Saturday 13 April 2019 01:05 PM IST : By സ്വന്തം ലേഖകൻ

സിവിൽ സർവീസ് നേടാൻ സോഷ്യൽ മീഡിയക്ക് അവധി കൊടുത്തത് രണ്ട് വർഷം; ക്ലൈമാക്സിൽ അങ്കിതയുടെ വിജയഗാഥ

ankita

സോഷ്യൽ മീഡിയയിൽ ഉറങ്ങിയെഴുന്നേൽക്കുന്ന പുതിതലമുറയ്ക്ക് മാതൃകയാക്കാൻ ഇതാ ഒരു പേര്. അങ്കിത ചൗധരി, ഹരിയാനയിലെ റോതക് ചൗധരി. സിവിൽ സർവ്വീസ് സ്വപ്നമായി ഹൃദയത്തിൽ കൂടുകൂട്ടിയപ്പോൾ അങ്കിത ആ കടുത്ത തീരുമാനമെടുത്തു. സോഷ്യൽ മീഡിയക്ക് കണ്ണുംപൂട്ടി ഗുഡ്ബൈ പറഞ്ഞു. ഫലമോ?, സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 14-ാം റാങ്ക് ഈ മിടുക്കി സ്വന്തം പേരിലെഴുതി.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനായി അങ്കിത രണ്ടു വര്‍ഷമാണ് സോഷ്യല്‍ മീഡിയക്ക് അവധി കൊടുത്തത്. ഫെയ്ബുക്കും വാട്ട്സാപ്പും ഇന്‍സ്റ്റാഗ്രാമുമൊക്കെ ഒരു സൈഡിലേക്ക് നീക്കി വെച്ചാണ് ഈ തിളക്കമാര്‍ന്ന വിജയം അങ്കിത നേടിയത്. റോതക്കിലെ ഇന്‍ഡസ് പബ്ലിക് സ്‌കൂള്‍, ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജ്, ഐഐടി ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു അങ്കിതയുടെ പഠനം. രണ്ടാം വട്ട പരിശ്രമത്തിനൊടുവിലാണ് അങ്കിത ഈ നേട്ടം കൈവരിക്കുന്നത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അങ്കിതയെന്നു പിതാവും പറയുന്നു.

പുസ്തക വായനയും ഡിസ്‌കവറി ചാനല്‍ കാണലുമാണ് അങ്കിതയുടെ ഇഷ്ട വിനോദങ്ങള്‍. റോതക്കിലെ ഒരു പഞ്ചസാര മില്ലില്‍ അക്കൗണ്ടന്റ് ആണ് അങ്കിതയുടെ പിതാവ് സത്യവാന്‍. അമ്മ നാലു വര്‍ഷം മുന്‍പു വാഹനാപകടത്തില്‍ മരണപ്പെട്ടു.