Wednesday 26 September 2018 09:55 AM IST : By സ്വന്തം ലേഖകൻ

അയല...മത്തി...കരിമീൻ...; അനൂപിന്റെ സ്റ്റാറ്റസ് നിറയെ പെട പെടയ്ക്കണ മീനാണേ

anoop-fish

‘അയല...മത്തി...ചാള... മീന് മീനേ....പൂയ്....’ വീടിന്റെ ഉമ്മറപ്പടിക്കൽ മീൻ കച്ചവടക്കാരന്റെ വിളിയും പ്രതീക്ഷിച്ചിരിക്കുന്നവരാണോ നിങ്ങൾ. അങ്ങനെയാണെങ്കിൽ ആ കാത്തിരിപ്പൊന്നു മാറ്റിപ്പിടിക്കേണ്ടി വരും. ഹോണും ശബ്ദ കോലാഹലങ്ങളുമൊക്കെയായി വീട്ടു പിടിക്കൽ എത്തുന്ന മീൻകാരനെ ഇനിയങ്ങോട്ട് മഷിയിട്ട് നോക്കിയാൽ പോലും കാണാൻ കിട്ടിയെന്ന് വരില്ല. പറയുന്നത് മറ്റാരുമല്ല, ന്യൂജനറേഷൻ മീൻ വിൽപനയിലൂടെ പേരെടുത്ത തൃപ്പുണിത്തുറ സ്വദേശി അനൂപിന്റേതാണ് ഈ വാദമുഖം.

തലച്ചുമടായും പിന്നെ സൈക്കിളിലേക്കും അവിടെ നിന്ന് എം എയ്റ്റിയിലേക്കും കൂടുമാറിയ മീൻ കച്ചവടത്തെ അടിമുടി മോഡേണാക്കുകയാണ് അനൂപ്. വീട്ടുപടിക്കലെത്തി ഹോണടിക്കാനോ ഒച്ചവച്ച് ആളെക്കൂട്ടാനോ ഒന്നും ഈ ചെറുപ്പക്കാരനെ കിട്ടില്ല.

കഴിഞ്ഞ നാല് കൊല്ലക്കാലമായി മീന്‍ കച്ചവടം വരുമാന മാര്‍ഗ്ഗമാക്കിയ അനൂപിന്റെ ഇപ്പോഴത്തെ മീന്‍വില്‍പ്പന വാട്സ് ആപ് വഴിയാണെന്ന് പറഞ്ഞാൽ കേൾക്കുന്നവർ അൽപമൊന്ന് നെറ്റി ചുളിക്കും. കൃത്യമായി പറഞ്ഞാല്‍ വാട്സ് ആപ് സ്റ്റാറ്റസിലൂടെയാണ് അനൂപിന്റെ പൊടിപൊടിക്കണ ‘മീൻ കച്ചോടം.’

anoop-1

‘എന്നും രാവിലെ തന്റെ കൈവശമുള്ള മീനുകളുടെ ഫോട്ടോകളുമായി അനൂപ് വാട്സ് ആപ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും. പെടപെടയ്ക്കണ മീനകളുടെ സ്റ്റാറ്റസ് കാണുന്ന കസ്റ്റമേഴ്സ് അപ്പോള്‍ തന്നെ ഓര്‍ഡര്‍ നല്‍കുകയും ചെയ്യും. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അനൂപ് മത്സ്യം നേരിട്ട് എത്തിച്ച് കൊടുക്കും. സംഗതി സിമ്പിളല്ലേ...?’– അനൂപ് ചോദിക്കുന്നു.

‘സ്റ്റാറ്റസ് ബിസിനസ്’ ആരംഭിച്ചതില്‍ പിന്നെ കസ്റ്റമേഴ്സിനെ തേടി പോകേണ്ടി വന്നിട്ടില്ല, അവരെന്നെ തേടി വരികയായിരുന്നുവെന്ന് അനൂപ് പറയുന്നു.  എണ്ണൂറോളം പേരാണ് വാട്സ് ആപ് കസ്റ്റമേഴ്സായി അനൂപിന് ഇപ്പോഴുള്ളത്.

ചെല്ലാനം, ചമ്പക്കര മാര്‍ക്കറ്റുകളില്‍ നിന്നാണ് അനൂപ് മീന്‍ വാങ്ങുന്നത്. പ്രാദേശിക മീന്‍ പിടുത്തക്കാരും അനൂപിന് മീന്‍ വില്‍ക്കുന്നുണ്ട്. ട്രോളിംഗ് നിരോധനക്കാലത്ത് വീട്ടില്‍ മത്സ്യകൃഷിയിലും ഒരു കൈ നോക്കി അനൂപ്. തൊട്ടതെല്ലാം പൊന്നാക്കിയ അനൂപ് അതിലും കുറിച്ചു നൂറുമേനി വിജയം. മീൻപ്രേമികൾക്കിടയിലെ ഗ്ലാമർ താരങ്ങളായ കരിമീന്‍, തിലോപ്പി, വറ്റ, ചെമ്പല്ലി, പള്ളത്തി തുടങ്ങിയ ഐറ്റങ്ങളൊക്കെ അനൂപിന്റെ സ്റ്റാറ്റസിൽ അന്നു നിറഞ്ഞു.

അമോണിയയും ഫോർമാലിനും കലർ‌ന്ന മീനുകൾ പടിക്കൽ പോലും കയറ്റില്ലെന്നും അനൂപ് പറയുന്നു. ഇട്ട ഉപഭോക്താക്കൾ ഒരിക്കൽ പോലും അത്തരമൊരു ആശങ്ക പങ്കുവച്ചിട്ടില്ലെന്നുംഅനൂപ് പറയുന്നു.

an-stat

വെറുമൊരു മീൻകാരൻ മാത്രമല്ല ഈ ന്യൂജെൻ ചെക്കൻ. മഹാരാജാസ് കോളേജില്‍ നിന്ന് സംസ്കൃതത്തില്‍ ബിരുദമെടുത്തിട്ടാണ് മീൻ വിൽപനയിലെ വേറിട്ട ഐഡിയയുമായി അനൂപ് രംഗത്തിറങ്ങുന്നത്. പഠനം കഴിഞ്ഞതിന് പിന്നാലെ ഗള്‍ഫില്‍ പോകാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. പണം നഷ്ടപ്പെടുകയും ചെയ്തു. ജീവിതത്തിലെ ഈ പ്രതിസന്ധി ഘട്ടത്തിലാണ് മത്സ്യത്തൊഴിലാളിയായ അമ്മയോടൊപ്പം മത്സ്യ കച്ചവടത്തിന് അനൂപ് ഇറങ്ങുന്നത്.

പേട്ടയിലാണ് അനൂപ് അമ്മയോടൊപ്പം ചേര്‍ന്ന് മീന്‍ വില്‍പ്പന ആരംഭിക്കുന്നത്. നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് സ്റ്റാറ്റസ് പരീക്ഷണം ആരംഭിക്കുകയും ചെയ്തു. അതോടെ അനൂപിന്റെ കസ്റ്റമേഴ്സ് ഇരട്ടിയായി. വാട്സ് ആപ് സ്റ്റാറ്റസ് കണ്ട് ആവശ്യപ്പെടുന്നവര്‍ക്ക് മീന്‍ വൃത്തിയാക്കിയും അനൂപ് എത്തിക്കും. അനൂപ് ഫിഷ് കോര്‍ണര്‍ എന്ന ഫെയ്സ് ബുക്ക് പേജ് വഴിയും അനൂപ് മത്സ്യം വില്‍ക്കുന്നുണ്ട്.

an-2