Friday 24 June 2022 11:12 AM IST : By സ്വന്തം ലേഖകൻ

‘അമ്മയുടെ ചുണ്ടനക്കം മനസ്സിലാക്കി വാക്കുകൾ ഉച്ചരിച്ച് പഠിച്ചു’; ബിഎ ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടി അനുപ്രിയ, നിശ്ശബ്ദമായി നേടിയ വിജയം

exam-rank

എംജി സർവകലാശാലാ ബിഎ ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടി ഭിന്നശേഷി വിദ്യാർഥിനി അനുപ്രിയ. 95.2% മാർക്കോടെയാണ്  ചെറുതോണി മുരിക്കാശേരി പാവനാത്മാ കോളജിലെ അനുപ്രിയ ദേവസ്യ എ ഗ്രേഡും ഒന്നാം റാങ്കും നേടിയത്. ചേലച്ചുവട് പുലിക്കാട്ടിൽ സിബിയുടെയും ഷൈനിയുടെയും മകളാണ്.

രണ്ടര വയസ്സു മുതൽ കേൾവിക്കുറവ് തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ നിർദേശപ്രകാരം മൂവാറ്റുപുഴയിൽ സിസ്റ്റർ ഹെലന്റെ കീഴിൽ സ്പീച്ച് തെറപ്പി ആരംഭിച്ചു. ഇതോടൊപ്പം ആയുർവേദ ചികിത്സയും നടത്തി.  അമ്മയുടെ ചുണ്ടനക്കം മനസ്സിലാക്കിയാണ് അനുപ്രിയ വാക്കുകൾ ഉച്ചരിക്കാൻ തുടങ്ങിയത്.

പത്താം ക്ലാസിൽ 98 ശതമാനം മാർക്കും പ്ലസ് ടുവിനു 90 ശതമാനം മാർക്കും നേടി. ചിത്രകാരിയായ അനുപ്രിയ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊളാഷിൽ ബി ഗ്രേഡും എംജി കലോത്സവത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്. അഭി‍ൻ, ലിയ എന്നിവർ സഹോദരങ്ങളാണ്.

Tags:
  • Spotlight