Saturday 03 October 2020 03:18 PM IST

‘എല്ലാ ക്ലാസ്സുകളിലും നല്ല റാങ്കോടെ പഠിച്ചിരുന്ന കുട്ടിയായിരുന്നു, തകർന്നുപോയില്ലേ അവന്റെ സ്വപ്നം’; ഹൃദയം നുറുങ്ങി അനുവിന്റെ കുടുംബം

Tency Jacob

Sub Editor

anudeesc5443235 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘‘എന്റെ അനുമോനെവിടെ...’’ എന്നു ചോദിച്ചുള്ള അമ്മയുടെ ഇടറിയ കരച്ചിലാണ് ഇന്ന് ആ വീടിന്റെ ഒച്ച. മൂന്നര സെന്റിലെ പണി പൂർത്തിയാകാത്ത ഇടുങ്ങിയ വീടിനു മുന്നിലിരിക്കുന്ന പ്രതിഷേധ സമരസ്വരങ്ങളെയെല്ലാം പലപ്പോഴും നിശബ്ദമാക്കുന്നുണ്ടായിരുന്നു ഹൃദയം നുറുങ്ങിയുള്ള ആ നിലവിളി.

‘‘ജോലി കിട്ടി, കാക്കി വേഷമിട്ട് ഒരു ദിവസം അമ്മയുടെ മുൻപിൽ വരുമെന്നു പറഞ്ഞിരുന്നതാണ് മോൻ. എന്റെ മോനെ തിരിച്ചു തരൂ.’’ അമ്മ കരഞ്ഞു കൊണ്ടേയിരുന്നു.

തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം പൂർണവിളാകത്തു പുത്തൻവീട്ടിൽ എസ്. അനു, സർക്കാർ ജോലി എന്ന സ്വപ്നം ഇല്ലാതായതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. കോവിഡ് മൂലം നിയമനം നടക്കാതിരിക്കുകയും കാലാവധി തീർന്ന് പിഎസ്‌സി ലിസ്റ്റ് റദ്ദാക്കുകയുമായിരുന്നു.

യോഗ്യതയില്ലാത്തവർക്കു ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന അനർഹമായ നിയമനങ്ങൾ വാർത്തകളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു.അപ്പോഴാണ് കഠിനമായി പരിശ്രമിച്ചു ജോലിക്ക് അർഹരായവർ പ്രതീക്ഷകൾ നഷ്ടമായി മരണത്തിൽ മായുന്ന അവസ്ഥ.

‘‘എനിക്കും  ഭാര്യയ്ക്കും എഴുതാനും വായിക്കാനും അറിയില്ല. പക്ഷേ, മക്കൾ പഠിച്ചു നല്ല ജോലി നേടണമെന്നു ആശയുണ്ടായിരുന്നു. ഹോട്ടലിലെ അടുക്കളപ്പണിയെടുത്താണ് ഞാൻ വീടു പുലർത്തിയിരുന്നത്.’’ അനുവിന്റെ അച്ഛൻ സുകുമാരൻ നായർ കണ്ണുതുടച്ചു.

പ്രതീക്ഷകൾ ഇല്ലാതായിട്ടുണ്ടാകും

‘‘വീട്ടിലെ ബുദ്ധിമുട്ടു കണ്ട് ഒരു സർക്കാർ ജോലി കിട്ടിയാൽ കുടുംബം രക്ഷപ്പെടുമെന്നു മോനും കരുതിയിരുന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൻ. എല്ലാ ക്ലാസ്സിലും ആദ്യത്തെ റാങ്കുകളിലൊന്നു കിട്ടും. എസ്എസ്എൽസി പരീക്ഷയുടെ അടുത്ത ദിവസങ്ങളിലാണ് വീണ് അവന്റെ കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ടത്. എന്നിട്ടും നല്ല മാർക്കു നേടി.

പ്ലസ്ടുവിനു ആയിരത്തി ഇരുന്നൂറിൽ മുഴുവൻ മാർക്കും നേടിയാണ് പാസ്സായത്. പിന്നീട് കോളജിൽ ചേർന്നപ്പോഴൊക്കെ സ്കോളർഷിപ്പുണ്ടായിരുന്നു.’’

‘‘പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് സർക്കാർ ജോലി നേടാനുള്ള അവന്റെ പരിശ്രമം. പിഎസ്‌സിക്കു വേണ്ടിയുള്ള പഠനം അന്നേ തുടങ്ങിയിരുന്നു.

പരീക്ഷയ്ക്കു പോകുമ്പോൾ വണ്ടിക്കൂലിക്കും ഭക്ഷണത്തിനും പൈസയൊക്കെ കൊടുക്കും. പക്ഷേ, വീട്ടിൽ വന്നിട്ടേ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കൂ. പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കിയാൽ അത്രയും വീട്ടിലേക്ക് ഉപകാരപ്പെടുമല്ലോ എന്ന ചിന്തയായിരുന്നു അവന്. ഒരു രൂപ പോലും പാഴാക്കില്ല. പരീക്ഷ എഴുതാൻ പോകുമ്പോഴും അങ്ങനെ തന്നെ. ബസ് കൂലി കഴിഞ്ഞ് ബാക്കി പൈസ എന്റെ കയ്യിൽ തിരിച്ചു തരും. അവന്റെ അമ്മയെ എന്തു പറഞ്ഞു സമാധാനിപ്പിക്കുമെന്നു എനിക്കറിയില്ല’’ കരഞ്ഞു തളർന്നു കിടക്കുന്ന അമ്മയുടെ നേരെ അച്ഛൻ കാഴ്ച തിരിച്ചു.

‘‘ഷീറ്റിട്ട വളരെ ചെറിയൊരു വീടായിരുന്നു. അതൊന്നു പൊളിച്ചു പണിയണമെന്നു ആഗ്രഹമുണ്ടായി. ബാങ്കിൽ ചെന്നു ചോദിച്ചപ്പോൾ സ്ഥിരവരുമാനം ഇല്ലാത്തവർക്ക് വായ്പ അനുവദിക്കുന്നതിൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നു പറഞ്ഞു. വായ്പ കിട്ടാൻ വേണ്ടി മൂത്ത മകൻ മനുവിന്റെ പേരിലേക്ക് ഭൂമി മാറ്റി. അവനാണ് ലോൺ എടുത്തതും വീട് പണിതതും എല്ലാം.

റാങ്ക് ലിസ്റ്റിൽ കയറിയപ്പോൾ നാട്ടിൽ പിഎസ്‌സി പരീക്ഷയ്ക്ക് ഒപ്പം തയാറെടുത്ത കൂട്ടുകാർക്കൊക്കെ വലിയ സന്തോഷമായിരുന്നു. അവർ മോന്റെ ഫോട്ടൊ വച്ച് ഫ്ലക്സ് അടിച്ചു.

അതൊക്കെ കണ്ടപ്പോൾ ഞാനും ഭാര്യയും എത്ര സന്തോഷിച്ചെന്നോ? അവനൊരു സർക്കാർ ജോലി കിട്ടുമെന്നു ഞ ങ്ങൾ ഉറച്ചു വിശ്വസിച്ചു. ഞങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷ മാത്രമായിരുന്നില്ല അത്. എന്റെ കുഞ്ഞിന്റെ സ്വപ്നമായിരുന്നു സർക്കാർ ജോലി. രാപ്പകൽ കഷ്ടപ്പെട്ടു പഠിച്ചിട്ട് അതിന്റെ ഫലം കിട്ടില്ലെന്ന് തോന്നിയപ്പോൾ അവന്റെ മനസ്സ് തകർന്നു പോയി. അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകൾ ഇല്ലാതാകുന്നത് കാണാൻ കരുത്തുണ്ടായിട്ടുണ്ടാകില്ല എന്റെ കുഞ്ഞിന്.’’

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ... 

Tags:
  • Spotlight
  • Vanitha Exclusive