Tuesday 14 January 2025 09:51 AM IST : By സ്വന്തം ലേഖകൻ

‘പ്രസവശേഷം 5 ശസ്ത്രക്രിയകൾ, ഗർഭപാത്രം നീക്കി, കുഞ്ഞിന് ഭക്ഷണം നല്‍കുന്നത് ട്യൂബിലൂടെ..’; ചികിത്സാപ്പിഴവുകൾ കണ്ണീരോടെ വിവരിച്ച് അനുശ്രീ

preggg ചിത്രം: മനോരമ

കോഴിക്കോട് ചെറുവണ്ണൂർ മരുതിയാട്ട് ബാലന്റെ മകൾ ബി.അനുശ്രീയുടെ പ്രസവത്തെ തുടർന്നുണ്ടായ ചികിത്സപ്പിഴവിലെ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുക, അനുശ്രീക്കും കുടുംബത്തിനും മതിയായ നഷ്ടപരിഹാരം നൽകുക, സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ എഫ്ഐആർ ഇട്ട് നീതിയുക്തമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിനു മുൻപിൽ ധർണ നടത്തി.  2024 ജനുവരി 13ന് ആയിരുന്നു പ്രസവത്തിനായി അനുശ്രീയെ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. അതിന്റെ ഒരു വർഷം പൂർത്തിയായ ദിനത്തിലാണ് ആക്‌ഷൻ കമ്മിറ്റി നേതൃത്വത്തിലുള്ള സമരം. 

ചികിത്സപ്പിഴവുകൾ അക്കമിട്ടു നിരത്തി ബി. അനുശ്രീ

2024 ജനുവരി 13ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച തന്നെ 18നു പുലർച്ചെ 12.40ന് ആണ് പ്രസവമുറിയിലേക്കു മാറ്റിയത്. അവിടെ എത്തിയതു മുതൽ മോശം അനുഭവങ്ങളാണ് ഉണ്ടായത്. പ്രസവത്തിനു ശേഷം 5 ശസ്ത്രക്രിയകൾക്ക് വിധേയമായി. സാധാരണ പ്രസവത്തിനു ശേഷവും ഗർഭപാത്രം നീക്കം ചെയ്തു. അതിനു ശേഷം കൈത്തണ്ടയിൽ കുടുങ്ങിയ കാനുല നീക്കി.

പ്രസവം നടന്ന ഭാഗത്തെ മുറിവ് ഉണങ്ങാത്തതിനാൽ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നിട്ടും മാറ്റമില്ല. ആരോഗ്യ സ്ഥിതി മോശമായി. മറ്റു ശാരീരിക പ്രശ്നങ്ങൾ വന്നപ്പോൾ ഇതേ കുറിച്ചെല്ലാം ഡോക്ടറോട് പറഞ്ഞു. എന്നാൽ നോർമൽ പ്രസവത്തിൽ ഇതെല്ലാം സാധാരണയാണെന്നായിരുന്നു മറുപടി. കുഞ്ഞ് ഇപ്പോഴും ധാരാളം മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നു. ഇപ്പോഴും ട്യൂബിലൂടെ മാത്രമേ കുഞ്ഞിനു ഭക്ഷണം കൊടുക്കാൻ കഴിയുന്നുള്ളുവെന്നും അനുശ്രീ വിവരിച്ചു.

Tags:
  • Spotlight