Saturday 20 July 2024 10:40 AM IST : By സ്വന്തം ലേഖകൻ

‘കാര്യമായ തിരച്ചിലൊന്നും അവിടെ നടക്കുന്നില്ല, ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല’; രക്ഷാപ്രവർത്തനം കൃത്യമായല്ലെന്ന് അർജുന്റെ കുടുംബം

arjun-missing

അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം കൃത്യമായി നടക്കുന്നില്ലെന്ന് അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ. എന്തു പറഞ്ഞാലും വിപരീതമായാണ് കാര്യങ്ങൾ നടക്കുന്നതെന്നും ജിതിൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനമില്ലെങ്കിൽ അത് എത്തിക്കണം. എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് നടന്നത്. ഞങ്ങളെ രക്ഷാപ്രവർത്തനം നടത്തുന്ന പ്രദേശത്തേക്ക് കടത്തിവിടുന്നില്ല. സൈന്യം എത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ജിതിൻ പറഞ്ഞു.

ഇന്നലെ രാത്രി തന്നെ അർജുനെ കണ്ടെത്താനാവുമെന്നായിരുന്നു പ്രതീക്ഷയെന്ന് അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു. കാര്യമായ തിരച്ചിലൊന്നും അവിടെ നടക്കുന്നില്ല. ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല. 17ാം തീയതിയും രാവിലെയും ഉച്ചയ്ക്കുമെല്ലാം ഇവിടെ നിന്ന് പോയവര്‍ പൊലീസിനോട് ആവ‍ർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസെടുക്കാൻ തയാറായില്ലെന്നും അഞ്ജു പറഞ്ഞു.

അർജുന്റെ കുടുംബം ബന്ധപ്പെടാൻ വൈകി എന്ന ഉത്തര കന്നട ജില്ലാ പൊലീസ് മേധാവിയുടെ വാദം കുടുംബം തള്ളി. സംഭവം നടന്ന ദിവസം തന്നെ പൊലീസിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചിരുന്നു. പിറ്റേ‌ദിവസം രണ്ടു തവണ അങ്കോള പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. എഫ്ഐആർ ഇടാൻ പോലും പൊലീസ് തയാറായില്ല. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി എഫ്ഐആര്‍ ഇട്ടില്ല. എസ്പി പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്. കുറച്ചു കൂടെ നേരത്തെ നടപടികൾ സ്വീകരിക്കാമായിരുന്നു. ബുധനാഴ്ച തന്നെ ചേവായൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നെന്ന് അഞ്ജു പറഞ്ഞു.

Tags:
  • Spotlight