കർണാടകയിലെ കാർവാർ അങ്കോളയ്ക്കു സമീപം മണ്ണിടിച്ചിലുണ്ടായ സ്ഥലത്തു തിരച്ചിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് അർജുന്റെ കുടുംബം. ദേശീയപാതയ്ക്കു സമീപത്തായി ഭീകരമായ മണ്ണിടിച്ചിലാണ് ഉണ്ടായതെന്നും ബന്ധുക്കൾ പറഞ്ഞു. ഈ മാസം എട്ടിനാണു മുക്കം സ്വദേശിയുടെ ലോറിയുമായി കണ്ണാടിക്കൽ സ്വദേശിയായ അർജുൻ മരം കയറ്റാനായി കർണാടകയിലേക്കു പോയത്.
ചൊവ്വാഴ്ച പുലർച്ചെയാണ് അവസാനമായി അർജുൻ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് മണ്ണിടിഞ്ഞതുൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്. ബുധനാഴ്ച ബന്ധുക്കൾ അങ്കോളയിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോഴാണ് യാതൊരുവിധ രക്ഷാപ്രവർത്തനവും നടക്കുന്നില്ലെന്നു മനസ്സിലായത്.
നിരവധി വാഹനങ്ങൾ മണ്ണിനടിയിലാണെന്ന് അറിഞ്ഞു. 2 മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു മണ്ണ് നീക്കം ചെയ്തത്. വലിയൊരു കുന്നാണ് ഇടിഞ്ഞുവന്നത്. കുന്നിന് താഴെ ദേശീയപാതയും അതിന് ഒരുവശത്തായി ഗംഗാവാലി നദിയുമാണ്. മണ്ണിടിഞ്ഞ് കുറേഭാഗം നദിയിലേക്ക് എത്തി.
അർജുനെ കാണാനില്ലെന്ന് ബന്ധുക്കൾ കർണാടക പൊലീസിലും പരാതി നൽകി. ലോറി മണ്ണിനടിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്നും പൊലീസിനെ അറിയിച്ചു. കാലാവസ്ഥാ പ്രതികൂലമായതിനാൽ മണ്ണ് നീക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു മറുപടി. റോഡിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികളാണു നടന്നിരുന്നത്. കാണാതായവർക്കായി യാതൊരുവിധ തിരച്ചിലും നടത്തിയിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച ബന്ധുക്കൾ എം.കെ.രാഘവൻ എംപി അടക്കമുള്ളവർക്ക് പരാതി നൽകി.
ഇതോടെയാണ് അർജുനു വേണ്ടിയുള്ള അന്വേഷണം കാര്യക്ഷമമായത്. ലോറി മണ്ണിനടിയിൽത്തന്നെയാണെന്നാണ് ജിപിഎസ് നൽകുന്ന സൂചന. വ്യാഴാഴ്ച വരെ ലോറി സ്റ്റാർട്ട് ആയിരുന്നുവെന്ന് വാഹന നിർമാതാക്കൾ പറഞ്ഞു. ഇന്നലെ പകൽ 11ന് വിളിച്ചപ്പോൾ അർജുന്റെ ഫോൺ റിങ് ചെയ്തുവെന്നും കുടുംബം പറഞ്ഞു.
എം.കെ. രാഘവൻ എംപി ഉൾപ്പെടെയുള്ളവർ അർജുന്റെ വീട് സന്ദർശിച്ചു. മുക്കം സ്വദേശിയായ ലോറി ഉടമ മനാഫ് സംഭവ സ്ഥലത്തുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവിടെനിന്ന് ചായ കുടിക്കാനായി വണ്ടി നിര്‍ത്തിയവരാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. ഒരു കുടുംബത്തിലെ 4 പേരുടെ ഉള്‍പ്പെടെ 6 മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു.
ആറു വയസ്സുകാരിയായ പെൺകുട്ടിയുടെ മൃതദേഹം അപകട സ്ഥലത്തുനിന്നു 8 കിലോമീറ്റർ അകലെയാണു കണ്ടെത്തിയത്. മൃതദേഹം നദിയിലൂടെ ഒഴുകിപ്പോയതായിരുന്നു. ടാങ്കർ ഡ്രൈവറുടെ മൃതദേഹവും നദിയിൽനിന്ന് കണ്ടെത്തിയിരുന്നു. പ്രദേശവാസികളായ മൂന്നുപേരെ സംഭവ സ്ഥലത്തുനിന്നും കാണാതായെന്നും നാട്ടുകാർ പറയുന്നു