Tuesday 17 December 2019 03:14 PM IST

‘അപകട ദിവസത്തെ കോൾലിസ്റ്റ് ഫോണിൽ നിന്നു കളഞ്ഞു; എന്തിനത് ചെയ്തു, ഞങ്ങൾക്ക് സത്യമറിയണം’

Tency Jacob

Sub Editor

afil

ഹൃദയം നടുക്കുന്ന ആ വാർത്ത വന്നെത്തുന്ന നിമിഷം വരെയും അതൊരു സാധാരണ ദിവസമായിരുന്നു അമ്മയ്ക്ക്. രാവിലെ ധൃതിയിൽ ദോശ വാങ്ങിക്കഴിച്ച് വീണ്ടും വീണ്ടും യാത്ര ചോദിച്ച് തങ്ങളുടെ ഏക സ്വപ്നം ഇറങ്ങി പോയത് മരണത്തിലേക്കായിരുന്നുവെന്ന് ഇന്നും ആ മാതാപിതാക്കൾക്ക് വിശ്വസിക്കാൻ ആകുന്നില്ല. സംസ്ഥാന ജൂനിയർ കായിക മേളയ്ക്കിടെ ഹാമർ തലയി ൽ വീണു മരിച്ച അഫീലിന്റെ അമ്മ ഡാർളിക്കും അച്ഛൻ ജോൺസണും ഈ സങ്കടക്കടലിലും ചിലതു പറയാനുണ്ട്. ഇക്കിളി കൂട്ടിയിട്ടും അവനെഴുന്നേറ്റില്ല.

‘‘നേരത്തേയുണരാൻ അലാറം വച്ചിട്ടൊക്കെ കിടക്കുമെങ്കിലും ഒടുവിൽ ഞാൻ ചെന്നു വിളിക്കണം.’’ഡാർളി ഓർമകളിലേക്കു മടങ്ങുകയാണ്. ‘‘ഇക്കിളി കൂട്ടിയിട്ടാണ് വിളിച്ചെഴുന്നേൽപിക്കുക. അതവന് ഇഷ്ടമായിരുന്നു. ചിരിച്ചു കൊണ്ടെഴുന്നേറ്റു വരും. വെന്റിലേറ്ററിൽ കിടക്കുന്ന സമയത്തും ഞാനങ്ങനെ ചെയ്തു നോക്കിയെങ്കിലും അവനെഴുന്നേറ്റില്ല. പുലർച്ചെ മൂന്നുമണിക്ക് ശരീരം തുടപ്പിക്കാൻ കയറുമ്പോൾ ചേട്ടായി അവനെ കളിപ്പിക്കാൻ നോക്കും. ‘നീ എന്താ, ഇവിടെ ഇങ്ങനെ കിടക്കുന്നെ, എഴുന്നേറ്റു വന്നേ...’ പക്ഷേ, ഞങ്ങളുടെ വിളിയൊന്നും അവൻ കേട്ടതേയില്ല.

തലേന്ന് സ്കൂളിൽ നിന്നു വന്നപ്പോഴേ മോൻ പറഞ്ഞിരുന്നു.‘അമ്മേ നാളെ അത്‌ലറ്റിക് മീറ്റിന് വൊളന്റിയറായി ചെല്ലാൻ പി.ടി സാർ പറഞ്ഞിട്ടുണ്ട്. കോട്ടയത്തു നടന്ന ഫുട്ബോൾ ടീം സെലക്‌ഷൻ ക്യാംപിൽ പോയ കുട്ടികളെയാണ് വൊളണ്ടിയറായി തിരഞ്ഞെടുത്തിരിക്കുന്നത്’. കാര്യങ്ങളെല്ലാം ഞാൻ വിശദമായി ചോദിച്ചറിഞ്ഞു. പിറ്റേന്ന് അവനിറങ്ങാൻ നേരത്ത് വീണ്ടും ചോദിച്ചു. ‘നിങ്ങൾക്ക് തിരിച്ചറിയൽ കാർഡൊന്നും തന്നിട്ടില്ലേ?’ ‘ഇല്ല അമ്മേ, സ്കൂളീന്നുള്ള ലിസ്റ്റിൽ പേരുണ്ടല്ലോ’ എന്നായിരുന്നു മറുപടി. ‘നിങ്ങളെയെങ്ങനെ തിരിച്ചറിയും, സ്കൂളിന്റെ തിരിച്ചറിയൽ കാർഡെങ്കിലും കയ്യിൽ പിടിക്ക്’ എന്നു പറഞ്ഞ് അതെടുത്തു കൊടുത്തത് ഞാനാണ്. അവനത്രയും ആഗ്രഹിച്ച് പോകുന്നതല്ലേ, തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് തിരിച്ചു പോരേണ്ടി വന്നാൽ വിഷമമാകില്ലേ എന്നായിരുന്നു ഞാൻ ചിന്തിച്ചത്.

പറമ്പിൽ പണി ചെയ്തു നിൽക്കുമ്പോഴായിരുന്നു അവന്റെ കൂട്ടുകാരുടെ വിളി വന്നത്. ‘അഫീലിനു നെറ്റിയിൽ ചെറിയൊരു പരുക്കു പറ്റി. പാലാ ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നു’ ഞങ്ങൾ വേഗം പണിസ്ഥലത്തു നിന്നു വന്ന് ഡ്രസ്സ് മാറി പുറപ്പെട്ടു. വണ്ടിയിലിരിക്കുമ്പോൾ വീണ്ടും ഫോൺ വന്നു. ‘കോട്ടയം മെഡിക്കൽ കോളജിലേക്കു വന്നാൽ മതി. ആരെയെങ്കിലും കൂടെ കൂട്ടണം.’ ഗുരുതരമല്ലെന്നു തോന്നി ആരെയും അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഇതു കേട്ടപ്പോൾ ഞങ്ങൾ ഭയന്നുപോയി. വേഗം ജോൺസന്റെ അനിയനെ വിളിച്ചു.

afeel

ഞങ്ങൾ മോനെ കാണുമ്പോൾ ഇടതു കണ്ണ് ചുവന്നു പുറത്തേക്കു തള്ളി വീഴാറായി നിൽക്കുകയായിരുന്നു.വേറെയെന്തെങ്കിലും പരുക്കുണ്ടോയെന്നു നോക്കാൻ ശ്രമിക്കുമ്പോഴേക്കും അവിടെ നിന്നു വേഗം അവനെ കൊണ്ടുപോയി. തലയോട്ടി പൊട്ടി തലച്ചോർ ഉള്ളിലേക്ക് അമർന്നിരിക്കുന്ന നിലയിലായിരുന്നു. അന്നു തന്നെ തലയിൽ ഒാപ്പറേഷൻ ചെയ്തു. പിന്നീട് 17 ദിവസം മോൻ വെന്റിലേറ്ററിൽ കിടന്നു. ഒരിക്കൽ ജോൺസൺ കയറിയപ്പോൾ കൈ ചെറുതായി അനക്കിയെന്നു പറഞ്ഞു. അതു ഹൈ ഡോസ് മരുന്നു ചെല്ലുന്നതു കൊണ്ടാണ് എന്നു ഡോക്ടർ പറഞ്ഞു. പേടിക്കേണ്ട, ഞങ്ങളിവിടെയുണ്ട് കേട്ടോ എന്ന് പല തവണ പറഞ്ഞത്

അവൻ കേട്ടിട്ടുണ്ടാകുമോ ആവോ?’’

കരച്ചിൽ മറയ്ക്കാൻ മുഖം കുനിച്ചിരുന്ന അഫീലിന്റെ അച്ഛൻ ജോൺസൺ പതിയെ മുഖമുയർത്തി. ‘‘കുടുംബത്തീന്ന് ഭാഗം കിട്ടിയ പറമ്പിൽ ഒരു കിലോമീറ്റർ കുത്തനെയുള്ള കയറ്റമാണ്. അവന് ഒന്നര വയസ്സുള്ളപ്പോഴാണ് അവിടെ ഒരു കുടിലു കെട്ടി ഞങ്ങൾ താമസം തുടങ്ങുന്നത്. കുടിക്കാനും പാചകം ചെയ്യാനുമുള്ള വെള്ളം തലച്ചുമടായി താഴെനിന്നു കൊണ്ടുപോണം. കുഞ്ഞിന് ഓടി കളിക്കാൻ മുറ്റമുള്ള ഒരു വീടിന് എത്ര കൊതിച്ചിട്ടുണ്ടെന്നോ?

ഇപ്പോഴത്തെ വീടു പണിയുന്ന സമയത്ത് അവൻ എൽകെ ജിയിലാണ്. തൊഴിലുറപ്പു പണി കഴിഞ്ഞു വന്ന് രാത്രി കല്ലും കട്ടയും മണലും ചുമന്നു കൊണ്ടു വരുമ്പോൾ ആരും പറയാതെ അവനും തലയിൽ ഓരോ കട്ട വച്ച് കൊണ്ടു വരും. എല്ലാ പണിക്കും ഞങ്ങളുടെയൊപ്പം കൂടും. മൂന്നു മാസം മുൻപ് ഈ വീട് മുഴുവൻ പെയിന്റ് ചെയ്തത് ഞങ്ങൾ മൂന്നുപേരും കൂടിയാണ്. എന്നാലും എന്തിനാണ് അവനിത്ര വേഗം പോയത്?’’

aj-1

അത് ദൈവത്തിന്റെ തീരുമാനമാണ്

‘‘അപകടത്തിനു ശേഷം ചോര കഴുകി കളഞ്ഞ്, അതേ ഹാമർ ഉപയോഗിച്ച് വീണ്ടും മത്സരം തുടർന്നെന്നു കേട്ടപ്പോൾ നെഞ്ചിൽ ചോര പൊടിഞ്ഞു.’’ ഡാർളി വീണ്ടും പറഞ്ഞു തുടങ്ങി. ‘‘അത് എറിഞ്ഞ കുട്ടിയെ ഞങ്ങൾക്കൊന്നു കാണണമെന്നുണ്ട്. ചേർത്തു പിടിച്ചു പറയണം, ‘മോളുടെ തെറ്റുകൊണ്ടല്ല, അത് ദൈവത്തിന്റെ തീരുമാനമായിരുന്നു. ഇനിയും മിടുക്കിയായി സ്കൂളിൽ പോണം, വീണ്ടും മത്സരങ്ങളിൽ പങ്കെടുക്കണം ’എന്നെല്ലാം പ്രോത്സാഹിപ്പിക്കണം. ഞങ്ങൾ സമാധാനിപ്പിക്കുമ്പോൾ ആ കുട്ടിയുടെ സങ്കടം കുറഞ്ഞാലോ? ആരെയും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും ഞങ്ങളുടെ മോനാണ് തെറ്റുകാരൻ എന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ കാണുമ്പോൾ ഉള്ളു നീറുന്നു.

വിവരങ്ങൾ നീക്കിയത് ആരാണ്?

അപകടത്തിനു ശേഷം മൂന്നു തവണയും അവന്റെ ഫോണിൽ നിന്നാണ് ഞങ്ങളെ വിളിച്ചിട്ടുള്ളത്. ഫിംഗർ പ്രിന്റും പാസ് വേർഡ് ലോക്കും ഉള്ള ഫോൺ ആയിരുന്നു. കുട്ടിയുടെ വിരൽ ഉപയോഗിച്ച് ആരെങ്കിലും തുറന്നിട്ടുണ്ടാകാം. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള ഫോൺ തുറന്നു പരിശോധിക്കാൻ പാസ്‌വേർഡിനു വേണ്ടി അവന്റെ കൂട്ടുകാരെ വിളിപ്പിച്ചിരുന്നു. അപ്പോഴാണ് അറിയുന്നത്, സംഭവം നടന്ന ദിവസത്തെയും തലേദിവസത്തെയും കോൾലിസ്റ്റ് ഫോണിൽ നിന്നു കളഞ്ഞിട്ടുണ്ട്. ആരാണത് ചെയ്തത്? എന്തിനാണ്?

സ്കൂൾ അധികൃതർ അറിയാതെയാണ് കുട്ടികൾ പോയ തെന്നാണ് ഇപ്പോൾ അവരുടെ നിലപാട്.സംഘാടകരുടെ കയ്യിൽ നിന്നു ഒഫീഷ്യൽ ലിസ്റ്റ് ശേഖരിച്ചപ്പോൾ അഞ്ചാമതായി അഫീലിന്റെ പേരുണ്ട്. ആശുപത്രിയിൽ വച്ച് പി ടി സാർ ഫോണിലൂടെ ആരോടോ പറയുന്നത് ജോൺസൺ കേട്ടു.‘പിള്ളേർക്ക് 300 രൂപയും ശാപ്പാടും കിട്ടും. പിന്നെ ഷൈൻ ചെയ്യാൻ അവസരവുമായി.’ ആ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു. 300 രൂപയ്ക്കും ഭക്ഷണത്തിനും വേണ്ടി അവൻ നുണ പറയുമെന്ന് ആരു പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല.

മോന്റെ കൂട്ടുകാർ ഹോസ്പിറ്റലിൽ വന്നപ്പോൾ‘കുഞ്ഞുങ്ങളേ, നിങ്ങള് സ്കൂളിൽ അറിയാതെയാണോ മീറ്റിനു പോയത്.’ എന്നു ടീച്ചർമാരുടെ മുന്നിൽ വച്ചു തന്നെ ഞങ്ങൾ ചോദിച്ചു.‘അല്ല, പി ടി സാർ പറഞ്ഞിട്ടാണ് ലിസ്റ്റ് തയാറാക്കിയത്. പിറ്റേന്ന് അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക് ബ്രേക്ഫാസ്റ്റിന്റെ കൂപ്പൺ വാങ്ങിത്തന്നതും സാറാണ്. ഞങ്ങൾ പരിപാടി നടക്കുന്നിടത്തു നിൽക്കുന്നത് ക്ലാസ് ടീച്ചറും കണ്ടിട്ടുണ്ട്.’ എന്ന് അവർ പറഞ്ഞു.

ലിസ്റ്റിൽ പേരില്ലെങ്കിൽ പിന്നെയെങ്ങനെ ഇവർക്ക് ബ്രേക്ഫാസ്റ്റിന്റെ കൂപ്പൺ കിട്ടി? വൊളന്റിയേഴ്സ് അല്ലാത്തവർക്ക് 300 രൂപയും ഭക്ഷണവും എങ്ങനെ കിട്ടും? ഇവിടെയാണ് എന്തോ മറച്ചു വയ്ക്കുന്നതായി തോന്നുന്നത്. കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കും എന്ന വിശ്വാസത്തിലല്ലേ അവരെ ന മ്മൾ സ്കൂളിലേക്കയക്കുന്നത്. അവർ തന്നെ തള്ളി പറയുമ്പോൾ ഞങ്ങളെന്തു ചെയ്യണം?

ഫുട്ബോൾ കോച്ചിങ് കൂടി ലക്ഷ്യമിട്ടാണ് വീടിനടുത്തുള്ള ഹയർസെക്കൻഡറി സ്കൂളിൽ സീറ്റു കിട്ടിയിട്ടും പാലായിൽ ചേർന്നത്. അതിനുള്ള അംഗീകാരമാണല്ലോ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രാസ് റൂട്ട് അക്കാദമിയായിരുന്ന സ്കോർലൈനിന്റെ പരിശീലന ക്യാംപിൽ മോന് അംഗത്വം കി ട്ടിയത്. കളിയിൽ മാത്രമല്ല പഠനത്തിലും മിടുക്കനായിരുന്നു.

അശ്രദ്ധ അത്ര ചെറിയ വാക്കല്ല

അവന്റെ അശ്രദ്ധ കൊണ്ടാണ് അപകടമുണ്ടായതെന്നു പലരും പറഞ്ഞു കേട്ടു. സ്േറ്ററ്റ് അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയും ഹാമർ ത്രോയും സുരക്ഷാക്രമീകരണങ്ങളൊന്നുമില്ലാതെ നടത്തുന്നതല്ലേ യഥാർഥത്തിൽ അശ്രദ്ധ? ഹാമർ വരുന്നതു കണ്ട് കൂട്ടുകാർ അലറി വിളിച്ചു. അവൻ പെട്ടെന്ന് എഴുന്നേറ്റെന്നു പറയുന്നു. അപ്പോഴേക്കും നെറ്റിയിലിടിച്ചു. തൊട്ടു മുൻപു നടന്ന മത്സരത്തിന്റെ ജാവലിൻ എടുക്കാൻ പോയതായിരുന്നു മോൻ.

എന്തെങ്കിലും അദ്ഭുതം സംഭവിച്ചു കുഞ്ഞ് തിരിച്ചു വരുമെന്നായിരുന്നു അവസാന നിമിഷം വരെ പ്രതീക്ഷ. ഈ ആരോപണങ്ങൾ കേൾക്കുമ്പോൾ സംശയം തോന്നുന്നു. ബ്രെയിൻ ഡെത് നേരത്തേ സംഭവിച്ചിരുന്നുവോ? കുറച്ചു നാൾ പ്രതീക്ഷ നൽകി എല്ലാം ആറിത്തണുത്തു കഴിയുമ്പോൾ മരണം സംഭവിച്ചാൽ കുഴപ്പമുണ്ടാകില്ലെന്ന് അധികാരികൾ ചിന്തിച്ചിരുന്നോ? തിരിച്ചുവരില്ലെന്നറിഞ്ഞിരുന്നെങ്കിൽ മകനെ വേദനിപ്പിക്കാതെ ദൈവസന്നിധിയിലേക്ക് ചേർക്കാൻ ഞങ്ങൾ പ്രാർഥിക്കുമായിരുന്നു. ഞങ്ങളുടെ പൊന്നുമോന്റെ ആത്മാവിന് നീതി കിട്ടണം. അതുമാത്രമാണ് മനസ്സിൽ...

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ