Wednesday 12 May 2021 02:46 PM IST : By സ്വന്തം ലേഖകൻ

'ഈ കുറഞ്ഞ സാലറിക്ക് പണിയെടുക്കാന്‍ വട്ടാണോ എന്ന് ചോദിച്ചവരുണ്ട്': പുണ്യമാണ് എന്റെ ഭാര്യ: കുറിപ്പ്

arun-g

നഴ്‌സിങ് മേഖലയിലെ കഷ്ടപ്പാടിന്റെ കഥകള്‍ വാഴ്ത്തപ്പെടാന്‍ മാത്രമല്ല. അത് തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കാന്‍ വേണ്ടിയുള്ളതാണ്. നഴ്‌സിംഗ് ജോലിനോക്കുന്ന ഭാര്യയുടെ കഷ്ടപ്പാടിന്റെ അനുഭവം വികാരനിര്‍ഭരമായി കുറിക്കുകയാണ് അരുണ്‍ ഗോപാലകൃഷ്ണന്‍. എത്രയോ പേര്‍ക്ക് ജീവിക്കാനുള്ള ആശയും ആഗ്രഹവും നല്‍കുന്ന മാസാഖമാരാണ് നഴ്‌സുമാരെന്ന് ഭാര്യയുടെ അനുഭവം മുന്‍നിര്‍ത്തി അരുണ്‍ കുറിക്കുന്നു. കുറഞ്ഞ വേതനത്തിന് സമയം പോലും നോക്കാതെ പെടാപ്പാടു പെടുന്ന നഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ടാണ് അരുണിന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

+2 കഴിഞ്ഞ് അവൾ നഴ്സിംഗ് ന് പോണു എന്ന് പറഞ്ഞപ്പോ മനസ്സിൽ കുറെ മോഹങ്ങൾ കൂട്ടി വെച്ചു ഈ പാവം ഞാൻ.. കാനഡയിലെ തണുപ്പിൽ snow man നെ ഉണ്ടാക്കണം.. വെക്കേഷന് നാട്ടിൽ വരുമ്പോ കാനഡ കഥകൾ തള്ളി മറിക്കണം (തള്ളിനു ഇപ്പോഴും കുറവില്ല) അവസാനം ദേ ഇവൾ നൊസ്റ്റു ന്റെ കഥയും പറഞ്ഞ് മടി പിടിച്ചു വീട്ടിൽ ഇരുപ്പായി.. കുറെ കഴിഞ്ഞപ്പോ ബോർ അടിച്ച് അടിച്ച് ലാസ്റ്റ് എറണാകുളത്തു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു അപ്പോൾ എല്ലാരും ചോദിച്ചു വട്ടാണോ നാട്ടിൽ ഈ കുറഞ്ഞ സാലറിയിൽ വർക്ക്‌ ചെയ്യാൻ നല്ല കട്ടിപ്പണി ആണ്.. ചീത്തവിളി കേൾക്കണം.. അങ്ങനെ കുറെ കേട്ടു. എങ്കിലും വെറുതെ ഇരിക്കണ്ട എന്നും പറഞ്ഞു പോയതാണ്.

എന്നും ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ പറയാൻ കുറെ കഥകൾ കാണും ഇവൾക്ക്. മിക്കതും മനസ് മടുപ്പിക്കുന്നതാവും. വയ്യാണ്ട് വന്ന കുഞ്ഞി കുട്ടികൾ.. കുഞ്ഞിക്കുട്ടി ഉള്ള അമ്മമാർ.. ഒരു നിമിഷത്തെ തീരുമാനത്തിൽ ആത്മഹത്യക്ക് ശ്രെമിച്ചിട്ട് വീണ്ടും ജീവിക്കാൻ കൊതിക്കുന്നവരുടെ കഥകൾ.. ഇൻചാർജ് ന്റെ തെറി വിളി.. അങ്ങനെ അങ്ങനെ.. ചില ദിവസം വന്നിട്ട് പറയും നാളെ ഞാൻ 24 hours resignation കൊടുക്കാൻ പോവാ എനിക്ക് വയ്യ എന്നൊക്കെ അപ്പോഴെല്ലാം ഞാൻ പറയും... നീ ചെയുന്നത് വെറും ഒരു ജോലി അല്ല.. ICU യിൽ നിന്ന് നീ ഒരു ചിരിയോടെ ഇറങ്ങി വെളിയിൽ വരുമ്പോൾ ആ ചിരി വെളിയിൽ കാത്തു നിൽക്കുന്ന എത്ര പേർക്കാണ് പ്രതീക്ഷ കൊടുക്കുന്നത്.. tracheostomy ചെയ്തു കിടക്കുന്ന ഒരു ആൾക്ക് നീ പഞ്ഞി കൊണ്ട് ചുണ്ട് നനച്ചു കൊടുക്കുമ്പോൾ കിട്ടുന്ന പുണ്യം... ലിവർ മാറ്റാൻ വന്നു കിടക്കുമ്പോൾ പേടിക്കണ്ട എല്ലാം ശെരിയാവും എന്ന് നീ പറയുമ്പോ അവർക്ക് കിട്ടുന്ന ധൈര്യം.. അതൊക്കെ ആണ് നിങ്ങൾക്ക് കിട്ടുന്ന ശമ്പളം എന്ന്... സത്യം ആണ് എന്റെ ഭാര്യ ഉൾപ്പെടുന്ന മാലാഖമാർ ചെയുന്നത് വെറും ജോലി അല്ല അത് ഒരു പുണ്യപ്രവൃത്തി കൂടെ ആണ്..

ലോകത്തിൽ ഉള്ള എല്ലാ മാലാഖമാർക്കും "Happy Nurses Day"!