Thursday 07 June 2018 04:39 PM IST

അക്ഷയ കേന്ദ്രങ്ങൾ, ഇൻഫോപാർക്...; ഇവയ്‌ക്ക് പുറകിലെ പെൺകരുത്തായി അരുണ സുന്ദരരാജൻ!

Shyama

Sub Editor

aruna-sundhararajan1 ഫോട്ടോ: ശ്യാം ബാബു

വില്ലേജ് ഒാഫിസിനു മുന്നിൽ സർട്ടിഫിക്കറ്റുകൾക്കായി മണിക്കൂറുകൾ ക്യൂ നിന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ നേരെ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലേക്കു ചെന്നാൽ മതി, അവശ്യ സര്‍ക്കാര്‍ സേവനങ്ങളെല്ലാം അവിടെ ലഭ്യമാണെന്നു കേരളത്തിലെ സ്കൂൾകുട്ടികൾക്കു പോലും അറിയാം. ഇൻഫ ർമേഷൻ ടെക്നോളജിയിലും ഇ-ഗവേണൻസിലും കേരളം  കുതിച്ചുയരുമ്പോൾ ഡൽഹിയിരുന്നൊരാൾ പുഞ്ചിരിക്കുന്നുണ്ട്. ഇന്ത്യയുടെ ടെലികോം സെക്രട്ടറിയും ടെലികോം കമ്മിഷൻ ചെയർപേഴ്സണുമായ അരുണ സുന്ദരരാജൻ ഐഎഎസ്. കേരളത്തിന്റെ ‘ഐടി  മാലാഖ’ എന്ന് അരുണയെ വിശേഷിപ്പിച്ചാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അലസമായൊരു പച്ച തൂവാല പോലെ മയങ്ങിക്കിടന്നിരുന്ന കേരളത്തിന് സ്വപ്നത്തിന്റെ ഡിജിറ്റൽ ചിറകുകൾ നൽകിയത് തമിഴ്നാട്ടുകാരിയായ ഈ ഐഎഎസ് ഒാഫിസറാണ്.

20 വർഷം മുമ്പ് കേരളത്തിന്റെ ഐടി സെക്രട്ടറിയായി അരുണ എത്തുമ്പോൾ വൈ–ഫൈ എന്നു കേട്ടാൽ മനസ്സിലാകുന്നവർ പോലും ചുരുക്കം.  2002 ൽ അക്ഷയ പ്രോജക്ട്  തുടങ്ങുമ്പോൾ അനുകരിക്കാൻ മറ്റു മാതൃകകൾ ഇല്ലായിരുന്നു. ഒരോ പഞ്ചായത്തിലും ഇടംപിടിച്ച അക്ഷയകേന്ദ്രങ്ങൾ ഇന്ന് 2650 ൽ പരം. ആദ്യഘട്ടത്തിൽ കേരളത്തിൽ ഡിജിറ്റൽ സാക്ഷരത നേടിയവർ പത്തു ലക്ഷം. ലോകം ശ്രദ്ധിച്ച മുന്നേറ്റമായി അത് മാറി.

ഗ്രാമീണ കേരളത്തെ ഡിജിറ്റൽ ലോകത്തേക്ക് വഴി നടത്തിയ അരുണയുടെ മറ്റൊരു സ്വപ്നമായിരുന്നു കൊച്ചി ഇൻഫോ പാർക്.  ഇതിന് എല്ലാം മലയാളം നന്ദി പറയുന്നത് ഫിലോസഫി എംഎക്കാരിയായ  അരുണ സുന്ദരരാജന്റെ ഉൾക്കാഴ്ചയുള്ള സ്വപ്നങ്ങളോടാണ്. ഇരുപത്തിരണ്ടാം വയസ്സിൽ ഐഎഎസ് നേടിയ അരുണ ഇന്ന് ഇന്ത്യയിലെ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരിലൊരാളാണ്.

‘‘ഐഎഎസ് കിട്ടിയിട്ടും എന്തുെകാണ്ട്  ഐടിയും ടെലികോമും ഒക്കെ തിരഞ്ഞെടുത്തു എന്നു പലരും ചോദിക്കാറുണ്ട്.’’ അരുണ പറയുന്നു. ‘‘ടെക്നോളജി ഞാൻ സ്വയം തിരഞ്ഞടുത്തതല്ല, അതെന്നെ തേടി വന്നതാണ്. ഇൻഡസ്ട്രി ഡിപ്പാർട്മെന്റിന്റെ ചുമതല നോക്കിയിരുന്ന  സമയത്താണ് കേരളത്തിൽ ഐടി. ‍‍ഡിപ്പാർട്മെന്റ് തുടങ്ങാനുള്ള പദ്ധതികൾ വരുന്നത്. ഇൻഡസ്ട്രിയുടെ കീഴിൽ വരുന്നതു കൊണ്ട് അതിന്റെ ചുമതല  എനിക്കു കിട്ടി. അന്നു കേരളം ഇൻഫർമേഷൻ ടെക്നോളജിയുടെ കാര്യത്തിൽ അൽപം പിന്നിലായിരുന്നു. അതുകൊണ്ടു തന്നെ പുതിയതെന്തെങ്കിലും  തുടങ്ങാനുള്ള നല്ല പ്ലാറ്റ്ഫോമും. അക്ഷയ, ജനസേവ കേന്ദ്രങ്ങൾ,  ഇൻഫോപാർക്ക്, ഐ. ഐ.ഐ.ടി.എം.കെ ഒക്കെ തുടങ്ങാൻ ഇതു വഴി വച്ചു.

ഇതിനു മുൻപ്  ആരും നടക്കാത്ത  വഴിയായതു കൊണ്ട് തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്താൻ സാധിച്ചു. അക്ഷയയുടെ ഭാഗമായി ആദ്യത്തെ പ്രോജക്റ്റ് തുടങ്ങിയത് മലപ്പുറത്താണ്.  മലപ്പുറം  അന്ന് ആദ്യത്തെ വൈഫൈ ജില്ലയായി മാറി. അന്ന് വൈഫൈ എന്നു പേരു വന്നിട്ടില്ല. 80211 എന്നൊരു സ്റ്റാൻഡേർഡ് പേരിട്ടാണ് ആ സംവിധാനത്തെ വിളിക്കുന്നത്. ഈ െഎടി വിപ്ലവം നാടിനു വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്, പ്രത്യേകിച്ചും  അവിടുത്തെ പെൺകുട്ടികൾക്ക്.  മലപ്പുറത്ത് അക്ഷയ കേന്ദ്രം തുടങ്ങാന്‍ അഞ്ചു സ്ത്രീകളാണ് ആദ്യം മുന്നോട്ട് വന്നത്. രണ്ടു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും മൂന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും. ഒരിക്കൽ പോലും  സംരംഭകരാകാത്ത, ആകാൻ അവസരം കിട്ടാതിരുന്ന സ്ത്രീകൾ. ആ ആവേശവും ആത്മവിശ്വാസവും വളരെയധികം സന്തോഷിപ്പിച്ചു. അവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് അതു കിട്ടുമ്പോഴാണ് ഇരട്ടി ആവേശത്തോടെ കാര്യങ്ങൾ നടക്കുന്നത്.

മാറ്റങ്ങൾ എളുപ്പം വരുന്ന മേഖലയാണ് ടെലികോം, ഐടി തുടങ്ങിയവ. ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വന്തം കാഴ്ചപ്പാടിൽ എങ്ങനെയാണ് കൊണ്ടുവരുന്നത്?

നമ്പർ വൺ ആയവർക്കു മാത്രം നിലനിൽപ്പുള്ള ഇടമാണ്  ടെലികോം, ഐ.ടി. ഇൻഡസ്ട്രികൾ. ഏറ്റവും പുതിയ സാങ്കേതിക വിദ്യയും അപ്പപ്പോഴുള്ള അപ്ഡേഷൻസും നടത്താൻ പറ്റുന്നവർക്കേ ഇവിടെ നിലനിൽക്കാൻ സാധിക്കൂ. 2ജി വന്നു 3ജി വന്നു 4ജി വന്നു ഇപ്പോ നമ്മള‍്‍ 5ജിയെ കുറിച്ച് ചിന്തിക്കുന്നു. റിലയൻസ് ജിയോ വന്നു കഴിഞ്ഞപ്പോ എല്ലാവരും പറഞ്ഞു ഇനി ബാക്കി ഒന്നിനും വളർച്ചയില്ലെന്ന്. ഇന്ത്യ  ഇരുത്തം വന്നൊരു ടെലികോം രീതിയിലേക്കു മാറിയതായിട്ടാണ് എനിക്കു തോന്നുന്നത്.
അേമരിക്കയിലും െെചനയിലും രണ്ടു കമ്പനികളേ ടെലികോം രംഗത്തുള്ളൂ. യൂറോപ്പിലും  രണ്ടോ മൂന്നോ. ചില അറബ് നാടുകളില‍്‍ ‍ഒന്ന് മാത്രം. ഇന്ത്യയില്‍ പത്തു പന്ത്രണ്ടെണ്ണം ഉണ്ടായിരുന്നത് നാലിലേക്കെത്തുന്നു. മാറ്റങ്ങളെ സ്വീകരിക്കാനുള്ള മനസ്സുണ്ടാകുക എന്നത് പ്രധാനമാണ്.

ഭരണത്തിൽ കയറിയാൽ സാധാരണ നമുക്ക് മുൻപേ പോയവർ എന്തൊക്കെ ചെയ്തു, അത് അതേപോലെ തുടരാനുള്ള നിർദേശങ്ങളാണ് കിട്ടുക. എന്റെ ഭാഗ്യത്തിന് ടെലികോം, ഐടി മേഖലയിൽ നോക്കി ചെയ്യാൻ അത്തരമൊരു ലെഗസി ഒന്നും ഉണ്ടായിരുന്നില്ല. പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം മാത്രം മതിയായിരുന്നു. അതാണ് വേണ്ടതും.
നമ്മുടെ നാട്ടിലെ ആളുകൾക്ക് സംഭവിക്കുന്ന ഏറ്റവും വലിയ അപകടം മുന്നോട്ട് ചിന്തിക്കുന്നതിലും കൂടുതൽ പിന്നോട്ട് ചിന്തിക്കുന്നു എന്നതാണ്.  മാത്രമല്ല, എന്തെങ്കിലും  പുതിയതായി ചെയ്താൽ ബാക്കിയുള്ളവർ അതെങ്ങനെ എടുക്കും എ ന്ന ടെൻഷനും. സാങ്കേതിക വിദ്യയിൽ നല്ല ദീർഘവീക്ഷണമുള്ള  മാർക്ക് സുക്കർബർഗ്, സുന്ദർ പിച്ചെ, ബിൽ ഗേറ്റ്സ് തുടങ്ങിയവരുമായി  സംവദിക്കാനും അവരിൽ നിന്നൊക്കെ പഠിക്കാനും  സാധിച്ചത്  വലിയ േനട്ടമാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്നതിൽ കൂടതൽ പേരും   ചെറുപ്പക്കാരാണ്. അവർക്കൊപ്പം ജോലി ചെയ്യുമ്പോൾ, ചിന്തിക്കുമ്പോൾ സ്വാഭാവികമായും ചെയ്യുന്ന കാര്യങ്ങൾക്ക് യുവത്വവും പുതുമയും വരും. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾക്കും ഇതിന്റെ ഗുണങ്ങൾ എത്തിക്കുന്നിടത്താണ് സംതൃപ്തി. അതിന്റെ ഏറ്റവും വലിയ  ഉദാഹരണമാണ് ജനസേവന കേന്ദ്രം. പല ഡിപ്പാർട്മെന്റുകളുെട  േസവനം അവിെട ഒരുമിച്ച് ലഭ്യമാണ് എന്നത് ആളുകൾക്ക് വലിയ ആശ്വാസമായി.

ഐഎഎസ് എന്ന മൂന്നക്ഷരം ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ? ഈ മേഖലയിലേക്കു വരാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉപദേശം?

സമൂഹത്തിന്റെ എല്ലാ തുറയിലും നിൽക്കുന്ന ആളുകളുമായും ഇടപഴകാൻ സാധിക്കുന്ന ചുരുക്കം ചില ജോലികളിൽ ഒന്നാണ് അഡ്മിനിസ്ട്രേഷൻ. അതു കിട്ടിയതിൽ വളരെയധികം അഭിമാനിക്കുന്നു. ഞാൻ എന്തൊക്കെയാണോ അതൊക്കെ ഐഎഎസ് കാരണമാണ്. വളരെ ചെറിയ പ്രായത്തിൽ ഇവിടേക്കു വന്നയാളാണു ഞാൻ. ഇതല്ലായിരുന്നെങ്കിൽ മറ്റെന്ത് എന്നു പോലും  ഇതേ വരെ ആലോചിച്ചിട്ടില്ല. പുതിയത് പഠിച്ചു കൊണ്ടേയിരിക്കുന്നു, 100 രൂപ പെന്‍ഷൻ വേണമെന്നു ആവശ്യപ്പെടുന്ന സാധാരണക്കാരി മുതൽ കോടികൾ  ആസ്തിയുള്ള ഐടി, ടെലികോം മുതലാളിമാർ വരെ മുന്നിൽ വരാറുണ്ട്. എല്ലാവരിൽ നിന്നും പഠിക്കുന്നു.

പണവും പദവിയും മാത്രം കണ്ട്, അത് മോഹിച്ച് ഈ മേഖലയിലേക്ക് വരാൻ നോക്കരുത്. ഐഎഎസ് എന്നത് അത്രയ്ക്കും വെല്ലുവിളികൾ നിറഞ്ഞ ജോലിയാണ്. ഇന്ത്യയെ പോലെ ഇത്രയും വ്യത്യസ്തതകളുള്ള ഒരു രാജ്യത്ത് പ്രത്യേകിച്ചും. ദിവസവും ലക്ഷങ്ങള‍ുടെ വ്യാപാരം ചെയ്യുന്നയാളും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാളും ഒരു മതിലിനപ്പുറമിപ്പുറം താമസിക്കുന്ന നാട്. അവരെ എല്ലാം മനസ്സിലാക്കി, അവരുടെ ആവശ്യങ്ങൾ നിറവേറ്റി മുന്നോട്ട് പോകുക ശ്രമകരം തന്നയാണ്.

‘അയ്യോ ഞാൻ മാർക്ക് സുക്കർബർഗായില്ലല്ലോ, എനിക്കത്രയും പണമില്ലല്ലോ’ എന്നു ചിന്തിക്കുന്നുവെങ്കിൽ നിങ്ങൾ ഇപ്പോഴും വിജയത്തെ തെറ്റായ അളവുകോൽ കൊണ്ടാണ് അളന്നുകൊണ്ടിരിക്കുന്നത്. പണത്തിനും പദവിക്കും അപ്പുറം ഞാൻ മൂലം സമൂഹത്തിന് എന്ത് നന്മ സംഭവിച്ചു എന്നു ചിന്തിക്കുന്നിടത്താണ് നമുക്ക് കിട്ടിയ ഈ പദവിയുടെ വിജയം. അതു കൊണ്ട് തന്നെ പുതിയ ആളുകളോട് പറയാനുള്ളത്, ഇതൊരു ജോലി മാത്രമല്ല, സമൂഹത്തോടുള്ള നമ്മുടെ കടമയാണ് നിർവഹിക്കേണ്ടി വരിക, പല കംഫർട് സോണുകളും ത്യജിക്കേണ്ടി വരും. അതിനു മനസ്സു സജ്ജമാക്കി വേണം തുടങ്ങാൻ.

ഐഎഎസ്സിലേക്ക് പെൺകുട്ടികൾ കൂടുതല്‍ കടന്നു വരണം എന്നാണ് എന്റെ ആഗ്രഹം. ഇന്ത്യയുടെ പ്രതീക്ഷ തന്നെ ഇനി പെൺകുട്ടികളിലാണെന്നു ഞാൻ പറയും. കാരണം, അ വർക്കുള്ള അവസരങ്ങൾ കൂട്ടിയാൽ തന്നെ ഇന്ത്യയുടെ ജിഡിപിയിൽ 50 ശതമാനം വരെ വർധനവുണ്ടാകും. മറ്റുള്ളവർ അവസരം കൊടുക്കുന്നില്ല എന്നതു പോലെ തന്നെ അപകടമാണ് പെൺകുട്ടികൾ അവസരങ്ങൾ സ്വയം നിഷേധിക്കുന്നതും കഴിവിനനുസരിച്ചുള്ളവ ഏറ്റെടുക്കുന്നില്ല എന്നതും. ഇന്നത്തെ കാലത്തും  വീട്ടുകാർ എന്തു  വിചാരിക്കും നാട്ടുകാർ എന്തു വിചാരിക്കും  എന്നൊക്കെ  ഓർത്ത് പെൺകുട്ടികൾ പല നല്ല അവസരങ്ങളോടും ‘നോ’ പറയും. അങ്ങനെയുള്ളൊരു സങ്കുചിത മനോഭാവം മാറണം എന്നാണ് ആഗ്രഹം.

ഒരിക്കല്‍ ഒരു ആയുർവേദ കോളജ് സന്ദർശിച്ചു, മെഡിക്കൽ എൻട്രൻസിന്  ഉയർന്ന റാങ്ക് കിട്ടിയ കുട്ടികളാണ് പലരും. വീട്ടുകാർക്ക് മെഡിസിനു വിടാൻ താൽപര്യമില്ല. ഡിഗ്രി കിട്ടിയാലുടൻ പറയും ‘ഇനി ജോലിയൊന്നും ചെയ്യണ്ട, നല്ലൊരു പയ്യനെ കണ്ടുപിടിച്ച് കല്യാണം കഴിപ്പിക്കാനാണ് പ്ലാനെന്ന്.’ നല്ലൊരു വിവാഹബന്ധം കിട്ടാൻ വേണ്ടി മാത്രം പെൺകുട്ടികളെ പഠിപ്പിക്കുന്നവർ ധാരാളമുണ്ട്. ഇതു പോലെ നല്ല ക്വാളിഫൈഡ് പെൺകുട്ടികൾ ജോലിക്കൊന്നും  പോകാതെ വീട്ടിലിരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ചിന്താഗതികൾ മാറ്റി വച്ച് നമ്മൾ ഇനിയും ഒരുപാട് വളരാനുണ്ട്.  

കുടുംബത്തിന്‍റെ പിന്തുണ....?

എലിയാസ് ജോർജ് ഐഎഎസ് ആണ് ഭര്‍ത്താവ് എന്ന് എടുത്തു പറയണ്ടല്ലോ! അല്ലേ? (എന്നു ചോദിച്ച ശേഷം അത്രയും നേരത്തെ ഗൗരവം എല്ലാം അലിയിപ്പിക്കുന്ന ചിരി അരുണയുെട മുഖത്ത്) രണ്ടു മക്കളാണു ഞങ്ങള്‍ക്ക്. മകൾ പ്രിയ യുഎസ്സിൽ ക്രിമിനൽ അഭിഭാഷകയായി ജോലി ചെയ്യുന്നു. എഴുത്തുകാരിയായി കരിയർ തുടങ്ങാനുള്ള തയാറെടുപ്പിലുമാണ്. മകൻ ആലോക്. ദുബായ് ഇക്വിറ്റിയില്‍.  

Akshya-Programme-inauguration

നല്ലൊരു പാർട്നർ ഉണ്ടാവുക, ആ  പാർട്നർഷിപ് നന്നായി കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തുക  എന്നതൊക്കെ കരിയറിലെ വിജയങ്ങൾ പോലെ തന്നെ പ്രധാനമാണ്.  
കരിയറിൽ എത്ര ഉയർന്നാലും കുടുംബത്തിൽ നിന്ന് ഒരു താങ്ങ്, കരുതൽ, സ്നേഹം, മോട്ടിവേഷൻ ഒക്കെ നമ്മൾ പ്രതീക്ഷിക്കാറുണ്ട്. എല്ലാവരും ടെൻഷനിലൂടെയും  മാനസികപിരിമുറുക്കത്തിലൂടെയും സമയമില്ലായ്മയിലൂടെയും കടന്നുപോകുന്ന ഇപ്പോഴത്തെ കാലത്ത് നമുക്ക് മനസ്സു തുറക്കാനൊരിടമുണ്ടാവുക എന്നതാണ് ഏറ്റവും വലിയ സ്ട്രെസ് ബസ്റ്റർ.

നമുക്ക് ചുറ്റും നല്ല അന്തരീക്ഷം ഉണ്ടായാലേ നന്നായി പ്രവർത്തിക്കാൻ പറ്റൂ. ഈ നല്ല അന്തരീക്ഷം നമ്മളോരോരുത്തരും സ്വയമുണ്ടാക്കുക തന്നെ വേണം. പണം, പ്രശസ്തി, സ്വാധീനം  ഒക്കെ  ഉണ്ടാകുമ്പോൾ അന്ധരാകാതെ നമ്മുടെ മൂല്യങ്ങളെ മുറുകെ പിടിക്കാനുള്ള പക്വതയും വേണം.

ആ നർത്തകി ഉള്ളിലുണ്ട്

മലയാളി അച്ഛനമ്മമാർ കൂടുതൽ സപ്പോർട്ടീവ് ആണ്.  കലോൽസവങ്ങളിലും  മറ്റും കണ്ടിട്ടില്ലേ കുട്ടികൾക്കൊപ്പം   എത്ര ഡെഡിക്കേറ്റഡ് ആയാണ് അവർ നിൽക്കുന്നത്.  എന്റെ അച്ഛൻ സുന്ദരരാജൻ ഒരു പ്രൈവറ്റ് സെക്ടർ കമ്പനിയിൽ ഫിനാൻസ് ഡയറക്ടർ ആയിരുന്നു. അമ്മ ശാന്ത വീട്ടമ്മയും. അച്ഛന് ആഗ്രഹം ഞാനൊരു റിസർച്ചർ, അല്ലെങ്കിൽ പ്രഫസർ ആകണമെന്നായിരുന്നു. ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്നതുകൊണ്ട് അമ്മ എന്നെ കലാകാരി ആക്കണമെന്നും  ആഗ്രഹിച്ചു.

എന്നാൽ അവിചാരിതമായി െഎഎഎസിലേക്ക് വന്നപ്പോൾ അവർ നല്ല സപ്പോർട് നൽകി. അച്ഛൻ ആഗ്രഹിച്ചപോലെ റിസർച്  ഈ ജോലിയുടെയും  ഭാഗമായി ഞാ ൻ ചെയ്യുന്നു. പക്ഷേ, നൃത്തം ഇപ്പോൾ ആസ്വാദനം മാത്രം. അതിന് പിന്തുടരേണ്ട  ചിട്ടകൾ, ഫിസിക്കൽ ഡിസിപ്ലിൻ... ഇതൊക്കെ ഏറെയാണ്. എങ്കിലും  ചിലങ്ക മനസ്സി ൽ ഉണരാറുണ്ട്. എല്ലായ്പ്പോഴുമില്ല എന്നു മാത്രം.

ഡി–സ്ട്രെസ്ഡ് ആകാൻ ശ്രമിക്കാം

ആർക്കും  ഒന്നിനും  സമയം തികയാത്ത അവസ്ഥയാണിന്നുള്ളത്. എല്ലാവരും മൾട്ടിടാസ്ക് ചെയ്യുന്നു, എക്സ്ട്രാ ടൈം ജോലി ചെയ്യേണ്ടി വരുന്നു... അതിന്റെ അങ്ങേയറ്റമാണ് ഐഎഎസ് കിട്ടുന്നവർക്കുള്ള ജോലികൾ.

∙ ഡി–സ്ട്രെസ്ഡ് ആകാനായി 2–3 പ്രവർത്തികൾ എങ്കിലും തിരഞ്ഞെടുക്കുക. എനിക്ക് പ്രധാനമായി രണ്ടു കാര്യങ്ങളാണുള്ളത്. ഗാർഡനിങ്ങും  വായനയും. പണ്ട് ധാരാളം ഫിക്‌ഷനുകൾ വായിച്ചിരുന്നു. ഇപ്പോൾ ചരിത്ര പുസ്തകങ്ങൾ വായിക്കാനാണ് ഇഷ്ടം.  

∙ തിരഞ്ഞെടുക്കുന്ന ആക്ടിവിറ്റികൾ സമ്മർദമില്ലാതെ രസത്തിനു വേണ്ടി ചെയ്യുന്ന തരത്തിലുള്ളതാകണം. അല്ലാതെ അതിൽ നിന്നും സ്ട്രെസ്സും ടെൻഷനും വരാൻ പാടില്ല.

∙ ഒരു പ്രശ്നം വന്നാൽ അതിൽ മുഴുകിപ്പോകുന്ന അവസ്ഥ ഉണ്ടാകരുത്. അൽപം വിട്ടു നിന്നിട്ട് വേണം പരിഹാരത്തെ കുറിച്ച് ചിന്തിക്കാൻ. പ്രശ്നത്തിനുള്ളിൽ പെട്ടിട്ട് പരിഹാരമാലോചിക്കുന്നതിലും നല്ലത് അൽപം ദൂരെ മാറി വീക്ഷിച്ചിട്ട് എടുക്കുന്ന തീരുമാനങ്ങളാണ്.

∙ ഒരു പ്രശ്നം  വന്നാൽ ഇങ്ങനെയാണ് അത് ‘ഇങ്ങനെ മാത്രമാണ്’ പരിഹരിക്കേണ്ടത് എന്ന് കടുംപിടുത്തം വേണ്ട. ഒരേ പ്രശ്നത്തിന് തന്നെ പല തരം പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും. വിശ്വാസമുള്ളവരോട്  അതേ കുറിച്ച് സംസാരിക്കാം, ഉപദേശം തേടാം. ഉദാഹരണത്തിന് അമ്മയും മകളും തമ്മില‍്‍ ചെറിയ കശപിശയുണ്ടാകുമ്പോൾ അമ്മമാർ പലപ്പോഴും തീരെ വിട്ടു കൊടുക്കില്ല. അമ്മ എന്ന പദവി മറന്ന് ഒരൽപം നേരം സുഹൃത്തിനെ പോലെ ചിന്തിക്കുക, അവരുടെ പ്രശ്നങ്ങൾ കൂടി മനസ്സിലാക്കുക.

∙ ഓഫിസിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ തുറന്നു സംസാരിച്ചാൽ മാറാവുന്നതേയുള്ളൂ. ഇമെയിൽ അയച്ച് ആശയ വിനിമയം നടത്തിയിട്ട് കൺവിൻസ്ഡ് ആകാത്ത കാര്യങ്ങൾ നേരിലോ ഫോണിലൂടെയോ സംസാരിച്ച് വ്യക്തത വരുത്താം.     

∙ എത്ര തിരക്കായാലും വീട്ടുകാർക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ചെലവഴിക്കാൻ സമയം മാറ്റി വയ്ക്കാം.

∙ സ്വയം ചലഞ്ച് ചെയ്യുന്ന തരം ആക്ടിവിറ്റീസും ഇടയ്ക്കു വേണം. ട്രക്കിങ്ങ് പോവുക, ട്രിപ് പോവുക ഒക്കെ മനസ്സും ചിന്തകളും ഫ്രഷ് ആയിയിരിക്കാൻ സഹായിക്കും.

PTI10_26_2017_000151B