Wednesday 20 October 2021 12:48 PM IST : By സ്വന്തം ലേഖകൻ

‘എന്റെ മോൾക്കില്ലാത്തത് മരുമോൾക്കും വേണ്ട’: അവളുടെ കരച്ചിൽ കണ്ട് നിൽക്കാൻ വയ്യ: യുവതിയുടെ അനുഭവം പങ്കിട്ട് അഞ്ജ

anjali-c

പെണ്ണിന്റെ വേദനകളും അവൾ അനുഭവിക്കുന്ന യാതനകളും ഇന്നും തിരശീലയ്ക്ക് അപ്പുറത്താണ്. അനുഭവിക്കുന്ന വേദനകളും പീഡനങ്ങളും ഒന്ന് പുറത്തു പറയാൻ പോലും കഴിയാത്ത എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഭർതൃവീട്ടുകാരുടെ അമിത ഇടപെടൽ കൊണ്ട് ജീവിതം ദുസ്സഹമായി പോയ യുവതിയുടെ അനുഭവം വേദനയോടെ പങ്കുവയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ. ഇടുന്ന വസ്ത്രം ഉൾപ്പെടെയുള്ള സകല കാര്യങ്ങളിലും അനുവാദം തേടേണ്ടുന്ന അവസ്ഥയിലൂടെയാണ് പെൺകുട്ടി കടന്നു പോയതെന്ന് അഞ്ജലി കുറിക്കുന്നു. നീയൊരു പെൺകുട്ടിയല്ലേ ഭൂമിയോളം ക്ഷമിക്കൂ എന്ന രീതിയിൽ ഒത്തു തീർപ്പിനു ശ്രമിച്ച് വീണ്ടും അതേ നരകത്തിലേയ്ക്ക് അവളെ തള്ളുന്ന നമ്മുടെ സാമൂഹികനിലപാടും ഉപദേശകരും മാറിയേ തീരുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഒക്ടോബർ മാസം ഗാർഹിക പീഡന അവബോധനത്തിന്റെ മാസമാണ്. നമ്മുടെ വീടുകൾക്കുള്ളിൽ സ്ത്രീകളനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ച് അയൽവാസികൾക്കു പോലും പലപ്പോഴും അറിവുണ്ടാകാറില്ല. ആത്മഹത്യകളിൽ പെൺകുട്ടികൾ അഭയം പ്രാപിച്ചാൽ മാത്രം പുറം ലോകമറിയുന്ന ഒന്നായി ചുരുങ്ങേണ്ടതല്ല ഗാർഹിക പീഡനം. പല സുഹൃത്തുക്കളുടെയും അനുഭവങ്ങൾ കേൾക്കുമ്പോൾ സീരിയലിലോ സിനിമയിലോ അല്ലാതെ യഥാർത്ഥ ജീവിതത്തിൽ ഇതൊക്കെ അനുഭവിക്കുമ്പോൾ അവരെത്ര ഉരുകിയിട്ടുണ്ടാവും എന്നോർത്തിട്ടുണ്ട്.

വളരെ അടുപ്പമുള്ള ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ട് ജീവിതമേ മടുത്തു എന്ന മട്ടിൽ മുൻപിൽ വന്നു നിന്നിട്ടുണ്ട്. ഭർത്തൃവീട്ടുകാരുടെ കൂടെ അല്ലല്ലോ താമസം എന്നിട്ടും എന്തുപറ്റിയതാണ് അവൾക്കെന്ന ചിന്ത യിൽ നിന്നുമുണർത്തിയത് ഇനിയും സഹിക്കാൻ വയ്യ എന്നു പറഞ്ഞുള്ള അവളുടെ കരച്ചിലാണ്. നല്ല പയ്യൻ , നല്ല കുടുംബം അവളാണെങ്കിൽ പഠിത്തവുമായി ഒറ്റയ്ക്ക് മറ്റൊരു നാട്ടിൽ. ഒറ്റനോട്ടത്തിൽ പ്രശ്നമില്ല. കരച്ചിലടങ്ങിയപ്പോൾ അവൾ പറഞ്ഞ കഥ ശരിക്കും ഞെട്ടിച്ചു.

വിവാഹം കഴിഞ്ഞ ഭർത്തൃ സഹോദരിയും ഭർത്താവിന്റെ മാതാപിതാക്കളും ഒരു വീട്ടിലാണ് താമസം. ഈ കുട്ടി ഇടുന്ന വസ്ത്രം മുതൽ എല്ലാ കാര്യങ്ങൾക്കും അപ്രൂവൽ അമ്മായിഅമ്മയും നാത്തൂനും നൽകിയാലേ അവൾക്ക് അവിടെ നിൽക്കാൻ പറ്റൂ എന്ന അവസ്ഥ. സ്വന്തം മകൾക്കില്ലാത്ത ഒന്നും മകന്റെ ഭാര്യയ്ക്ക് പാടില്ല എന്ന അമ്മായിഅമ്മ പോരാവും എന്ന നിഗമനത്തിലെത്തിയ എന്നെ ഞെട്ടിച്ച് അവൾ അടുത്ത സത്യം പറഞ്ഞു. നാത്തൂന്റെ ഈ അമിത ഇടപെടൽ പല കാര്യങ്ങളിലും വന്നത് സൂചിപ്പിച്ചപ്പോൾ അവൾക്ക് എന്തിനും ടെൻഷനാണ് , ആരോടും ഇത് പറയരുത് എന്നു പറഞ്ഞു കാലു പിടിച്ച അമ്മായിഅമ്മ മകൾ മാനസിക രോഗത്തിന് ചികിത്സ നേടിയ വിവരം ഈ പെൺകുട്ടിയോടും വീട്ടുകാരോടും മറച്ചു വെച്ചാണ് മകന്റെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ ഉടനെ ഇതു പറഞ്ഞാൽ സ്വന്തം വീട്ടുകാർക്ക് അത് താങ്ങാൻ പറ്റുമോ , മറ്റൊരു നാട്ടിൽ ജോലി ചെയ്യുന്ന ഭർത്താവിനോട് ഇവരെന്താവും തന്നെ പറ്റി പറഞ്ഞു കൊടുക്കുന്നത് എന്ന ടെൻഷനും എല്ലാം കൂടി മറ്റൊരവസ്ഥയിലേയ്ക്ക് ഈ പെൺകുട്ടിയെ എത്തിച്ചു. ഗവേഷണ വിദ്യാർത്ഥിനിയ്ക്ക് വിവാഹത്തോടെ ഗവേഷണത്തിൽ ശ്രദ്ധ കുറഞ്ഞു എന്ന ഗൈഡിന്റെ ചീത്തവിളി വേറെ.

ഭർത്താവിന്റെ വീട്ടിൽ ഫുൾ ടൈം നിന്നു തന്നെ ഗാർഹികപീഡനം ഏറ്റുവാങ്ങണമെന്ന യാതൊരു നിർബന്ധവുമില്ല എന്ന് എന്നെ ആദ്യമായി പഠിപ്പിച്ചതവളാണ്. മിടുമിടുക്കി എന്നു പേരു കേട്ടവൾ ഒരാളോടും മിണ്ടാത്ത ഡിപ്രഷനിലേയ്ക്ക് പോയിത്തുടങ്ങിയിരുന്നു. ഭർത്തൃവീട്ടുകാരോട് മുഴുവൻ വഴക്കിട്ട് വീട്ടിൽ വന്നു നിൽക്കുന്ന നാത്തൂനും മകളെന്ന ലോകം മാത്രമുള്ള രക്ഷിതാക്കളും കൂടി നാട്ടിൽ ലീവിൽ വന്നാൽ അവളെ സ്വന്തം വീട്ടിൽ ഒരു ദിവസത്തിൽ കൂടുതൽ തങ്ങാൻ സമ്മതിക്കില്ലായിരുന്നു. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് സ്വന്തം വീട് എന്ന് അവളെ പഠിപ്പിക്കാത്ത വീട്ടുകാർ മര്യാദകെട്ടവരാണ് എന്നു പറഞ്ഞു വളരെ മോശമായ സംസാരത്തിലെത്തി . സ്വന്തം രക്ഷിതാക്കളെ പറഞ്ഞത് സഹിക്കാതെ അപ്പോൾ നാത്തൂനെന്താ സ്വന്തം ഭർത്താവിന്റെ വീട്ടിൽ നിൽക്കാത്തത് എന്നു ചോദിച്ചതിനുള്ള പീഡനം വേറെ.എന്നിട്ട് പുറത്തിറങ്ങി

നാട്ടുകാരോട് പറയുന്നത് മുഴുവൻ മരുമകളോടുള്ള സ്നേഹം ... അങ്ങനെ തൊട്ടപ്പുറത്തെ വീട്ടിലെ പെൺകുട്ടി അനുഭവിക്കുന്നതൊന്നും അടുത്ത വീട്ടുകാർ പോലുമറിഞ്ഞില്ല . ദേഹത്ത് ഒരു ഒടിവോ ചതവോ കാണാനില്ലാത്തതു കൊണ്ടു മാത്രം അവളനുഭവിച്ച ഗാർഹിക പീഡനത്തിന് തെളിവുകളില്ലായിരുന്നു.

ഇങ്ങനെ പലതരത്തിൽ ഗാർഹിക പീഡനമനുഭവിക്കുന്ന പെൺകുട്ടികളുണ്ട്. തങ്ങളെ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നിയമസഹായം തേടാൻ അവരെ പ്രാപ്തരാക്കിയേ തീരൂ. ഒപ്പം ആത്മഹത്യയിൽ കുറഞ്ഞതൊന്നും കേസായി എടുക്കാതെ അല്ലെങ്കിലും നീയൊരു പെൺകുട്ടിയല്ലേ ഭൂമിയോളം ക്ഷമിക്കൂ എന്ന രീതിയിൽ ഒത്തു തീർപ്പിനു ശ്രമിച്ച് വീണ്ടും അതേ നരകത്തിലേയ്ക്ക് അവളെ തള്ളുന്ന നമ്മുടെ സാമൂഹികനിലപാടും ഉപദേശകരും മാറിയേ തീരൂ. വിവാഹം കഴിക്കുന്ന മുൻപ് സ്വന്തം കാലിൽ നിന്നാൽ മാത്രം പോര തനിക്കു നേരെ വരുന്ന ആക്രമണങ്ങളെ നേരിടാനും പെൺകുട്ടികളെ പ്രാപ്തരാക്കണം. പെൺകുട്ടികളുടെ വീട്ടുകാരോട് പരാതി കൊടുക്കാതെ ഒത്തു തീർപ്പാക്കുന്നതിനു പകരം ഇത്തരം മോശം പെരുമാറ്റക്കാരെ നിയമത്തിനു മുൻപിലും സമൂഹത്തിനു മുൻപിലും തുറന്നു കാണിക്കണം.