Tuesday 26 October 2021 11:02 AM IST : By സ്വന്തം ലേഖകൻ

മക്കൾക്ക് പ്രായമായാലും വെറുതെ വിടില്ല, നിയന്ത്രിച്ചും ഈഗോ കാണിച്ചും നരകതുല്യമാക്കുന്ന കാരണവൻമാർ: കുറിപ്പ്

toxic

പക്വതയും പാകതയുമെത്തിയിട്ടും മക്കളുടെ ജീവിതങ്ങളിൽ അനാവശ്യമായി ഇടപെട്ട് അവരുടെ ജീവിതം നരകതുല്യമാക്കുന്ന ചില കാരണവൻമാരുണ്ട്. സ്നേഹത്തിൽ പൊതിയുന്ന അത്തരം ഇടപെടലുകളെ പലരും സൗകര്യപൂർവം മറക്കാറാണ് പതിവ്. എന്നാൽ കുടുംബ ബന്ധങ്ങളിൽ ഇത്തരം അധികാര മനോഭാവങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നെഴുതുകയാണ് അഞ്ജലി ചന്ദ്രൻ.

40-50 വയസായ മക്കളെയും, മരുമക്കളെയും , പേരക്കുട്ടികളെയും നിരന്തരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന, അതാണ് സ്നേഹം എന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന. അവരുടെ മനസിനെ മാനിപ്പുലേറ്റ് ചെയ്യാൻ ശ്രമിക്കുന്ന ടോക്സിക് സെറ്റപ്പാണ് ഇത്തരം കുടുംബങ്ങൾ ഉണ്ടാക്കുന്നത്. തങ്ങളുടെ വാർധക്യത്തിലും മക്കൾക്ക് മധ്യവയസ്സായെന്നും സ്വന്തമായ തീരുമാനങ്ങൾ അവർക്ക് എടുക്കാൻ പറ്റുമെന്നുമുള്ള യാഥാർത്ഥ്യം ഇത്തരക്കാർ ഉൾക്കൊള്ളില്ലെന്നും അഞ്ജലി കുറിക്കുന്നു. വിവിധ കുടുംബ പശ്ചാത്തലങ്ങൾ മുൻനിർത്തിയാണ് ഈ വിഷയം അഞ്ജലി തുറന്നെഴുതുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എത്ര വലുതായാലും അവർ ഞങ്ങൾക്ക് കുഞ്ഞുങ്ങളല്ലേ !

#domesticviolenceawareness Part 11

നിങ്ങളിൽ ചിലർക്കെങ്കിലും ഞാനിനി പറയാൻ പോവുന്ന ആളുകളെ പരിചയമുണ്ടാവും. തങ്ങളുടെ ചെറുപ്പകാലത്ത് സ്വന്തമായി അധ്വാനിച്ച് സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കിയവരാവും ഇവരൊക്കെ . നാട്ടിലും ബന്ധുജനങ്ങൾക്കിടയിലും ഇവരുടെ അന്നത്തെ നേട്ടങ്ങൾ വഴി സ്വന്തമായ ഒരിപ്പിടം ഇവർ നേടിയെടുത്തിട്ടുമുണ്ടാവും. തങ്ങളുടെ കാലഘട്ടത്തിനും മുന്നിലേയ്ക്ക് സഞ്ചരിച്ച ലോകത്തെ പലപ്പോഴും ഇവർ കാണാൻ ശ്രമിക്കില്ല. കാലം മാറിയെന്നും കാഴ്ചപ്പാടുകൾ മാറിയെന്നും സമ്മതിക്കാത്ത പലരും സ്വന്തം കുടുംബങ്ങളിൽ ഇവർ കാരണം ഉണ്ടാവുന്ന toxicity കണക്കിലെടുക്കുന്നേയില്ല എന്നതാണ് സത്യം.

തങ്ങളുടെ വാർധക്യത്തിലും മക്കൾക്ക് മധ്യവയസ്സായെന്നും സ്വന്തമായ തീരുമാനങ്ങൾ അവർക്ക് എടുക്കാൻ പറ്റുമെന്നുമുള്ള യാഥാർത്ഥ്യം ഉൾക്കൊള്ളില്ല ഇത്തരക്കാർ. സ്വന്തമായി കുടുംബമുള്ള മക്കളുടെ ജീവിതം നരകതുല്യമാക്കുന്നത്തിൽ ഇവരും ഇവരുടെ ഈഗോയും ദിനംപ്രതി മത്സരത്തിലാവും.

40-50 വയസായ മക്കളെയും, മരുമക്കളെയും, പേരക്കുട്ടികളെയും നിരന്തരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന, അതാണ് സ്നേഹം എന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന . അവരുടെ മനസിനെ മാനിപ്പുലേറ്റ് ചെയ്യാൻ ശ്രമിക്കുന്ന ടോക്സിക് സെറ്റപ്പാണ് ഇത്തരം കുടുംബങ്ങൾ ഉണ്ടാക്കുന്നത്. സ്വന്തം മക്കളും മരുമക്കളും തങ്ങളുടെ വരുതിയിലാക്കാൻ എന്ത് ചീഞ്ഞ നാടകങ്ങൾക്കും ഇവർ തയ്യാറാവും. പലപ്പോഴും ഇത്തരം നാടകങ്ങളിൽ ഇവരാദ്യം കുടഞ്ഞിടുക മക്കളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ കണക്കാണ്. നിങ്ങളുടെ തീരുമാനപ്രകാരം ഈ ഭൂമിയിൽ പിറന്നുവീണവരാണ് നിങ്ങളുടെ മക്കൾ എന്ന ബോധം നിങ്ങൾക്ക് ആദ്യമുണ്ടാവേണ്ടതാണ്. നിങ്ങളുടെ മക്കളായി ഈ ഭൂമിയിൽ ജനിച്ചു പോയി എന്നതുകൊണ്ട് നിങ്ങളുടെ മരണം വരെ നിങ്ങൾ കീ കൊടുക്കുന്നതിനനുസരിച്ച് ചലിക്കേണ്ടവരല്ല നിങ്ങളുടെ കുട്ടികൾ. ഇന്ത്യൻ സാമൂഹിക സ്ഥിതി അനുസരിച്ച് പലപ്പോഴും ആൺമക്കളും അവരുടെ പങ്കാളികളും ഇത്തരം ഇമോഷണൽ ടോർച്ചറിന് വിധേയരാവാറുണ്ട്.

"ഇന്നലെ കേറി വന്ന ഭാര്യ പറയുന്നതാണ് നിനക്കിപ്പോൾ വലുത് പെറ്റ് പോറ്റിയ ഞങ്ങൾ പറയുന്നതല്ല" എന്ന ഇമോഷണൽ കാർഡ് ഇറക്കി മക്കളുടെ സമാധാനം കുളം കലക്കാൻ ഇവരെക്കഴിഞ്ഞേ ആളുകളുണ്ടാവൂ. ചുരുക്കി പറഞ്ഞാൽ പെൺകുട്ടി സ്വന്തം വീട്ടിൽ എന്നു പോവണം , എത്ര ദിവസം നിൽക്കണം എന്നത് വീട്ടിലെ തലമുതിർന്നവർ തീരുമാനിക്കും. പ്രായമായവരല്ലേ കുറച്ചു കഴിയുമ്പോൾ ശരിയാവും എന്ന ആശ്വാസ വാക്കുമായി എത്തുന്ന ഭർത്താക്കൻമാർ ഒരിക്കൽ പോലും ഒരെതിർപ്പും കാണിക്കാത്ത സ്വന്തം വീട്ടിലെ അടിമയാണ് താനെന്നത് സ്വയം മനസ്സിലാക്കാത്ത വലിയ സത്യമായി നിലനിൽക്കും. സ്വന്തം കുടുംബവും മാതാപിതാക്കളും അടങ്ങിയ ജീവിതത്തിന്റെ ബാലൻസ് തെറ്റാതിരിക്കാൻ സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി ജീവിതത്തിന്റെ യൗവനം നഷ്ടപ്പെട്ടു പോവുന്ന ഒട്ടനവധി പേർ നമുക്ക് ചുറ്റിലുമുണ്ട്. രക്ഷിതാക്കളാണെങ്കിലും നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ ശരിയല്ല എന്ന് ഉറക്കെ പറയാനുള്ള ധൈര്യം കുട്ടിക്കാലത്തേ കിട്ടാത്ത , ടോക്സിക് പാരന്റിംഗിന് വിധേയരായ ഇവരുടെ സ്വഭാവം കാരണം ഇവരുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന പെൺകുട്ടിയും മക്കളും ഗാർഹികപീഡനം അനുഭവിച്ചു കൊണ്ടേയിരിക്കും.

ഇനി ഒന്നിലധികം മക്കളുള്ള മാതാപിതാക്കളിൽ ഒരാളെങ്കിലും ഈ തെറ്റ് തിരിച്ചറിഞ്ഞ് മാറാൻ ശ്രമിച്ചാൽ വീടും വീട്ടുകാരും ബന്ധുക്കളുമടങ്ങുന്ന വലിയ സമൂഹത്തിൽ തങ്ങൾ മാന്യരും അപ്പുറത്തുള്ളവരുടെ പ്രശ്നം കൊണ്ട് മാത്രമാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും പ്രത്യേക മിടുക്ക് കാണിച്ച് വരുത്തിക്കൂട്ടും. വ്യക്തിത്വമുള്ള മക്കളുണ്ടാവുന്നതിൽ അഭിമാനിക്കുന്നതിനു പകരം മോനിപ്പോഴും ഞങ്ങൾ പറയുന്നതിന്റെ അപ്പുറമില്ല എന്ന ഗീർവാണം എല്ലാ ചടങ്ങുകളിലും വിളിച്ച് പറഞ്ഞു നടക്കും. തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് മാത്രം വളരുന്ന മക്കളെ പ്രിയപ്പെട്ടവരായി ചേർത്തുപിടിച്ചും അല്ലാത്തവരെ മറ്റുള്ളവർക്ക് മുന്നിൽ കുറ്റക്കാരാക്കിയും മാതാപിതാക്കൾ അല്ലെങ്കിൽ പ്രായമായവർ എന്ന ക്രെഡിറ്റിൽ സമൂഹത്തിൽ മാന്യരായി ജീവിക്കുന്ന ഒരുപാടു പേരുണ്ട്. .സ്വന്തം അച്ഛൻ അമ്മയെ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത് എന്നത് വ്യക്തമായി മനസ്സിലായി വരുന്ന ഒരു പുതിയ തലമുറ വളർന്നു വരുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് വഴി ആ കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തിന്റെ മേലെ കൂടി അധികാരം സ്ഥാപിക്കപ്പെടുകയാണ്. സ്വന്തം തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ പോലെ നിങ്ങളുടെ കുട്ടികളെയും കഴിവില്ലാത്തവരാക്കുകയാണ് എന്നത് തിരിച്ചറിഞ്ഞാലും അടിമയ്ക്ക് ഉടമയോടുള്ള വിധേയത്വം മാതാപിതാക്കളോട് പുലർത്തി ജീവിതം ജീവിച്ചു തീർക്കും ഇക്കൂട്ടർ.

പരിഷ്കൃത, ആധുനിക സമൂഹങ്ങൾ എല്ലാം പ്രായപൂർത്തിയായ സ്ത്രീ പുരുഷൻമാരെ അവരുടെ പാട്ടിന് ജീവിതം അനുഭവിക്കാനും, പൊരുതിനേടാനും വെറുതെ വിടുന്നു. പാശ്ചാത്യ സമൂഹത്തിനെ അപേക്ഷിച്ച് ഇന്ത്യയിൽ ലോകോത്തര നിലവാരമുള്ള അത്ലറ്റുകളുടെയും , ശാസ്ത്രൻജമാരുടെയും, കലാകാരൻമാരുടെയും , സാഹസികതയിൽ ഏർപ്പെടുന്നവരുടെയും ഉള്ള കുറവിന്റെ കാരണം മരിച്ചു പോവുന്നത് വരെ നിരന്തരം മക്കളുടെയും അവരുടെ കുടുംബത്തിനെയും മാനിപ്പുലേറ്റ് ചെയ്യാൻ അവസരം ഉള്ള നമ്മുടെ കുടുബ വ്യവസ്ഥിതിയിലേക്ക് നോക്കിയാൽ മതി.

അഞ്ജലി ചന്ദ്രൻ