Friday 27 August 2021 02:30 PM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ മൃതദേഹം മോർച്ചറിയിൽ, സങ്കടക്കടൽ നെഞ്ചിലേറ്റി പരീക്ഷയെഴുതി: അഞ്ജനയ്ക്ക് രണ്ടാം റാങ്ക്

anjana-rank

പരീക്ഷയ്ക്കുള്ള തയാറെടുപ്പിനിടെയാണ് അച്ഛന്റെ മരണവാർത്ത അഞ്ജനയെ തേടിയെത്തുന്നത്. ഇനി അച്ഛനില്ലെന്ന വിഷമം ഉള്ളിലൊതുക്കി എഴുതിയ എംജി സർവകലാശാല ബിഎസ്‌സി ബോട്ടണി പരീക്ഷയിൽ രണ്ടാം റാങ്ക് നേട്ടമാണ് അഞ്ജനയെ തേടിയെത്തിയത്. സൗദിയിലായിരുന്ന കായംകുളം പെരുങ്ങാല തെക്കേ താണുവേലിൽ മുരളിയുടെ മരണവാർത്ത ഫെബ്രുവരി രണ്ടിനാണ് നാട്ടിലറിയുന്നത്, മൂന്നാം തീയതി മുതലായിരുന്നു അ‍ഞ്ജനയുടെ പരീക്ഷ. അതുവരെയുളള തയാറെടുപ്പുകളെല്ലാം തകിടം മറിഞ്ഞെന്നു പരുമല പമ്പ ദേവസ്വം ബോർഡ് കോളജിലെ വിദ്യാർഥിയായിരുന്ന അഞ്ജന പറയുന്നു.

അഞ്ജന പരീക്ഷാഹാളിലായിരുന്ന ദിവസങ്ങളിലെല്ലാം മുരളിയുടെ മൃതദേഹം സൗദിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. താമസരേഖയുടെ കാലാവധി കഴിഞ്ഞതിനാൽ മൃതദേഹം വിട്ടുകിട്ടുന്നതിനു പണം അടയ്ക്കണമായിരുന്നു. ഒടുവിൽ മലയാളി സംഘടനകളുടെ ഇടപെടലിലാണു മൃതദേഹം വിട്ടുകിട്ടിയത്. മേയ് 28ന് മുരളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വീട് വച്ചതിന്റെ കടബാധ്യത തീർക്കാനാണ് മുരളി സൗദിയിൽ ജോലിതേടി പോയത്. കോവിഡ് വന്നതോടെ ജോലി നഷ്ടമായിരുന്നു. എൻവയൺമെന്റൽ സയൻസിൽ പിജി ചെയ്യാനാണ് അഞ്ജനയുടെ താൽപര്യം. അമ്മ സിന്ധുവും സഹോദരി സഞ്ജനയും അഞ്ജനയ്ക്കു കരുത്തായി ഒപ്പമുണ്ട്.

More