Wednesday 24 November 2021 10:46 AM IST : By സ്വന്തം ലേഖകൻ

‘ജനിച്ചപ്പോൾ കണ്ട ഓർമ മാത്രം, സങ്കടം അടക്കാനായില്ല; എന്റെ രൂപത്തിന്റെ പകർപ്പു തന്നെയാണ് മോൻ’: സന്തോഷത്തിൽ വിതുമ്പി അനുപമ

Ajith-and-Anupama-7

‘ജനിച്ചപ്പോൾ അവനെ കണ്ടൊരു ഓർമ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇനിയൊന്നു കാണാനെങ്കിലും കഴിയുമോ എന്ന ഭയമായിരുന്നു ഇതുവരെ. ഒരു വർഷത്തിനു ശേഷം അവനെ കണ്ടപ്പോൾ സങ്കടം അടക്കാനായില്ല. ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ഫോട്ടോയുണ്ട്. അന്നത്തെ എന്റെ രൂപത്തിന്റെ പകർപ്പു തന്നെയാണു മോൻ. എല്ലാവരും അതു തന്നെ പറഞ്ഞു’– കോളിളക്കം സൃഷ്ടിച്ച ദത്തുവിവാദത്തിനൊടുവിൽ സ്വന്തം കുഞ്ഞിനെ കണ്ട അനുഭവം പറയുമ്പോൾ അനുപമ സന്തോഷം കൊണ്ടു വിതുമ്പുകയായിരുന്നു. 

‘നിർമല ശിശുഭവനിലെ മുറിയിലേക്കു ഞങ്ങൾ ചെന്നപ്പോൾ ആയയാണ് അവനെ എടുത്തുകൊണ്ടു വന്നത്. ഉറക്കം വന്നിരിക്കുകയായിരുന്നു. മുഖം കഴുകിയാണു കൊണ്ടുവന്നത്. ക്ഷീണമൊന്നുമില്ല, നന്നായിരിക്കുന്നു. പക്ഷേ, ഉറക്കം വരുന്നതിന്റെ കരച്ചിലിലായിരുന്നു. അല്ലാത്തപ്പോൾ നല്ല സന്തോഷത്തിലാണെന്നും നിർബന്ധമൊന്നുമില്ലെന്നും എല്ലാവരോടും വേഗം ഇണങ്ങിയെന്നും സിസ്റ്റർമാരും ആയമാരും പറഞ്ഞു. ഞാനും അജിത്തേട്ടനും എടുത്തപ്പോഴും കരച്ചിൽ തന്നെയായിരുന്നു. അമ്മയാണെന്നൊക്കെ പറഞ്ഞപ്പോൾ മുഖത്തു നോക്കി. അജിത്തേട്ടൻ മോനെ ആദ്യമായി കാണുകയായിരുന്നു.

ഒരാൾ എടുക്കുമ്പോൾ കരഞ്ഞുകൊണ്ട് അടുത്ത ആളുടെ നേർക്കു കൈ നീട്ടും. അവിടൊരു മുയലിന്റെ പാവയുണ്ട്. അതെടുത്ത് തലയിൽ മുട്ടിച്ചു കളിക്കുന്നത് അവനിഷ്ടമാണെന്നു സിസ്റ്റർ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തപ്പോൾ കരച്ചിൽ‌ നിർത്തി അൽപനേരം നോക്കിയിരുന്നു. പിന്നെ വീണ്ടും കരച്ചിലായി. പിന്നീടു പെട്ടെന്ന് ഉറക്കത്തിലാവുകയും ചെയ്തു. അപ്പോഴാണു തിരികെ പോന്നത്. വിട്ടുപോരാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. വേറെ നിവൃത്തിയില്ലല്ലോ. കണ്ണീരോടെയേ അവിടെ നിന്നിറങ്ങാനായുള്ളൂ. എത്രയും വേഗം അവനെ ഞങ്ങൾക്കു കിട്ടുമെന്നാണു പ്രതീക്ഷ’– അനുപമ പറഞ്ഞു. 

തൈക്കാട് ശിശുക്ഷേമ സമിതിക്കു മുന്നിലെ സത്യഗ്രഹ പന്തലിൽ അനുപമയും ഒപ്പമുള്ളവരും ഇന്നലെ രാവിലെ മുതൽ ഡിഎൻഎ പരിശോധനാ ഫലത്തിന്റെ ആകാംക്ഷയിലായിരുന്നു. ഒന്നരയോടെയാണു പരിശോധന ഫലം പോസിറ്റീവാണെന്ന സൂചന ലഭിക്കുന്നത്. മൂന്നോടെ പരിശോധന റിപ്പോർട്ട് സിഡബ്ല്യുസിക്കു കൈമാറിയ വാർത്ത പുറത്തു വന്നു. അടുത്ത കടയിൽനിന്നു വാങ്ങിയ മിഠായി നിറചിരിയോടെ അനുപമ അജിത്തിനും ഒപ്പമുള്ളവർക്കും വിതരണം ചെയ്തു. നിയമസഭയിൽ അനുപമയ്ക്കു നീതി കിട്ടണമെന്നു വാദിച്ച കെ.കെ.രമ എംഎൽഎയും സന്തോഷം പങ്കിടാനെത്തി. 

Tags:
  • Spotlight