Monday 22 November 2021 02:57 PM IST : By സ്വന്തം ലേഖകൻ

കുട്ടികളില്ലാതിരുന്നിട്ട് കിട്ടിയ നിധി, കൊഞ്ചിച്ച് കൊതിതീർന്നിട്ടു കൂടിയുണ്ടാകില്ല: ആന്ധ്രയിലെ ആ അമ്മ മനസിന്റെ നോവ് ആരറിയും?

anupama-baby-7

അവകാശ പോരാട്ടവും നിയമ കോലാഹലങ്ങളും തുടങ്ങുന്നതിനും എത്രയോ മുമ്പ്... കണ്ണിലെ കൃഷ്ണമണി പോലെ അവനെ നോക്കിക്കൊള്ളാം എന്ന് വാക്കു നൽകി നെഞ്ചോടു ചേർത്തുവച്ച ഒരച്ഛനും അമ്മയും. കുഞ്ഞിക്കാലടികൾ‌ തങ്ങളുടെ ജീവിതത്തിലും ഉണ്ടാകണേ എന്ന പ്രാർഥനയോടെ ആ കുഞ്ഞിനെ ഏറ്റുവാങ്ങിയ അധ്യാപക ദമ്പതികൾ... എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയ കുഞ്ഞിന് വിവാദങ്ങളുടെ ഭൂതകാലമുണ്ടെന്ന് അവർ അറിഞ്ഞിരുന്നില്ല.

കുഞ്ഞിനെ ദത്തു നൽകിയ കേസിൽ നിയമപോരാട്ടം ഡിഎൻഎ പരിശോധനയില്‍ വരെ എത്തി നിൽക്കുമ്പോൾ മറന്നു കൂടാത്തവരാണ് ആന്ധ്രയിലെ ആ അമ്മ മനസ്. ഇന്നലെ വരെ തങ്ങൾക്കൊപ്പം കൊഞ്ചിക്കളിച്ചുറങ്ങിയ വാവ, ഇന്ന് അവകാശ പോരാട്ടത്തിന്റെ മധ്യത്തിലേക്ക് പോകുമ്പോൾ സ്വന്തം ചോരയല്ലെങ്കിലും ആ അമ്മ മനസ് വേദനിക്കും.

നീണ്ട സമരത്തിനും സഹനത്തിനും കാത്തിരിപ്പിനുമൊടുവിൽ കുഞ്ഞ് നാട്ടിലെത്തിയതോടെ അനുപമയ്ക്കും കുഞ്ഞിനും ഇടയിൽ ഇനിയുള്ള ദൂരം ഡിഎൻഎ പരിശോധനാ ഫലത്തിന്റേതു മാത്രമാണ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലാണു ഡിഎൻഎ പരിശോധിക്കുക. സാംപിൾ നൽകിയാൽ രണ്ടു ദിവസത്തിനകം ഫലം ലഭിക്കും. ഈ ഫലമാണ് അനുപമയുടെ അവകാശവാദം തെളിയിക്കുകയെങ്കിലും സാംപിൾ പരിശോധന പരാജയപ്പെട്ടാൽ സ്ഥിതി അതിസങ്കീർണമാകും. മറുവശത്ത് ഫലമെന്തായാലും ഏറെ കൊതിയോടെയും സ്നേഹത്തോടെയും കുഞ്ഞിനെ പരിപാലിച്ച ആ അധ്യാപിക ദമ്പതികൾക്ക് തീരാവേദനയാകും ബാക്കിയാകുന്നത്.

അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ പരാതിയും വിവാദങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടെ ഏവരും തേടിയത് ആ കുഞ്ഞ് ഇപ്പോൾ എവിടെയാണെന്നായിരുന്നു. ഒടുവിൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികളാണെന്ന വിവരം പുറത്തുവന്നു. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണു കേരളത്തിലെ ശിശുക്ഷേമ സമിതി വഴി ദത്തെടുത്ത‍തെന്നും കുഞ്ഞ് സുരക്ഷിതമായി, സന്തോഷത്തോടെ തങ്ങൾക്കൊപ്പമുണ്ടെന്നും അന്ന് ഒരു അവർ വ്യക്തമാക്കി. കേരളത്തിലെ സംഭവങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞു. വിവാദമായ സംഭവമായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി.

ഒട്ടും ലളിതമായിരുന്നില്ല കുഞ്ഞെന്ന സ്വപ്നത്തിലേക്കുള്ള അവരുടെ യാത്ര.വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുൻപാണ് ഇവര്‍ കുഞ്ഞിന ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. കേരളത്തിൽനിന്നും കുട്ടിയെ ലഭിച്ചപ്പോൾ സന്തോഷമായിരുന്നെന്ന് അവർ പറഞ്ഞത് ഈ നിമിഷം ഓർത്തു പോകുന്നു.

കുഞ്ഞിനെ ലഭിച്ച് മാസങ്ങൾക്കകം തന്നെ അവർ ഗ്രാമത്തിൽനിന്നു പട്ടണത്തിലേക്കു ചേക്കേറിയത് അതിന്റെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചിന്തിച്ചിട്ടാകാം. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയിൽ റജിസ്റ്റർ ചെയ്ത് തുടങ്ങിയ കാത്തിരിപ്പ് രാജ്യത്തിന്റെ പൊതു നിയമത്തെയും രണ്ടു സംസ്ഥാനങ്ങളുടെ ദത്തെടുക്കൽ നൂലാമാലകളെയും പിന്നിട്ട് അവരുടെ കൈകളിൽ എത്തിയത് ഈ വർഷം ഓഗസ്റ്റ് ഏഴിനും.

ദത്തു വിവാദത്തിൽ വിവാദങ്ങളും വാദപ്രതിവാദങ്ങളും നിയമപോരാട്ടങ്ങളും മുറുകവേയാണ് വീണ്ടും ആ കുഞ്ഞ് വാർത്തകളിലെ കേന്ദ്രബിന്ദുവായത്. ആന്ധ്രയിലെ കുഞ്ഞിനെ നാട്ടിലെത്തിക്കുമോ അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കുമോ എന്ന തരത്തിൽ ചർച്ചകൾ നീണ്ടു. അപ്പോഴൊക്കെ കണ്ണിലെ കൃഷ്ണമണി പോലെ ചേർത്തുവച്ച കുഞ്ഞിനെ നഷ്ടപ്പെടുമെന്നോർത്ത് ആന്ധ്രയിലെ ആ അമ്മ മനസ് നീറിപ്പുകഞ്ഞിരിക്കാം. എന്നാൽ എല്ലാ നിയമങ്ങളും പാലിച്ച് ദത്തെടുത്ത കുഞ്ഞിനെ അതേ നിയമസംവിധാനം തന്നെ, ഒരു രാത്രിയിലെത്തി തിരിച്ചെടുത്തു. മൂന്നു മാസമേ കൂടെയുണ്ടായിരുന്നുണ്ടെങ്കിലും ഒരായുഷ്കാലത്തേക്ക് നീറുന്ന നോവായി ആ അച്ഛന്റെയും അമ്മയുടെയും ഉള്ളിൽ കുഞ്ഞുകരച്ചിലുകൾ നിറയില്ലേ? 

എന്തായാലും ജീവിതത്തിന്റെ നാടകീയതകൾ‌ ഇവിടെയും ആവർത്തിക്കുകയാണ്. ഒരമ്മയ്ക്കു മുന്നിൽ നീതിദേവത കൺതുറക്കുമ്പോൾ, മറുവശത്ത് ഇതൊന്നും അറിയാതെ ആ പൈതലിനെ സ്വീകരിച്ച മാതാവിനു മുന്നിൽ നിയമത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്. പ്രതീക്ഷകളുടേയും സ്വപ്നങ്ങളുടേയും ഒരു കൊട്ടാരം തന്നെ അവർ മനസിൽ ആ കുഞ്ഞിനായി പടുത്തയർത്തിയിരിക്കാം. പക്ഷേ ഒടുവിൽ കണ്ണുനീരണിയാനായിരുന്നു വിധി. ഇനി എന്ത് സംഭവിക്കുമെന്ന ചോദ്യങ്ങളുടെ ഉത്തരം നിയമത്തിനു വിടാം. ആർക്കും ഒരു ഭാരമാകാതെ, തർക്കങ്ങൾക്കിടയിൽ നിസഹായനാകാതെ ആ കുഞ്ഞ് വളരട്ടെ എന്ന് പ്രത്യാശിക്കാം.