Friday 29 November 2019 07:58 PM IST

‘വെന്റിലേറ്ററിൽ കിടക്കുമ്പോഴും അവനെ ഞാൻ ഇക്കിളി കൂട്ടി, പക്ഷേ എഴുന്നേറ്റില്ല’; ചങ്കുപൊട്ടി ആ അമ്മ പറയുന്നു

Tency Jacob

Sub Editor

afeel ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഹൃദയം നടുക്കുന്ന ആ വാർത്ത വന്നെത്തുന്ന നിമിഷം വരെയും അതൊരു സാധാരണ ദിവസമായിരുന്നു അമ്മയ്ക്ക്. രാവിലെ ധൃതിയിൽ ദോശ വാങ്ങിക്കഴിച്ച് വീണ്ടും വീണ്ടും യാത്ര ചോദിച്ച് തങ്ങളുടെ ഏക സ്വപ്നം ഇറങ്ങി പോയത് മരണത്തിലേക്കായിരുന്നുവെന്ന് ഇന്നും ആ മാതാപിതാക്കൾക്ക് വിശ്വസിക്കാൻ ആകുന്നില്ല. സംസ്ഥാന ജൂനിയർ കായിക മേളയ്ക്കിടെ ഹാമർ തലയി ൽ വീണു മരിച്ച അഫീലിന്റെ അമ്മ ഡാർളിക്കും അച്ഛൻ ജോൺസണും ഈ സങ്കടക്കടലിലും ചിലതു പറയാനുണ്ട്.

ഇക്കിളി കൂട്ടിയിട്ടും അവനെഴുന്നേറ്റില്ല

‘‘നേരത്തേയുണരാൻ അലാറം വച്ചിട്ടൊക്കെ കിടക്കുമെങ്കിലും ഒടുവിൽ ഞാൻ ചെന്നു വിളിക്കണം.’’ഡാർളി ഓർമകളിലേക്കു മടങ്ങുകയാണ്. ‘‘ഇക്കിളി കൂട്ടിയിട്ടാണ് വിളിച്ചെഴുന്നേൽപിക്കുക. അതവന് ഇഷ്ടമായിരുന്നു. ചിരിച്ചു കൊണ്ടെഴുന്നേറ്റു വരും. വെന്റിലേറ്ററിൽ കിടക്കുന്ന സമയത്തും ഞാനങ്ങനെ ചെയ്തു നോക്കിയെങ്കിലും അവനെഴുന്നേറ്റില്ല. പുലർച്ചെ മൂന്നുമണിക്ക് ശരീരം തുടപ്പിക്കാൻ കയറുമ്പോൾ ചേട്ടായി അവനെ കളിപ്പിക്കാൻ നോക്കും. ‘നീ എന്താ, ഇവിടെ ഇങ്ങനെ കിടക്കുന്നെ, എഴുന്നേറ്റു വന്നേ...’ പക്ഷേ, ഞങ്ങളുടെ വിളിയൊന്നും അവൻ കേട്ടതേയില്ല.

തലേന്ന് സ്കൂളിൽ നിന്നു വന്നപ്പോഴേ മോൻ പറഞ്ഞിരുന്നു.‘അമ്മേ നാളെ അത്‌ലറ്റിക് മീറ്റിന് വൊളന്റിയറായി ചെല്ലാൻ പി.ടി സാർ പറഞ്ഞിട്ടുണ്ട്. കോട്ടയത്തു നടന്ന ഫുട്ബോൾ ടീം സെലക്‌ഷൻ ക്യാംപിൽ പോയ കുട്ടികളെയാണ് വൊളണ്ടിയറായി തിരഞ്ഞെടുത്തിരിക്കുന്നത്’. കാര്യങ്ങളെല്ലാം ഞാൻ വിശദമായി ചോദിച്ചറിഞ്ഞു. പിറ്റേന്ന് അവനിറങ്ങാൻ നേരത്ത് വീണ്ടും ചോദിച്ചു. ‘നിങ്ങൾക്ക് തിരിച്ചറിയൽ കാർഡൊന്നും തന്നിട്ടില്ലേ?’ ‘ഇല്ല അമ്മേ, സ്കൂളീന്നുള്ള ലിസ്റ്റിൽ പേരുണ്ടല്ലോ’ എന്നായിരുന്നു മറുപടി. ‘നിങ്ങളെയെങ്ങനെ തിരിച്ചറിയും, സ്കൂളിന്റെ തിരിച്ചറിയൽ കാർഡെങ്കിലും കയ്യിൽ പിടിക്ക്’ എന്നു പറഞ്ഞ് അതെടുത്തു കൊടുത്തത് ഞാനാണ്. അവനത്രയും ആഗ്രഹിച്ച് പോകുന്നതല്ലേ, തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് തിരിച്ചു പോരേണ്ടി വന്നാൽ വിഷമമാകില്ലേ എന്നായിരുന്നു ഞാൻ ചിന്തിച്ചത്....

കൂടുതൽ വായന വനിത നവംബർ രണ്ടാം ലക്കത്തിൽ

Tags:
  • Relationship