Thursday 18 July 2019 11:49 AM IST : By സ്വന്തം ലേഖകൻ

‘എന്റെ മകള്‍ അനുഭവിച്ചതു പോലെ എല്ലാ വേദനയും അവരും അനുഭവിക്കണം’; സിഐയുടെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞ് അഞ്ചല്‍ പെണ്‍കുട്ടിയുടെ അമ്മ!

anjal-murder444566

"ഈയൊരു ദിവസത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു, എന്റെ മകള്‍ അനുഭവിച്ചതു പോലെ എല്ലാ വേദനയും അവരും അനുഭവിക്കണം."- നെഞ്ചുതകർന്ന ഒരമ്മയുടെ വാക്കുകളാണിത്. അഞ്ചലിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരിയുടെ അമ്മ അന്വേഷണ ഉദ്യോഗസ്ഥന്റെ കാല്‍ക്കല്‍ വീണ് പൊട്ടിക്കരഞ്ഞ് പറഞ്ഞതിങ്ങനെ. കോടതി വളപ്പില്‍ കൂടിനിന്നവരെല്ലാം ഹൃദയം തകരുന്ന ആ കണ്ണീർ കാഴ്ചയ്ക്ക് സാക്ഷികളായി.

ഏഴു വയസ്സുള്ള മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിധിയായിരുന്നു കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയിൽ ഇന്നലെ. സംഭവത്തിൽ അഞ്ചല്‍ ഏരൂര്‍ തിങ്കള്‍ കരിക്കം വടക്കേ ചെറുകര രാജേഷ് ഭവനില്‍ രാജേഷിന് (25) മൂന്നു ജീവപര്യന്തവും 26 വര്‍ഷം കഠിനതടവുമാണ് ശിക്ഷയായി വിധിച്ചത്. കോടതിയുടെ ചരിത്രത്തിൽ അത്യപൂര്‍വ്വമായ വിധിയായിരുന്നു അത്. മൂന്ന് ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും വെവ്വേറെ അനുഭവിക്കണം. 

വിധി കേൾക്കാനെത്തിയ പെൺകുട്ടിയുടെ അമ്മ കോടതി വരാന്തയില്‍ ബന്ധുക്കൾക്കൊപ്പം നില്‍ക്കുകയായിരുന്നു. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥൻ സിഐ എ അഭിലാഷിനെ കാണണമെന്ന് ഇവർ അറിയിച്ചു. സിഐ അടുത്തെത്തിയപ്പോള്‍ തൊഴുകൈയോടെ പൊട്ടിക്കരഞ്ഞ് കാൽക്കൽ വീഴുകയായിരുന്നു. കോടതി വരാന്തയെ വിറങ്ങലിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. 

2017 സെപ്റ്റംബര്‍ 27 നായിരുന്നു സംഭവം നടന്നത്. മുത്തശ്ശിയോടൊപ്പം ട്യൂഷന്‍ ക്ലാസിലേക്കു പോകുകയായിരുന്ന രണ്ടാം ക്ലാസ്  വിദ്യാര്‍ഥിനിയെ അവിടെയെത്തിക്കാമെന്നു പറഞ്ഞ് രാജേഷ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുളത്തൂപ്പുഴയിലെ പൂവക്കാട്ടു വനത്തിലെത്തിച്ചു ക്രൂരമായി പീഡിപ്പിച്ചു. പെൺകുട്ടി സംഭവം വീട്ടില്‍ പറയുമെന്നു പറഞ്ഞതോടെ കൊലപ്പെടുത്തി. മൃതദേഹത്തോടും ലൈംഗിക അതിക്രമം നടത്തിയശേഷം സമീപത്തെ എസ്‌റ്റേറ്റില്‍ ഉപേക്ഷിച്ചു. 

കുട്ടിയെ രാജേഷ് കൂട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞത് തെളിവായി. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍നിന്നും വായില്‍നിന്നും കണ്ടെടുത്ത സ്രവങ്ങള്‍ പ്രതിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. കുട്ടിയുടെ നഖങ്ങള്‍ക്കിടയില്‍നിന്ന് പ്രതിയുടെ കോശങ്ങളും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. 

റൂറല്‍ എസ്പി ബി. അശോകന്‍, പുനലൂര്‍ ഡിവൈഎസ്പി ബി. കൃഷ്ണകുമാര്‍, കുളത്തൂപ്പുഴ സിഐ എല്‍. സുധീര്‍, അഞ്ചല്‍ സിഐ എ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അഞ്ചല്‍- പുനലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായിരുന്നു രാജേഷ്.  ഇയാളുടെ പേരില്‍ വാഹന മോഷണമടക്കം മറ്റു കേസുകളുമുണ്ട്. 

Tags:
  • Spotlight