Monday 25 October 2021 04:49 PM IST : By സ്വന്തം ലേഖകൻ

‘അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, ഇന്ന് എന്റെ കുഞ്ഞ് കയ്യിലുണ്ടാകുമായിരുന്നു’: ദത്ത് നടപടി സ്റ്റേ ചെയ്ത് കോടതി

anupama-case-741

ദത്ത് കേസില്‍ അനുപമയ്ക്ക് അനുകൂല നടപടിയുമായി കോടതി. ദത്തെടുക്കല്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. തുടര്‍നടപടികള്‍ അറിയിക്കാന്‍ സർക്കാരിന് നിർദ്ദേശം നൽകിയ കോടതി പൊലീസ് അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് നവംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. കുഞ്ഞിനെ ദത്ത് നൽകിയ ശിശുക്ഷേസമിതിയുടെ (Child Welfare Committee) നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട വഞ്ചിയൂർ കുടുംബക്കോടതിയുടെ (Vanchiyoor Family Court) വിധി സ്വാഗതം ചെയ്ത് അനുപമ (anupama).

കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ഇത്രയും കാലം ജീവിച്ചതെന്നും സ്വന്തം കുഞ്ഞിനെ തിരികെ കിട്ടുമെന്ന വിശ്വസമിപ്പോൾ ഉണ്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കോടതി നടപടിയിൽ ഒരുപാട് സന്തോഷമെന്ന് അനുപമ പറഞ്ഞു. കുഞ്ഞിനെ തിരിച്ചുകിട്ടുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ പിന്തുണ നേരത്തെ കിട്ടിയിരുന്നെങ്കില്‍ കുഞ്ഞ് തനിക്കൊപ്പമുണ്ടായേനെയെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.വിഡിയോ കാണാം.

‘ആറ് മാസമായി പരാതിയുമായി പലയിടത്തും കയറിയിറങ്ങുകയായിരുന്നു. പലർക്കും പലതും ചെയ്യാമായിരുന്നു പക്ഷേ ആരും ഒന്നും ചെയ്തില്ല. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളിൽ ദുഖമുണ്ട്. സത്യം മനസ്സിലാക്കാൻ സാധിക്കുന്നവർ മനസ്സിലാക്കുക എന്നേ പറയാനുള്ളൂ. സർക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടും എനിക്കൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ കോടതിയിൽ സർക്കാർ പറഞ്ഞ പോലെ പ്രവർത്തിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കുഞ്ഞിനെ തിരിച്ചു കിട്ടുമെന്ന കാര്യത്തിൽ നല്ല പ്രതീക്ഷയുണ്ട്. ഞാൻ അന്ന് കൊടുത്ത പരാതിയിൽ തന്നെ ബന്ധപ്പെട്ടവരും ഉത്തരവാദിത്തപ്പെട്ടവരും നടപടിയെടുത്തിരുന്നെങ്കിൽ എൻ്റെ കുഞ്ഞ് ഇപ്പോ എനിക്കൊപ്പമുണ്ടായിരുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സൈബർ ഇടങ്ങളിൽ എനിക്കെതിരെ അധിക്ഷേപം നടത്തുന്നവർ ആരാണെന്ന് വ്യക്തമാണ്. അവരെ നിയന്ത്രിക്കാനും ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുമെന്നാണ് എൻ്റെ വിശ്വാസം. .’– അനുപമയുടെ വാക്കുകൾ.