാന്‍ നടത്തിയ ശസ്‌ത്രക്രിയയ്‌ക്കായി ആകെയുണ്ടായിരുന്ന വീട്‌ കായിപ്പുറം സഹകരണ ബാങ്കില്‍ 3.2 ലക്ഷത്തിന്‌ പണയപ്പെടുത്തി. എസ്‌.ബി.ഐയില്‍ നിന്നും 1.85 ലക്ഷത്തോളം വായ്‌പയെടുത്തത്‌ ഉള്‍പ്പടെ ആറു ലക്ഷത്തോളം രൂപ 11 മാസത്തെ ചികിത്സയ്‌ക്കായി ചെലവായി.

കഠിനമായ ജോലി ചെയ്യരുതെന്ന ഡോക്‌ടര്‍മാരുടെ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ കണ്ടക്‌ടറല്ലാതെ മറ്റൊരു ജോലിക്കായി അപേക്ഷിച്ചു. തുടര്‍ന്ന്‌ എറണാകുളം ഡിപ്പോയില്‍ താത്‌കാലിക പ്യൂണായി തുടരവെ ഇതേ ജോലിയില്‍ സ്‌ഥിരനിയമനം നടത്തിക്കൊണ്ട്‌ കെ.എസ്‌.ആര്‍.ടി.സിയില്‍ നിന്ന്‌ അറിയിപ്പ്‌ ലഭിച്ചു. എന്നാല്‍, ദിവസേന 50 കിലോമീറ്ററോളം യാത്രചെയ്‌ത്‌ ഓഫീസില്‍ എത്തുന്ന അനിതമ്മയ്‌ക്ക്‌ വീണ്ടും ആമവാതം പിടിപെട്ടു. കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ മെയ്‌ 28 വരെ അവധിയെടുക്കാന്‍ നിര്‍ബന്ധതിതയായി. ഇതിനുശേഷം ജോലിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. നീതി തേടി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും അപേക്ഷനല്‍കി കാത്തിരിക്കുകയാണെന്ന്‌ അനിതമ്മ.

കെ.എസ്‌.ആര്‍.ടി.സിയിലെ ജോലിയുടെ പേരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള റേഷന്‍ ആനുകൂല്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഒന്നും ഈ കുടുംബത്തിന്‌ ലഭിക്കുന്നുമില്ല. വാര്‍ധക്യത്തിന്റെ അവശതകളില്‍ കഴിയുന്ന അച്‌ഛന്‍ ഭാസ്‌കരനും അമ്മ ശാന്തമ്മയും ഇവരെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്‌. ഭര്‍ത്താവ്‌ വേണുഗോപാല്‍ കൂലിപ്പണിക്കാരനാണ്‌. മൂത്തമകള്‍ പ്ലസ്‌ ടുവിനും ഇളയമകള്‍ ഏഴാം ക്ലാസിലും പഠിക്കുന്നു.

ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ വേദന മാത്രം ബാക്കിയാകുമ്പോൾ അനിതമ്മയ്ക്ക് ആവർത്തിക്കാൻ ഒന്നു മാത്രമേയുള്ളൂ.‘ ജോലി എനിക്ക് ആഢംബരമല്ല, ഒന്നുമില്ലായ്മയിൽ നിന്നുള്ള നിലനിൽപ്പാണ്. കാണേണ്ടവർ കാണണം, കനിയണം എനിക്ക് അർഹതപ്പെട്ട ജോലി എനിക്ക് തിരികെ വേണം.’– കണ്ണീരോടെ അനിതമ്മയുടെ വാക്കുകള്‍