Wednesday 12 September 2018 10:52 AM IST

ജിഎം ഡയറ്റ് ഡാ! 125 കിലോയിൽ നിന്ന് യഥേഷ്ടം ഭക്ഷണം കഴിച്ച് 81 ൽ എത്തിയ അനൂപിന്റെ അതിശയിപ്പിക്കുന്ന കഥ

Priyadharsini Priya

Senior Content Editor, Vanitha Online

anoop-tef

വലിയ വായിൽ എത്ര വാചകമടിച്ചാലും പൊണ്ണത്തടി മറച്ചുവയ്ക്കാൻ കഴിയില്ല... ബീ കൂൾ എന്ന് ആയിരം വട്ടം മനസ്സിൽ പറഞ്ഞാലും അപകർഷതയുടെ ഒരു കണിക ഉള്ളിലെവിടെയോ കിടക്കും. പത്തുപേർ കൂടുന്നിടത്ത് പോകുമ്പോഴോ, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ കഴിയാതെ വരുമ്പോഴോ, എന്തിനു പറയുന്നു പബ്ലിക്കായി വാഹനത്തിൽ യാത്ര ചെയ്യുമ്പോഴോ ഉള്ളിലെ ഈ വിരുതൻ പുറത്തുചാടും. ആ സമയം മറ്റുള്ളവർക്ക് മുന്നിൽ പരിഹാസവസ്തുവായി മാറുമ്പോഴുള്ള വേദന, അതൊട്ടും സഹിക്കാൻ കഴിഞ്ഞെന്നു വരില്ല.

പക്ഷേ, മുകളിൽ പറഞ്ഞ ഈ തിക്താനുഭവങ്ങളൊന്നും നമ്മുടെ കഥയിലെ നായകൻ അനൂപിന് ഉണ്ടായിട്ടില്ല. എറണാകുളം സ്വദേശിയായ അനൂപ് ദുബായിലാണ് ജോലി ചെയ്യുന്നത്. ഭാര്യ ടെഫ്രിൻ, രണ്ടു മക്കളുണ്ട്. ദുബായിൽ സ്വസ്ഥമായി ജോലി ചെയ്യുന്നത് കൊണ്ടാവണം അമിതഭാരത്തെ കുറിച്ച് പുള്ളി ആശങ്കപ്പെട്ടില്ല. പത്തു വർഷം മുൻപ് ടെഫ്രിനു മിന്നുകെട്ടുമ്പോഴും അനൂപിന് ആവശ്യത്തിൽ കൂടുതൽ വണ്ണമുണ്ടായിരുന്നു. മണവാളൻ ചെക്കനോ മണവാട്ടിപ്പെണ്ണിനോ അതൊരു പ്രശ്നമായിരുന്നില്ല. രണ്ടുവർഷം കൂടി കഴിഞ്ഞപ്പോൾ അനൂപ് ഭാരത്തിൽ സെഞ്ചുറി തികച്ചു. എന്നിട്ടും ആശങ്കകളൊന്നുമില്ലാതെ അനൂപും ഭാര്യ ടെഫ്രിനും സന്തോഷത്തോടെ ജീവിതം തുടർന്നു.

anoop-tef1 അനൂപിന്റെ പഴയ രൂപം

എന്നാൽ വല്ലപ്പോഴും ഉണ്ടാകുന്ന കുടുംബസംഗമ വേദികളിലെല്ലാം ടെഫ്രിനെ മാറ്റിനിർത്തി ബന്ധുക്കൾ ഓർമ്മിപ്പിക്കും; "നീയെന്താ അനൂപിനെ ശ്രദ്ധിക്കാറില്ലേ? ഓവറായിട്ടു വണ്ണം കൂടി വരുന്നുണ്ടേ... അവന്റെ ആരോഗ്യം ശ്രദ്ധിച്ചോണേ!" അതിനു പിന്നാലെ  ടെഫ്രിൻ സ്നേഹത്തോടെ അനൂപിനെ ഉപദേശിക്കും. എല്ലാം കേട്ട് കഴിയുമ്പോൾ അനൂപ് തിരിച്ചൊരു ചോദ്യം ചോദിക്കും. "നമ്മൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്നതും ജീവിക്കുന്നതും പിന്നെന്തിനാ? ജീവിക്കാനായി ഭക്ഷണം കഴിക്കണം..." ഇതോടെ  ടെഫ്രിൻ നിശബ്ദയാവും. ചിന്തിക്കുമ്പോൾ അവൾക്കും തോന്നും അനൂപ് പറഞ്ഞതാണല്ലോ ശരിയെന്ന്. അങ്ങനെ ആഴ്ചയിൽ നാലഞ്ചു ദിവസം ലാവിഷായി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് അനൂപിന്റെ ശരീരഭാരം 125 കിലോയിലെത്തി. പീറ്റ്സയും ഗ്രിൽഡ് ചിക്കനുമാണ് ഇഷ്ടവിഭവങ്ങൾ.

രണ്ടു വർഷം മുൻപാണ് അവരുടെ ജീവിതത്തിൽ ഏറ്റവും ദുഃഖകരമായ ആ സംഭവം നടന്നത്. അനൂപിന്റെ അച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഒരുപാട് സങ്കടപ്പെടുത്തിയ ആ വിയോഗത്തിന് ശേഷമാണ് അനൂപ് സ്വന്തം ശരീരഭാരത്തെപ്പറ്റി ഉത്കണ്ഠാകുലനായത്. അതോടെ ഭാര്യയ്‌ക്കും മക്കൾക്കും വേണ്ടി വണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. ജിഎം ഡയറ്റ് തെരഞ്ഞെടുത്തത് അങ്ങനെയാണ്. പിന്നീടുള്ള മൂന്നു മാസം ആത്മനിയന്ത്രണത്തിന്റേതായിരുന്നു. സാധാരണയായി ഏഴു ദിവസത്തെ ജിഎം ഡയറ്റ് ആവർത്തിക്കാൻ പാടില്ല. ഉടൻ ആവർത്തിച്ചാൽ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഗൂഗിളിൽ നിന്നും കിട്ടിയ ഡയറ്റ് ചാർട്ട് നോക്കിയാണ് അനൂപ് മെനു തയാറാക്കിയത്. കഴിഞ്ഞ ഒക്ടോബറിൽ ജിഎം ഡയറ്റ് തുടങ്ങി.

anoop-tef5 അനൂപിന്റെ പഴയ രൂപം

ജിഎം ഡയറ്റിൽ അനൂപ് ഉൾക്കൊള്ളിച്ച മാറ്റങ്ങൾ ഇവയാണ്;

1. ചോറ് മാത്രമാണ് പൂർണ്ണമായും ഒഴിവാക്കിയത്. ആഴ്ചയിലൊരിക്കൽ ചിക്കൻ കഴിക്കും. മറ്റു ദിവസങ്ങളിൽ ധാരാളമായി ചെറുപയർ, മറ്റു പയർ വർഗ്ഗങ്ങൾ എന്നിവ വേവിച്ച് കഴിക്കും.

2. ഒന്നാം ദിവസം പഴങ്ങൾ മാത്രം കഴിക്കുമ്പോൾ മടുപ്പില്ലാതിരിക്കാനും രുചിക്കും ചാട്ട് മസാല, മുളക് പൊടി എന്നിവ വിതറിയാണ് ഉപയോഗിച്ചത്.

3. വെജിറ്റബിൾ ഡേയിൽ ഒരുനേരം സാലഡ് കഴിക്കും. അത് പച്ചമുളകിട്ട് എരിവ് കലർത്തിയാണ് കഴിക്കുക. രാവിലെ ഉരുളക്കിഴങ്ങ്  പുഴുങ്ങിയത് അൽപ്പം വെണ്ണയും കുരുമുളക് പൊടിയും ചേർത്താണ് കഴിക്കുക. സാലഡിൽ കാപ്‌സിക്കം, സവാള എന്നിവ അല്പം എണ്ണയിൽ ചെറുതായി വഴറ്റി ഉപയോഗിക്കും.

anoop-tef4 അനൂപ് ഇപ്പോൾ

4. ദിവസവും മിനിമം രണ്ടു ലിറ്റർ വെള്ളം കുടിക്കും. ഓഫിസിൽ പോകുമ്പോൾ മൂന്നുനാല് ബോക്സ് പഴങ്ങൾ മുറിച്ച് കൊണ്ടുപോകും. പഴങ്ങളിൽ കലോറി കുറവുള്ള തണ്ണിമത്തൻ കൂടുതലായി ഉൾപ്പെടുത്തും. അതുപോലെ പച്ചക്കറികളിൽ വെള്ളരിക്ക കൂടുതലായി ഉൾപ്പെടുത്തും.

5. നാലാം ദിവസത്തെ മെനു അനുസരിച്ച് എട്ടു പഴങ്ങളും മൂന്ന് ഗ്ലാസ്സ് കൊഴുപ്പു നീക്കിയ പാലുമാണ് കഴിക്കുക. റോബസ്റ്റ പഴമാണ് കഴിക്കേണ്ടത്. ഏത്തപ്പഴം പാടില്ല.

6. ടൊമാറ്റോ ഡേയിൽ തക്കാളിയും സവാളയും ചേർത്ത സാലഡ്, ഒരു കപ്പ് ടൊമാറ്റോ റൈസ് എന്നിവ ഉപയോഗിക്കും.
 
വെറും മൂന്നു മാസം കൊണ്ട് അനൂപ് 125 കിലോയിൽ നിന്ന് 100 ൽ എത്തി. പിന്നീട് ഒരു വർഷം ഭാരം കൂടാതെ നോക്കി. കഴിഞ്ഞ നവംബറിൽ ജിമ്മിൽ ചേർന്നു. പേഴ്സണൽ ട്രെയിനറുടെ സഹായത്തോടെ വ്യായാമങ്ങൾ, നീന്തൽ എന്നിവ തുടങ്ങി. ഇപ്പോൾ 81 കിലോയാണ് അനൂപിന്റെ ഭാരം. രണ്ടുവർഷം ആഹാരം വയറു നിറച്ച് കഴിച്ചാണ് അനൂപ് 44 കിലോ ഭാരം കുറച്ചത്. ഇപ്പോഴും ഡയറ്റിലാണ് അനൂപ്, അടുത്ത ലക്ഷ്യം 65 കിലോയിൽ എത്തുക എന്നതാണ്. നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ അത് അനായാസം സാധിക്കും എന്നാണ് അനൂപിന്റെ പക്ഷം. ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് സ്വന്തം ജീവിതവും.

anoop-tef3 അനൂപ് ഇപ്പോൾ