നേരമിരുട്ടി വെളുക്കും പോലെ അതുമല്ലെങ്കില്‍ മഴപെയ്തു തോരും പോലെ ആ പിള്ളേരുടെ പ്രണയവും തീർന്നോളും എന്നു വ്യാമോഹിച്ച കാർന്നോമാരിൽ അഞ്ജലിയോട് ഇങ്ങനെ പറഞ്ഞു.
‘മേലാത്ത ആ കൊച്ചന്റെ കൂടെ നീ എങ്ങനെ ജീവിക്കും മോളേ... ഇതിലും ഭേദം നിന്നെ കടലിൽ കൊണ്ടു പോയി കളയുന്നതാണ്.’
എന്നിട്ടും കുലുങ്ങാതെ നിന്ന ആ അസ്ഥിക്കു പിടിച്ച പ്രണയത്തിനു മുന്നിൽ അഭ്യൂദയ കാംക്ഷികളിൽ ചിലർ അവസാന അടവെടുത്തു.
‘നിങ്ങൾ ന്യൂജനറേഷൻ പിള്ളേരല്ലേ... നിന്നെ ബൈക്കിലിരുത്തി ഒരു റൈഡ് പോകാൻ പോലും അവനെ കൊണ്ട് കഴിയില്ല മേളേ... നമുക്ക് ഈ ബന്ധം വേണ്ട. ഇതൊക്കെ പ്രായത്തിന്റെ വെറും തോന്നലാ...’ ഇതു കേൾക്കുമ്പോഴെങ്കിലും പിൻമാറിയാലോ?
എല്ലാം കേട്ടു നിന്ന ശേഷം മുഖത്ത് ലവലേശം ഭാവഭേദമില്ലാതെ അഞ്ജലി പറഞ്ഞു.
‘അവന്റെ വയ്യായ്ക എനിക്കൊരു പ്രശ്നമല്ല... ജീവിക്കുന്നെങ്കിൽ അത് അമലിനോടൊപ്പം മാത്രം.’
മഷിയിട്ടു നോക്കിയാൽ പോലും സിനിമകളിൽ കാണാത്ത ഇങ്ങനത്തെ ചില പ്രണയരംഗങ്ങളുണ്ട് നമുക്ക് ചുറ്റും. അത്തരമൊരു ‘മാസ് ലവ് സ്റ്റോറിയിലെ’ നായകനും നായികയുമാണ് തിരുവനന്തപുരം നെയ്യാറ്റിൻകരക്കാരൻ അമലും വെങ്ങാനൂർക്കാരി അഞ്ജലിയും. അരയ്ക്കു കീഴെ ജീവൻ നഷ്ടപ്പെട്ട് വീൽചെയറിലായ പോയ പയ്യന്റെ മുഖത്തേക്ക് താടിക്കും കയ്യും കൊടുത്ത് പലരും സഹതാപത്തിന്റെ നോട്ടം മാത്രമെറിഞ്ഞപ്പോൾ അഞ്ജലി മാത്രം അവന്റെ മനസു കണ്ടു. ഇനിയൊരു വിവാഹ ജീവിതം തന്നെയില്ലെന്ന് ഉറപ്പിച്ചവന്റെ പെണ്ണാകുമെന്നുള്ള കരളുറപ്പുള്ള തീരുമാനമെടുത്തു. വേഷം മാറുംപോലെയാണ് ന്യൂജെൻ പിള്ളേർ പ്രണയത്തെ കാണുന്നതെന്ന കാർന്നോമ്മാരുടെ ആത്മഗതങ്ങളെ കാറ്റിൽപറത്തി നിസ്വാർഥ പ്രണയത്തിന്റെ കടലാഴമൊളിപ്പിച്ച ഭാഗ്യജോഡികളുടെ കഥയാണിത്. ശാരീരിക പരിമിതികൾ കണ്ണുകളെയാണ് മനസുകളെ ബാധിക്കില്ലെന്ന് തെളിയിച്ച ചങ്കിൽതൊടുന്ന പ്രണയകഥ...
വേദനകളുടെ ഫ്ലാഷ്ബാക്ക്
5 വർഷം കഴിയുന്നു ഞാനും എന്റെ ജീവിതവും ഒരു വീൽചെയറിനു ചുറ്റും ഇങ്ങനെ വട്ടം കറങ്ങാൻ തുടങ്ങിയിട്ട്. പലരും കരുതുന്നത് എനിക്കിങ്ങനെയൊക്കെ സംഭവിക്കും മുമ്പേ അഞ്ജലിയും ഞാനും പ്രണയത്തിലായിരുന്നുവെന്നും അവൾക്ക് എന്നോടു തോന്നിയ സിംപതിയുടെ പേരിലാണ് ഞങ്ങൾ ഒരുമിച്ചതെന്നുമൊക്കെയാണ്. ഈ കഥയുടെ ഫ്ലാഷ്ബാക്ക് തുടങ്ങുന്നത് എന്റെ ജീവിതം കീഴ്മേൽ മറിച്ചൊരു വിധിയിൽ നിന്നാണ്. ആ പിക്ചറിൽ അഞ്ജലിയില്ല, അന്ന് ഞങ്ങളുടെ പ്രണയവും സംഭവിച്ചിട്ടില്ല. 2019ലെ ജൂൺ 2 എന്നെ ഇങ്ങനെയാക്കിയ ആ നശിച്ച ദിവസം...– വാക്കുകൾ നെടുവീർപ്പു കൊണ്ട് മുഴുമിച്ച് അമൽ പറഞ്ഞു തുടങ്ങി.
കലൂരിൽ എം.ബി.എ പഠിക്കുകയായിരുന്നു ഞാൻ കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടിൽ ഇഫ്താർ ചടങ്ങിന് പോയതായിരുന്നു ഞാനും സുഹൃത്തുക്കളും. തിരിച്ചു വരുമ്പോൾ രാത്രിയായി. കാറിന്റെ ബാക്സീറ്റിലായിരുന്നു ഞാൻ. വണ്ടി ഓടിച്ചിരുന്ന കൂട്ടുകാരൻ ഉറങ്ങിപ്പോയതാണ്. കാർ നിയന്ത്രണംവിട്ട് ഏതോ മരത്തിൽ ഇടിച്ചു. ഞങ്ങൾ മൂന്നുപേർക്കും സാരമായ പരുക്കുണ്ടായി. മറ്റു രണ്ടു പേരെയും കുറച്ചു കാലത്തേക്ക് വേദനിപ്പിച്ച് ദൈവം തിരികെ ജീവിതത്തിലേക്ക് വിട്ടു. പക്ഷേ എന്റെ കാര്യം മാത്രം അവധിക്ക് വച്ചു. ടെസ്റ്റുകളും മരുന്നിന്റെ ഗന്ധവും കയറിയിറങ്ങിപ്പോയ ആശുപത്രി വാസത്തിനൊടുവിൽ ഡോക്ടർമാർ ഇങ്ങനെ വിധിച്ചു.
‘അമലിന്റെ നട്ടെല്ലിനും സുഷുമ്നാ നാഡിക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. കഴുത്തിന് താഴേക്ക് ചലനമുണ്ടാകില്ല.
ഇനിയൊരുപക്ഷേ അയാൾക്ക് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞെന്നു വരില്ല.’
ജീവിതം അന്ന് അവിടെ ആ ആശുപത്രി വരാന്തയിൽ തീർന്നെങ്കിലെന്ന് തോന്നിപ്പോയി. അച്ഛൻ അനിൽകുമാറിന് ലോട്ടറി കച്ചവടമാണ് അമ്മ കൃഷ്ണ കുമാരി സാധാരണ വീട്ടമ്മയും. കിട്ടുന്ന വരുമാനത്തിന്റെ കണക്കു നോക്കിയാവ്‍ വലിയ അദ്ഭുതങ്ങളൊന്നും കാണിക്കാൻ കഴിയില്ല ആ പാവത്തിന്. എന്നിട്ടും എന്നെ സാധാരണ നിലയിലാക്കാൻ ആ പാവം നെട്ടോട്ടമോടി. പക്ഷേ ഡോക്ടർമാർ ആ പറഞ്ഞ വാക്കുകള്‍ അവസാനത്തേതായിരുന്നു.

ആദ്യത്തെ ഒരു വർഷം നരകതുല്യമായിരുന്നു എന്റെ ജീവിതം. എല്ലായിടത്തും പാറിപ്പറന്നു നടന്ന ഞാൻ അടുത്തിരിക്കുന്ന ഒരു കപ്പ് വെള്ളം പോലും എത്തിയെടുക്കാൻ പറ്റാത്ത അവസ്ഥയിലായി. പ്രാഥമിക ആവശ്യങ്ങൾക്കു പോലും മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ. വിരലുകളുടെ ചലനങ്ങൾ പോലും നിർജീവമായി. ആ ഒരു വർഷം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല.
സഹപാത നോട്ടങ്ങളാണ് വേദനിപ്പിച്ച മറ്റൊരു കാര്യം. കാണാൻ വരുന്നവർ ‘ഞങ്ങളെയൊക്കെ അറിയോ’ എന്ന മട്ടിൽ ഏതോ അപരിചിതനോടെന്ന പോലെ ചോദിക്കുന്നു. എന്റെ ഓർമ കെട്ടുപോയിട്ടില്ലെന്ന് അവരോടൊക്കെ എത്രയെന്നുവച്ചാ പറഞ്ഞു കൊണ്ടിരിക്കുക.
എല്ലാം നഷ്ടമായവന്റെ പോരാട്ടത്തിന് കടുപ്പമേറും എന്നു പറയാറില്ലേ. ഇനിയൊരു തിരിച്ചു വരവില്ലെന്ന് ഉറച്ചിപ്പിച്ചതു കൊണ്ടാകണം സംഭവിച്ച പരീക്ഷണത്തെ മനസു കൊണ്ട് ഉൾക്കൊണ്ടു. എന്നാലാകും വിധം ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിച്ചു. മൊബൈൽ ഫോൺ ഉപയോഗം എന്റെ വിരലുകളുടെ പുറംഭാഗം കൊണ്ട് ചലിപ്പിക്കും വിധമുള്ള ട്രിക്കുകൾ ആവിഷ്ക്കരിച്ചു. ചെറിയ സഹായങ്ങളോടെയാണെങ്കിലും നിത്യജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു തുടങ്ങി. എന്നെ ഈ മണ്ണിൽ വേരുറപ്പിച്ചു നിർത്തുന്നതിന്റെ ക്രെഡിറ്റ് രണ്ടു പേർക്കു കൂടിയുണ്ട്. എന്റെ ചേച്ചി അമ്മുവും അളിയൻ നിധീഷും. ചേച്ചിയുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്ന ദിവസം ഞാന്‍ വെന്റിലേറ്ററിലാണ്. എല്ലാ സന്തോഷവും മാറ്റിവച്ച് എന്റെ ചേച്ചി എനിക്കൊപ്പം നിന്നു. ഒടുവിൽ ചേച്ചിയുടെ ജീവിതത്തിലേക്ക് വന്ന നിധീഷും എന്റെ വേദനകൾക്കും സന്തോഷങ്ങൾക്കും ഒരു പോലെ കൂട്ടിരുന്നു.

വലിയ ഫിലിം മേക്കര്‍ ആകണമെന്നായിരുന്നു എന്റെ മോഹം. ‘അച്ഛനും ചേച്ചിയുമാണ് പറഞ്ഞത് സിനിമ ഭാഗ്യ പരീക്ഷണങ്ങളുടെ ലോകമാണെന്നും ഒരു ഡിഗ്രി എടുക്കാനും. എന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ തലേന്നാണ് എന്നെ അപകടത്തിലാക്കിയ ഈ പരീക്ഷണം നടക്കുന്നത്. എല്ലാ സ്വപ്നവും അങ്ങനെ പൂർത്തിയാകാത്ത സിനിമ സ്ക്രിപ്റ്റ് പോലെയായി. പക്ഷേ അതിലൊരു ഹാപ്പി ഹാൻഡിങ് ദൈവം ബാക്കിവച്ചിരുന്നു. വിധി പ്രായശ്ചിത്തം ചെയ്ത ആ ഹാപ്പിനസാണ് ഇന്നെന്റെ തോൾചേർന്നിരിക്കുന്നത്.– അമലിന്റെ മുഖത്ത് നിറചിരി.
ബാക്കി പ്രണയകഥ പറഞ്ഞത് അമലിന്റെ ഉയിർപാതി അഞ്ജലി.
ജീവിതം ഉണ്ടെങ്കിൽ അവനൊപ്പം മാത്രം...
സിനിമാക്കഥ പോലെ ജന്മജന്മാന്തര ബന്ധങ്ങളൊന്നും ഞങ്ങൾ തമ്മിലില്ല. അമൽ പറഞ്ഞ പോലെ പലരും കരുതുന്നത് ഞങ്ങൾ പണ്ടു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ്. ജീവിതത്തിന്റെ ഒരു ക്രോസ് റോഡിൽ കണ്ട രണ്ടു പേർ. അപ്പോഴും എന്റെ കഥാനായകൻ വീൽചെയറിലായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അവസ്ഥയോ സാഹചര്യമോ ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് തടസമായില്ല എന്നതാണ് സത്യം.

എന്റെ ചേച്ചി അഞ്ജനയുടെ സലൂണിൽ സുഹൃത്തിനൊപ്പം മുടിവെട്ടാൻ വന്നതാണ് അമൽ. ചേച്ചിയുടെ ഭർത്താവ് ജിനുവാണ് അമലിനെ കുറിച്ച് എന്നോട് പറയുന്നത്. അവൻ അടിച്ചു പൊളിച്ചു നടന്ന പയ്യനായിരുന്നുവെന്നും ഒരപകടം അവനെ അങ്ങനെ ആക്കിയതാണെന്നുമൊക്കെ പറഞ്ഞു. പുള്ളിക്കാരനെ അടുത്തറിഞ്ഞപ്പോഴും പരിചയപ്പെട്ടപ്പോഴും സിംപതിയല്ല, മറിച്ച് ജീവിതത്തെ മറിച്ച് ജീവിതത്തെ പോസിറ്റീവായി എടുക്കുന്നതുകൊണ്ടുള്ള ഇഷ്ടമാണ് തോന്നിയത്. സുഹൃത്തുക്കളായി, ആ സൗഹൃദം ഇൻസ്റ്റഗ്രാമിലൂടെ വളർന്നു. ആ സൗഹൃദ കാലത്തിനിടയിൽ ഒരു കാര്യവും അമല്‍ മറച്ചു വച്ചില്ല. ജീവിതത്തില്‍ നടന്നതും നല്ലതും ചീത്തയുമായ ഒരു കാര്യങ്ങളും തന്റെ പരിമിതികളുമെല്ലാം എന്നോടു തുറന്നു പറഞ്ഞു. പരസ്പരം പറയാതെ തന്നെ ഞങ്ങൾ പ്രണയിക്കുകയായിരുന്നു. ഒടുവിലൊരു ഡിസംബറിൽ അമലെന്നോട് പ്രണയം പറഞ്ഞു. ആ മനസു തിരിച്ചറിഞ്ഞതു കൊണ്ടാകണം. മറുത്തൊരു ഉത്തരം എനിക്കില്ലായിരുന്നു.
ഒന്നും എളുപ്പമല്ലായിരുന്നു എതിർപ്പുകളുടെ കൂരമ്പുകൾ തന്നെ ഞങ്ങളുടെ ഇഷ്ടത്തിനു മീതേ ഉണ്ടായിരുന്നു. ഏവിയേഷൻ വരെ പഠിപ്പിച്ച, നല്ല ചെക്കൻമാരുടെ വിവാഹാലോചന വരേണ്ട കൊച്ചിനെ ഇങ്ങനെയൊരു ബന്ധത്തിലേക്ക് പറഞ്ഞു വിടണോ എന്നു പലരും അച്ഛൻ ബിനുവിനോടും അമ്മ രഞ്ജിനിയോടും ചോദിച്ചു. ഇതിനേക്കാളും അവളെ കടലിൽ കൊണ്ടു പോയി എറിഞ്ഞാൽ പോരേ എന്ന് ചോദിച്ചവരും ഉണ്ട്. ന്യൂജനറേഷൻ പിള്ളേരുടെ മനസു മാറിക്കൊള്ളും എന്ന് വ്യാമോഹിച്ചിട്ടാകും ‘ആ പയ്യനൊപ്പം മാളിലൊക്കെ പോകാൻ പറ്റുമോ, ബൈക്കിൽ റൈഡ് പോകാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചവരും ഉണ്ട്.’ പക്ഷേ എല്ലാത്തിനും എനിക്കൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. ജീവിക്കുന്നെങ്കിൽ അത് അമലിനൊപ്പം മാത്രം. വീട്ടുകാർ കണ്ടെത്തി തരുന്ന ആൾക്ക് വിവാഹ ശേഷം ഇങ്ങനെ സംഭവിച്ചാൽ ഉപേക്ഷിക്കാൻ പറയുമോ എന്ന് ചോദിച്ചപ്പോഴേക്കും ചോദ്യശരങ്ങൾ ഏകദേശം അടങ്ങി.
ഒടുവിൽ എല്ലാ ചോദ്യങ്ങളേയും സൈഡാക്കി എല്ലാ മുൻവിധികളേയും അസ്ഥാനത്താക്കി ഞങ്ങൾ ഞങ്ങളുടെ ജീവിതം ജീവിക്കാൻ തീരുമാനിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബർ 4ന് വെങ്ങാനൂർ നീലകേശി ഓഡിറ്റോറിയത്തിൽ വച്ച് ഞാൻ അമിലിന്റെ കൈപിടിച്ചു. ഇതെല്ലാം സംഭവിക്കുമ്പോഴും അങ്ങിങ്ങായി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ‘ഒരു വർഷം കഴിയുമ്പോൾ അവൾ ഇവനെ മറന്നാലോ... അമലിനെ വിട്ടു തിരികെ വന്നാലോ’ എന്നൊക്കെ. അതിനു ഞങ്ങൾ മരിക്കണം എന്നാണ് ഉത്തരം.