Saturday 04 April 2020 05:36 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ ജനിക്കും മുൻപേ അമ്മയെനിക്ക് തയ്ച്ചുവച്ച ആ പുള്ളിയുടുപ്പ്’; ‘ബാൽക്കണി ചലഞ്ചി’ൽ ഹൃദ്യമായ കുറിപ്പുമായി അഞ്ജലി മാധവി

yfctfwqfxyqwgcucghq

വനിത അവതരിപ്പിച്ച ‘ബാൽക്കണി ഫാഷൻ ചലഞ്ചി’ന് സോഷ്യൽ മീഡിയയിൽ അനുകൂല പ്രതികരണം. ലോക് ഡൗണിൽ കഴിയുന്ന വീട്ടമ്മമാരിൽ പോസിറ്റീവ് എനർജി നിറയ്ക്കുകയായിരുന്നു ചലഞ്ചിന്റെ ലക്ഷ്യം. നിരവധി പേരാണ് വനിതയുടെ ബാൽക്കണി ഫാഷൻ ചലഞ്ചിൽ പങ്കെടുത്തത്. അഞ്ജലി മാധവി ഗോപിനാഥ് പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാണ്.

അഞ്ജലി മാധവി ഗോപിനാഥ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

തങ്കമേ.. ?

അമ്മ തയ്ക്കുന്നത് കൊണ്ട് തന്നെ ഒരിക്കലും ഉടുപ്പുകൾക്കു ക്ഷാമം ഉണ്ടായിട്ടില്ല. ഭംഗിയുള്ള ഉടുപ്പുകൾ തയ്ച്ചു തരാനും പുതിയ ഫാഷൻ ഉടുപ്പുകൾ വാങ്ങി തരാനും അമ്മക്കിഷ്ടമായിരുന്നു. പുതിയ ഉടുപ്പിട്ട് ആൾക്കൂട്ടത്തിൽ ആളാവാൻ എനിക്ക് നല്ല യോഗമുണ്ടായിരുന്നതായിട്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

മിക്കപ്പോഴും പല കല്യാണങ്ങൾക്കും അവസാന നിമിഷം വരെ പോകുന്നില്ലെന്ന് പറഞ്ഞിരുന്നു പെട്ടന്ന് പോയേക്കാം എന്ന് ഞാൻ തീരുമാനിക്കുമ്പോൾ തലവേദന അമ്മക്കാണ്. ഉള്ളത് ഇട്ടോണ്ട് പോയാലോ എന്നൊക്കെ ഞാൻ അങ്ങോട് കേറി ചോദിക്കും. "ഹേയ് അതിന് അതൊക്കെ അത്രക്ക് നല്ലതാണോ" എന്നൊക്കെ അമ്മ ചോദിക്കും, ഞാനപ്പോൾ "ഓഹ് അതൊക്കെ മതിയമ്മേ" എന്നൊക്കെ പറഞ്ഞ് വളരെ വിനയ കുലീനയായി നിൽക്കും. എനിക്കറിയാലോ എന്റമ്മയേ.

അങ്ങനെ പോകാൻ നേരമാകുമ്പോഴേക്കും അമ്മയെനിക്ക് പുതിയതായിട്ട് എന്തെങ്കിലുമൊക്കെ റെഡി ആക്കും. ഈ മഞ്ഞ പാവാട പോലും എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ കല്യാണത്തിന് അമ്മ തയ്ച്ചു തന്നതാണ്. ഇപ്പോഴും ഓർമയുണ്ട് കല്യാണത്തിന് പോകുന്നതിന്റെ അന്ന് രാവിലെയാണ് അച്ഛൻ ഈ പാവാടയിൽ ചൂണ്ട നൂലൊക്കെ ഇടീച്ചു കൊണ്ട് തന്നത്. എന്റെ ഉടുപ്പൊർമ്മകളൊക്കെ അത്രയും സ്നേഹത്തോടെ ഞാൻ ഓർത്തെടുക്കാറുണ്ട്.

ഞാൻ ദുബായിൽ ആയിരുന്ന സമയത്ത് നാട്ടിൽ നിന്ന് ദുബായിലേക്ക് വരുന്ന ആരുടെയെങ്കിലും കയ്യിലൊക്കെ അമ്മ ഉടുപ്പുകൾ തയ്ച്ചു കൊടുത്തു വിടും. ഓരോ ഉടുപ്പും ഇട്ട് കാണാൻ അമ്മയ്ക്കു കൊതിയാണ്. അങ്ങനെ ആഴ്ച്ചയവസാനങ്ങളിൽ ഞാൻ അമ്മ കൊടുത്തു വിടുന്ന ഉടുപ്പുകളിട്ടു അപ്പാർട്ട്മെന്റിന്റെ താഴെ നിന്ന് ഫോട്ടോസ് എടുത്തു അയച്ചു കൊടുക്കും. അനിയത്തിയുടെ ഫോണിലേക്കാണ് അന്നയച്ചു കൊണ്ടിരുന്നത്. അന്നത്തെ തിരക്കുള്ള ജീവിതത്തിൽ ഏറ്റവും ഇഷ്ടത്തോടെ ചെയ്തിരുന്ന കാര്യമായിരുന്നു അത്. ഓരോന്നും കാണുമ്പോഴുള്ള അമ്മയുടെ സന്തോഷത്തെ ഞാൻ ഓർക്കുമായിരുന്നു.

പിന്നെയും ഞാൻ ഉടുപ്പുകൾ വാങ്ങിയിട്ടുണ്ട്. പക്ഷേ അതിനോടൊന്നും അമ്മ തയ്ച്ചു തരുന്ന ഉടുപ്പിനോടുള്ള സ്നേഹുണ്ടായിരുന്നില്ല. ഒരു കാലത്ത് ഞാൻ മാറി മാറി ഇടുന്ന ഉടുപ്പുകൾ കണ്ടിട്ട് എന്റെ ഒരുപാടു കൂട്ടുകാർ ഉടുപ്പിലേക്ക് മാറിയിരുന്നു. അവരെനിക്ക് ഫോട്ടോകൾ അയച്ചു തരുമായിരുന്നു. ഇപ്പോഴും ഞാൻ ഉടുപ്പിട്ട് അമ്മയെ കാണിക്കുമ്പോൾ ആദ്യമായിട്ട് അമ്മയെനിക്ക് തയ്ച്ചു തന്ന പുള്ളിയുടുപ്പിന്റെ കഥ പറയും. ഞാൻ ജനിക്കുന്നതിനും മുൻപേ അമ്മയെനിക്ക് തയ്ച്ചു വെച്ച പുള്ളിയുടുപ്പ്.

എന്നും ജീവിതത്തിൽ ഏറ്റവുമധികം ഇഷ്ടമുള്ള കാര്യത്തിലൊന്നാണ് ഇഷ്ടമുള്ള വസ്ത്രമിട്ട് ഒന്ന് പുറത്തിറങ്ങി വരുകയെന്നത്. ആരെങ്കിലുമൊക്കെ കാണണമെന്ന് മാത്രമല്ല. സ്വന്തം മനഃസുഖത്തിനും കൂടി വേണ്ടിയാണത്. ഈ ലോക്ക് ഡൗൺ സമയത്ത് മറ്റു തിരക്കുകൾ ഒന്നുമില്ലാതെ അമ്മയെ കിട്ടിയിട്ടുണ്ട്. ഒന്ന് രണ്ടുടുപ്പുകൾ തയ്ച്ചും കിട്ടിയിട്ടുണ്ട്. ഇനിയിതൊക്കെയൊന്ന് കാണിക്കാൻ പെട്ടന്നൊന്നും പുറത്തിറങ്ങി പോകാൻ കാരണമില്ലാതിരിക്കുമ്പോഴാണ് വനിതേടെ "ബാൽക്കണി ഫാഷൻ" വരുന്നത്. ഇനിയിനിയിപ്പോ എന്ത് നോക്കാനാണ്. അറഞ്ചം പുറഞ്ചം നാലഞ്ചെണ്ണം എടുത്തിട്ടുണ്ട്. പുതിയ ഉടുപ്പുകളുമായിട്ട് ഞാനിനിയും വന്നേക്കാം. മടി പിടിച്ചിരിക്കണ വനിതകളൊക്കെ നമുക്കിഷ്ടപ്പെട്ട ഡ്രസ്സുകൾ ഇട്ട്, നമ്മുടെ ബാൽക്കണിയിലും വരാന്തയിലുമൊക്കെ നിന്ന് ചുമ്മാ അങ്ങ് ഫോട്ടോയെടുക്കെന്നേ. ചിലപ്പോൾ നമ്മളേയും വനിതേല് കണ്ടാലോ?

Tags:
  • Spotlight
  • Social Media Viral