Monday 16 November 2020 11:37 AM IST

ഒന്നും ചെയ്യാതിരുന്ന് വിധിയെ പഴിക്കാൻ ഞങ്ങളെ കിട്ടില്ല ; കോവിഡിൽ വൈറ്റ് കോള‍ർ ജോലി നഷ്ടപ്പെട്ടിട്ടും ’ടിപ് ടോപ്പ്’ ലുക്കിൽ മത്സ്യവും ഇറച്ചിക്കോഴിയും കച്ചവടം ചെയ്യുകയാണ് അരുണും ശ്രീകാന്തും

Shyama

Sub Editor

sswsws

‘‘സന്തോഷത്തിന്റെ ഒരു വാതിലടയുമ്പോൾ മറ്റോന്ന് തുറക്കപ്പെടുന്നുണ്ട്... എന്നാൽ അടഞ്ഞതിലേക്ക് തന്നെ ഏറെ നേരം നോക്കുന്നതുകൊണ്ട് തുറന്ന വാതിലുകൾ നാം കാണാതെ പോകുന്നു.’’ –ഹെലൻ കെല്ലർ.

വർഷങ്ങളായി ചെയ്തിരുന്ന ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെടുന്നു എന്നറിയുമ്പോൾ ആർക്കായാലും ഒരു അന്ധാളിപ്പ് തോന്നും... എന്നാൽ അതിനപ്പുറം ജീവിതമുണ്ടെന്നെ തിരിച്ചറിവിലേക്കാണ് നമ്മൾ പിന്നീടെത്തുക. സുഹൃത്തുക്കളായ അരുണ്‍ സാജനും ശ്രീകാന്തും ഹെലൻ കെല്ലർ പറഞ്ഞ വാചകത്തിലുള്ളതു പോലെ അടഞ്ഞ വാതിലിലേക്ക് നോക്കി സമയം കളയാതെ പുതിയൊരു വാതിൽ‍ തന്നെ തുറന്നിട്ടവരാണ്. ഒരു പ്രമുഖ ഹോട്ടലിന്റെ ജനറൽ മാനേജർ സെയിൽസ് ആന്റ് മാർക്കറ്റിങ്ങ് മേഖലയിലാണ് അരുൺ മുൻപ് ജോലി ചെയ്തത്, ശ്രീകാന്ത് ആകട്ടേ മറ്റൊരു പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ എക്സിക്യൂട്ടിവ് ഹൗസ് കീപ്പറും. ‘‘ലോക്ഡൗൺ കാരണമാണ് ഞങ്ങളുടെ രണ്ടു പേരുടേയും ജോലി പോകുന്നത്. വൈറ്റ് കോളർ ജോലി തന്നെ നോക്കിയിരുന്ന് അവസാനം വീട് പട്ടിണിയാകുമെന്ന് തോന്നി.

അങ്ങനെ ആദ്യം കൊച്ചിയിൽ തന്നെ ജൂലൈയിലാണ് ഇങ്ങനൊരു സംരഭം തുടങ്ങിയത്.’’ ആത്മവിശ്വാസത്തോടെ ഉറച്ച ശബ്ദത്തിൽ അരുൺ. ‘‘പല ബിസിനസ്സുകളെ കുറിച്ച് ഞങ്ങൾ ആലോചിച്ചു അങ്ങനെയാണ് മത്സ്യകച്ചവടത്തിലേക്കെത്തിയ്ത്. കൊച്ചിയിൽ ആദ്യം തുടങ്ങിയ സമയത്ത് മത്സ്യവിൽപ്പന മാത്രമായിരുന്നു. ഞങ്ങളൊരു പെട്ടിയോട്ടോ വാടകയ്ക്കെടുത്ത് കലൂർ– കത്രിക്കടവ് റോഡ്, കളമശ്ശേരി തുടങ്ങി പലയിടത്തും ഒക്കെ വിൽപ്പന നടത്തി. ഷർട്ടൊക്കെ ഇൻ ചെയ്ത് നിന്ന് വിൽപ്പന നടത്തുമ്പോൾ പലരും കൗതുകം കൊണ്ട് വന്ന് എന്താണെന്നൊക്കെ ചോദിക്കുമായിരുന്നു. കാര്യം അറിഞ്ഞ് കഴിയുമ്പോൾ നാട്ടുകാരുടെ നല്ല സപ്പോർട്ടും കിട്ടി.

കൊച്ചിയിൽ വാടക കൊടുത്ത് നിൽക്കുന്നത് ബുദ്ധിമുട്ടായതോടെ പത്തനംതിട്ടയിലേക്ക് പോന്നു. ഇവിടെ അടൂരിൽ മണ്ണടി–നിലമേൽ ഭാഗത്താണ് ഇപ്പോഴത്തെ കച്ചവടം. ചെറിയൊരു കടയുണ്ട്. ഒരു ഓംനി കാറെടുത്തു. ശ്രീകാന്തിന്റെ വീട് ഇവിടെ അടുത്ത് തന്നെ നിലമേൽ എന്ന സ്ഥലത്താണ്. എന്റെ വീട് ഇവിടുന്ന് ഒരു മണിക്കൂർ ദൂരത്തിൽ കോന്നി–തണ്ണിത്തോട് റൂട്ടിൽ. രാവിലെ മൂന്ന് മണിക്കെഴുന്നേറ്റ് ഹാർബറിൽ പോകും. ദിവസവും കിട്ടുന്ന ഫ്രെഷ് മീൻ മാത്രമാണ് ഞങ്ങൾ വിൽക്കാറ്. കടയുടെ പേര് തന്നെ ‘ഫ്രെഷ് ടു ഹോം’ എന്നാണ്. അതു കൊണ്ട് തന്നെ ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല. പോതുവേ തരക്കേടില്ലാതെ കച്ചവടമുണ്ട്.

stayay

ജോലി പോയിട്ടും ഇപ്പോഴും ഒന്നുചെയ്യാതെ വെറുതേയിരിക്കുന്ന കുറേയാളുകളെ എനിക്കറിയാം അവരോടൊക്കെ പറയാനുള്ളത് ഒറ്റ കാര്യമേയുള്ളൂ... ‘Something is better than nothing’ ഒന്നുമില്ലാതെ കടം വാങ്ങിയിരുന്നാൽ കടം പെരുകി വരിക മാത്രമേയൂള്ളൂ. കൊറോണ കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ ഒരു മേഖല തന്നെയാണ് ടൂറിസം ഇൻഡസ്ട്രി . ഈ പ്രതിസന്ധി തരണം ചെയ്യാൻ ഇനിയും കുറച്ചു കൂടി സമയവും എടുത്തേക്കാം. അതിലേക്ക് തന്നെ തിരിച്ചു പോകാമെന്ന് ഓർത്ത് നിൽക്കുന്നവരാണ് പലരും. പക്ഷേ, തിരികെ വിളിക്കുന്നത് മിക്കവാറും വളരെ ചെറിയ ശമ്പളത്തിനൊക്കെയാണ്. അതു കൊണ്ട് കുടുംബത്തിന്റെ മൊത്തം കാര്യങ്ങൾ നോക്കി നടത്താൻ എല്ലാവർക്കും പറ്റിയെന്ന് വരില്ല.

എന്ത് ജോലിക്കും അതിന്റേതായ മാന്യതയുണ്ട്. കളവും മോഷണവും പിടിച്ചുപറിയും ആളെപ്പറ്റിക്കലും ഒന്നുമല്ലാത്തെ ജോലികൾ ചെയ്യുന്നവരെ കുറച്ച് കാണേണ്ട ആവശ്യമെന്താണ്? ചെറിയൊരു സംരഭമാണെങ്കിലും അതു ധൈര്യമായി തുടങ്ങുക. വെറുതേയിരുന്ന് ചിന്തിച്ചു കൂട്ടുന്നതിലും എത്രയോ നല്ലതതാണ് ചെറുതായെങ്കിലും ഒരു പ്രവൃത്തി ചെയ്യുന്നത്... നമ്മൾ തന്നെ നമ്മുടെ കാര്യത്തിനായി മുറ്റിട്ടിറങ്ങുക. കഴിവതും മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാതിരിക്കുക.

കുടുബക്കാർക്കൊക്കെ ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു. സ്ഥിരമായൊരു ജോലി ചെയ്തിരുന്നിട്ട് പെട്ടന്ന് അത് മാറി ഇങ്ങനൊന്ന് തുടങ്ങുന്നു എന്നതിന്റെ ഒരു പ്രശ്നം. പക്ഷേ, അതൊക്കെ അങ്ങ് മാറി. ഇപ്പോൾ എല്ലാവര്‍ക്കും സന്തോഷമാണ്. പത്തനംതിട്ടയിൽ വന്ന ശേഷം എന്നും ഷർട്ട് ഇൻ ചെയ്ത് നിൽക്കാറില്ല, ഞങ്ങളും ഇതിനൊടൊക്കെ ഇണങ്ങി വരുന്നു... അനാവശ്യഭാരങ്ങളൊന്നുമില്ലാത്ത ഒരു ചിരി പാസാക്കി അരുൺ.

Tags:
  • Movies