Saturday 20 July 2024 10:57 AM IST : By സ്വന്തം ലേഖകൻ

‘അത്യാവശ്യം വെള്ളവും ഭക്ഷണവും ലോറിയിൽ കരുതാറുണ്ട്; അവൻ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ’; അർജുന് വേണ്ടി പ്രാർഥനയോടെ നാട്

arjun-karnataka-landslide

കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. രക്ഷാപ്രവർത്തനത്തിനു സൈന്യത്തെ ഉൾപ്പെടുത്തണമെന്നാണ് അർജുന്റെ കുടുംബത്തിന്റെ ആവശ്യം. മണ്ണിടിച്ചിൽ ഭാഗത്തുള്ള പ്രദേശത്താണ് ലോറി ഇപ്പോഴുള്ളതെന്നാണ് വിവരം. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ രാത്രി ഒൻപത് മണിയോടെ തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. കേരളത്തിൽ നിന്നും രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘം ഇന്ന് കർണാടകയിൽ എത്തും. 

വെള്ളിയാഴ്ച രാത്രി രക്ഷാപ്രവ‍ർത്തനം നടത്താൻ വലിയ ലൈറ്റുകൾ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തിരച്ചിൽ അൽപസമയം കൂടി തുടരുകയും ചെയ്തു. എന്നാൽ മേഖലയിൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും തിരച്ചിൽ നിർത്തിവയ്ക്കുകയാണെന്നും ഉത്തര കന്നഡ കലക്ടർ മാധ്യമങ്ങളെ അറിയിച്ചു. 

റഡാർ ഉപയോഗിച്ചായിരിക്കും ഇന്നത്തെ തിരച്ചിൽ. ബെംഗളുരുവിൽ നിന്നാണ് റഡാറെത്തിച്ചത്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുക. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി  കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ തിരച്ചിലിന്റെ ഭാഗമാണ്.

കർണാടകയിലെ ചീഫ് സെക്രട്ടറി ഓഫിസുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു. പ്രത്യാശ വച്ച് പുലർത്താമെന്നേ ഇപ്പോൾ പറയാൻ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തിന്റെ ആശ്വാസമാണ് പ്രധാനമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അർ‌ജുന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ചു. കർണാടകയിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഓരോ മണിക്കൂറിലും പൊലീസിനു വിവരം ലഭിക്കുന്നുണ്ട്. സർക്കാരും മറ്റ് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു.

രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തേക്ക് മാധ്യമങ്ങൾ പ്രവേശിപ്പിച്ചെങ്കിൽ മാത്രമേ വീഴ്ചകൾ കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്ന് ബന്ധുക്കൾ. മണ്ണ് മാറ്റുന്നതിൽ‌ മന്ദഗതിയെന്നും ആരോപണം. തിരച്ചിൽ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകരുതെന്ന് അർജുന്റെ ബന്ധുക്കളോട് പൊലീസ് ഉദ്യോഗസ്ഥർ. അർജുന്റെ ബന്ധുക്കളെ തിരച്ചിൽ നടത്തുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിക്കും. ലോറി ഉടമയ്ക്കും അർജുന്റെ സഹോദരി ഭർത്താവിനും പ്രവേശനം. അത്യാവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും ലോറിയിൽ കരുതാറുണ്ടെന്ന് ലോറി ഉടമ മനാഫ്. അർജുൻ നല്ല ആരോഗ്യമുള്ള ഒരാളാണ്. അവൻ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും മനാഫ്.

രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് രാവിലെ വീണ്ടും കര്‍ണാടക മന്ത്രിയുമായി സംസാരിക്കുമെന്ന് കെ.സി. വേണുഗോപാല്‍ എംപി. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും എത്തിക്കും. ഇന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Tags:
  • Spotlight