Tuesday 21 July 2020 11:34 AM IST

ഇരുപത്തിയഞ്ചു വയസ്സിനും എഴുപത്തിയഞ്ചു വയസ്സിനും ഇടയിലുള്ള പതിനാറ് തരുണീമണികളുടെ അന്താക്ഷരി ; ലോക്ഡൗൺ കളർഫുള്ളാക്കിയ പ്രസന്നാമ്മയുടെ വാട്സാപ്പ് ഗ്രൂപ്പ്

Tency Jacob

Sub Editor

anthakshari

കോഴിക്കോട്ന്ന് ബെംഗ്ളൂരുള്ള മോന്റെ അടുത്തേക്കു പോയ പ്രസന്നാമ്മയ്ക്ക് അവിടെവച്ചാണ് ഒരു സ്മാർട്ട് ഫോൺ കിട്ടുന്നത്. വാട്സാപ്പ് എന്നു കേട്ടിട്ടും അധികമായിട്ടില്ല എന്നു കൂട്ടിക്കോളൂ. അങ്ങനെയിരിക്കുമ്പോഴാണ് കോവിഡും ലോക്ഡൗണും വന്നു വീട്ടിലടച്ചു പൂട്ടിയിരിക്കേണ്ടി വന്നത്. നാട്ടിലായിരുന്നേൽ വേലിപ്പൊറത്തു നിന്നു അപ്പറത്തെ വീട്ടിലെ മീനാക്ഷിയോടോ സുലോചനയോടോ പായാരം പറയായിരുന്നു. ഇതിപ്പോ ഈ കൂട്ടിലിട്ടപോലെയുള്ള ഫ്ലാറ്റിനുള്ളില് എന്താക്കാനാണ്! പണ്ടുകാലത്ത് കൂട്ടുകാരൊരുമിച്ചു കൂടിയാൽ അപ്പോ അന്താക്ഷരി കളിക്കും. ഇച്ചിരി പാട്ടിന്റെ അസ്കിതയുണ്ടായിരുന്നേയ്. ആ ഓർമ വന്നു മുട്ടിയതും പ്രസന്നാമ്മയ്ക്ക് ഇരിപ്പൊറച്ചില്ല. തോന്നല് കലശലായപ്പോൾ കൂട്ടുകാരികളെ ഫോണിൽ വിളിച്ചു.ഈ കൂട്ടുകാരികൾന്നു വിളിച്ചാൽ ആരാ, കലാരംഗത്ത് പുലിക്കുട്ടികളാണ്. ഡാൻസും പാട്ടും എന്തിനു ബാലെ വരെ ചെയ്യുന്നവരുണ്ട് പുലിക്കൂട്ടത്തിൽ. അങ്ങനെയങ്ങനെ ഓരോരോ കഥകൾ അയവിറക്കി കൊണ്ടിരിക്കുന്നതിനിടയിൽ പ്രസന്നാമ്മയ്ക്ക് ഒരൂട്ടം തോന്നി. നിന്ന നിൽപ്പിൽ എല്ലാവരേയും കൂട്ടി ‘ഫ്രണ്ട്സ് ഫോർ അന്താക്ഷരി’ എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പങ് തുടങ്ങി.

ഇരുപത്തിയഞ്ചു വയസ്സിനും എഴുപത്തിയഞ്ചു വയസ്സിനും ഇടയിലുള്ള പതിനാറ് തരുണീമണികളാണ് ഇതിലെ അംഗങ്ങൾ. സീനിയർ സിറ്റിസണിന്റെ കാർഡ് കയ്യിലുള്ള അറുപത്തിയഞ്ചു വയസ്സിനു മേലെയുള്ള സ്ത്രീകളായിരുന്നു കൂടുതലും. പലരും ഒറ്റയ്ക്കാണ് വീടുകളിൽ താമസിക്കുന്നത്. നമ്മുടെ കഴിവ് മക്കളൊക്കെ അറിയേണ്ടേ എന്നൊരഭിപ്രായം അതിനിടയിൽ പൊങ്ങി വന്നു. എന്നാ പിന്നെ അങ്ങനെയാവാമെന്നു എല്ലാവരും കൂടി തീരുമാനിച്ചുറപ്പിച്ചു.അന്താക്ഷരി ഗ്രൂപ്പില് മക്കളേയും ചേർത്തു.

ആഴ്ചയിൽ രണ്ടു ദിവസം മൂന്നുമണി കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂർ അന്താക്ഷരി കളിക്കാൻ തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും വീടിനകത്തിരുന്നു മടുത്തോരുടെയെല്ലാം മുഖത്താകെയൊരു തെളിച്ചം. സങ്കടോം പകർച്ചവ്യാധിയുടെ പേടിയൊക്കെ എങ്ങാണ്ടെങ്ങാണ്ട് പോയ പോലെ.ഗ്രൂപ്പിന്റെ നാഥയും അഡ്മിനുമായ പ്രസന്നാമ്മയ്ക്ക് എല്ലാരേം പരിചയമുണ്ടെങ്കിലും ബാക്കിയുള്ളോർക്ക് പരസ്പരം അറിയൂല്യ, കണ്ടിട്ടൂല്യ.പക്ഷേ, ആ അകല്ച്ചയൊക്കെ എപ്പോഴേ പോയി. ഖത്തറിലും ആന്ധ്രയിലും തമിഴ്നാട്ടിലും കൂടല്ലൂരും ബത്തേരിയലും ബാംഗ്ലൂരിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തുമൊക്കെയാണെങ്കിലും എല്ലാരും തമ്മിൽ വല്യ കൂട്ടാണിപ്പോ.

അങ്ങനെയങ്ങനെ പോകുമ്പോഴുണ്ടല്ലോ ഈ ഗ്രൂപ്പിലെ പ്രസീതടീച്ചർക്ക് ഒരു ഐഡിയ. ‘‘നമുക്ക് മാസത്തിലൊരു ദിവസം അന്താക്ഷരിയല്ലാണ്ട് വേറെ എന്തേലും ചെയ്താലോ.’’ ‘‘എന്നാ നമുക്ക് ഡാൻസു ചെയ്യാം’’ ഉടനടി തീരുമാനം വന്നു. പിന്നെ കലോത്സവത്തിനു പോണ കുട്ടികളെ പോലെ ആകെ തിക്കും തിരക്കുമായി. പാട്ട് സെലക്ടു ചെയ്യല്, ചിലങ്ക കെട്ടല്,ചുട്ടീം മാലേം അണിയല്, മേക്കപ്പിടല്... എന്താ പറയാ, സന്തോഷത്തിന്റെ ഒരു മേളാങ്കം. നൃത്തനൃത്യങ്ങൾ പൊടിപൊടിച്ചൂന്ന് തന്നെ പറയാം.

പിറ്റേമാസം കവിതാപാരായണമായിരുന്നു.അതും ഉഷാറായി.ഈ മാസം ഫാൻസിഡ്രസ്സാണ് സംഘടിപ്പിച്ചത്. ഒരു മിനിട്ടിൽ കുറയാത്ത വീഡിയോ ആയിട്ടാണ് പ്രച്ഛന്നവേഷ മത്സരം നടന്നത്. പ്രാണനാഥനെ കാത്തിരിക്കുന്ന ശകുന്തളയും ഉണ്ണിയാർച്ചയും തെരുവിലലയുന്ന പ്രാന്തിയുമൊക്കെയായി അരങ്ങിൽ വാണ കഥാപാത്രങ്ങളെത്ര! ന്യൂജെൻ കലാതിലകങ്ങളെ വെട്ടിക്കുന്ന പെർഫോമൻസല്ലേ എല്ലാരും കാഴ്ച വച്ചത്. അതേ, ഇങ്ങനെ തന്നെ വേണം ഈ പുറത്തിറങ്ങാക്കാലത്ത് ബോറടിയെ ആട്ടിപ്പായിക്കാൻ. വെൽ ഡൺ മിസിസ് പ്രസന്നാമ്മ!

Tags:
  • Spotlight