Monday 02 September 2024 04:33 PM IST : By സ്വന്തം ലേഖകൻ

‘പ്രിയപ്പെട്ടവന്റെ ഓര്‍മയില്‍ വാക്കുകള്‍ മുറിഞ്ഞു’; മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു

arjun-wife-job

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക് ആയിട്ടാണ് സര്‍ക്കാര്‍ നിയമനം നല്‍കിയത്. 

സങ്കടകടലില്‍ നിന്ന് ജീവിതത്തിലെ പുതിയ അധ്യായത്തിലേയ്ക്ക് ഒപ്പിട്ടു കയറുകയാണ് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും സഹപ്രവര്‍ത്തകരും കൃഷ്ണപ്രിയയെ സ്വീകരിച്ചു. അര്‍ജുന്റെ ഓര്‍മയില്‍ കൃഷ്ണപ്രിയയ്ക്ക് വാക്കുകള്‍ മുറിഞ്ഞു. 

ജോലിയില്‍ കുറച്ചുനാള്‍ പരിശീലനം നല്‍കിയ ശേഷം നിയമനം എവിടെയെന്ന് തീരുമാനിക്കും. അര്‍ജുനായുള്ള തിരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ വീണ്ടും തുടങ്ങുമെന്ന പ്രതീക്ഷയിലാണ് കൃഷ്ണപ്രിയയും കുടുംബവും. 

ഒന്നര മാസം മുന്‍പാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ ഗംഗാവലി പുഴയ്ക്ക് സമീപത്ത് വച്ച് അര്‍ജുന്റെ ലോറി അപകടത്തില്‍ പെടുന്നത്. കരയിലും പുഴയിലും ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴി‍ഞ്ഞിട്ടില്ല. 

Tags:
  • Spotlight