Friday 01 October 2021 03:40 PM IST

‘ഏഴാം ക്ലാസ്സ് വരെ പഠിച്ച അമ്മയിൽ നിന്നു കിട്ടിയ അറിവാണ് കൂടുതൽ’; പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ആൻമരിയ, തിളക്കമാർന്ന വിജയകഥ

Tency Jacob

Sub Editor

_REE7762 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പരിമിതികളും പ്രതിസന്ധികളും പ്രശ്നമായിരുന്നില്ല ആൻമരിയയ്ക്ക്. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ തിളക്കമാർന്ന വിജയകഥ

ഒച്ചകളുയരാത്ത ആ വീട് ആഘോഷത്തിമിർപ്പിലാണ്. അവിടുത്തെ ചെല്ലക്കുട്ടി പ്ലസ്ടു (കംപ്യൂട്ടർ സയൻസ്) പരീക്ഷയ്ക്ക് ആയിരത്തിഇരുന്നൂറിൽ മുഴുവൻ മാർക്കും വാങ്ങി വിജയിച്ചിരിക്കുന്നു.നിശബ്ദതയുടെ കനത്തിലും പ്രതിസന്ധികളുടെ വെയിലിലും പതറാത്ത വിജയം. അപ്പച്ചനും അമ്മയും ചേട്ടനും ആൻമരിയയെ കുറിച്ചു പറയുന്നതു കേൾക്കാനായി പെയ്ത്തു നിര്‍ത്തി മഴയും കാതോർത്തു നിൽക്കുന്നുണ്ട്.

തൃശൂർ അന്നമനടയ്ക്കടുത്ത് വൈന്തല കൂടാരംപിള്ളിൽ വീട്ടിലെ ഗൃഹനാഥൻ ക്രിസ്റ്റീനും അമ്മ ടെസ്സിയും മക്കൾ അതുലും ആൻമരിയയും ഭിന്നശേഷിക്കാരാണ്. നാ ലു പേർക്കും കേൾക്കാനോ സംസാരിക്കാനോ കഴിയില്ല. ബധിരമൂകർക്കുള്ള ഐടിസിയിൽ ഇരുപതു വർഷം അ ധ്യാപകനായി ജോലി ചെയ്ത ജോയ് ഇടശ്ശേരിയും ആൻമരിയയുടെ വീടിനടുത്തുള്ള ജിസ്ന സനിലുമാണ് വനിതയ്ക്കു വേണ്ടി വിവർത്തകരായത്.

അമ്മ: വെളിച്ചം പകരുന്ന വിളക്ക്

മക്കൾ രണ്ടുപേരുടേയും പരീക്ഷാക്കാലത്ത് അമ്മ, ഒരു കുഞ്ഞു കെടാവിളക്ക് ദൈവത്തിനു മുൻപിൽ കത്തിച്ചു വയ്ക്കും. പ്രാരബ്ധങ്ങൾക്കിടയിൽ നിന്നു കരുതി വച്ച പത്തുരൂപാ നോട്ടുകൾ കൊണ്ട് കാശുമാലയുണ്ടാക്കി ഈശോയുടെ കഴുത്തിൽ ചാർത്തും. ഒരു അൻപതു രൂപ നോട്ട് ഇടയിൽ കോർക്കണമെന്നു അമ്മയ്ക്ക് ആശ           യുണ്ടാകാറുണ്ട്. ‘ഒരിക്കലും കഴിയാറില്ല’ എന്ന് ആ അമ്മ കൈമലർത്തി. ദൈവാനുഗ്രഹം കൊണ്ടു കൂടിയാണ് മക ൾക്ക് ഇത്രയും മാർക്ക് കിട്ടിയതെന്ന ഉറച്ച വിശ്വാസത്തിൽ ഇരുകൈകളും മുകളിലേക്കുയർത്തി അമ്മ നന്ദി പറഞ്ഞുകൊണ്ടേയിരുന്നു.

ആൻമരിയയുടെ അമ്മ ടെസ്സി ത‍ൃശൂരിലെ മഠം വക സ്കൂളിൽ ഏഴാം ക്ലാസു വരെ പഠിച്ചിട്ടുണ്ട്. ടീച്ചർമാർ പഠിപ്പിക്കുന്നതൊന്നും കേൾക്കാൻ പറ്റാത്തതുകൊണ്ട് പഠനം അവസാനിപ്പിച്ച് തയ്യൽ പഠിക്കാൻ ചേർന്നു. മൂന്നു കൊല്ലക്കാലം ജോലി ചെയ്തിട്ടും കാര്യമായൊന്നും കിട്ടാതായപ്പോൾ വീട്ടിലേക്കു പോന്നു. ടെസ്സിയുടെ ഏഴു സഹോദരങ്ങളിൽ മൂന്നു സഹോദരികൾ ബധിരരും മൂകരുമാണ്.

പിന്നീട്, പതിന്നാലു വർഷത്തോളം വസ്ത്രനിർമാണശാലയിൽ ജോലി ചെയ്തു. ഭാരമുള്ള നൂൽ മെഷീൻ കൈകൊണ്ടു കറക്കുന്ന ജോലിയായിരുന്നു. നട്ടെല്ലിനു പ്രശ്നവും  കൈവേദനയും സഹിക്കാനാകാതെ അതു നിർത്തി. വീട്ടിൽ വന്നു നിൽക്കുമ്പോഴാണ് വിവാഹിതയാകുന്നത്.

ആൻമരിയ:‘‘അമ്മയ്ക്ക് ഇടയ്ക്കു വല്ലതും തയ്ക്കാൻ കിട്ടും. പിന്നെ, അടുത്ത വീട്ടിൽ ചെറിയൊരു ജോലിക്കു പോകുന്നുണ്ട്. അതിൽനിന്നു കിട്ടുന്ന തുച്ഛ വരുമാനവും ഭിന്നശേഷി വിഭാഗത്തിലായി കിട്ടുന്ന നാലു പേരുടെ പെൻഷനുമാണ് വീടിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. പെൻഷൻ തുകയേക്കാൾ കൂടുതൽ ചെലവാകും  ഞങ്ങളുടെ ഇനിയുള്ള പഠനത്തിന്.എന്തു ചെയ്യുമെന്നറിയില്ല.’’

അപ്പച്ചൻ: നിലാവു തൂകും വാത്സല്യം

എറണാകുളം തൃപ്പൂണിത്തുറക്കാരൻ ക്രിസ്റ്റീനോടു നാട്ടിലുള്ള അധ്യാപകനാണ് തൃശൂർ കാടുകുറ്റിയിലുള്ള ടെസ്സിയെ കുറിച്ചു പറയുന്നത്. ആംഗ്യഭാഷ ഉപയോഗിക്കുന്നവർക്ക് അതറിയുന്ന പങ്കാളിയെ കിട്ടുന്നത് സന്തോഷമാണ്. ക്രിസ്റ്റീന്റെ വീട്ടിൽ ആർക്കും ശാരീരിക പരിമിതികൾ ഇല്ല.

_REE7659

നാലാം ക്ലാസ്സ് പഠനത്തിനു ശേഷം മുതിർന്നപ്പോൾ തയ്യൽ പഠിച്ചെടുത്തിരുന്നു. വിവാഹം കഴിഞ്ഞു രണ്ടുപേർക്കും വീടുകളിൽ നിന്നു ഭാഗം കിട്ടിയ തുകകൊണ്ടു വൈന്തല പാളയംപറമ്പിൽ ചെറിയ വീടു വാങ്ങി.അത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായപ്പോൾ ലൈഫ് മിഷൻ പദ്ധതി പ്രകാരം പുതുക്കിയെടുക്കാൻ പറ്റി. ലോട്ടറിക്കച്ചവടമായിരുന്നു ചെയ്തിരുന്നത്. പക്ഷേ, ഭാഗ്യം വിൽക്കുന്ന ജോലി ഒരിക്കലും ആ കുടുംബത്തിനു തുണയായില്ല. കൊറോണ വന്നതോടെ ജോലി ചെയ്യാൻ കഴിയാതെയായി. തയ്യൽക്കടയിൽ ജോലി പറഞ്ഞുവച്ചിരുന്നു. പക്ഷേ, കോവിഡ് കാരണം പോകാൻ കഴിയുന്നില്ല.

നടകൾ കയറി വരുമ്പോഴിട്ടിരിക്കുന്ന, വെട്ടുതുണിക്കഷണങ്ങൾ കൊണ്ടുണ്ടാക്കിയ ചവിട്ടിയുടെ ഭംഗി ആസ്വദിച്ച് അപ്പച്ചൻ അഭിമാനത്തോടെ നെഞ്ചിൽ തട്ടി, ‘ഞാനുണ്ടാക്കിയതാണെന്നു’ ആംഗ്യം കാണിച്ചു. അതിനെ വെല്ലാൻ അമ്മയുണ്ടാക്കിയ ചവിട്ടിയും കാണിച്ചു തന്നു. ഹൃദയാകൃതിയിൽ അതിമനോഹരമായ ഒന്ന്.

ആൻമരിയ: ‘‘ശബ്ദം കേൾക്കാത്തതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പലതാണ്. ഒരു ദിവസം അപ്പച്ചൻ തൃപ്പൂണിത്തുറയിലെ സ്വന്തം വീട്ടിലേക്കു പോയി. പിറ്റേന്നു വരാമെന്നു പറഞ്ഞായിരുന്നു പോയത്. അമ്മ രാത്രിയായപ്പോൾ കതകടച്ചു കിടന്നു. പക്ഷേ, അപ്പച്ചന് അന്നു തന്നെ തിരിച്ചു വരേണ്ടി വന്നു. ആ രാത്രി വീടിനു ചുറ്റും നടന്നു ജനലുകളും വാതിലുമൊക്കെ തട്ടിനോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ,സൈക്കിളെടുത്ത് മറ്റൊരിടത്തു പോയി കിടന്നു പിറ്റേന്നാണ് വന്നത്.’’

ചേട്ടൻ: ഒപ്പമുള്ള കരുത്ത്

അതുൽ ഉണ്ടായി ഒരു വയസ്സു കഴിഞ്ഞപ്പോൾ, സംശയം തോന്നിയ ബന്ധുക്കളാണ് കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ പറയുന്നത്. അപ്പോഴാണ് കുഞ്ഞിനും കേൾവിക്ക് പ്രശ്നമുണ്ടെന്ന് മനസ്സിലാവുന്നത്. ആന്‍മരിയ ഉണ്ടായപ്പോൾ ആരും പറയാൻ കാത്തുനിൽക്കാതെ ഡോക്ടറെ കാണിച്ചു. അവൾക്കും അതേ പ്രശ്നങ്ങൾ.

അതുൽ ചെറിയ കുട്ടിയായിരുന്നപ്പോഴേ കോക്ലിയർ ഇംപ്ലാന്റ് ചെയ്താൽ മാറ്റം വരുമെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. പക്ഷേ, അതിനുള്ള സാമ്പത്തികശേഷി അന്ന് കുടുംബത്തിന് ഉണ്ടായിരുന്നില്ല. കുഞ്ഞായിരിക്കുമ്പോഴേ നിറയെ സംസാരിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ സംസാരശേഷി കിട്ടുമായിരുന്നു. ഇപ്പോൾ ‍‍‍‌‌‌തിരുവനന്തപുരം നിഷിൽ, ബിഎസ് സി കമ്പ്യൂട്ടർ സയൻസ് പഠിക്കുകയാണ് അതുൽ.

ആൻമരിയ: ‘‘ഒരു എയർഹോസ്റ്റസാകണമെന്നാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. വീട്ടിൽ പൈസയില്ലാത്തതു കൊണ്ടു ആ ആഗ്രഹം പറയാൻ പോലും മടിയാണ്.  വിദേശത്തൊക്കെ എന്നെപ്പോലുള്ളവർ ഈ ജോലിചെയ്യുന്നത് യുട്യൂബിൽ കാണാറുണ്ട്.’’

‘‘പഠിച്ചു ജോലി ചെയ്തു കിട്ടുന്ന പൈസ കൊണ്ടു ഞാൻ അവളെ എയർഹോസ്റ്റസ് ആകാന്‍ അയയ്ക്കും.’’ചേട്ടൻ നെഞ്ചിൽത്തട്ടി ആൻമരിയയ്ക്ക് ഉറപ്പു കൊടുക്കുന്നു.

ആൻമരിയ: നിശബ്ദ സ്വപ്നങ്ങളുള്ളവൾ

‌ഈ വീട്ടിൽ ഓരോരുത്തരേയും സൂചിപ്പിക്കാൻ ഓരോ അടയാളങ്ങളുണ്ട്. വലതുകാതിന്റെ തട്ടയിൽ വലതു കയ്യിന്റെ ചൂണ്ടുവിരലും നടുവിരലും കൊണ്ടു തട്ടി കാണിച്ചാൽ അ മ്മ എന്നാണ് അർഥം. അച്ഛനു കഷണ്ടിയുള്ളതു കൊണ്ട് തള്ളവിരലും ചൂണ്ടുവിരലും കൊണ്ടു നെറ്റിയുടെ ഭാഗം അളന്നു കാണിക്കുന്ന ആംഗ്യമാണ് ഉപയോഗിക്കുന്നത്. വലതു നെറ്റിയുടെ മുകളിൽ ചൂണ്ടുവിരൽ കൊണ്ടു കുഞ്ഞിപ്പുഴു പുളയുന്ന പോലെ കാണിച്ചാൽ ചേട്ടൻ അതുലാണ്. ചൂണ്ടുവിരലും നടുവിരലും കൊണ്ടു താടിയിൽ തട്ടി കാണിച്ചാൽ ആൻമരിയയായി. ആൻമരിയ എല്ലാവരേയും കാണിച്ചു തന്നതും പൊട്ടിച്ചിരികളുയർന്നു.

ആൻമരിയ: ‘‘ഞാനും ചേട്ടനും പഠിക്കണമെന്നത് അമ്മയുടെ ഉറച്ച തീരുമാനമായിരുന്നു. നാലു വയസ്സിൽ ഞങ്ങളെ കാലടി മാണിക്യമംഗലം സെന്റ് ക്ലയർ ഓറൽ ഹയർ സെക്കൻഡറി  സ്കൂളിൽ  ചേർത്തു. സൈൻ ലാംഗ്വേജിലാണ് അവിടുത്തെ പഠനം. പത്താം ക്ലാസു വരെ മലയാളം മീഡിയമായിരുന്നു. പ്ലസ് വണ്ണായപ്പോൾ ഇംഗ്ലിഷിലേക്കു മാറി.

അവധിക്കാലം കഴിഞ്ഞു ബോർഡിങ്ങിലേക്ക് തിരികെ ആക്കി അമ്മയും അപ്പച്ചനും പിൻതിരിഞ്ഞു നടക്കുമ്പോഴൊക്കെ ഞാൻ കരയും. അമ്മ അതു മുൻകൂട്ടി കണ്ടു വളയും മാലയും മിഠായിയുമൊക്കെ കരുതി വച്ചിട്ടുണ്ടാകും.സമ്മാനങ്ങൾ തരുമ്പോൾ സന്തോഷമാകും. എന്നാലും അമ്മച്ചിയും അപ്പച്ചനും പോയ്ക്കഴിയുമ്പോൾ സങ്കടം പിന്നേയും വന്നു കൂട്ടുകൂടും. അവിടുത്തെ സിസ്േറ്റഴ്സിനു ഞങ്ങളുടെ പഠന കാര്യങ്ങളിൽ നല്ല ശ്രദ്ധയായിരുന്നു. പഠനത്തിൽ രസം കണ്ടെത്തിയതിനു ശേഷം വീട്ടിൽ വന്നു പോകുമ്പോൾ‌ കരച്ചിലുകളില്ലാതെയായി.’’

കൊറോണ കാരണം സ്കൂളടച്ചപ്പോൾ ആൻമരിയ വീട്ടിലേക്കു പോന്നു. ചേട്ടൻ അതുലും വീട്ടിലെത്തി. പിന്നെ, അമ്മ ഉപയോഗിക്കുന്ന പഴയ ഫോണിലായിരുന്നു ആൻ മരിയയുടെയും ചേട്ടന്റെയും ക്ലാസ്മുറി.

‘‘ക്ലാസുകൾ അറ്റൻഡു ചെയ്യാൻ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നാലും പഠനത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. രാവിലെ ആറുമണി മുതൽ രാത്രി പതിനൊന്നു മണി വരെയുള്ള സമയത്തിനു ടൈംടേബിളുണ്ടാക്കി കൃത്യമായി പഠിച്ചു. ഇടവേളകളിൽ വരയും ക്രാഫ്ര്റ്റു വർക്കും ചെയ്യും.

കണക്കാണ് ഇഷ്ട വിഷയം. ചെറിയ ക്ലാസു തുടങ്ങി അധ്യാപകർ പഠിപ്പിക്കുന്നത് മനസ്സിലായില്ലെങ്കിൽ ഓർത്തു വച്ച് വീട്ടിൽ വരുമ്പോൾ അമ്മയോടു ചോദിക്കും.അമ്മയുടെ അടുത്തു നിന്നു കിട്ടിയ അറിവാണ് കൂടുതൽ.സ്കൂളിൽ നിന്നു സിസ്റ്റർമാരാണ് വിജയവാർത്ത വിളിച്ചു പറഞ്ഞത്.’’ചേട്ടനൊപ്പം ബിഎസ്‌സി കംപ്യൂട്ടർ സയൻസിനു ചേരണമെന്നാണ് ആൻമരിയയുടെ തീരുമാനം. ക്യാംപസ് പ്ലേസ്മെന്റ് ഉള്ളതുകൊണ്ടു പഠനം കഴിയുമ്പോൾ തന്നെ ജോലി കിട്ടുമെന്നാണ് രണ്ടുപേരുടേയും പ്രതീക്ഷ.

സംസാരിക്കാൻ കഴിയാത്തതിൽ തെല്ലും സങ്കടമില്ല ആൻമരിയയ്ക്ക്.‘അതു ദൈവം വിചാരിച്ചതാണ്.’ആംഗ്യഭാഷ ഉപയോഗിക്കുന്നതിൽ തെല്ലു അഭിമാനവുമുണ്ട്.‘ഗ്ലോബൽ ലാംഗ്വേജല്ലേ. ഭാഷയറിയില്ലെന്ന പേടി കൂടാതെ  ഏ തു രാജ്യക്കാരോടും സംസാരിക്കാമല്ലോ.’

ആൻമരിയയ്ക്ക് പത്താം ക്ലാസ്സിലും ഫുൾ എ പ്ലസ്സുണ്ടായിരുന്നു. അന്നു വിജയമറിഞ്ഞു ചിലർ കൊടുത്ത ചെറിയ തുകകൾ കൂട്ടി വച്ചു അമ്മ ചെറിയൊരു സ്വർണമാല വാങ്ങിക്കൊടുത്തു. ഇത്തവണ കിട്ടിയ സമ്മാനത്തിൽ നിന്നെടുത്തു സ്കൂളിൽ കൊടുക്കാൻ ബാക്കിയുണ്ടായിരുന്ന ഫീസ് അടച്ചു തീർക്കുകയാണ് ആദ്യം ചെയ്തത്.

‘‘ജോലി കിട്ടണം, അപ്പച്ചനേയും അമ്മയേയും നോക്കണം.പിന്നെ,കുറേ കാശുണ്ടാവുമ്പോൾ ചിത്രങ്ങൾ കണ്ടു കൊതിച്ച സ്ഥലങ്ങളിലെ കാഴ്ചകൾ കാണാനായി യാത്രകൾ ചെയ്യണം.’’ഇതൊക്കെയാണ് ആൻമരിയയുടെ ഇപ്പോഴത്തെ സ്വപ്നങ്ങൾ.

Tags:
  • Spotlight
  • Inspirational Story