Thursday 25 November 2021 05:05 PM IST : By സ്വന്തം ലേഖകൻ

‘അവനെ പൊന്നുപോലെ നോക്കിയില്ലേ, നന്ദിയുണ്ട്’: നല്ല മനുഷ്യനായി വളർത്തുമെന്ന് അനുപമ: പൂക്കൾ വിതറി സ്വാഗതം

anupama-411

വേദനയോടെ കാത്തിരുന്ന് തിരികെ കിട്ടിയ കുഞ്ഞിനെ നല്ല മനുഷ്യനായി വളർത്തുമെന്ന് അനുപമ എസ്.ചന്ദ്രൻ. അതിനു വേണ്ടി ഒരു ജോലി സമ്പാദിക്കാൻ ശ്രമിക്കുമെന്നും കുഞ്ഞിനെ തിരികെ കിട്ടിയ ശേഷം അനുപമ വ്യക്തമാക്കി. ‘കുഞ്ഞിനെ തിരികെ കിട്ടിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ആശ്വാസവുമാണ്.  ഒരു വർഷമായുള്ള കാത്തിരിപ്പിന് ഇന്നാണു ഫലം കണ്ടത്. അവൻ ഞങ്ങളോട് ഇണങ്ങി വരുന്നതേയുള്ളൂ.

അവനെ മൂന്നു മാസം സ്വന്തം കുഞ്ഞിനെ പോലെ നോക്കി വളർത്തിയ ആന്ധ്ര പ്രദേശിലെ ദമ്പതികളോട് വലിയ നന്ദിയുണ്ട്. ഞങ്ങളും ഉള്ള സമ്പാദ്യം കൊണ്ട് നന്നായി നോക്കി വളർത്തും. അതു നിങ്ങൾക്കു കാണാനാകും.  ഡിഎൻഎ പരിശോധനയും ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെ അന്വേഷണവും അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക പ്രകടിപ്പിച്ചത് ഇതുവരെയുള്ള ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ്. അത്തരത്തിലുള്ള കള്ളക്കളികളാണു നടന്നത്. പക്ഷേ അതു രണ്ടും നേരിന്റെ പക്ഷത്തു നിന്ന് അനുകൂലമായതിൽ ഏറെ സന്തോഷം. കുറ്റക്കാർക്കു നടപടിയുണ്ടാകും വരെ പോരാട്ടം തുടരും’– അനുപമ പറ‍ഞ്ഞു.

അനുപമയുടെ പിതാവിനു മുൻകൂർ ജാമ്യം കിട്ടും

തിരുവനന്തപുരം ∙ വിവാദ ദത്തുകേസിൽ അനുപമയുടെ പിതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തീർപ്പാക്കി. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു കേസിൽ ഉള്ളതെന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. തന്റെ കുഞ്ഞിനെ തട്ടിയെടുത്തുവെന്നു ചൂണ്ടിക്കാട്ടി അനുപമ നൽകിയ കേസിലാണു പിതാവ് പി.എസ്. ജയചന്ദ്രൻ മുൻകൂർ ജാമ്യം തേടിയത്. അനുപമയുടെ അമ്മയ്ക്കും സഹോദരിക്കും നേരത്തേ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

പൂക്കൾ വിതറി സ്വാഗതം

തിരുവനന്തപുരം ∙ കോടതിയിൽനിന്നു കുഞ്ഞിനെ ഏറ്റുവാങ്ങി അനുപമയും അജിത്തും ശിശുക്ഷേമ സമിതിക്കു മുന്നിലെ സത്യഗ്രഹ പന്തലിലേക്ക് വന്ന കാറിനെ ഐക്യദാർഢ്യ സമിതി പ്രവർത്തകർ പൂക്കൾ വിതറി വരവേറ്റു.കോടതിക്കു പുറത്തേക്കെത്തുമ്പോൾ കെ.കെ.രമ എംഎൽഎ, ഐക്യദാർഢ്യ സമിതി കൺവീനർ പി.ഇ.ഉഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. പിന്നീട് സുഹൃത്ത് അമൃതിന്റെ പ്ലാമൂട്ടിലെ വീട്ടിലേക്കാണ് കുഞ്ഞുമായി അനുപമ പോയത്.

More