Saturday 01 October 2022 09:38 AM IST : By സ്വന്തം ലേഖകൻ

നിലവിളിച്ചു, അകത്തേക്ക് ഓടി... പൂച്ചയുടെ കടിയേറ്റ് ആശുപത്രിയിൽ എത്തിയപ്പോൾ പട്ടികടിച്ചു

dog-attack

 വളർത്തുപൂച്ചയുടെ കടിയേറ്റ് പ്രതിരോധ കുത്തിവയ്പ് എടുക്കാൻ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതിക്ക് ആശുപത്രി മുറിക്കുള്ളിൽ തെരുവു നായയുടെ കടിയേറ്റു. തിരുവനന്തപുരം വിഴിഞ്ഞം ചപ്പാത്ത് അജിത് ഭവനിൽ വാസവന്റെ മകൾ അപർണയുടെ വലതു കാലിലാണു പട്ടിയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവുണ്ടായത്. പൂച്ച കടിച്ചതും ഇതേ കാലിൽ തന്നെയായിരുന്നു. 3 ദിവസം മുൻപാണ് അപർണയ്ക്ക് പൂച്ചയുടെ കടിയേറ്റത്. രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കാൻ പിതാവിനൊപ്പം ഇന്നലെ രാവിലെ ആശുപത്രിയിലെത്തി. കുത്തിവയ്ക്കാനായി കസേരയിൽ ഇരിക്കുമ്പോഴാണ് തെരുവുനായ കടിച്ചത്. 

ഭയന്നു പോയ അപർണ നിലവിളിച്ച് അകത്തെ മുറിയിലേക്ക് ഓടി. ആശുപത്രി അധികൃതരും പേടിച്ചു മാറിനിന്നുവെന്നും ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണു നായയെ ഓടിച്ച് അപർണയെ രക്ഷിച്ചതെന്നും പിതാവ് പറഞ്ഞു. മുൻപും രോഗികൾക്ക് ഇവിടെ തെരുവുനായകളുടെ കടിയേറ്റിട്ടുണ്ട്. ആഴത്തിലുള്ള മുറിവായതിനാൽ അപർണയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിക്കണമെന്ന് അധികൃതർ നിർ‌ദേശിച്ചു. പ്രധാന ഡോക്ടർ വരുംവരെ 2 മണിക്കൂറോളം പ്രാഥമിക ചികിത്സ നൽകിയില്ലെന്നും ആംബുലൻസ് വിട്ടുകൊടുത്തില്ലെന്നും പിതാവ് പരാതിപ്പെട്ടു. എന്നാൽ, പരിചരണത്തിൽ വീഴ്ച പറ്റിയില്ലെന്നു സാമൂഹികാരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞു.

നിസ്സംഗത നിർത്തി: ഇന്നലെ നായയ്ക്കും കുത്തിവയ്പ് 

ആശുപത്രിക്കുള്ളിൽ യുവതിക്ക് തെരുവു നായയുടെ കടിയേറ്റ സംഭവം വിവാദമായതിനു പിന്നാലെ ആക്രമണകാരിയായ നായയ്ക്ക് ഇന്നലെ വൈകിട്ടോടെ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്ത് അധികൃതർ. ഈ നായയിൽ നിന്നു നേരത്തെ ആക്രമണ സംഭവങ്ങളുണ്ടായപ്പോഴൊക്കെ ബന്ധപ്പെട്ട അധികൃതർ നിസ്സംഗത പാലിച്ചിരുന്നു. ഒപ്പമുള്ള നായ്ക്കളെ പിടികൂടാനായില്ല.

നഗരത്തിൽ നിന്നുള്ള പ്രത്യേക സ്ക്വാഡ് ആണ് കുത്തിവയ്പിന് എത്തിയത്. ഇതു കൂടാതെ പരിസരത്തെ പത്തോളം നായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ് നൽകി. പ്രദേശത്ത് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതു ഇന്നും തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഒക്ടോബറിൽ മകനുമായി ചികിത്സതേടിയെത്തിയ വീട്ടമ്മ,തൊട്ടടുത്തമാസം രോഗിക്കൊപ്പം എത്തിയ യുവാവ് എന്നിവർക്കെല്ലാം ഇതേ നായയുടെ കടിയേറ്റിരുന്നു. 

More