Monday 13 April 2020 11:36 AM IST

‘പേടിച്ച് എല്ലാം വിട്ടു പോകുന്ന എന്നെ കാന്‍സര്‍ പിടികൂടില്ലെന്ന് എന്തുറപ്പാണ് ? ബ്ലഡ് കാന്‍സര്‍ പിടികൂടിയ ആ മനുഷ്യന്‍ ആ സത്യം അടിവരയിട്ടു പറഞ്ഞപ്പോള്‍...’! രോഗത്തെ തോൽപ്പിച്ച പ്രണയത്തിന്റെ കഥ

Binsha Muhammed

anju-1

മനസിലൊളിപ്പിച്ച ഇഷ്ടം മറയില്ലാതെ അവനോടു പറഞ്ഞതാണ്. പക്ഷേ ഫോണിന്റെ മറുതലയ്ക്കല്‍ നിന്നുള്ള മറുപടിയില്‍ മരവിച്ചു പോയി ഡോ. അഞ്ജു. 'എനിക്ക് കാന്‍സറാണ്... ബ്ലഡ് കാന്‍സര്‍, ഇനിയും എന്നോട് ഇഷ്ടം കൂടാന്‍ ഭാവമുണ്ടോ?' എന്ന് വിനോദിന്റെ മറുചോദ്യം. അകലെ നിന്ന് പ്രണയിച്ചപ്പോള്‍ അടുത്തറിഞ്ഞിരുന്നില്ല അങ്ങനയൊരു വേദനയേയും കാന്‍സറെന്ന അപ്രതീക്ഷിത അതിഥിയേയും. കാത്തു കാത്തിരുന്ന് പറഞ്ഞ ഇഷ്ടത്തിനു നടുവില്‍ ഇങ്ങനെയൊരു ട്വിസ്റ്റും പ്രതീക്ഷിച്ചില്ല. പ്രണയത്തിന്റെ പൂച്ചെണ്ടുകള്‍ നീട്ടിയവള്‍ക്കു നടുവിലേക്ക് കാന്‍സര്‍ അങ്ങനെ നെഞ്ചും വിരിച്ച് നില്‍പ്പാണ്. അന്നുവരെ സ്വരുക്കൂട്ടി വച്ച ഇഷ്ടം പോലും ഒരു പക്ഷേ ഉരുകിയൊലിച്ചു പോയേക്കാം. കാന്‍സറെന്നാല്‍ മരണമെന്നുറപ്പിക്കുന്ന ആരും, അതിപ്പോള്‍ എത്ര വലിയ കാല്‍പ്പനികനായാലും പിന്നെ ആ വഴി പോലും വന്നെന്നിരിക്കില്ല. എന്നാല്‍ ജീവിതത്തിന് തന്നെ ട്വിസ്റ്റ് കൊടുത്ത കാന്‍സറിന് തിരിച്ചൊരു ട്വിസ്റ്റ് കൊടുത്തു അഞ്ജു. ഒരു കാന്‍സറിനും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് മടിച്ചു നിന്ന വിനോദില്‍ നിന്നും വാശിയോടെ പിടിച്ചു വാങ്ങി ആ പ്രണയം. തേപ്പുകളും സ്വാര്‍ത്ഥതയും മാത്രം കണ്ടിട്ടുള്ള ടിപ്പിക്കല്‍ പ്രണയകഥകളുടെ സ്ഥാനത്ത് വികാരങ്ങളെ ഒരു സൈഡാക്കി നിര്‍ത്തി ഒരു ഡോക്ടര്‍ വിവേകത്തോടെ എടുത്ത തീരുമാനം. എന്നാലും മോളേ ഇതെങ്ങനെ ശരിയാകും എന്ന് ചോദിച്ച കാന്‍ന്നോമ്മാരും ജീവിതം വച്ച് കളിക്കരുതെന്ന് പറഞ്ഞ ഉപദേശ കമ്മിറ്റിക്കാരും എല്ലാത്തിനുമുപരി കാന്‍സറും പരാജയപ്പെട്ടിടത്ത് അങ്ങനെ ആ പ്രണയകഥ പൂത്തു തളിര്‍ത്തു. വിപ്ലവകരമായ ആ പ്രണയം രണ്ടാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ആ പ്രണയവല്ലരിയിലെ പൂവായി മറ്റൊരാള്‍ കൂടിയുണ്ട്, തുമ്പിയെന്ന് അഞ്ജുവും വിനോദും വിളിക്കുന്ന അഥിലിയെന്ന കുഞ്ഞാവ. കാന്‍സറിനെ കണ്ടംവഴിയോടിച്ച പ്രണയകഥയുടെ ഫഌഷ്ബാക്ക് വനിത ഓണ്‍ലൈനോടു പറയുമ്പോള്‍ വിനോദിനോട് ഇഷ്ടം പറയുമ്പോഴുള്ള അതേ നെഞ്ചിടിപ്പായിരുന്നു അഞ്ജുവിന്...

പ്രണയം പൂവിട്ട നിമിഷം

പ്രണയിക്കുന്ന രണ്ട് മനസുകള്‍ക്കു നടുവില്‍ ബന്ധുക്കളും ബാധ്യതകളും പരാധീനതകളും ഒക്കെ വരുന്നത് സിനിമാറ്റിക് കാഴ്ചയാണ്. പക്ഷേ എന്റെ പ്രണയത്തിനു നടുവില്‍ വില്ലന്റെ റോളിലെത്തിയത് കാന്‍സറാണ്. അവിടെ സിനിമയിലേതു പോലെ ആക്്ഷനും കട്ടും ഇല്ല. റീടേക്കുകളും ഇല്ല. ആ വലിയ സത്യം എന്നെ പിന്തിരിപ്പിക്കാന്‍ നോക്കി... ഒഴിവാക്കാന്‍ ആവുന്നതും ശ്രമിച്ചു. പക്ഷേ അതു കേട്ട് ഞാന്‍ പിന്തിരിഞ്ഞുപോയിരുന്നെങ്കില്‍ അതെന്റെ മനസാക്ഷിയോട് ചെയ്യുന്ന വലിയ ചതി ആയിരുന്നേനെ- ഒരു നെടുവീര്‍പ്പോടെ അഞ്ജു പറയുകയാണ്, ആ പ്രണയകഥയുടെ ഫഌഷ് ബാക്ക്.

2016ലാണ് കഥ തുടങ്ങുന്നത്, അന്ന് വിനോദ് പുനലൂരിലെ യമഹ ഷോറൂമില്‍ വര്‍ക് ചെയ്യുകയാണ്. കാന്‍സര്‍ തന്നെയും പിടിമുറുക്കിയെന്ന് അറിഞ്ഞ് നിസഹായനായി നിന്നൊരു ചെറുപ്പക്കാരന്‍. അവന് സുരക്ഷിതമായൊരു ജോലി നല്‍കിയത് സുഹൃത്ത് ജോമോന്‍. ബുദ്ധിമുട്ടുകളും വിനോദിന്റെ പരിമിതികളും തിരിച്ചറിഞ്ഞ് തന്നെ അവര്‍ ജോലി നല്‍കി. ട്വിസ്റ്റ് എന്തെന്നാല്‍ ഇപ്പറഞ്ഞ കഥയിലെ ജോമോന്‍ എന്റെയും സുഹൃത്തായിരുന്നു. ഷോറൂമിലേക്ക് എത്തിയപ്പോള്‍ ജോമോന്‍ മുഖാന്തിരം വിനോദിനെ ഞാനും പരിചയപ്പെട്ടു. പിന്നീടും കണ്ടു പലവട്ടം, പലയിടത്തു വച്ച്. പരിചയം സൗഹൃദമായി. സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം പുതുക്കി. ഈ സൗഹൃദത്തിനു നടുവിലെ പാലമായത് സോഷ്യല്‍ മീഡിയയെക്കാളും ജോമോനായിരുന്നു എന്നതാണ് സത്യം. പുള്ളിക്കാരനെ കുറിച്ച് ജോമോന്‍ പറയുമ്പോള്‍ ഉള്ളില്‍ ഇഷ്ടം മുളപൊട്ടുകയായികുന്നു. പക്ഷേ അപ്പോഴും കാന്‍സര്‍ കഥയിലെഅദൃശ്യ സാന്നിദ്ധ്യമായി തന്നെ നില്‍പ്പുണ്ടായിരുന്നു. ഇതൊന്നും അറിയാതെ ഇഷ്ടം മനസിലൊളിപ്പിച്ച് എന്റെ ദിനങ്ങള്‍ കടന്നു പോയി. പുള്ളിക്കാരനെ ഞാന്‍ ഇഷ്ടപ്പെട്ട നാളുകള്‍...

വേദനിപ്പിച്ച ആ രഹസ്യം

മനസില്‍ കൊണ്ടുനടന്ന ഇഷ്ടം ഫോണിലൂടെയാണ് വിനോദിനെ അറിയിച്ചത്. എല്ലാം കേട്ടിരുന്നിട്ടും മറുപടി മാത്രം വന്നില്ല. വീണ്ടും ചോദിക്കുമ്പോള്‍ ഒരു രഹസ്യം പറയാനുണ്ട് എന്ന് മാത്രം പറഞ്ഞു. എനിക്കും വിനോദിനും ഇടയില്‍ കാന്‍സറുണ്ടെന്ന രഹസ്യം വേദനയോടെയാണ് ആ മനുഷ്യന്‍ പറഞ്ഞത്. എന്നെ ഒഴിവാക്കാനായിരിക്കും ആ കാന്‍സര്‍ കഥ എന്നാണ് കരുതിയത്. ബ്ലഡ് കാന്‍സര്‍ പിടികൂടിയ ആ മനുഷ്യന്‍ എല്ലാ തമാശയും മാറ്റിവച്ച് ആ സത്യം അടിവരയിട്ടു പറഞ്ഞപ്പോള്‍ ഞാന്‍ നിന്ന നില്‍പ്പില്‍ മരവിച്ചു പോയി. എ.എല്‍എല്‍ എന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന കാന്‍സര്‍ രോഗത്തിനുടമയാണ് ഞാന്‍ പ്രണയിക്കുന്നയാള്‍ എന്ന വലിയ സത്യം. പിടിവിട്ടു പോയി ഞാന്‍, ലോകം കീഴ്‌മേല്‍ മറിയുന്ന പ്രതീതിയായിരുന്നു എനിക്ക്.

anj2

തോറ്റുപോയത് കാന്‍സര്‍

മനസിലുറപ്പിച്ച് ഇഷ്ടം വഴിയിലുപേക്ഷിച്ചു പോകണോ എന്ന് മനസാക്ഷി ചോദിക്കുകയാണ്. മറുവശത്ത് രോഗത്തിന്റെ പേരില്‍ വിനോദ് എന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ മനസാക്ഷിയെ വഞ്ചിക്കാന്‍ മാത്രം എനിക്ക് കഴിഞ്ഞില്ല. കാന്‍സര്‍ വന്നവര്‍ വിവാഹം കഴിക്കില്ലേ എന്ന് തിരിച്ച് ചോദിച്ചു. അപ്പോഴും വിനോദ് ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. പക്ഷേ ഞാന്‍ വിട്ടില്ല. എന്തു വന്നാലും കാന്‍സറിനു മുന്നില്‍ പ്രണയം അടിയറവ് വയ്ക്കില്ലെന്ന് ഉറച്ചു നിന്നു. ആ തീരുമാനം ഞങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കമായി. എന്റെ ജീവിതം നശിപ്പിക്കാന്‍ വയ്യെന്നായിരുന്നു വിനോദിന്റെ തീരുമാനം. പക്ഷേ അത് എന്നെ കൂടുതല്‍ ആ മനസിലേക്ക് അടുപ്പിച്ചതേ ഉള്ളൂ. പേടിച്ച് എല്ലാം വിട്ടു പോകുന്ന എന്നെ കാന്‍സര്‍ പിടികൂടില്ലെന്ന് എന്തുറപ്പാണ്. നാളെ ഞാന്‍ മറ്റൊരു പുരുഷന് കഴുത്തി നീട്ടിക്കൊടുത്താല്‍ അദ്ദേഹത്തിന് കാന്‍സര്‍ വരില്ലെന്ന് ആരു കണ്ടു. അതോര്‍ത്ത് ഞാന്‍ ഉരുകി ഉരുകി തീരണോ? വിട്ടുകൊടുത്തില്ല ഞാന്‍, എനിക്കൊരു ജീവിതമുണ്ടെങ്കില്‍ വിനോദിനൊപ്പമായിരിക്കും എന്നുറപ്പിച്ചു. ഒരിക്കലും വിട്ടുപോകില്ലെന്ന് ആ മനുഷ്യന് ഉറപ്പ് നല്‍കി. എന്റെ ഇഷ്ടം സ്വീകരിച്ച നിമിഷം മറ്റൊന്നു കൂടി ഞാന്‍ ഉറപ്പു നല്‍കി. നമ്മുടെ കഥയിലെ വില്ലനായി കാന്‍സറിനെ നമ്മള്‍ കീഴടക്കും.അങ്ങനെ അടക്കം പറഞ്ഞവരേയും ഉപദേശിച്ചവരേയും എല്ലാം അങ്ങോട്ട് സൈഡാക്കി. 2018 ഏപ്രില്‍ 8ന് ശുഭമുഹൂര്‍ത്തത്തില്‍ വീട്ടുകാരുടെ ആശീര്‍വാദത്തോടെ ഞാന്‍ വിനോദിന്റെ പെണ്ണായി...

ഞങ്ങളുടെ തുമ്പി

ജീവിതത്തിലെ സുന്ദരമായ തീരുമാനത്തിന് രണ്ടു സംവത്സരങ്ങള്‍ ആകുമ്പോള്‍ ഇന്ന് എനിക്കും വിനോദിനും ഇടയില്‍ കാന്‍സറില്ല. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയും സ്‌നേഹവും ഒന്നുകൊണ്ട് മാത്രം കാന്‍സറിന്റെ വേരുകള്‍ ആ ശരീരത്തില്‍ നിന്നും മാഞ്ഞു പോയിരിക്കുന്നു. 6 മാസം കൂടുമ്പോള്‍ ആര്‍സിസിയില്‍ നടക്കുന്ന ചെക്കപ്പ് മാത്രമാണ് അങ്ങനെയൊരു അതിഥി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നത്.

അനുഭവിച്ച വേദനകള്‍ക്ക് പകരമായി ദൈവം ഞങ്ങള്‍ക്ക് തന്നത് ഒരു തുമ്പിയെയാണ്. ഞങ്ങളുടെ സ്വന്തം അഥിലി മോള്‍. ഒരു പെണ്‍കുഞ്ഞിനായി കൊതിച്ചത് വിനോദാണ്. ഗര്‍ഭം ധരിച്ചപാടെ അവളെ തുമ്പിയെന്ന് വിളിച്ചു. ഭൂമിയിലേക്ക് വന്നിട്ടു പോലുമില്ലാത്ത അവളെ കൊഞ്ചിച്ചു. ഒടുവില്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഒരു പെണ്‍കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞ നിമിഷം കണ്ണു നിറഞ്ഞു പോയി. വിനോദ് ആഗ്രഹിച്ച പോലൊരു സുന്ദരി പെണ്‍കുഞ്ഞ്. അവള്‍ക്കു വേണ്ടിയാണ് ഞങ്ങളുടെ ജീവിതം. വേദനകള്‍ താണ്ടി മുന്നേറിയ ഈ നിമിഷത്തില്‍ വിനോദ് എച്ച്ഡിഎഫസി ബാങ്കില്‍ ഉദ്യോഗസ്ഥനാണ്. ഞാന്‍ പുത്തൂര്‍ ശ്രീനാരായണ ആയൂര്‍വേദ ആശുപത്രിയില്‍ ഫിസിഷ്യനും.- അഞ്ജു പറഞ്ഞു നിര്‍ത്തി.