Saturday 10 July 2021 03:23 PM IST : By ശ്യാമ

‘ചേച്ചി കാരണമാണ് ഞങ്ങളുടെ കുഞ്ഞ് ജീവനോടെ ഉള്ളതെന്ന് അവർ പറയും; ഞാൻ അഭിമാനിക്കുന്നു, ആ കുഞ്ഞിന്റെ പുഞ്ചിരിയിൽ’

valsaa33455 വൽസ ജോൺസൺ, വയനാട്

‘‘ആ ചേച്ചിയുടെ ഫോൺ കോൾ തന്നെ വലിയ ആശ്വാസമായിരുന്നു. ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ ‘എങ്ങനെയുണ്ട്? പനി കുറഞ്ഞോ?’ എന്നൊക്കെയാണ് അന്വേഷണങ്ങൾ. പക്ഷേ, നമ്മളെ ശ്രദ്ധിക്കാൻ, പെട്ടെന്നൊരാവശ്യം വന്നാൽ പറയാൻ ഒരാളുണ്ട് എന്ന തോന്നൽ നൽകിയ ധൈര്യം വലുതാണ്.’’ കോവിഡ് വന്ന് ഭേദമായ കാർത്തിക്കിന്റെ അനുഭവം കേരളത്തിൽ പലർക്കും തോന്നിയിരിക്കണം. ആരോഗ്യരംഗത്ത് പ്രതീക്ഷയുടെ ശബ്ദമായി മാറിയ ആയിരക്കണക്കിന് ആശാ വർക്കർമാർ. ഡോക്ടർമാർക്കും നഴ്സുമാർക്കും ഒപ്പം കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നണി പോരാളികളായി നിൽക്കുന്ന ആശാ വർക്കർ (ASHA- Accredited Social Health Activist) വനിതയിലൂടെ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. 

ഞാൻ അഭിമാനിക്കുന്നു, ആ കുഞ്ഞിന്റെ പുഞ്ചിരിയിൽ...

‘‘2008 ഒക്ടോബർ മാസം തൊട്ട് ആശാവർക്കറാണ്. വയനാട് വെള്ളമുണ്ടയാണ് മേഖല.’’ വൽസ പറയുന്നു. ‘‘കോവിഡിനു മുൻപ് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യകാര്യങ്ങളിലാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. വീടു‌വീടാന്തരം കയറിയിറങ്ങി നടന്നാണ് കാര്യങ്ങൾ ചെയ്യുന്നത്. കോവിഡ് വന്നതോടെ അതിലായി കൂടുതൽ ശ്രദ്ധ.  വാർഡിലുള്ള എല്ലാവരുമായും അടുപ്പമുണ്ട്. അതുകൊണ്ട് എന്ത് വിവരമുണ്ടെങ്കിലും ആളുകൾ വന്നു പറയും. പുറത്ത് നിന്ന് ആരു വന്നാലും നാട്ടുകാർ അറിയിക്കും. ഓരോ സാഹചര്യത്തിലും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന കൃത്യമായ നിർദേശം മെഡിക്കൽ ഓഫിസർ തരും.  

2020ൽ കോവിഡ് തുടങ്ങിയ അന്നു തൊട്ട് ഇന്ന് വരെ ആശാ വർക്കേഴ്സ് വിശ്രമിച്ചിട്ടില്ലെന്നു തന്നെ പറയാം. താഴേക്കിടയിൽ തൊട്ട് മുകളിൽ വരെയുള്ള ആളുകളെയും നോക്കണം. ഇപ്പോഴും വീടുകളിലേക്ക് പോയി സഹായങ്ങൾ കൊടുക്കുന്നുണ്ട്. കോവിഡ് വരുന്നതിനു മുൻപ് ഇല്ലാതിരുന്ന അംഗീകാരം ഇപ്പോഴുണ്ട്. എന്തിനും ആദ്യം വിളിക്കുന്നത് നമ്മളെയാകും. 

ജീവനു വേണ്ടിയുള്ള പോരാട്ടം

‘‘കുറച്ച് മാസം മുൻപ് ഇവിടെ 11 മാസം പ്രായമായ കുഞ്ഞിന് പാലു കുടിച്ച് കഴിഞ്ഞപ്പോ ഒരു തളർച്ച പോലെ വന്നു. രാത്രി രണ്ടു മണിക്കാണ് സംഭവം. അവരെന്നെ വിളിച്ചു. ഉടനെ കോളനിയിലെ അവരുടെ വീട്ടിലെത്തി വേഗം തന്നെ വണ്ടി വിളിച്ച് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. അവിടെ ചെന്നതും കുഞ്ഞിന് അനക്കമില്ലാതായി. ടെസ്റ്റ് ചെയ്തപ്പോ കോവിഡ് പൊസിറ്റീവ്. അച്ഛനോ അമ്മയ്ക്കോ വീട്ടിൽ മറ്റാർക്കുമോ അസുഖമില്ല. അവർ വെന്റിലേറ്റർ സൗകര്യം ചെയ്തു തന്നു. 

കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കാൻ പറ്റി. ഇപ്പോൾ സുഖം പ്രാപിച്ച് വീട്ടിലെത്തി. എ നിക്കും ആ കുഞ്ഞിന്റെ വീട്ടുകാർക്കും അത് മറക്കാൻ പറ്റില്ല. ‘ചേച്ചി കാരണമാണ് ഞങ്ങളുടെ കുഞ്ഞ് ജീവനോടെയിരിക്കുന്നതെന്ന്’ ആ അമ്മ പറഞ്ഞു. അവരുടെ പുഞ്ചിരി ഞാൻ മറക്കില്ല.  വേറൊന്നും ചിന്തിക്കാതെ ആ രാത്രി ഇറങ്ങി പോകാൻ തോന്നിയതോർത്ത് എനിക്ക് അഭിമാനമുണ്ട്. ജോലിഭാരം കൂടുതലാണെങ്കിലും മനുഷ്യരെ സഹായിക്കാൻ പറ്റുന്നതിന്റെ സന്തോഷമാണ് എന്നെ ഈ ജോലിയിൽ തുടരാൻ സഹായിക്കുന്നത്. ’’

Tags:
  • Spotlight