Saturday 11 May 2019 05:01 PM IST

എ പ്ലസ് കിട്ടിയെന്നറിയുമ്പോൾ അച്ഛന്റെ ഒരു കണ്ണനക്കമെങ്കിലും ഞാൻ പ്രതീക്ഷിച്ചു; പൊന്നൂട്ടി കാത്തിരിക്കയാണ് ആ ഷേക്ക് ഹാൻഡിന് വേണ്ടി

Binsha Muhammed

arya-cover-main

‘അച്ഛന്റെ പൊന്നൂട്ടി കരയരുത്...തളരുകയുമരുത്. മിടുക്കിയായി പഠിച്ചു മുന്നേറണം. മോള് പഠിച്ച് വലിയ ആളാകുകയെന്നത് അച്ഛന്റെ സ്വപ്നമല്ലേ...പേടിക്കേണ്ട...അച്ഛൻ തിരിച്ചു വരും, ആ പഴയ ചിരിയോടെ.’- ആശുപത്രി കിടക്കയിൽ ചലമനമറ്റ് കിടക്കുന്ന അച്ഛനരികിൽ കണ്ണീരു വറ്റി നിന്ന ആര്യ ആ ആശ്വാസ വാക്കുകൾ നിസംഗതയോടെ കേട്ടു നിന്നേയുള്ളൂ. ഏതാശ്വാസ വാക്കുകള്‍ കൊണ്ട് തുലാഭാരം നടത്തിയാലും ആ വേദനയ്ക്ക് പരിഹാരമാകില്ലെന്ന് അവൾക്കറിയാം.

അച്ഛനായിരുന്നു അവളുടെ ബെസ്റ്റ് ഫ്രണ്ട്. പഠനത്തിനും ഭാവി സ്വപ്നങ്ങിലേക്കും കൈപിടിച്ചു നടത്തിയ മെന്റർ ! ആ അച്ഛനാണ് ദുരിതക്കിടക്കയിൽ ചുറ്റും നടക്കുന്ന കാര്യങ്ങൾ പോലും തിരിച്ചറിയാതെ ചലനമറ്റ് കിടക്കുന്നത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് മാസങ്ങൾ ശേഷിക്കേ അച്ഛന് സംഭവിച്ച അപകടം പൊന്നൂട്ടിയെന്ന ആര്യയെ അപ്പാടെ തളർത്തി. പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെയായി. പരീക്ഷ എഴുതാൻ പോലും കഴിയുമോ എന്ന് ഉറപ്പില്ലാതായി. അച്ഛനരികിൽ നിന്നും പറിച്ചെറിയാനാകാതെ അടുത്തു നിൽക്കുമ്പോഴാണ് വീണ്ടും ഡോക്ടറുടെ വാക്കുകൾ.

മോളൂ.. അച്ഛനെ തിരികെ കൊണ്ടു വരാനല്ലേ നമ്മുടെ ഈ പെടാപ്പാട്. അതിന്റെ പേരിൽ മോൾ പഠനം ഉപേക്ഷിക്കരുത്. എല്ലാം കേട്ട് അച്ഛൻ മോളുടെ അടുത്തുണ്ടെന്ന് സങ്കൽപ്പിച്ചോളൂ... അച്ഛനരികിലിരുന്ന് ഉറക്കെ വായിച്ചു പഠിച്ചോളൂ. ആ ഉൾമനസ് എപ്പോഴെങ്കിലും അത് കേൾക്കും. അദ്ദേഹം തിരികെ ജീവിതത്തിലേക്ക് വരും...മോളുടെ പഴയ അച്ഛനായി....

ആ വാക്കുകൾ ഊർജമായി നെഞ്ചിലേറ്റിയാണ് അപകടത്തിൽ തളർന്ന് കിടപ്പിലായ അച്ഛനരികിലിരുന്ന് കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ ആര്യ പഠിച്ചു തുടങ്ങുന്നത്. ആയിരം നിമിഷങ്ങളിലെ അര ഞൊടിയിലെങ്കിലും തന്റെ അച്ഛൻ തന്നെ കേൾക്കുമെന്ന ബോധ്യത്തോടെ അവൾ പഠിച്ചു... നന്നായി തന്നെ. നെഞ്ചിൽ തൊട്ടുള്ള ആ പഠനം വെറുതെയായില്ല. അച്ഛനെ കേൾപ്പിച്ച് പഠിച്ച പൊന്നൂട്ടി അസ്സലായി തന്നെ പാസായി, എസ് എസ് എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് തിളക്കത്തോടെ. വിജയ മധുരം തൊട്ടുപിന്നാലെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

arya-2

വേദനയൊളിപ്പിച്ച ആ സന്തോഷത്തിനു നടുവിൽ നിന്ന് വനിത ഓൺലൈനിനോട് മനസു തുറക്കുമ്പോൾ ആര്യക്ക് ഒന്നേ പറയാനുള്ളൂ. ‘‘നല്ല മാർക്കിൽ പാസായി... എല്ലാം ദൈവാനുഗ്രഹം... അച്ഛന്റെ അനുഗ്രഹം. അംബീഷൻസ് ഒന്നും ഇല്ല ചേട്ടാ...അച്ഛൻ പഴയ പോലെയാകണം...ഞാനും അമ്മയും മാത്രം അടങ്ങുന്ന കുടുംബം ഈ കണ്ണീരിൽ നിന്നും കരകയറണം. ആരാകണം എന്നൊന്നും ഞാൻ കരുതിയുറപ്പിച്ചിട്ടില്ല. ഒരുപാട് ആഗ്രഹങ്ങളുള്ള ആളായിരുന്നു എന്റെയച്ഛൻ അതെല്ലാം ഒരു നിമിഷത്തില്‍ വെറുതെയായില്ലേ. അതുകൊണ്ട് ജീവിതം തരുന്നത് എന്താണോ...വിധിച്ചത് എന്താണോ അത് തരട്ടേ...എന്റെ ലൈഫിൽ അംബീഷൻസ് ഇല്ല.. ഗോൾസ് മാത്രമേയുള്ളൂ.

റിസൾട്ട് വന്നപ്പോൾ ഞാൻ ആദ്യം ഓടിയെത്തിയത് അച്ഛനടുത്താണ്. അച്ഛന്റെ കാതോരം ചേർന്ന് നിന്ന് ഞാനാ സന്തോഷ വാർത്ത പറഞ്ഞു. വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു ചേട്ടാ... എങ്ങാനും അച്ഛൻ എന്നെ കേട്ടാലോ... എന്റെ വിജയം കണ്ട് വാരിപ്പുണർന്ന് ഉമ്മകൾ നൽകിയാലോ. എല്ലാം വെറുതെയായി.– ആര്യയുടെ കണ്ണീര്‍ തോരുന്നില്ല.

എല്ലാം തകർത്തത് ആ അപകടം

ഞങ്ങൾക്ക് അധികം റിലേറ്റീവ്സ് ഒന്നും ഇല്ല. താമസിക്കുന്നത് പോലും വാടക വീട്ടിലായിരുന്നു. സ്വന്തമായി ഒരു വീടും എന്റെ ഭാവിയും അച്ഛന്റെ സ്വപ്നമായിരുന്നു. അത് സഫലമാകും മുന്നേയാണ് അച്ഛനെ ആ അപകടം ഈ കിടക്കയിൽ കിടത്തിയത്. കോട്ടയത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതാണ് അച്ഛൻ. ബ്രഷ് വാങ്ങാൻ പുറത്തേക്ക് ഇറങ്ങിയതാണ്. അതിനിടയിലാണ് അപകടം. പാഞ്ഞു വന്നൊരു ഓട്ടോ ഇടിച്ച് അച്ഛന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓർമ നഷ്ടപ്പെട്ടു.

arya-1

ഇനി ഓർമ തിരിച്ചു കിട്ടിയാലെ തുടർ ചികിത്സ സാധ്യമാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. തലയ്ക്കുള്ളിൽ ബ്ലീഡിംഗ് കൂടുകയും നീര് കെട്ടുകയും ചെയ്തതോടെ തലയോട്ടിയുടെ ഒരു ഭാഗംഎടുത്തു മാറ്റി വെച്ചിരിക്കുകയാണ്. ഓർമ വന്നിട്ട് വേണം അത് തിരികെ വെക്കാൻ. അതിനു വേണ്ടിയിട്ടാണ് ഞങ്ങളുടെ പ്രാർത്ഥനയും. കുറേ നാൾ അച്ഛൻ കണ്ണ് തുറക്കില്ലായിരുന്നു. ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ട്. കയ്യും ചെറുതായി അനക്കി തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ കാത്തിരിക്കയാണ്, അച്ഛൻ തിരികെ വരുന്ന നാളിനായി.– ആര്യയുടെ മുഖത്ത് ശുഭാപ്തി വിശ്വാസം.

arya-3

പിന്നെ ചികിത്സയും മറ്റ് ചെലവുകളും. അതിന്നും വലിയൊരു ക്വസ്റ്റ്യൻ മാർക്കായി എന്റെയും അമ്മയുടേയും മുന്നിലുണ്ട്. അച്ഛന്റെ സുഹൃത്തുക്കളും മറ്റ് അഭ്യുദയ കാംക്ഷികളും വല്ലാണ്ട് ഹെൽപ് ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായതോടെ നിരവധി പേരാണ് സഹായം ഓഫർ ചെയ്ത് വന്നത്. വാർത്തയറിഞ്ഞ പാടെ മന്ത്രി ടിപി രാമകൃഷ്ണന്‍ സാറും, എകെ ശശീന്ദ്രൻ സാറും അച്ഛനെ കാണാൻ എത്തി. സർക്കാർ ചികിത്സാ സഹായം വാഗ്ദാനം ചെയ്തു.

arya-4

ഞാനിപ്പോഴും അച്ഛനരികിൽ തന്നെയാണ്. അച്ഛാ...അച്ഛാ...എന്ന് വിളിച്ച് കണ്ണിമ ചിമ്മാതെ അരികിലുണ്ട്. വരും അച്ഛൻ തിരികെ വരാൻ...അല്ലാതെ എവിടെ പോകാൻ...