Saturday 17 July 2021 03:05 PM IST : By ശ്യാമ

‘വല്ലതും കഴിച്ചോ, വിശക്കുന്നുണ്ടോ?; എന്റെ ചോദ്യങ്ങൾക്ക് ക്ഷീണം പടർന്ന നോട്ടമായിരുന്നു മറുപടി’: അനുഭവങ്ങൾ പങ്കുവച്ച് ആശാ വർക്കർമാർ

ashaaawooorrkkkkf4455

‘‘ആ ചേച്ചിയുടെ ഫോൺ കോൾ തന്നെ വലിയ ആശ്വാസമായിരുന്നു. ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ ‘എങ്ങനെയുണ്ട്? പനി കുറഞ്ഞോ?’ എന്നൊക്കെയാണ് അന്വേഷണങ്ങൾ. പക്ഷേ, നമ്മളെ ശ്രദ്ധിക്കാൻ, പെട്ടെന്നൊരാവശ്യം വന്നാൽ പറയാൻ ഒരാളുണ്ട് എന്ന തോന്നൽ നൽകിയ ധൈര്യം വലുതാണ്.’’ കോവിഡ് വന്ന് ഭേദമായ കാർത്തിക്കിന്റെ അനുഭവം കേരളത്തിൽ പലർക്കും തോന്നിയിരിക്കണം. ആരോഗ്യരംഗത്ത് പ്രതീക്ഷയുടെ ശബ്ദമായി മാറിയ ആയിരക്കണക്കിന് ആശാ വർക്കർമാർ. ഡോക്ടർമാർക്കും നഴ്സുമാർക്കും ഒപ്പം കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നണി പോരാളികളായി നിൽക്കുന്ന ആശാ വർക്കർ (ASHA- Accredited Social Health Activist) വനിതയിലൂടെ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. 

‘വല്ലതും കഴിച്ചോ? വിശക്കുന്നുണ്ടോ?’

sunimol-copy

‘‘രണ്ടര വർഷമായി ആശാ വർക്കറായി ജോലി ചെയ്യുന്നു. പതിവ് ജോലികൾ കൂടാതെ കോവിഡ് അനുബന്ധ ജോലികൾ കൂടി ഇപ്പോഴുണ്ട്.’’ കോട്ടയംകാരി കെ. കെ. സുനിമോൾ.

‘‘കോവിഡ് പോസിറ്റീവായ രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്ന ഡ്യൂട്ടി ഉണ്ടായിരുന്നു. അങ്ങനെയാണ് ആ ഇരുപത്തഞ്ചുകാരിയെ കാണുന്നത്. വീടിനു മുന്നിലെത്തി വിളിച്ചിട്ടും ആരും കതക് തുറന്നില്ല. 

ജനാലയിലൂടെ നോക്കിയപ്പോൾ തീർത്തും അവശയായി ആ കുട്ടി കിടക്കുന്നത് കണ്ടു. ഞാൻ ജനാലയിലൂടെ മരുന്ന് അകത്തേക്ക് വച്ചു. പക്ഷേ, മരുന്ന് എടുത്തു കഴിക്കാൻ ഉള്ള കരുത്ത് അവർക്ക് ഉണ്ടോയെന്ന് സംശയം തോന്നി. ‘വല്ലതും കഴിച്ചോ, വിശക്കുന്നുണ്ടോ?’ എന്നുള്ള എന്റെ ചോദ്യങ്ങൾക്ക് ക്ഷീണം പടർന്ന നോട്ടമായിരുന്നു മറുപടി. അവർക്ക് ഭക്ഷണം വാങ്ങിക്കോടുത്ത ശേഷം ഞാൻ നേരെ പോയി പഞ്ചായത്ത് വാർഡ് അംഗങ്ങളുടെ അടുത്ത് കാര്യം അവതരിപ്പിച്ചു. പുതുപ്പള്ളി പഞ്ചായത്തിലാണ് ഞങ്ങൾ.  ഭക്ഷണ സാധനം കൊടുത്തിട്ടു മാത്രം കാര്യമില്ല. ഞാൻ ചെന്ന വീട്ടിൽ ഭാര്യയും ഭർത്താവും പോസിറ്റീവാണ്. രണ്ടുപേരും അവശനിലയിൽ.

ഭക്ഷ്യവസ്തുക്കളുടെ വിതരണം മാത്രം പോരാ എന്ന് എല്ലാവരും പറഞ്ഞു. ഒരു മെമ്പറുടെ വീട്ടിൽ ഭ ക്ഷണം പാകം ചെയ്ത് എല്ലാവരും ചേർന്ന് വിതരണം ചെയ്യാൻ തീരുമാനിച്ചു. 

ബുദ്ധിമുട്ടിന്റെ ഈ കാലത്ത് ഞങ്ങളാൽ കഴിയുന്നൊരു ചെറിയ കാര്യം. അത് ഒരുപാട് പേർക്ക് ഉപകാരപ്പെട്ടന്നറിഞ്ഞതായിരുന്നു ഞങ്ങൾക്ക് കിട്ടിയ ഏറ്റവും മതിപ്പുള്ള അംഗീകാരം. 

ഭയപ്പെട്ട് മാറി നിൽക്കരുത്, ഒരു ജീവനാണ്

reena

‘‘11 വർഷമായി ആശാ വർക്കറായി ജോലി ചെയ്യുന്നു. കണ്ണൂർ നാറാത്ത് പഞ്ചായത്തിൽ രണ്ടു വാർഡിലായി 80 വീടുകളാണ് നോക്കുന്നത്.’’ കണ്ണൂരുകാരി കെ. റീന പങ്കുവച്ചതൊരു അനുഭവകഥയാണ്. 

‘‘എന്റെ ഏരിയയിൽ നിന്നുള്ള ആളായിരുന്നില്ല അന്ന് വിളിച്ചത്. പനി ആണെന്നാണ് പറഞ്ഞത്. അടുത്തുള്ളത് ഞാനായത് കൊണ്ട് എന്നെ വിളിച്ചതാണ്. ചെന്നു നോക്കുമ്പോൾ ഒരാളെ പറമ്പിൽ മാവിന്റെ ചുവട്ടിൽ കിടത്തിയിരിക്കുന്നു. ആയാൾക്ക് വിറയലുണ്ടായിരുന്നു. കോവിഡ് പേടി കാരണം ആരും അടുക്കുന്നില്ല. 

രാത്രി എട്ടു മണിക്കാണ് സംഭവം. നോക്കി നിൽക്കെ അയാളുടെ കണ്ണൊക്കെ മറിയാൻ തുടങ്ങി. ആശുപത്രിയിലെത്തിക്കാനുള്ള വണ്ടി വിളിച്ചു കൊണ്ടേയിരുന്നു ഞാൻ. അന്ന് ആരും വണ്ടി ഇറക്കാത്ത സമയമാണ്. ഇവർ തൃശ്ശൂര്‍ സ്വദേശികളാണ്, നാട്ടിൽ പോയി വന്നപ്പോൾ രോഗം കിട്ടിയതാണെന്നൊക്കെ ആളുകൾ പറയുന്നു. ഒടുവിൽ ആംബുലൻസ് എത്തിയപ്പോൾ പതിനൊന്ന് മണിയായി. അവരുടെ കയ്യിൽ കാശുമില്ല.  ഡ്രൈവർ ചോദിച്ച 900 രൂപ  ഞാന്‍ കൊടുത്തു. ആദ്യം കണ്ണൂർ ആശുപത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്കും.

ഡ്രൈവറെ ഇടയ്ക്ക് വിളിച്ചു കൊണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു. കൊറോണ ആയിരുന്നില്ല മരണകാരണം. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതാണ്. വല്ലാത്തൊരു മരവിപ്പായിരുന്നു എനിക്ക്. അത്രയും മണിക്കൂർ ഒരാൾ ജീവന് വേണ്ടി പിടഞ്ഞിട്ടും ആർക്കും അടുക്കാൻ പോലും പറ്റാത്ത രോഗാവസ്ഥ. അ ത്തരം സാഹചര്യങ്ങളിൽ ഭയപ്പെട്ട് മാറി നിൽക്കരുതാരും.  കുറേ ദിവസത്തേക്ക്  സങ്കടമായിരുന്നു. പിന്നെയും ഫീൽഡിലേക്ക്. തളർന്നിരുന്നിട്ട് കാര്യമില്ലല്ലോ, ഇപ്പോ നിങ്ങളോട് സംസാരിക്കുമ്പോഴും ദേ, വിളികൾ വരുന്നു... 

Tags:
  • Spotlight