Tuesday 07 December 2021 04:36 PM IST : By സ്വന്തം ലേഖകൻ

‘സഹോദരിയുടെ വിവാഹം, പ്രസവം, കുഞ്ഞിന്റെ സ്വർണം...’: ആണുങ്ങളുടെ ടെൻഷൻ ആരറിയാൻ?: വിപിൻ തീരാവേദന

anjali-chandran-74

സഹോദരിയുടെ വിവാഹം നടത്താൻ വായ്പ കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം നാടിനും വീടിനും വേദനയാകുകയാണ്. തൃശൂർ ചെമ്പൂക്കാവ് കുണ്ടുവാറ സ്വദേശി പി.വി. വിപിൻ (26) ആണ് തൂങ്ങി മരിച്ചത്. അമ്മയും സഹോദരിയും വിവാഹത്തിന് സ്വർണമെടുക്കാൻ ജ്വല്ലറിയിൽ പോയ സമയത്തായിരുന്നു സംഭവം. വിപിന്റെ വിവാഹം വേദനയാകുമ്പോൾ കണ്ണുതുറപ്പിക്കുന്നൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ.

ഉത്തരവാദിത്തങ്ങളും ബാധ്യതകളും സമൂഹത്തിൽ നിറവേറ്റാൻ പറ്റാത്ത കുറ്റബോധം പേറി ജീവിക്കുന്ന ആൺജീവിതങ്ങളുടെ പ്രതിനിധിയാണ് വിപിനെന്ന് അഞ്ജലിയുടെ കുറിപ്പ് അടിവരയിടുന്നു. ‘നാട്ടിൽ ആൺകുട്ടി ഉണ്ടാവുന്നത് പലപ്പോളും രക്ഷിതാക്കൾ പുണ്യം മാത്രമായി അല്ല കണക്കാക്കുന്നത്. വീട്ടിലെ പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും സകല ഉത്തരവാദിത്തവും യൗവനം മുതൽ അവന്റേതു കൂടിയാവുന്ന വീടുകളുണ്ട്. പെൺകുട്ടികളെ ആവശ്യത്തിലധികം സുരക്ഷ കൊടുത്ത് വളർത്തുന്നത് വഴി അവരെ ലോകത്ത് തങ്ങളെന്നും മറ്റുള്ളവരാൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന ബോധം നമ്മുടെ സമൂഹം ഊട്ടിയുറപ്പിക്കുന്നു.

മെറിറ്റിലല്ലാതെ ആൺകുട്ടികൾ പഠിക്കണ്ട എന്നു പറയുന്ന, പെൺകുട്ടിയുടെ വിവാഹത്തിന് വേണ്ടി മാത്രം സമ്പാദിക്കുന്ന രക്ഷിതാക്കളുണ്ട്. നിന്നെപ്പോലെയാണോ അവൾ , അവളുടെ ജീവിതം സുരക്ഷിതമാക്കേണ്ടതാണ് മരണത്തിന് മുൻപ് ഞങ്ങളുടെ ഏക കടമ എന്നു പറയാതെ പറയുന്നവരുണ്ട്.’– അഞ്ജലി ഓർമിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്നലെ നടന്ന ഒരു സൗഹൃദ സംഭാഷണത്തിൽ ഒരു സുഹൃത്ത് പകുതി കളിയായും പകുതി കാര്യമായും ചോദിച്ച ചോദ്യം " ആൺകുട്ടികളുടെ ടെൻഷൻ എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നാണ് " . അവൻ പറഞ്ഞ ആൺകുട്ടികളുടെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും സമൂഹത്തിൽ നിറവേറ്റാൻ പറ്റാത്ത കുറ്റബോധം കൊണ്ട് ഇന്നൊരു യുവാവ് ആത്മഹത്യ ചെയ്തിട്ടുണ്ട്.

നമ്മളുടെ നാട്ടിൽ ആൺകുട്ടി ഉണ്ടാവുന്നത് പലപ്പോളും രക്ഷിതാക്കൾ പുണ്യം മാത്രമായി അല്ല കണക്കാക്കുന്നത്. വീട്ടിലെ പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും സകല ഉത്തരവാദിത്തവും യൗവനം മുതൽ അവന്റേതു കൂടിയാവുന്ന വീടുകളുണ്ട്. പെൺകുട്ടികളെ ആവശ്യത്തിലധികം സുരക്ഷ കൊടുത്ത് വളർത്തുന്നത് വഴി അവരെ ലോകത്ത് തങ്ങളെന്നും മറ്റുള്ളവരാൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന ബോധം നമ്മുടെ സമൂഹം ഊട്ടിയുറപ്പിക്കുന്നു.

മെറിറ്റിലല്ലാതെ ആൺകുട്ടികൾ പഠിക്കണ്ട എന്നു പറയുന്ന, പെൺകുട്ടിയുടെ വിവാഹത്തിന് വേണ്ടി മാത്രം സമ്പാദിക്കുന്ന രക്ഷിതാക്കളുണ്ട്. നിന്നെപ്പോലെയാണോ അവൾ , അവളുടെ ജീവിതം സുരക്ഷിതമാക്കേണ്ടതാണ് മരണത്തിന് മുൻപ് ഞങ്ങളുടെ ഏക കടമ എന്നു പറയാതെ പറയുന്നവരുണ്ട്. പഠിച്ച് എത്രയും പെട്ടെന്ന് ജോലി നേടി ആ ശമ്പളം കൂടി ചേർത്ത് വെച്ച് പെങ്ങളുടെ വിവാഹം നടത്താൻ വേണ്ടി കാലങ്ങളായി പരിശീലനം ലഭിച്ചവരുണ്ട്. പഠിക്കാൻ മിടുക്കിയല്ലെങ്കിൽ പണം കൊടുത്ത് പെൺകുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കളിൽ പലരും വിവാഹ മാർക്കറ്റിൽ അവളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച വരനെ കിട്ടാൻ മാട്രിമോണിയൽ സൈറ്റിനെയും ബ്രോക്കറെയും സമീപിക്കുന്നത് അവളെ സുരക്ഷിതമാക്കാൻ വേണ്ടി തന്നെയാണ് . ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കാറാവുന്ന ആൺകുട്ടി ഉറുമ്പു കൂട്ടുന്നത് പോലെ സ്വന്തം സമ്പാദ്യം ശേഖരിച്ചു വെക്കുന്നത് സ്വന്തം വിവാഹത്തിനല്ല മറിച്ച് സഹോദരിയെ വിവാഹം ചെയ്ത് അയക്കാനാണ്. തന്നേക്കാളും പ്രായം കുറഞ്ഞ സഹോദരിയുടെ വിവാഹം കഴിപ്പിപ്പിച്ച ശേഷം അവന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചാൽ മതി എന്ന സ്വാർത്ഥ ചിന്തയുള്ള മാതാപിതാക്കളുണ്ട്. ഉന്നത പഠനം ആഗ്രഹിച്ചിട്ടും കിട്ടിയ ജോലിയ്ക്ക് ആൺകുട്ടികളിൽ ചിലരെങ്കിലും സ്വന്തം ഇഷ്ടപ്രകാരമല്ലാതെ പോവുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നതും സഹോദരിയുടെ വിവാഹം എന്ന ചിന്തയാണ്.

സഹോദരിയുടെ വിവാഹം, പ്രസവം , കുഞ്ഞിനുള്ള സ്വർണം , വീട് പണി ഇതിനൊക്കെ വേണ്ട പണം സഹോദരന്റെ അടുത്ത് നിന്നും പറഞ്ഞു വാങ്ങിക്കുന്ന മാതാപിതാക്കളുണ്ട്. സഹോദരിയുടെ ജീവിതം സുരക്ഷിതമാക്കി വെക്കാൻ സഹോദരന് ബാധ്യത ഉണ്ടെന്ന് കരുതുന്നവർ ഈ സഹോദരന്റെ ജീവിതത്തിലെ പ്രശ്നങ്ങളിൽ കണ്ണടയ്ക്കാനും മിടുക്ക് കാണിക്കും. ഈ ചിലവുകൾ തിരികെപ്പിടിക്കാനുള്ള എളുപ്പവഴിയായി മാതാപിതാക്കൾ കാണുന്ന മാർഗം ആൺമക്കളുടെ വിവാഹമാണ്. അമ്മയും പെങ്ങളും കഴിഞ്ഞിട്ട് മതി ഭാര്യ എന്നത് ഓരോ പ്രവൃത്തിയിലും കാണിക്കുന്ന , ഭാര്യവീട്ടുകാരെ രണ്ടാം തരക്കാരായി കാണുന്ന ചീഞ്ഞ മനസുള്ളവരുണ്ട്.മരുമകളുടെ സ്വർണവും സ്വത്തും തങ്ങളുടെ അവകാശമാണെന്ന് ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ട് നമുക്ക് ചുറ്റും. ഇനി മകളുടെ വിവാഹത്തിന് കൊടുത്തതിലും സ്വർണവും പണവും കുറവാണ് മരുമകൾക്കെങ്കിൽ ഗാർഹിക പീഡനത്തിന്റെ ആരംഭം അവിടെ നിന്നാവും. അതല്ല മകൾക്ക് സ്ത്രീധനം കുറഞ്ഞു പോയെന്നു തോന്നിയാൽ മകൾക്ക് വീണ്ടും എന്തൊക്കെ കൊടുക്കാൻ പറ്റും എന്നും ആ വഴി അവളെ സുരക്ഷിതയാക്കാമെന്ന് കണ്ടെത്തി പ്രവർത്തിക്കുന്നവരുണ്ട്. ഇതിനിടയിൽ പെൺകുട്ടിയുടെ പങ്കാളിയാവുക എന്നത് വലിയൊരു സത്കർമ്മമായി കണ്ട് മാതാപിതാക്കളുടെയും സഹോദരൻമാരുടെയും അധ്വാനത്തിന്റെ പങ്കുപറ്റുന്നതിൽ യാതൊരു മനസാക്ഷിക്കുത്തുമില്ലാത്ത സഹോദരീ ഭർത്താക്കൻമാരും അവന്റെ വീട്ടുകാരും ഉണ്ട്.

പെൺകുട്ടികൾ മാത്രമുള്ള , അവരെ പഠിപ്പിക്കാൻ കഴിവില്ലാത്ത രക്ഷിതാക്കളുള്ള സ്ഥലങ്ങളിലെ ചില മിടുക്കി പെൺകുട്ടികൾ തങ്ങളുടെ മിടുക്ക് കൊണ്ട് പല കൈത്തൊഴിൽ പഠിക്കുകയും സ്വന്തം വരുമാനം കൊണ്ട് കല്യാണം നടത്തിയതും നേരിൽ കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഇതല്ലേ സ്ത്രീ ശാക്തീകരണത്തിന്റെ വഴി.

അച്ഛനുമമ്മയും ഓവർ പ്രൊട്ടക്ടീവായി വളർത്തി, വിവാഹക്കമ്പോളത്തിലേയ്ക്ക് വേണ്ടി മാത്രം ഉന്നതവിദ്യാഭ്യാസം നേടി യാതൊരു ജോലിയും ചെയ്യാതെ സകല സുരക്ഷകളും ഭർത്താവിന്റെയും മാതാപിതാക്കളുടെയും സഹോദരന്റെയും ചിലവിൽ നടത്തുന്നവരിലും കൈയ്യടി അർഹിക്കുന്നത് മേൽപ്പറഞ്ഞ പെൺകുട്ടികളാണ്. ജോലിയ്ക്ക് പോവുന്ന സ്വന്തം കാര്യങ്ങൾ നോക്കുന്ന സ്ത്രീകളെ പലപ്പോഴും പരിഹസിക്കുന്നത് സ്വന്തം ജീവിതത്തിൽ യാതൊരു റിസ്കുമെടുക്കാത്ത ആളുകളാണ്.

സ്ത്രീയായതു കൊണ്ട് പ്രത്യേക പരിഗണന വേണമെന്നും മറ്റുള്ളവരെല്ലാം തനിയ്ക്ക് കാര്യങ്ങൾ ചെയ്തു തരേണ്ടവരാണെന്നുമുള്ള പാട്രിയാർക്കിയൽ ബോധം പേറുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. അവർ സമൂഹത്തിനുണ്ടാക്കുന്ന വലിയ ബാധ്യതകളിൽ കുടുങ്ങി ജീവിതം ഒടുങ്ങിപ്പോവുന്ന പുരുഷൻമാരും മറ്റു സ്ത്രീകളുണ്ട്. ആണിനും പെണ്ണിനും ഒരേ പോലെ വിദ്യാഭ്യാസം നൽകുകയും നിന്റെ ജീവിതം നിന്റെ ഉത്തരവാദിത്തമാണ് എന്ന് രണ്ടു പേരോടും പറയുകയും ചെയ്യാൻ നമ്മുടെ മാതാപിതാക്കൾ പരിശീലിക്കേണ്ടതുണ്ട്. സ്വന്തം കുടുംബ ജീവിതം മറ്റാരുടെയും അധ്വാനത്തിന്റെ വിയർപ്പിൽ അല്ല പടുത്തുയർത്തേണ്ടത് എന്നും സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്തം തന്റേത് മാത്രമാണ് എന്നുമുള്ള ബോധത്തിലേയ്ക്ക് നമ്മുടെ പെൺകുട്ടികൾ വളർന്നു വരട്ടെ.