Wednesday 27 October 2021 11:14 AM IST : By സ്വന്തം ലേഖകൻ

ദുരഭിമാന കുറ്റകൃത്യമെന്ന് കെകെ രമ, മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ: അനുപമ വിവാദത്തിൽ സഭ പ്രക്ഷുബ്ധം

anupama-missing

എസ്എഫ്ഐ മുൻ പ്രവർത്തക അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ അവരുടെ സമ്മതമില്ലാതെ ദത്ത് നൽകിയ സംഭവത്തിൽ സിപിഎമ്മും സർക്കാർ സംവിധാനവും ഗൂഢ നീക്കം നടത്തിയെന്ന ആക്ഷേപം നിയമസഭയെ പ്രക്ഷുബ്ധമാക്കി. ഇക്കാര്യം അവതരിപ്പിച്ച കെ.കെ.രമയുടെ മൈക്ക് ഓഫ് ചെയ്ത സ്പീക്കർ എം.ബി.രാജേഷിന്റെ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. തുടർന്ന്, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടും ഗുരുതര കുറ്റകൃത്യം നടത്തിയ ശിശുക്ഷേമ സമിതിയെ ന്യായീകരിച്ച മന്ത്രി വീണാ ജോർജിന്റെ നിലപാടിൽ പ്രതിഷേധിച്ചും പ്രതിപക്ഷം ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയുടെ ഓഫിസും പൊലീസും സിപിഎമ്മും ശിശുക്ഷേമ സമിതിയും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ ദുരഭിമാന കുറ്റകൃത്യമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ രമ ആരോപിച്ചു. മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മയിൽ നിന്ന് എടുത്തു മാറ്റാൻ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ക്രിമിനൽ ഗൂഢാലോചന നടത്തി. സിപിഎം നേതാവിന്റെ കുടുംബത്തിനൊപ്പം എല്ലാ സർക്കാർ സംവിധാനങ്ങളും പൊലീസും പാർട്ടിയും ഒന്നിച്ചു.

ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടു വരാൻ ജുഡീഷ്യൽ അന്വേഷണം വേണം. ശിശുക്ഷേമസമിതി പിരിച്ചു വിടണമെന്നും രമ ആവശ്യപ്പെട്ടു. രമയുടെ പ്രസംഗം 11 മിനിറ്റ് കഴിഞ്ഞപ്പോൾ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. അതോടെ ഷാഫി പറമ്പിൽ, ഐ.സി.ബാലകൃഷ്ണൻ, റോജി എം.ജോൺ, അൻവർ സാദത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ഉന്നയിക്കാമെന്ന ഉദാര സമീപനമാണു താൻ സ്വീകരിച്ചതെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി. 

ബഹളം വച്ചു തന്നെ കീഴ്പ്പെടുത്താമെന്നു കരുതരുതെന്നും മുന്നറിയിപ്പു നൽകി. അപ്പോഴേക്കും മന്ത്രി വീണ മറുപടി പ്രസംഗം തുടങ്ങിയിരുന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി അധ്യക്ഷ വേദിക്കു മുന്നിൽ നിരന്നു നിന്നു മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിർദേശത്തെ തുടർന്നാണ് അവർ പിന്നീടു സീറ്റിലേക്കു മടങ്ങിയത്. ദത്ത് നൽകിയ കുഞ്ഞ് അനുപമയുടെയാണെന്ന് ഇപ്പോഴും തെളിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പിഴവു സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

പ്രസംഗം പൂർത്തിയാക്കാൻ രമയെ അനുവദിക്കാത്ത സ്പീക്കറുടെ നടപടിയിൽ വി.‍ഡി.സതീശൻ പ്രതിഷേധമറിയിച്ചു.  ആൺകുട്ടിയെ പെൺകുട്ടിയാക്കിയ ശിശുക്ഷേമ സമിതിയുടെ മാജിക്കാണു കണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ദുരഭിമാനക്കൊലപാതകങ്ങൾക്കു സമാനമായ ദുരഭിമാന കുറ്റകൃത്യമാണിത്. ശിശുക്ഷേമ സമിതി ചെയർമാനായ മുഖ്യമന്ത്രി ഇത് അറിയേണ്ടതല്ലേ? മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ലേ എന്നും സതീശൻ ചോദിച്ചു.

തങ്ങൾ ജില്ലാ കമ്മിറ്റി കൂടി കുഞ്ഞിനെ തിരികെ നൽകാൻ തീരുമാനിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞുവെന്നും ഇതെന്താ വെള്ളരിക്കാപ്പട്ടണം ആണോയെന്നും സതീശൻ ചോദിച്ചതോടെ ഭരണ പക്ഷം പ്രതിഷേധിച്ചു. ആക്ഷേപകരമായി എന്തെങ്കിലുമുണ്ടെങ്കിൽ രേഖയിൽ ഉണ്ടാകില്ലെന്നു സ്പീക്കർ വ്യക്തമാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.