Friday 21 September 2018 11:44 AM IST

‘ചായക്കപ്പിൽ നിറഞ്ഞ് ലക്ഷങ്ങളുടെ കാരുണ്യം’; പ്രളയബാധിതർക്ക് വേണ്ടി ഈ പതിനാറുകാരി ചെയ്തത്

V.G. Nakul

Sub- Editor

aaaa

‘അണ്ണാറക്കണ്ണനും തന്നാലായതെന്ന്’ പറയില്ലേ, എന്നാൽ അതൊരു ഉപമ മാത്രമല്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ 16 വയസ്സുകാരി അപർണ്ണ നായർ. കേരളം പ്രളയജലത്തിൽ മുങ്ങിയ ദിവസങ്ങളിൽ, ജാതിയും മതവും പണവും പദവിയും നോക്കാതെ മനുഷ്യർ ഒന്നായി നിന്ന് ദുരിതകാലത്തെ നീന്തിക്കടക്കാൻ കൈകോർത്തപ്പോൾ, സഹായങ്ങൾ സമാഹരിക്കാനും അത് തരം തിരിച്ച് വേണ്ടപ്പെട്ടവരിലേക്ക് എത്തിക്കാനും തിരുവനന്തപുരത്തെ ദുരിതാശ്വാസ ഏകോപന ക്യാമ്പിൽ ചങ്ങാതിമാരോടൊപ്പം അപർണ്ണയും സജീവമായിരുന്നു.

a2

കേരളം പതിയെപ്പതിയെ ദുരിതക്കയത്തിൽ നിന്നു കരകയറിത്തുടങ്ങി, അനന്തര പ്രവർത്തനങ്ങൾ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലായി, അപ്പോഴും ആ കുഞ്ഞ് മനസ്സ് തൃപ്തയായില്ല. അവൾ ചിന്തിച്ചു, ‘ദുരിതത്തിൽ ജീവിതവും പ്രതീക്ഷകളും ഒഴുകിപ്പോയവർക്ക് വേണ്ടി എനിക്കിനി എന്തു ചെയ്യാനാകും ?’.

ആ ചോദ്യം അവളുടെ പകലിരവുകളെ അസ്വസ്ഥമാക്കി. ഊണിലും ഉറക്കത്തിലും അവൾ അത് തന്നെ ചിന്തിച്ചു, ‘എനിക്കിനി എന്തു ചെയ്യാനാകും ?’.

മകളുടെ ആവലാതികൾക്ക് മേൽ പ്രതീക്ഷയുടെ വെളിച്ചം തെളിച്ച് അമ്മ രേഖാ മേനോൻ പറഞ്ഞു: ‘‘അവർക്കു വേണ്ടി എന്തുകൊണ്ട് നിനക്ക് നിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രകല ഉപയോഗിച്ചു കൂടാ, പ്രളയവുമായി ബന്ധപ്പെട്ട് ചിലത് വരയ്ക്കൂ, നമുക്കത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചിന്തിക്കാം’’.

a3

അമ്മയുടെ വാക്കുകൾ നൽകിയ ധൈര്യത്തിൽ അവൾ ചായങ്ങൾ തിരഞ്ഞു. എന്ത് വരയ്ക്കണം ? എവിടെ തുടങ്ങണം ?

അത് വിലാപങ്ങള്‍ നിറഞ്ഞതും സങ്കടം പരത്തുന്നതുമായ ഒന്നും തന്നെ വേണ്ട എന്നും , പകരം പ്രത്യാശയുടെ കിരണങ്ങൾ സൃഷ്ടിക്കുന്ന എന്തെങ്കിലുമാകണമെന്നതുമായിരുന്നു ആദ്യ തീരുമാനം.

പലതും മനസ്സിൽ മിന്നി മാഞ്ഞതിനൊടുവിൽ രണ്ടു വേറിട്ട ആശയങ്ങളെ അവൾ മനസ്സിലും ശേഷം കടലാസ്സിലും വരഞ്ഞു.

പ്രളയത്തിന്റെ ഇരുട്ടിൽ നിന്നു അതിജീവനത്തിന്റെ വെളിച്ചത്തിലേക്കു കേരളത്തെ നയിച്ചവരായിരുന്നു ആ ചിത്രങ്ങൾ നിറയെ... അവ കോഫി കപ്പുകളിൽ പതിച്ച് അവൾ സുഹൃത്തുക്കളോട് പറഞ്ഞു:

‘‘ഇത് വാങ്ങണം. ഇതിന്റെ ലാഭം പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയാണ് ഞാൻ നീക്കി വയ്ക്കുന്നത്’’.

അത് വെറുതെയായില്ല. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം അവളുടെ ശ്രമത്തിന് വലിയ പിൻതുണ നൽകി. അവർ പറഞ്ഞ് പറഞ്ഞ് അത് പലരുമറിഞ്ഞു. കപ്പിന് ആവശ്യക്കാർ കൂടി. ചിലർ അൻപത് കപ്പ് വരെ ഒന്നിച്ചാണ് വാങ്ങിയത്.

20000 രൂപയാണ് ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ചതെങ്കിൽ ഇപ്പോൾ അത് 1 ലക്ഷം വരെയായി. ആദ്യത്തെ കപ്പിൽ ‘ഹീറോസ് 2018’ എന്ന പേരിൽ ആർമി, നേവി, എയർഫോഴ്സ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളികളെയുമാണ് വരച്ചത്. രണ്ടാമത്തെതിൽ ഡോക്ടർമാര്‍,ടെക്കികൾ തുടങ്ങി മുഖ്യമന്തി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ശശി തരൂർ എം.പി എന്നിവരെയും വരച്ചു. അഭൂതപൂർവമായ പ്രതികരണമായിരുന്നു നാനാ വശങ്ങളിൽ നിന്ന്. ഇതിനിടെ 500 ൽ അധികം കപ്പുകൾ വിറ്റു. ഒരു കപ്പിന് 350 രൂപയാണ് വില. ചിലവ് കഴിച്ച് 200 രൂപ വരെ ലാഭം കിട്ടും. അതെല്ലാം ദുരിതാശ്വാസ നിധിയിലേക്കെന്ന് അപർണ്ണ അഭിമാനത്തോടെ പറയുന്നു. ഇപ്പോൾ കേരളത്തിന് പുറത്ത് നിന്നും കപ്പിന് ആവശ്യക്കാരുണ്ട്. ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ച് കൊടുക്കുകയാണ് പതിവ്. ഓൺലൈനായും വിൽക്കുന്നുണ്ട്.

a4

ഐ.ടി പ്രഫഷണലുകളായ ഹരി ഗോപിനാഥൻ – രേഖ മേനോൻ ദമ്പതികളുടെ മൂത്ത മകളാണ് തിരുവനന്തപുരം ഇന്റർനാഷണൽ സ്കൂളില്‍ പ്ലസ് 2 വിദ്യാർത്ഥിനിയായ അപർണ്ണ. എട്ടാം ക്ലാസ്സുകാരി അർച്ചന നായരാണ് സഹോദരി.

അഞ്ച് വർഷം മുൻപ് വരെ അപർണ്ണയും കുടുംബവും കാലിഫോർണിയയിലായിരുന്നു. അപർണ്ണ ജനിച്ച് വളർന്നത് അവിടെയാണ്. 12 – ാം വയസ്സിലാണ് കേരളത്തിലേക്ക് വന്നത്. കുട്ടികള്‍ നാടിന്റെ സംസ്ക്കാരം മനസ്സിലാക്കണമെന്നും നാടിനെ അറിയണമെന്നും ഹരി–രേഖ ദമ്പതികൾക്ക് നിർബന്ധമായിരുന്നു.

അപർണ്ണ കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് ചിത്രം വര. ഒൻപതും പത്തും ക്ലാസുകളിൽ കേംബ്രിഡ്ജ് കരിക്കുലമാണ് പഠിച്ചത്. അതിൽ ഒരു അധിക വിഷയം തിരഞ്ഞെടുക്കാം. അപർണ്ണ തിരഞ്ഞെടുത്തത് ചിത്രകലയായിരുന്നു. പന്ത്രണ്ടാം തരം കഴിഞ്ഞ് കാലിഫോർണിയയിലേക്ക് മടങ്ങി സയൻസ് പഠിക്കണമെന്നാണ് ആഗ്രഹമെങ്കിലും എഴുത്തും വരയും തുടരാനും ഗ്ലോബൽ സിറ്റിസണായി ജീവിക്കാനുമാണ് അപർണ്ണയുടെ തീരുമാനം.

ചാരിറ്റി പ്രവർത്തനങ്ങളിൽ അപർണ്ണ മുൻപേ തന്നെ സജീവമായിരുന്നു. നാട്ടിൽ വന്ന ശേഷം പൂജപ്പുര ഓൾഡ് ഏജ് ഹോം, തിരുവനന്തപുരം ജനറല്‍ ആശുപത്രി, വയനാട്ടിലെ ആദിവാസി മേഖല എന്നിവയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. അതിനുള്ള പണം സമാഹരിക്കുന്നതും വരയിൽ നിന്ന് തന്നെ. രസകരമായ ചിത്രങ്ങൾ വരച്ച് കപ്പിലും മറ്റും പതിപ്പിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമിടയിൽ വിൽക്കും. പഠനത്തിന്റെ ഭാഗമായുള്ള സർവീസ് ഓറിയന്റഡ് ഐ.ബി ( international baccalaureate program ) ഡിപ്ളോമ കോഴ്സിനെയും ഇതിന്റെ ഭാഗമാക്കി. അങ്ങനെ കോഴ്സും ആർട്ടും ചാരിറ്റിയും ഒരു കുടക്കീഴിൽ വന്നു. ടീച്ചേഴ്സും അതിനെ പിൻതുണയ്ക്കാൻ തുടങ്ങി.

താൻ ജീവിക്കുന്ന സമൂഹത്തിൽ, തനിക്കു ചുറ്റുമുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോയെന്ന് ചിന്തിക്കുന്ന ഈ കൊച്ചു മിടുക്കി ഒരു പ്രതീക്ഷയാണ്, വരും തലമുറയുടെ...