Friday 22 October 2021 11:25 AM IST : By സ്വന്തം ലേഖകൻ

സ്വന്തം പൈതലിനെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന, ദത്തെടുക്കൽ: കണ്ണീരൊഴുക്കിയ 14 മാസങ്ങൾ ഇങ്ങനെ

anupama-case-85

സ്വന്തം കുഞ്ഞിനെ തട്ടിയെടുത്തെന്നും കണ്ടെത്തി നൽകണമെന്നുമുള്ള അമ്മയുടെ പരാതിയിൽ കേസെടുക്കാൻ ആറു മാസം കാത്തിരുന്നു പൊലീസ്. കേസെടുത്തപ്പോഴാകട്ടെ ആറു മാസം മുൻപു പരാതി ലഭിക്കുകയും, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതു മറച്ചുവച്ചു. 2021 ഏപ്രിൽ 19നാണ് അനുപമ എസ്.ചന്ദ്രൻ പേരൂർക്കട പൊലീസിൽ പരാതി നൽകിയതെങ്കിൽ, പരാതി ലഭിച്ചതായി എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയ തീയതി ഒക്ടോബർ 18. പ്രതിസ്ഥാനത്തു വരിക സിപിഎം നേതാവായതിനാൽ തുടക്കം മുതൽ ഈ കേസിൽ പൊലീസ് ഒത്തുകളിച്ചെന്നു സംശയിപ്പിക്കുന്നതാണു പൊലീസിനുണ്ടായ വീഴ്ച.

ഏപ്രിൽ 19നാണ് പരാതിയുമായി ആദ്യം അനുപമ പേരൂർക്കട സ്റ്റേഷനിലെത്തിയത്. പരാതിയിൽ പ്രതിസ്ഥാനത്തുള്ള അച്ഛൻ പി.എസ്.ജയചന്ദ്രനെ ഒരു പൊലീസുകാരൻ ഫോണിൽ വിളിക്കുകയും എത്താനാകുമോ എന്നു ചോദിക്കുകയും ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റിയംഗം കൂടിയായ ജയചന്ദ്രൻ അസൗകര്യം അറിയിച്ചതോടെ അനുപമയെ സ്റ്റേഷനിൽനിന്നു മടക്കി. തൊട്ടടുത്ത ദിവസങ്ങളിലും സ്റ്റേഷനിലെത്തി കാത്തിരുന്നു. 10 ദിവസം കാത്തിരുന്നശേഷം 29നു ഡിജിപിക്കു പരാതി നൽകി.

വിശദമായി പരാതി കേൾക്കാൻ ഡിജിപി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും പരാതി കമ്മിഷണർ ഓഫിസിൽ എത്തുകയും ചെയ്തു. ഇതിനുശേഷം മേയിലാണു പേരൂർക്കട പൊലീസ് അനുപമയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഇതിനിടെ അനുപമയുടെ സമ്മതത്തോടെ കുഞ്ഞിനെ ശിശുക്ഷേമസമിതിയെ ഏൽപിച്ചെന്നു ജയചന്ദ്രൻ പൊലീസിനെ ധരിപ്പിച്ചു. എന്നാൽ തന്നെ തെറ്റിദ്ധരിപ്പിച്ച് ഒപ്പുവയ്പിച്ച രേഖയാണിതെന്നും സമ്മതം നൽകിയിട്ടില്ലെന്നും അനുപമ അറിയിച്ചു.

പിന്നീട് പേരൂർക്കട പൊലീസിൽനിന്ന് അനുപമയെ ബന്ധപ്പെട്ടില്ല. ഇതിനിടയിൽ അനുപമ പലർക്കും പരാതി നൽകുകയും സംഭവം വിവാദമാവുകയും ചെയ്തപ്പോൾ, കേസെടുക്കാൻ നിയമോപദേശം തേടിയിരിക്കുകയാണെന്നാണു പൊലീസ് വിശദീകരിച്ചത്. ഒടുവിൽ നിവൃത്തിയില്ലാതെ കഴിഞ്ഞ 18നു കേസെടുത്തു. എന്നാൽ നിയമവിരുദ്ധമായി കുട്ടിയെ ദത്ത് നൽകിയതിനു ബാലനീതി നിയമത്തിലെ വകുപ്പുകൾ ചുമത്തിയുമില്ല.

ദത്തെടുക്കൽ: കണ്ണീരൊഴുകിയ 14 മാസങ്ങൾ ഇങ്ങനെ..

∙ 2020 ഓഗസ്റ്റ്– അജിത് കുമാറുമായുള്ള ബന്ധത്തിൽ അനുപമ ഗർഭം ധരിച്ചതു വീട്ടുകാർ അറിയുന്നു
∙ 2020 സെപ്റ്റംബർ– സിപിഎം അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ അജിത്തിനെ പാർട്ടിയിൽനിന്നു പുറത്താക്കുന്നു
∙ ഒക്ടോബർ 19– കാട്ടാക്കടയിലെ ആശുപത്രിയിൽ അനുപമ എസ്.ചന്ദ്രൻ ആൺകുഞ്ഞിനു ജന്മം നൽകുന്നു
∙ ഒക്ടോബർ 22– അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്കു കൈമാറുന്നു
∙ 2021 ജനുവരി– അജിത്കുമാ‍ർ ആദ്യ ഭാര്യയിൽനിന്നു വിവാഹമോചനം നേടുന്നു

∙ ഫെബ്രുവരി– അനുപമയുടെ സഹോദരിയുടെ വിവാഹം
∙ മാർച്ച്– അജിത്തും അനുപമയും ഒരുമിച്ചു താമസമാക്കുന്നു, അനുപമയെ പാർട്ടിയിൽനിന്നു പുറത്താക്കുന്നു
∙ ഏപ്രിൽ 19– കുഞ്ഞിനെ കണ്ടെത്തി നൽകണമെന്ന പരാതിയുമായി അനുപമ പേരൂർക്കട പൊലീസിനെ സമീപിക്കുന്നു
∙ ഏപ്രിൽ– ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിഡിയോ കോളിലൂടെ പരാതി അറിയിക്കുന്നു
∙ ഏപ്രിൽ 29– ഡിജിപിക്ക് അനുപമയുടെ പരാതി

∙ മേയ്– പരാതി കമ്മിഷണർ ഓഫിസിലെത്തുന്നു
∙ മേയ്– പേരൂർക്കട പൊലീസ് അനുപമയുടെ മൊഴി രേഖപ്പെടുത്തുന്നു
∙ ജൂലൈ– കുഞ്ഞിനെ ദത്ത് നൽകാനായി വിവരങ്ങൾ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ വെബ്സൈറ്റിൽ ചേർക്കുന്നു
∙ ഓഗസ്റ്റ് 7– ആന്ധ്ര ദമ്പതികൾക്കു താൽകാലികമായി കുഞ്ഞിനെ ദത്ത് നൽകാൻ അഞ്ചംഗ ദത്തു നൽകൽ സമിതി തീരുമാനിച്ചു
∙ ഓഗസ്റ്റ് 11– കുഞ്ഞിനെ തിരക്കി അനുപമ ശിശുക്ഷേമസമിതിയിൽ. കണ്ടതു മറ്റൊരു കുഞ്ഞിനെയെങ്കിലും ഡിഎൻഎ പരിശോധന നടത്താൻ സിഡബ്ല്യൂസിക്ക് അപേക്ഷ നൽകുന്നു

∙ സെപ്റ്റംബർ 30– ഡിഎൻഎ പരിശോധന
∙ ഒക്ടോബർ 7– സമിതിയിൽ കണ്ട കുഞ്ഞ് അനുപമയുടേതല്ലെന്നു പരിശോധനാ ഫലം
∙ ഒക്ടോബർ 15– പരാതിയുമായി അനുപമ മാധ്യമങ്ങൾക്കു മുൻപിൽ
∙ ഒക്ടോബർ 18– പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
∙ ഒക്ടോബർ 21– വനിതാ കമ്മിഷൻ കേസെടുത്തു

More