Thursday 21 February 2019 10:54 AM IST

ക്ഷേത്രത്തിൽ കയറുന്നതിൽ നിന്നു സ്ത്രീകളെ വിലക്കാൻ ആർക്കും അവകാശമില്ല! ആർത്തവത്തോട് അയിത്തം വേണ്ടെന്ന് അനുമോൾ

Priyadharsini Priya

Sub Editor

anumol003

"ഒരു ദിവസം ഞാൻ ‘ചായില്യ’ത്തിലെ ഉറഞ്ഞുതുള്ളുന്ന ഗൗരിയാകും, അടുത്ത ദിവസം ‘ഉടലാഴ’ത്തിലെ നൃത്തത്തെ സ്നേഹിക്കുന്ന ടീച്ചറും, മറ്റൊരിക്കൽ ‘അക’ത്തിലെ അതിസുന്ദരിയായ യക്ഷിയായി മാറും, പിന്നെ ചായക്കൂട്ടുകളെയും ക്യാൻവാസുകളെയും പ്രണയിക്കുന്ന പദ്മിനിയാകും... അങ്ങനെ ഓരോ തവണയും വ്യത്യസ്ത സ്വഭാവങ്ങളുള്ള സ്ത്രീകളുടെ വേഷം കെട്ടിയാടൽ. അതാണ് എനിക്കേറെയിഷ്ടം. എന്റെ തനത് സ്വഭാവത്തിൽ നിന്നുള്ള പുറത്തുകടക്കലുമാകുമത്."- സിനിമയെക്കുറിച്ചു ചോദിച്ചപ്പോൾ അനുമോൾ നൽകിയ മറുപടിയിൽ ഉണ്ട് ആ കലാകാരിയുടെ അഭിനയത്തോടുള്ള ഭ്രമം. 

യഥാർത്ഥത്തിൽ ഇതാണ് അനുമോൾ! നമ്മുടെ നാട്ടിൻപുറങ്ങളിലെ തൊടികളിൽ കാണാറുള്ള അതേ നന്ത്യാർവട്ട പൂവിന്റെ നിറവും നൈർമല്യവുമുള്ള താരം. സിനിമാ വണ്ടിയിലെ ’അനുയാത്ര’ പത്തു വർഷം പിന്നിടുമ്പോഴും ഒന്നിനും ഒരു മാറ്റവുമില്ല. ചുരുണ്ട മുടി, തിളങ്ങുന്ന കണ്ണുകൾ, നെറ്റിയിലെ വലിയ ചുവന്ന പൊട്ട്, ആത്മവിശ്വാസം തുളുമ്പുന്ന പുഞ്ചിരിയും... മലയാളത്തിലെ സ്ത്രീപക്ഷ സിനിമകളിലെ മുഖമാണ് അനുമോൾ. ആരും അസൂയപ്പെട്ടുപോകുന്ന നിരവധി കഥാപാത്രങ്ങൾ അനുവിന്റെ കരിയറിൽ മാറ്റു കൂട്ടുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള ആകസ്മിക എൻട്രി. അവിചാരിതവും അപ്രതീക്ഷിതവുമായ ജീവിതയാത്ര അനുമോൾ വനിതാ ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കുന്നു.

anumol001

മിണ്ടി മിണ്ടി സിനിമയിലേക്ക്... 

വളരെ യാദൃശ്ചികമായിട്ട് സിനിമയിലേക്ക് വന്നയാളാണ് ഞാൻ. സോഫ്റ്റ്‌വെയർ എഞ്ചിനീയറായി എറണാകുളത്തു ജോലി ചെയ്യുകയായിരുന്നു. ജോലി തുടങ്ങി കുറച്ചു കാലം കൊണ്ട് മനസ്സിലായി എനിക്ക് ആ ഫീൽഡ് പറ്റില്ല എന്ന്. അങ്ങനെ അവിടെ നിന്നു ഇറങ്ങി. പിന്നീട് എന്ത് ചെയ്യണമെന്നറിയാതെ കുറച്ചുനാൾ നിന്നു. ആയിടയ്ക്കാണ് പുതിയൊരു ജോലിയ്ക്കായി നെറ്റിൽ സേർച്ച് ചെയ്യുന്നത്. അവിടെ നിന്ന് സൗഭാഗ്യ ആഡ് ഏജൻസിയുടെ അഡ്രസ്സ് കിട്ടി. അങ്ങനെ ഞാനവിടെ കോപ്പി റൈറ്റർ ആയി ജോലിക്ക് കയറി. അവർ ഒരുപാട് ഇവന്റസ്‌ സംഘടിപ്പിച്ചിരുന്നു. അങ്ങനെ പതുക്കെ ഞാൻ ആങ്കറിങ് ചെയ്തു തുടങ്ങി. ഇതുകണ്ട് ഒരു ചാനലിൽ നിന്ന് അവതാരകയാകാൻ ക്ഷണിച്ചു. എനിക്ക് സംസാരിച്ചു കൊണ്ടിരിക്കാൻ ഒരുപാട് ഇഷ്ടമാണ്. അതുപോലെ പുതിയ വസ്ത്രങ്ങൾ ധരിക്കാനും. ആങ്കർ ആയാൽ ഇതു രണ്ടും ചെയ്യാമല്ലോ എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. 

ചാനലിൽ പരിപാടി അവതരിപ്പിച്ചു തുടങ്ങിയതോടെ സിനിമയിലേക്ക് നിരവധി ഓഫറുകൾ വന്നു. ആ മേഖലയെ കുറിച്ച് അത്ര അറിവില്ലാത്ത കൊണ്ട് ആദ്യം ഓഫറുകളെല്ലാം നിരസിച്ചു. പിന്നീട് കൂടെ ജോലി ചെയ്യുന്നവർ ധൈര്യം പകർന്നാണ് സിനിമയിലേക്ക് എത്തുന്നത്. ഒരു ചാൻസിനു വേണ്ടി വർഷങ്ങളായി പുറകെ നടക്കുന്നവരുണ്ട് ഇവിടെ. അവസരം വരുമ്പോൾ തട്ടിക്കളയരുതെന്ന് അവർ ഉപദേശിച്ചു. ‘ഒരു സിനിമ ചെയ്യ്, ഇഷ്ടമാണെങ്കിൽ തുടരാം ഇല്ലെങ്കിൽ ഉപേക്ഷിക്കൂ’ എന്നു പറഞ്ഞ് ധൈര്യം പകർന്നു. ഒടുവിൽ ഞാൻ രണ്ടും കൽപ്പിച്ച് ഇറങ്ങുകയായിരുന്നു. ആദ്യത്തെ മൂന്നു പടം തമിഴിലായിരുന്നു. അതിനു ശേഷമാണ് ’ഇവൻ മേഘരൂപനി’ലൂടെ മലയാളത്തിലെത്തുന്നത്. എല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു.

anumol004

സ്ത്രീപക്ഷ സിനിമകൾ കൂടുതലും, ഫെമിനിസ്റ്റാണോ?

എനിക്ക് വരുന്ന സിനിമകളല്ലേ തിരഞ്ഞെടുക്കാൻ പറ്റൂ. ഇത്രയധികം സ്ത്രീപക്ഷ സിനിമകൾ ചെയ്തത് ഒരു ഭാഗ്യമായി കരുതുന്നു. ജീവിതത്തിലും ഞാൻ ഇങ്ങനെ തന്നെയാണ്. സ്ത്രീയെന്ന നിലയിൽ എനിക്ക് പ്രാധാന്യം കിട്ടുന്ന സ്ഥലത്തു മാത്രമേ ചുവടുറപ്പിക്കാൻ കഴിയൂ. ആ ഒരു കോംപ്ലക്സ് എനിക്ക് കുറച്ചു കൂടുതലാണ്. സിനിമയിലും പ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിക്കാനാണ് ഇഷ്ടം. എന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടെങ്കിൽ മുഖത്ത് ആ സന്തോഷം പ്രകടമാകും. ഇഷ്ടമില്ലാത്ത ഒരു കഥാപാത്രമാണ് ചെയ്യുന്നതെങ്കിൽ അത് മുഖത്ത് നിന്ന് വായിച്ചെടുക്കാം. അങ്ങനെ ഇഷ്ടമില്ലാതെ ഒന്നു രണ്ടു സിനിമകൾ ചെയ്തിട്ടുണ്ട്. 

ഞാൻ കംഫർട്ടബിൾ ആകുന്നത് സ്ത്രീകൾക്ക് പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യുമ്പോഴാണ്. എന്നുകരുതി ഞാൻ സ്ത്രീപക്ഷവാദിയൊന്നുമല്ല. പക്ഷെ, സ്ത്രീകളോട് കൂടുതൽ ചായ്‌വുണ്ട്. കാരണം എന്റെ അമ്മ, സഹോദരി എനിക്കൊപ്പമുള്ളവർ എല്ലാം സ്ത്രീകളാണ്. അങ്ങനെ വളർന്നൊരു വീട്ടിൽ നിന്ന് ആയതുകൊണ്ടും എനിക്ക് കൂടുതലും മനസ്സിലാവുക സ്ത്രീകളുടെ കാര്യങ്ങളാണ്. അച്ഛനെ എനിക്ക് ചെറുപ്പത്തിലെ നഷ്ടപ്പെട്ടു. 25 വർഷമായി ആ വേർപാട് അനുഭവിക്കുന്നു. എനിക്ക് സഹോദരൻമാരില്ല.  അതുകൊണ്ടുതന്നെ പുരുഷന് നല്ല വസ്ത്രം തിരഞ്ഞെടുക്കാൻ പോലും എനിക്ക് അറിയില്ല. എല്ലാ മനുഷ്യർക്കും ഒരുപോലെ അവകാശപ്പെട്ടതല്ലേ  ഈ ഭൂമി. എന്തിനാണ് സ്ത്രീയെയും പുരുഷനെയും തമ്മിൽ ഇങ്ങനെ വേർതിരിച്ചു കാണുന്നത്?  

anumol002

’അമ്മ’യോ ഡബ്ല്യുസിസിയോ?

ഞാൻ 10 വർഷമായി സിനിമയിൽ വന്നിട്ട്, ഇതുവരെ ഒരു സംഘടനയിലും അംഗമല്ല. അമ്മയിലോ ഡബ്ല്യുസിസിയിലോ അംഗത്വമെടുക്കണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. രണ്ടു സംഘടനയുടെ കാര്യങ്ങളിലും ഞാൻ ഭാഗമാവാറുണ്ട്. അവരുടെ വാർത്തകളും നല്ല കാര്യങ്ങളുമൊക്കെ ഞാൻ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്യാറുണ്ട്. സംഘടനകൾ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും എന്റെ സപ്പോർട്ട് ഉണ്ടാകും. ഞാൻ ചെയ്യുന്ന സിനിമകൾ ഏറെയും സ്വതന്ത്രമായ ചുറ്റുപാടിൽ നിന്നാണ്. അങ്ങനെ കഴിയുന്നതും സ്വതന്ത്രമായി നടക്കാനാണ് എനിക്കിഷ്ടം. ഇനി ഏതെങ്കിലും ഒരു സംഘടനയുടെ ഭാഗമായാൽ വിലക്കുകൾ നേരിടേണ്ടി വരുമോ എന്ന ഭയവുമുണ്ട്.   

പുതിയ സംഘടനകൾ ഉണ്ടാകുന്നത് നല്ലതിനാണ്. അല്ലാതെ കുറച്ചു ആളുകളെ നശിപ്പിച്ചു കളയാം എന്ന് വിചാരിച്ചല്ലല്ലോ ഒരു സംഘടനയും  ആരംഭിക്കുന്നത്. എല്ലാ സംഘടനകളും നല്ല ഉദ്ദേശ്യത്തിൽ തുടങ്ങുന്നവയാണ്. ഒരു സംഘടനയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയണമെന്നില്ല. നമ്മുടെ സമൂഹത്തിൽ ചില കാര്യങ്ങളിലെങ്കിലും സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം ആവശ്യമാണ്. സിനിമയിൽ തന്നെ നായികയ്ക്ക് കാരവൻ സൗകര്യങ്ങൾ നൽകാറുണ്ട്. എന്നാൽ കൂടുതലും പുരുഷന്മാർ ജോലി ചെയ്യുന്ന സെറ്റിൽ നടിമാർ അല്ലാത്ത സ്ത്രീകൾക്ക് ടോയ്‌ലറ്റ്, പ്രത്യേക മുറി പോലുള്ള സൗകര്യങ്ങൾ ആവശ്യമാണ്. മേക്കപ്പ് ആർട്ടിസ്റ്റ്, അസിസ്റ്റന്റ്സ് ആയി ജോലി ചെയ്യുന്ന സ്ത്രീകൾക്കാണ്  വലിയ ബുദ്ധിമുട്ട്. ഇത്തരം കാര്യങ്ങളിലൊക്കെ ഇടപെടാൻ സിനിമയിലെ സ്ത്രീ സംഘടനയ്‌ക്ക് കഴിയും. 99 ശതമാനം പുരുഷന്മാർ ജോലി ചെയ്യുന്ന സെറ്റിൽ ഒരു ശതമാനം മാത്രമായിരിക്കും സ്ത്രീകൾ ഉണ്ടാവുക. അവർക്ക് ഇമോഷണൽ സപ്പോർട്ട് ഒക്കെ വേണ്ടിവരുമല്ലോ.

അർഹിക്കുന്ന പരിഗണന സിനിമാരംഗത്തു നിന്ന് എനിക്ക് കിട്ടിയിട്ടില്ല എന്ന തോന്നലൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എനിക്ക് പുതിയ പുതിയ വേഷങ്ങൾ ചെയ്യുന്നതിലാണ് കൗതുകം. ഒരു ആർട്ട് ഫോം എന്ന രീതിയിലാണ് സിനിമയെ കാണുന്നത്. അകം, ചായില്യം, വെടിവഴിപാട്, ഉടലാഴങ്ങൾ, ഞാൻ.. ഇവയിൽ നിന്നൊക്കെ മികച്ചതാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. കൂടുതൽ നല്ല റോളാണോ എന്നാണ് പുതിയ ഓഫറുകൾ വരുമ്പോൾ ചിന്തിക്കുന്നത്. കമേഴ്‌സ്യൽ സിനിമയിലേക്ക് വിളിക്കാറുണ്ടെങ്കിലും ഇതുവരെ വന്ന കഥാപാത്രങ്ങളൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല.

anumol005

ഞാനത്ര പോരാ എന്നൊരു തോന്നലില്ല... 

നാട്ടിൻപുറത്ത് ജനിച്ചു വളർന്ന ഒരാളാണ് ഞാൻ. എപ്പോഴും ഞാനായി തന്നെ ഇരിക്കാൻ ഇഷ്ടമുള്ള ഒരാളുമാണ്. പൊട്ടു വയ്ക്കുക വീട്ടിൽ നിർബന്ധമുള്ള കാര്യമാണ്. അങ്ങനെയാണ് വലിയ പൊട്ട് ജീവിതത്തിന്റെ ഭാഗമാകുന്നത്. ചിലതൊക്കെ ശീലങ്ങളിൽ നിന്നൊഴിവാക്കി. മാല, കമ്മൽ ഇതൊന്നും സ്ഥിരമായി ഉപയോഗിക്കാറില്ല. ചിലപ്പോൾ തോന്നും ലുക്ക് ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന്. പക്ഷെ, വരുന്ന സിനിമകൾക്ക് ആവശ്യം ഈയൊരു ലുക്ക് ആയിരിക്കും. ഫോട്ടോഷൂട്ടിനും ചാനൽ ഷോകൾക്കുമായി താൽക്കാലികമായി ഞാൻ സ്റ്റൈൽ മാറ്റിപ്പിടിയ്ക്കാറുണ്ട്. അപ്പോൾ മുടിയൊക്കെ അയൺ ചെയ്യാറുണ്ട്. എനിക്ക് ഒരിക്കലും ഞാൻ അത്ര പോരാ എന്നൊന്നും തോന്നിയിട്ടില്ല. എങ്കിലും ചിലപ്പോൾ തോന്നും മുടി കളർ ചെയ്യണം എന്നൊക്കെ. ഇനി എന്തായാലും നരച്ചു തുടങ്ങുമ്പോൾ ചെയ്യാം. ഓരോ നരയിലും ഓരോ കളർ കൊടുക്കാമല്ലോ.

’മീടൂ’ ക്യാംപെയ്ൻ നല്ലതാണ് 

എന്ത് കാര്യങ്ങളിലും പോസിറ്റീവ് സൈഡ് കാണാനാണ് ഇഷ്ടം. ’മീടൂ’ ക്യാംപെയ്നും അതുപോലെ തന്നെ. ’മീടൂ’ കാരണം സമൂഹത്തിൽ ഒരു ഭയം ഉണ്ടായിട്ടുണ്ട്. അതൊരു നല്ല തുടക്കമാണ്. എന്നാൽ മറ്റൊരാളെ ഉപദ്രവിക്കാനോ പക വീട്ടാനോ ഒന്നും ’മീടൂ’ ഉപയോഗിക്കരുത് എന്ന് മാത്രം. എന്നെ സംബന്ധിച്ചാണെങ്കിൽ എനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള ഗ്രൂപ്പിന്റെ കൂടെയാണ് ഇതുവരെ ജോലി ചെയ്തിട്ടുള്ളത്. ചെയ്തിട്ടുള്ള പടങ്ങളിലൊന്നും ഇതുവരെ അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല.  

ശബരിമലയ്ക്ക് പോകുന്നവർ പോകട്ടെ!

ആർത്തവം അശുദ്ധമാണെന്ന അഭിപ്രായം എനിക്കില്ല. ശരീരത്തിന്റെ സ്വാഭാവികമായ ഒരു അവസ്ഥ ആയിട്ടേ തോന്നിയിട്ടുള്ളൂ. പിന്നെ വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാൻ ജനിച്ചു വളർന്ന ചുറ്റുപാടും കേട്ടു വളർന്ന രീതികളും അനുസരിച്ച് ആർത്തവം ഉള്ളപ്പോൾ ക്ഷേത്രത്തിൽ പോകാൻ പറ്റുമോ എന്നൊക്കെ ഭയന്നിട്ടുണ്ട്. അതേസമയം എനിക്ക് അങ്ങനെ പോകുന്ന ആളുകളോട് എതിർപ്പുമില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്. പോകുന്നതും പോകാതിരിക്കുന്നതുമൊക്കെ അവരവരുടെ ഇഷ്ടം. സ്ത്രീകളെ വിലക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. നമ്മളാരാ മറ്റൊരാളെ വിലക്കാൻ? അവർക്ക് അവരുടേതായ അവകാശങ്ങളില്ലേ?  ഇങ്ങനെ വിലക്ക് കല്പിക്കുന്നവർക്ക് ആരാണ് അതിനുള്ള അധികാരം കൊടുത്തിട്ടുള്ളത്? 

ഒരു ദേശത്തെ വിശ്വാസത്തിന്റെ പേരിൽ ഒരുമിപ്പിക്കുന്നതിനാണ് കാവുകൾ ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു നവോത്ഥാനം ആരാധനാലയങ്ങളിൽ നിന്നുതന്നെ തുടങ്ങണം. ഇന്ന സ്ഥലത്തു നിന്ന് മാത്രമേ തുടങ്ങാവൂ എന്നൊന്നുമില്ല. ഞാൻ എന്തായാലും ആർത്തവം ഉള്ളപ്പോൾ ക്ഷേത്രത്തിൽ കയറില്ല. വിയർത്തു കുളിച്ചിരിക്കുമ്പോൾ പോലും അമ്പലങ്ങളിൽ കയറാൻ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ. എന്റെ മനസ്സിൽ ക്ഷേത്രങ്ങൾക്ക് ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയുമൊക്കെ മണമാണ്. ആർത്തവം ആകുമ്പോൾ എവിടെയും പോകാൻ ഇഷ്ടമില്ല. എന്നാൽ പോകുന്നവരോട് എനിക്ക് എതിർപ്പുമില്ല. 

anumol006

ട്രോളുകളെ പേടിയാ...

ഇപ്പോൾ മിണ്ടിയാൽ പ്രശ്നമാണ്. എന്തും ഏതും വിവാദമാക്കാൻ നടക്കുകയല്ലേ ആളുകൾ. വെടിവഴിപാട് ഇറങ്ങിയ സമയത്തൊക്കെ ഭയങ്കര ആവേശമായിരുന്നു. എന്തും നേരിടാൻ തയാറായിരുന്നു. ഇപ്പോൾ പഴയ ആവേശമൊക്കെ കുറഞ്ഞു. വെറുതെ എന്തിനാ നമ്മുടെ മൂഡ് കളയുന്നത്. ഞാൻ ഫെയ്‌സ്ബുക്കിൽ അത്ര സജീവമല്ല. പക്ഷെ, ഇൻസ്റ്റാഗ്രാമിൽ ആക്ടീവാണ്. യൂട്യൂബിൽ ’അനുയാത്ര’ എന്ന പേരിൽ ഒരു ചാനലും തുടങ്ങിയിട്ടുണ്ട്. കുറച്ചു സെൻസിറ്റീവ് ആണ്. അതുകൊണ്ടു ട്രോളുകൾ ഒക്കെ പേടിയാണ്. ഒരു സൈബർ ആക്രമണം ഉണ്ടായാൽ മനസ്സ് കൊണ്ട് അതെങ്ങനെ എടുക്കും എന്നറിയില്ല. ചേച്ചി സാരി ഉടുക്കുന്നതാണ് ഇഷ്ടം എന്നൊക്കെ പറഞ്ഞു ചിലർ വരാറുണ്ട്. അവർക്കൊക്കെ നല്ല മറുപടിയും കൊടുക്കാറുണ്ട്. ’ഉടലാഴത്തി’ൽ മണിയ്‌ക്കൊപ്പം അഭിനയിച്ചതും ചിലർക്ക് വലിയ പ്രശ്നമായിരുന്നു. സഹിക്ക വയ്യാതായപ്പോൾ ഞാൻ ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്.

’അനുയാത്ര’യും ഭാവി സ്വപ്നങ്ങളും... 

കറങ്ങി നടക്കാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ ഇഷ്ടമാണ്. അങ്ങനെ എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാണ് ’അനുയാത്ര’. അത് യൂട്യൂബ് ചാനൽ ആക്കിയെന്ന് മാത്രം. ആളുകളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വളരെ പതുക്കെയാണ് പോകുന്നത്. സിനിമയുടെ തിരക്ക് വരുമ്പോൾ ഇടയ്ക്ക് മിസ് ആകാറുണ്ട്. ഇനിയൊരു ക്യാമറ വാങ്ങിക്കണം. പിന്നെ ഇക്കൂട്ടത്തിൽ പ്രണയം, വിവാഹം ഒക്കെ പതുക്കെ നോക്കാം. എല്ലാം സസ്പെൻസാണ് സമയം വരുമ്പോൾ പുറത്തുവിടും. വീട്ടിൽ അമ്മയും അനിയത്തിയും മാത്രം. സഹോദരി അഞ്ജു ഇൻഡിഗോ എയർലൈൻസിൽ ജോലി ചെയ്യുന്നു. അമ്മ കല ഹൗസ് വൈഫാണ്. അച്ഛൻ മനോഹരൻ അബ്കാരി ആയിരുന്നു. മരിച്ചിട്ട് 25 വർഷം ആകുന്നു. 

anumol007