Friday 30 July 2021 11:34 AM IST : By ശ്യാമ

‘ദിവസം തുടങ്ങുന്നതും തീരുന്നതും ഏതെങ്കിലും രോഗിയുടെ വിളിയിലാണ്; എല്ലാവരും അവരവരെ മറന്നാണ് ഈ ജോലി ചെയ്യുന്നത്’; അനുഭവങ്ങൾ

sanitha-latha3333 സനിത രാഹുൽഘോഷ്, എറണാകുളം, ഇ.സി. ലത, തൃശ്ശൂർ

‘‘ആ ചേച്ചിയുടെ ഫോൺ കോൾ തന്നെ വലിയ ആശ്വാസമായിരുന്നു. ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ ‘എങ്ങനെയുണ്ട്? പനി കുറഞ്ഞോ?’ എന്നൊക്കെയാണ് അന്വേഷണങ്ങൾ. പക്ഷേ, നമ്മളെ ശ്രദ്ധിക്കാൻ, പെട്ടെന്നൊരാവശ്യം വന്നാൽ പറയാൻ ഒരാളുണ്ട് എന്ന തോന്നൽ നൽകിയ ധൈര്യം വലുതാണ്.’’ കോവിഡ് വന്ന് ഭേദമായ കാർത്തിക്കിന്റെ അനുഭവം കേരളത്തിൽ പലർക്കും തോന്നിയിരിക്കണം. ആരോഗ്യരംഗത്ത് പ്രതീക്ഷയുടെ ശബ്ദമായി മാറിയ ആയിരക്കണക്കിന് ആശാ വർക്കർമാർ. ഡോക്ടർമാർക്കും നഴ്സുമാർക്കും ഒപ്പം കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നണി പോരാളികളായി നിൽക്കുന്ന ആശാ വർക്കർ (ASHA- Accredited Social Health Activist) വനിതയിലൂടെ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ഇങ്ങോട്ടുമുണ്ട് അന്വേഷണങ്ങൾ: സനിത രാഹുൽഘോഷ്, എറണാകുളം

‘‘ഞാൻ തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ പതിനാറാം വാർഡ് ഡിവിഷനിൽ ആശാ വർക്കറാണ്. തികച്ചും അപ്രതീക്ഷിതമായി എത്തിയ ഫീൽഡാണിത്. ഇന്റർവ്യു ഒക്കെ കഴിഞ്ഞാണ് ജോലി കിട്ടിയത്.’’ എറണാകുളംകാരി സനിത ജോലിയുടെ തുടക്കം മുതലുള്ള കഥകൾ പറഞ്ഞു തുടങ്ങി.  

‘‘പരിശീലനം കഴിഞ്ഞ് ആശ വർക്കേഴ്സ് ഇല്ലാത്ത ഇടത്താണ് ജോയിൻ ചെയ്തത്. ഫീൽഡ് വർക് കഷ്ടപ്പാടാണല്ലോ എന്നോർത്ത് ജോലി ഉപേക്ഷിക്കാനിരിക്കെയാണ് കോവിഡ് വന്നത്. ആ ഘട്ടത്തിൽ പുതിയൊരാൾ വന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. അങ്ങനെ തുടരാൻ തീരുമാനിച്ചു.  

നിറയെ ഫ്ലാറ്റുകളുള്ള സ്ഥലമായിരുന്നു. ഫ്ലാറ്റിലെ മേൽനോട്ടക്കാരേയും ഉൾപ്പെടുത്തിയുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങി. ആളുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മരുന്നോ, ഭക്ഷണമോ, അത്യാവശ്യം വന്നാൽ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങളോ ഒക്കെയാണ് ചെയ്തു പോന്നത്. കഴിഞ്ഞ വർഷം കോവിഡ് ഉണ്ടായിരുന്നെങ്കിലും ഇത്രയും സീരിയസ് ആയ അവസ്ഥ കുറവായിരുന്നു. ഇവിടെ രണ്ടാം തരംഗത്തിൽ  ഒന്നരമാസത്തിൽ തന്നെ 250 കേസുകൾ വന്നു. എല്ലാവരെയും വിളിച്ച് വിവരങ്ങൾ അന്വേഷിക്കണം.

ഹോസ്പിറ്റലിലെ ഇമ്യൂണൈസേഷൻ ഡ്യൂട്ടി, പാലിയേറ്റിവ് കെയറിലെ ഡ്യൂട്ടി ഒക്കെയുണ്ട്, മാസത്തില്‍ സർവേയുണ്ട്, സോഴ്സ് റിഡക്‌ഷൻ, വെക്റ്റർ സ്റ്റഡി തുടങ്ങി പല ജോലികളുണ്ട്. ഇതൊക്കെ ചെയ്യുന്നതനുസരിച്ചാണ് ഹോണറേറിയം തരുന്നത്. ഒരു ജോലി ചെയ്തില്ലെങ്കിൽ അതിനുള്ള കൂലി കട്ട് ചെയ്യും. കോവിഡ് കാലത്ത് അധിക ജോലികൾ വരുന്നുണ്ട്.    

ഫോണിൽ എപ്പോഴും ലൈവ്

ദിവസം തുടങ്ങുന്നതും തീരുന്നതും ഏതെങ്കിലും രോഗിയുടെ വിളിയിലാണ്. വിളിക്കുന്നവരോട് കൃത്യമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കണം. ഫോൺ ഓഫ് ആകാതിരിക്കാനാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത്. 

വീട്ടിൽ സുഖമില്ലാതെ കിടന്ന രോഗികളെ പിപിഇകിറ്റ് ഇട്ടു പോയി നോക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ രാത്രി ഒരു രോഗി വിളിച്ചു ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. പക്ഷേ, കുറച്ച് കഴിഞ്ഞ് വിളിച്ചപ്പോൾ ഫോണിൽ കിട്ടുന്നില്ല. ഒടുവിൽ ടാക്സിയിൽ ആ വീട്ടിലെത്തി. അദ്ദേഹത്തെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ രോഗം ഭേദമായി.

അതൊക്കെ മറക്കാൻ പറ്റാത്ത അനുഭവമാണ്. എല്ലാ ആശാവർക്കർമാരും അവരവരെ മറന്നാണ് ക്ഷമയോടെ ഈ ജോലി ചെയ്യുന്നത്. 

കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളിൽ ത ന്നെ സ്ത്രീകൾക്ക് മാനസിക സമ്മർദങ്ങൾ കൂടുതലാണെന്ന് തോന്നാറുണ്ട്. രോഗം വന്നാലും വീട്ടുകാര്യങ്ങൾ നോക്കേണ്ടി വരുന്നത് അവർക്കാണ്. ആ വിഷമങ്ങളും മറ്റും പറയാനും ആളുകൾ വിളിക്കും. ഞങ്ങളെ തിരികെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്ന ആളുകളും ഉണ്ട്. അതും ഒരു ഭാഗ്യം.  

IMG-20210602-WA0050

കൈവിടരുത് പ്രതീക്ഷ, മുന്നോട്ട് പോകാം...: ഇ.സി. ലത, തൃശ്ശൂർ

‘‘തൃശ്ശൂർ ജില്ലയിൽ വേളൂക്കര എഫ്എച്ച്സിയിൽ ഒൻപതാം വാർഡിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഏറെ പിന്നാക്കാവസ്ഥ നേരിടുന്ന മേഖലയാണിവിടം.’’ ആശാവർക്കറുടെ ചുമതലകളെക്കുറിച്ചാണ് ഇ.സി. ലത പറഞ്ഞു തുടങ്ങിയത്. 

‘‘ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും കൃത്യമായ വിവരങ്ങൾ എത്തിക്കുക, അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുക, പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ചും ആരോഗ്യപ്രദമായ ഭക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ പറഞ്ഞു മനസ്സിലാക്കുക എന്നതൊക്കെ ഞങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. ഒറ്റയ്ക്ക് താമസിക്കുന്നവർ, കിടപ്പിലായി പോയവർ എന്നിവർക്കും വേണ്ട സഹായമെത്തിക്കണം.  

മഴക്കാലത്തിന് മുൻപ് ഇവിടങ്ങളിലെ കൊതുക് നശീകരണ പ്രവർത്തങ്ങൾ വീടുവീടാന്തരം പോയി പറഞ്ഞു കൊടുത്തിരുന്നു. മഴയ്ക്ക് മുൻപ് കിണർ ക്ലോറിനേഷനും ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ വന്ന സ്ഥലത്ത് സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി, എലിപ്പനി പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ വീട്ടുകാർക്ക് ബോധവൽക്കരണം നടത്താറുണ്ട്. 

മരുന്നും ആശ്വാസവും

ജീവിതശൈലീരോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് മരുന്നു വാങ്ങി വീടുകളിൽ എത്തിക്കാറുമുണ്ട്. കൊറോണ സമയത്ത് വിദേശത്ത് നിന്നു വന്നവരുടെ വിവരങ്ങൾ ശേഖരിച്ച് ആരോഗ്യവകുപ്പിൽ അറിയിക്കുക, ക്വാറന്റീനിലുള്ളവർക്ക് മരുന്നെത്തിക്കുക എന്നീ ജോലികളും  ഉണ്ടായിരുന്നു. കോവിഡ് രോഗികളെ ദിവസേന രണ്ടു നേ രം വിളിക്കും. അവർക്ക് വേണ്ട മരുന്നും മറ്റും എത്തിക്കും. ഇതിൽ തന്നെ പൊസിറ്റീവായ ഗർഭിണികളെ പ്രത്യേകം ശ്രദ്ധിക്കും. അസുഖം കൂടിയാൽ രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യങ്ങളും ചെയ്യും. 

ഓക്സിജന്റെ അളവ് സ്വയം പരിശോധിക്കാനുള്ള പൾസ് ഓക്സീമീറ്റർ വീടുകളിൽ എത്തിച്ചു കൊടുത്തിരുന്നു. ഒരു വീട്ടിലെ ആവശ്യം കഴിഞ്ഞാൽ അത് സാനിറ്റൈസ് ചെയ്ത് അടുത്ത സ്ഥലത്ത് എത്തിക്കും. വോളന്റിയർമാരും അതതു സ്ഥലങ്ങളിലെ മെമ്പർമാരും ഒക്കെ സഹായവുമായി വന്നിട്ടുണ്ട്. സ്വന്തം വണ്ടിയൊന്നുമില്ല. അതുകൊണ്ട് സാധനങ്ങൾ എത്തിക്കൽ കുറച്ച് കഷ്ടപ്പാടാണ്. 

എന്നാലും ഈ ജോലിയിൽ ഞാൻ സംതൃപ്തയാണ്. ആളുകളെ ചെറിയ രീതിയിലെങ്കിലും സഹായിക്കാന്‍ പറ്റുന്നതിന്റെ സന്തോഷം. ഒരു മരുന്ന് കിട്ടുമ്പോൾ കണ്ണു നിറയുന്ന ആൾക്കാരേയും നമ്മൾ കാണും. എല്ലാം ചെയ്തിട്ടും ജീവൻ പോയതിൽ പകച്ചു നിൽക്കുന്ന ഉറ്റവരുടെ മുഖങ്ങളും കാണും. എല്ലാം താണ്ടി മുന്നോട്ട് പോയേ പറ്റൂ. എന്തു വന്നാലും പ്രതീക്ഷ കൈവിടരുത്.’’

Tags:
  • Spotlight