Saturday 23 October 2021 03:18 PM IST : By സ്വന്തം ലേഖകൻ

മൊഴികളിൽ പൊരുത്തക്കേട്, അനുപമയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും: അഡോപ്ഷൻ റിസോഴ്സ് സമിതിക്ക് പൊലീസ് കത്തയച്ചു

anupama-missing

കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും . മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് പൊലീസ് . മറ്റ് ബന്ധുക്കളോടും വിവരം തേടും. അതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്സ് സമിതിക്ക് പൊലീസ് കത്തയച്ചു. 2020 ഒക്ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം.

നൊന്തു പെറ്റ കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി അനുപമ സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരമിരിക്കുകയാണ്. സമരമാരംഭിക്കുന്നതിനു മുമ്പ് ആരോഗ്യ മന്ത്രി അനുപമയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തുന്നതായി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയെടുക്കുമെന്നും ഉറപ്പു നല്കി. പിന്തുണയ്ക്കേണ്ട സമയത്ത് പാർട്ടിയും പൊലീസും നിസംഗരായി നിന്നെന്ന് അനുപമ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ 22നാണ് പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനെ അനുപമയിൽ നിന്ന് അകറ്റിയത്. കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോൾ അനുപമ അസാധാരണ സമരത്തിനിറങ്ങിയിരിക്കുന്നു. തന്റെ കുഞ്ഞെവിടെയെന്ന ചോദ്യമുയർത്തി. കേരളമേ ലജ്ജിക്കൂ എന്ന പോസ്റ്ററാണ് കൈയിൽ.

ഇവിടെ അനുപമയ്ക്ക് അർഹമായ നീതി രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടുവെന്നതിന്റെ കൂടുതൽ തെളിവുകളാണ് പുറത്തു വരുന്നത്. മറ്റെന്തൊക്കെ മറുവാദങ്ങളുണ്ടെങ്കിലും കുട്ടി അമ്മയുടെ അവകാശമാണ്. താല്ക്കാലിക ദത്ത് നല്‍കൽ നടപടിക്രമങ്ങൾ റദ്ദാക്കാനാകുമെന്നും കോടതി വഴി നീതി കിട്ടുമെന്നുമാണ് അനുപമ പ്രതീക്ഷിക്കുന്നത്.