സംരംഭക എന്നതിനേക്കാൾ ‘ബിസി നസ് പോരാളി’ എന്ന വിശേഷണമാകും കൊച്ചിക്കാരി അനൂജ ബഷീറിന് ചേരുക. 75 ലക്ഷം കടത്തിൽ നിന്നു കോടികളുടെ ആസ്തിയുള്ള ഫ്ലെക്സി ക്ലൗഡ് എന്ന കമ്പനിയിലേക്കുള്ള അനൂജയുടെ വളർച്ചയുടെയും വിജയത്തിന്റെയും കഥയാണിത്.
ഇ–കൊമേഴ്സും മറ്റു വ്യവസായങ്ങൾക്കുംവേണ്ട ഹോസ്റ്റിങ്, ക്ലൗഡ് മാനേജ്മെന്റ് സേവ നങ്ങൾ ലഭ്യമാക്കുന്ന ഫ്ലെക്സി ക്ലൗഡ് എന്ന സ്റ്റാർട്ടപ്പിലേക്ക് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾ കോടികളുടെ നിക്ഷേപമിറക്കിയതു വാർത്തയായിരുന്നു.
പക്ഷേ, വിജയത്തിളക്കത്തിൽ പുഞ്ചിരിക്കുമ്പോഴും അതിനു മുൻപ് നേരിട്ട പരാജയങ്ങളെക്കുറിച്ചു പറയാൻ അനൂജയ്ക്കു മടിയില്ല.
‘‘വിജയിക്കാൻ ആദ്യം പഠിക്കേണ്ടത് ‘എന്തുകൊണ്ട് തോറ്റു?’ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കലാണ്.’’ ആ അനുഭവങ്ങളാണ് ‘വേൾഡ് ഈസ് എ ബ്രാൻഡ്’ എന്ന പുസ്തക ത്തിൽ അനൂജ പങ്കുവയ്ക്കുന്നത്.
സ്വന്തം ബിസിനസ് എന്ന മോഹം
‘‘കുസാറ്റിൽ നിന്നാണ് എംടെക് എടുത്തത്. അ തിനു ശേഷം ടോക്എച്ച് എൻജിനീയറിങ് കോളജിൽ അധ്യാപികയും പ്ലെയ്സ്മെന്റ് ഹെഡു മായി. പക്ഷേ, ഇതല്ല എന്റെ വഴിയെന്ന് തോന്നി. എൻജിനീയറിങ് വിദ്യാർഥികൾക്ക് ജോലിസാധ്യത കണ്ടെത്താനായി ‘ഒറിയ’ എന്ന സംരംഭം തുടങ്ങി. അതിന്റെ ഭാഗമായി ‘ലൈക്സ്’ എന്ന ‘എംപ്ലോയബിലിറ്റി കരിക്കുലം’ ആരംഭിച്ചു. വിദ്യാഭ്യാസമേഖലയിൽ അത്തരമൊരു പ്ലാറ്റ്ഫോം പുതുമയുള്ളതായിരുന്നു.
ജനങ്ങളിലേക്കെത്തിയാൽ ബിസിനസ് ഹിറ്റ് ആകുമെന്ന് ഉറപ്പ്. പക്ഷേ, കാലത്തിനു മുൻപേ പിറന്ന എന്റെ ബിസിനസ് കാലിടറി വീണു.
അങ്ങനെ തട്ടകം മാറ്റി. റിയൽ എസ്റ്റേറ്റ് മാർക്കറ്റിങ് രംഗത്തേക്കിറങ്ങി. ബിസിനസിൽ നിലയുറപ്പിക്കുന്ന ഘട്ടത്തിലാണ് കുടുംബവുമൊത്തു വിദേശയാത്ര പോയത്. 13 ദിവസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ ശരിക്കും തകർന്നു പോയി. കമ്പനിയിൽ പ്രതീക്ഷിക്കാത്ത ചിലതു നടന്നു. മാനസിക സംഘർഷത്തിനു പുറമേ ലക്ഷങ്ങളുടെ കടവും ചുമലിലായി. ഇതു വീട്ടിൽ പറയാനും പറ്റില്ല.
അപ്പോൾ മുതലാണു സാമ്പത്തിക ബുദ്ധിമുട്ട് എന്താണെന്നു ഞാൻ അറിയുന്നത്. 25 ലക്ഷത്തിൽ തുടങ്ങിയ കടം 75 ലക്ഷം തൊട്ടു നിന്നു. കടം വാങ്ങേണ്ട അവസ്ഥ മുൻപ് വന്നിട്ടില്ലാത്തതു കൊണ്ടു പലിശയെക്കുറിച്ചൊന്നും വലിയ ധാരണയുമുണ്ടായിരുന്നില്ല.
പക്ഷേ, പരാജയത്തിൽ തളർന്നിരിക്കാതെ അതിന്റെ കാരണം സ്വയം വിശകലനം ചെയ്തു. ഇതുവരെ എല്ലാ ബിസിനസും ഒറ്റയ്ക്കാണ് ചെയ്തത്. ചർച്ച ചെയ്യാൻ പോലും ആരുമില്ല. മാർക്കറ്റിങ്ങിൽ ആത്മവിശ്വാസമുള്ള എനിക്കു ടെക്നോളജിയിൽ അറിവുള്ള സംരംഭക പങ്കാളിയെയാണു വേണ്ടതെന്നു മനസ്സിലായി. ആയിടയ്ക്കാണു കൊച്ചിക്കാരനായ വിനോദ് ചാക്കോയെ ലിങ്ക്ഡ് ഇൻ വഴി പരിചയപ്പെടുന്നത്. ടെക് പ്രാവീണ്യമുള്ള വിനോദ് മാർക്കറ്റിങ് പ്രഫഷനലിനെ തേടുന്ന സ മയം. ഫ്ലെക്സി ക്ലൗഡ് എന്ന ആശയം വിനോദിന്റെ മനസ്സിലുണ്ടെങ്കിലും അന്നതു കമ്പനിയായി മാറിയിരുന്നില്ല. എന്റെ ബിസിനസ് ശൈശവദശയിലും. ഒരുമിച്ച് പ്രവർത്തിക്കാം എന്ന ആശയം പറഞ്ഞപ്പോൾ വിനോദ് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചില്ല.
അത് എന്നെ വല്ലാതെ ചിന്തിപ്പിച്ചു. സ്വന്തം അക്കൗണ്ടി ൽ തിളക്കമുള്ളൊരു വിജയം വേണം. അങ്ങനെ പ്രതീക്ഷയോടെ ഏറ്റെടുത്ത മാർക്കറ്റിങ് കാംപെയ്ൻ വിജയിച്ചു. അതിൽ നിന്നു കിട്ടിയ അഞ്ചു ലക്ഷം രൂപയും വിനോദിന്റെ നിക്ഷേപവും ചേർത്ത് ഒറിയ, മാർക്കറ്റിങ് കമ്പനിയായി വീണ്ടും പ്രവർത്തനം തുടങ്ങി. കാക്കനാട് ഓഫിസ് സ്പേസെടുത്തു. അപ്പോൾ ദാ, കോവിഡും ലോക്‌ഡൗണും. പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു.
ഇനിയും തോൽക്കാൻ വയ്യ. ആ ഘട്ടത്തിൽ മക്കളുടെ പിന്തുണ വലിയ ആശ്വാസമായിരുന്നു. മകൻ ആഹിൽ ഇ പ്പോൾ ഓസ്ട്രേലിയയിൽ മെക്വയർ സർവകലാശാലയിൽ ഫിനാൻസ് ആൻഡ് റിസ്ക് മാനേജ്മെന്റ് രണ്ടാം വർഷ വിദ്യാർഥി. മകൾ ആഫ്രീൻ. പുണെ സിംബയോസിസിൽ ഒ ന്നാം വർഷ നിയമ വിദ്യാർഥി. മക്കൾ പകർന്ന ഊർജത്തിൽ വീണ്ടും പഠിക്കാനിറങ്ങി.
പരാജയത്തെ നേരിടാനുള്ള നല്ല ആയുധം പുതിയ കഴിവുകൾ നേടുക എന്നതു മാത്രമാണ്. വാർട്ടനിൽ നിന്നു സ്ട്രാറ്റജിക് മാർക്കറ്റിങ്ങും ഐഐഎമ്മിൽ നിന്നു ബ്രാൻഡ് മാനേജ്മെന്റ് കോഴ്സുകളും ചെയ്തു. അതോടെ മാർക്കറ്റിങ്ങിൽ നിന്ന് ബ്രാൻഡിങ്ങിലേക്ക് തിരിഞ്ഞു. ഇതുവരെ അഞ്ഞൂറിലധികം കമ്പനികളുടെ ബ്രാൻഡിങ് നടത്തി. ഒറിയ മാർക്കറ്റിങ് ബ്രാൻഡിങ് കമ്പനിയായി പേരെടുത്തു.
![anooja-basheer-6 anooja-basheer-6](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/dec/6/anooja-basheer-6.jpg)
ഫ്ലെക്സി ക്ലൗഡ് എന്ന സ്വപ്നം
‘‘ചുവടുറപ്പിച്ചു എന്നു തോന്നിയ ഘട്ടത്തിൽ നാലുവർഷം മുൻപ് വിനോദ് ചാക്കോയും ഞാനും ചേർന്ന് ഫ്ലക്സി ക്ലൗഡ് സ്റ്റാർട്ടപ് ആയി റജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങി. ഇന്നു ലെനോവയും മോട്ടറോളയും പോലുള്ള കമ്പനികൾ മുതൽ നാട്ടിലെ പല പ്രമുഖ ബിസിനസ് സ്ഥാപനങ്ങളും ഞങ്ങളുടെ ക്ലൈന്റ്സ് ആണ്. ഈയടുത്ത് ഫോബ്സ് ഡിജെംസ് സെലക്ട് 200 സ്റ്റാർട്ടപ് ലിസ്റ്റിലും ഫ്ലെക്സി ക്ലൗഡ് ഇടം പിടിച്ചു എന്നത് മറ്റൊരു സന്തോഷം.
വിനോദിന്റേതാണു ഫ്ലെക്സി ക്ലൗഡ് എന്ന ബിസിനസ് ആശയം. 365 ദിവസവും പല ഷിഫ്റ്റിലായി 24 മണിക്കൂറും ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഹാക്കിങ്ങിനെ നേരിടാനുള്ള സൈബർ സെക്യൂരിറ്റിയും സെൽഫ്–ഹീലിങ് സെർവറുകളുമുണ്ട്.
ഇതിനിടയിലാണു വിനോദ് ചാക്കോയും ബിനു മാത്യുവിനുമൊപ്പം ചേർന്നു ‘പോക്കറ്റ് സിഎഫ്ഒ’ എന്ന ഫിൻടെക് സംരംഭം തുടങ്ങുന്നത്. ബിസിനസിൽ പുതുമയുടെ ഭാഗമാകാൻ എന്നും ഏറെ ഇഷ്ടമാണ്. അതിന് എനിക്കെന്നും പ്രചോദനം വായിച്ചു മറക്കാത്ത പൗലോ കൊയ്‌ലോയുടെ ഒരു ചിന്തയാണ്. ‘ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങളെ കൈവിടരുത്, യാത്ര എത്ര കഠിനമായിരുന്നാലും. കഠിനമായി പരിശ്രമിക്കുക. ആകാശമല്ല ഒരിക്കലും അതിര്.’
![anooja-basheer-2 anooja-basheer-2](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/dec/6/anooja-basheer-2.jpg)
നേട്ടങ്ങളുടെ തിളക്കത്തിൽ
സ്റ്റാർട്ടപ് ബിസിനസ് സംരംഭങ്ങളിൽ നിന്നു നേടിയ അനുഭവത്തിൽ നിന്നാണ് അനൂജ സ്റ്റാർട് അപ്‌മെന്ററുടെ റോളിലേക്കു കടക്കുന്നത്.
ഇന്ന് ഐഐടിയും ഐഐഎമ്മും അടക്കമുള്ള ഇടങ്ങളിലെ 45 സ്റ്റാർട്ടപ് ഇൻകുബേറ്ററുകളുടെ മെന്ററാണ് അനൂജ. ന്യൂയോർക്ക് ടൈംസിന്റെ ബിൽബോർഡിൽ മാർക്കറ്റിങ് വിഭാഗത്തിൽ ഇടം പിടിച്ച ആദ്യ മലയാളി, ഇക്കണോമിക്സ് ടൈംസ് ഇൻസ്പയറിങ് വിമൻ ലീഡർ അവാർഡ് കരസ്ഥമാക്കിയ ആദ്യ മലയാളി സംരംഭക.
ഇന്ത്യയിലെ 200 ലിങ്ക്ഡ് ഇൻ ഇൻഫ്ലുവൻസേഴ്സിന്റെ ലോക ലിസ്റ്റിങ്ങിൽ 149ാം സ്ഥാനക്കാരി, ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ്ങിൽ മൂന്നാം സ്ഥാനം. അങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക.
സ്റ്റാഫ് പ്രതിനിധി
ഫോട്ടോ: വിഷ്ണു നാരായണൻ