Monday 07 December 2020 05:35 PM IST

ജന്മനാ ഒരു വൃക്കമാത്രം, ആ രഹസ്യം ഒളിപ്പിച്ചു വച്ചതിനു കാരണവുമുണ്ട്; പരീക്ഷണങ്ങളോട് പൊരുതിയ അഞ്ജു ബോബി ജോര്‍ജ്; എക്‌സ്‌ക്ലൂസീവ്

Binsha Muhammed

anju-final

പോരാളിയായിരുന്നു അവര്‍...ട്രാക്കില്‍ മിന്നല്‍ പിണരുകള്‍ സൃഷ്ടിച്ച കരുത്തയായ പോരാളി. ഓര്‍ക്കാനും ഊറ്റം കൊള്ളാനും ഒരുപിടി അസുലഭ നിമിഷങ്ങല്‍ നാടിന് നല്‍ക്കിയ എക്കാലത്തേയും മികച്ച അത്‌ലിറ്റ്. അഞ്ജു ബോബി ജോര്‍ജ് കളത്തില്‍ കുറിച്ചിട്ട റെക്കോഡുകളും നേട്ടങ്ങളും മാത്രം മതി അവരെ ഓര്‍ക്കാന്‍. പക്ഷേ ടൈമറുകള്‍ക്കും ലാപ്പുകള്‍ക്കും ഇടയില്‍ രേഖപ്പെടുത്തിയ മുന്നേറ്റങ്ങള്‍  മാത്രമായിരുന്നില്ല തന്റെ പോരാട്ടം എന്ന് അഞ്ജു ഇതാ ലോകത്തോട് വിളിച്ചു പറയുകയാണ്. ഇന്ത്യയ്ക്കു വേണ്ടി വീറോടെയും വാശിയോടെയും മത്സരിക്കുമ്പോള്‍ തനിക്ക് ഒരു വൃക്ക മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന അഞ്ജുവിന്റെ ട്വീറ്റ് ആണ് കായിക ലോകത്തെ അമ്പരപ്പിക്കുന്നത്.

''നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ വളരെ കുറച്ചുപേരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചവളാണ് ഞാന്‍. വേദനസംഹാരികള്‍ പോലും എനിക്ക് അലര്‍ജിയാണ്. ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും വിജയം കരസ്ഥമാക്കി'', അഞ്ജു ബോബി ജോര്‍ജ് ട്വീറ്റ് ചെയ്യുന്നതിങ്ങനെ

ഹൃദയംതൊട്ട ആ സത്യം സോഷ്യല്‍ ലോകത്ത് തരംഗമായതും അതിവേഗം. സോഷ്യല്‍ മീഡിയയുടെ നെഞ്ചിടിപ്പും അമ്പരപ്പും ഏറ്റിയ ആ സത്യത്തിന്റെ പൊരുള്‍ തേടി അഞ്ജുവിനെ വിളിക്കുമ്പോഴും അവര്‍ പരിശീലനത്തിലായിരുന്നു. ജീവിതം തന്നെ ഇന്ത്യയുടെ കായിക മേഖലയ്ക്കായി ഉഴിഞ്ഞു വച്ച അവര്‍ ഭാവിയിലെ താരങ്ങളെ വാര്‍ത്തെടുക്കാനുള്ള കഠിന യത്‌നത്തിലായിരുന്നു. ഇടവേളയിലെപ്പോഴോ ഇത്രയും നാള്‍ മറച്ചു വച്ച സത്യത്തിന്റെ കെട്ടഴിച്ചു അഞ്ജു, വനിത ഓണ്‍ലൈന് വേണ്ടി...

ഏറെ നാള്‍ അറിഞ്ഞിരുന്നില്ല ഞാന്‍... ഒരു വൃക്കയുമായി ജീവിക്കുന്നവളാണ് ഞാനെന്ന വലിയ സത്യം. അത് തിരിച്ചറിഞ്ഞപ്പോള്‍ വലിയൊരു ഞെട്ടലായിരുന്നു.- അഞ്ജു പറഞ്ഞു തുടങ്ങുകയാണ്..

പരീക്ഷണങ്ങളെ അതിജയിച്ച് ജീവിതം

ജനിച്ചപ്പോഴേ എനിക്ക് വൃക്കയില്ലായിരുന്നു. പക്ഷേ ചെറുപ്പത്തില്‍ അത് തിരിച്ചറിഞ്ഞിരുന്നില്ല.  വിവാഹമൊക്കെ കഴിഞ്ഞ് ഇന്റര്‍ നാഷണല്‍ ലെവലില്‍ സജീവമായി  മത്സരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ അത് തിരിച്ചറിയുന്നത്. കൃത്യമായി പറഞ്ഞാല്‍ 2001ലാണ് എനിക്ക് ഒരു വൃക്കയേ ഉള്ളുവെന്ന സത്യം ഞാന്‍ തിരിച്ചറിയുന്നത് തന്നെ. ഓര്‍ക്കണം... 1977ല്‍ ജനിച്ച ഞാന്‍ 2001ല്‍ അതായത് എന്റെ 24-ാം വയസിലാണ് ശരീരത്തില്‍ അങ്ങനെയൊരു കുറവുള്ള സത്യം എനിക്കു മുന്നില്‍ വെളിപ്പെടുന്നത്.

ബോഡിയില്‍ റിക്കവറി ഭയങ്കര സ്ലോ ആയിരുന്നു. അസുഖം വന്നാല്‍ അത് കുറയാനും സാധാരണ രീതിയിലേക്ക് മടങ്ങി വരാനും നല്ല സമയമെടുക്കും. പെയിന്‍ കില്ലറുകള്‍ പോലുള്ള എന്തെങ്കിലും കഴിക്കേണ്ടി വന്നാല്‍ അലര്‍ജി വരുന്നതും പതിവായി. അത് കൈ കാലുകളില്‍ നീര്, ഛര്‍ദ്ദി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കായിരുന്നു എന്നെ കൊണ്ട് ചെന്നെത്തിച്ചിരുന്നത്. കായിക താരം ആയതു കൊണ്ടു തന്നെ ഓരോ മൂന്ന് മാസം കൂടുമ്പോഴും രക്തത്തിന്റെ അളവ്, റിക്കവറി, കായിക അധ്വാനം എന്നിവ ചെക്ക് ചെയ്യാറുണ്ട്. ഓരോ പരിശോധനയിലും എന്റെ  മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ മാറുന്നേ ഇല്ല എന്നു കണ്ടപ്പോഴാണ് വിശദ പരിശോധനയ്ക്ക് ഡോക്ടര്‍മാരെ സമീപിക്കുന്നത്. ഫുള്‍ ചെക്കപ്പ് നടത്തിയപ്പോള്‍ ഒരു കിഡ്‌നിയേ ഉള്ളൂ എന്ന് മനസിലായി. എന്റെ റിക്കവറി സ്ലോ ആകുന്നതും അതു കൊണ്ടായിരുന്നു. ശരീരത്തിലെ രക്തത്തിന്റെ പ്രവര്‍ത്തനങ്ങളിലും വ്യതിയാനങ്ങള്‍ക്ക് കാരണവും അതേ 'സിംഗിള്‍ കിഡ്‌നി ആയിരുന്നു.' 

വീറോടെ തിരിച്ചു വരവ്

അന്ന് അത് തുറന്നു പറയാന്‍ എനിക്ക് മടിയായിരുന്നു. കാരണം അഞ്ജു എന്ന് പറയുന്നത് അന്ന് നാടിനെ സംബന്ധിച്ചടത്തോളം മികച്ച അത്‌ലിറ്റാണ്, നേട്ടങ്ങള്‍ സ്വന്തമാക്കിയവളാണ്.  ആ ധാരണയും വിശ്വാസവും എന്റെ ഈ ആരോഗ്യ പ്രശ്‌നം കാരണം മാഞ്ഞു പോകരുത് എന്ന് തോന്നി. ഒരു വൃക്ക മാത്രമേ ഉള്ളൂ എന്നതിന്റെ പേരില്‍ അപകര്‍ഷതാബോധം ഒന്നും എന്നെ അലട്ടിയിരുന്നില്ല.  വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍  ഇതു പറയുന്നത്, ഞാനൊരു പക്വത വന്ന അത്‌ലിറ്റ്് ആയതു കൊണ്ടാണ്. എന്റെ ഈ അതിജീവനം പുതിയ തലമുറയ്ക്ക് പ്രചോദനം ആകട്ടേ എന്ന് കരുതിയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ആ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തുന്നത്- അഞ്ജുവിന്റെ വാക്കുകളില്‍ ചാരിതാര്‍ത്ഥ്യം.

തിരിച്ചു വരവിന്റെ നാളുകളില്‍ എനിക്ക് ഊര്‍ജമായത് എന്റെ ഭര്‍ത്താവും പരിശീലകനുമായ ബോബിയാണ്. 2003ല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നതിന് 20 ദിവസം മുമ്പ് എന്നോട് അന്ന് ജര്‍മ്മന്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് എനിക്ക് 'അക്യൂട്ട് ഫാറ്റിഗ്' അതായത് അമിതമായ ക്ഷീണവും തളര്‍ച്ചയും ഉണ്ടെന്നാണ്. ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. 6 മാസം ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് അവര്‍ വിധിയെഴുതിയത്. പക്ഷേ വെറും 20 ദിവസം കൊണ്ട് ബോബി എന്നെ പരിശീലിപ്പിച്ചു, വേള്‍ഡ്ചാമ്പ്യന്‍ഷിപ്പ് മെഡലും നേടിത്തന്നു. വീണ്ടും പറയട്ടേ... അന്നും അത് സംഭവിച്ചതും എന്റെ റിക്കവറി പ്രോബ്ലം ഉള്ളതുകൊണ്ടാണ്. അമിതമായി വര്‍ക്ഔട്ട് ചെയ്യുമ്പോഴും പരിശീലിക്കുമ്പോഴും എന്നെ ഫാറ്റിഗ് പ്രശ്‌നം അലട്ടിയിരുന്നു. പ്രത്യേകിച്ച ചികിത്സയൊന്നും എടുത്തിരുന്നില്ല. സ്‌ട്രെസ് അവോയ്ഡ് ചെയ്തും, ട്രെയിനിങ് ചെയ്തുമൊക്കെയാണ് ഞാനെന്റെ പരിമിതികളോട് പോരാടിയത്.- അഞ്ജു പറഞ്ഞു നിര്‍ത്തി.